Sorry, you need to enable JavaScript to visit this website.

റീ എൻട്രിയും ഇഖാമയും ഇപ്പോഴും നീട്ടിനൽകുന്നുണ്ടോ?

റീ എൻട്രിയും ഇഖാമയും ഇപ്പോഴും നീട്ടിനൽകുന്നുണ്ടോ?

ചോദ്യം:  ഞാൻ അൽകോബാറിലെ ഒരു നിർമാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 1996 മുതൽ 2020 ഡിസംബർ വരെ അവിടെ ജോലിയിൽ തുടർന്നിരുന്നു. ഡിസംബറിൽ നാലു മാസത്തെ എക്‌സിറ്റ് റീ എൻട്രി വിസയിൽ ഞാൻ ഇന്ത്യയിലെത്തി. എന്റെ വിസക്ക് 2021 ഏപ്രിൽ അവസാനം വരെ കാലാവധി ഉണ്ടായിരുന്നു. ഇഖാമയുടെ കാലാവധി 2021 ഡിസംബർ വരെയുമുണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ അതിരൂക്ഷതയും മാതാവിന് സുഖമില്ലാതിരുന്നതിനാലും എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുന്നതിനു മുമ്പായി എനിക്ക് മടങ്ങാൻ കഴിഞ്ഞില്ല. സൗദി സർക്കാർ കോവിഡ് മൂലം അവരുടെ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസയും ഇഖാമയും 2022 മാർച്ച് 31 വരെ നീട്ടിനൽകുമെന്ന്  പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ എന്റെ ഇഖാമക്ക് ഇപ്പോഴും കാലാവധിയുണ്ടോ. അത് അറിയാൻ എന്താണ് മാർഗം?

ഉത്തരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദി അറേബ്യ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇപ്പോഴും ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശന വിലക്കുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളിൽ എക്‌സിറ്റ് റീ എൻട്രിക്കു പോയി കുടുങ്ങിയവരുടെ റീ എൻട്രിയും ഇഖാമയും 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നുണ്ട്. നിലവിൽ ഇന്ത്യ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലില്ല. വിലക്കുണ്ടായിരുന്ന സമയത്ത് അതുവരേക്കുള്ള കാലവധി നീട്ടി നൽകിയിട്ടുണ്ടാവാം. 


വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരിൽ എല്ലാവർക്കും ഇഖാമയും റീ എൻട്രിയും നീട്ടി നൽകൽ പൂർത്തിയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ജവാസാത്തിൽനിന്നും അറിയാൻ കഴിഞ്ഞത്. ഇഖാമയുടെ കാലാവധി നീട്ടി ലഭിക്കാൻ അർഹരായവർക്ക് തീർച്ചയായും  അതു ഓട്ടോമാറ്റിക് ആയി ലഭിക്കും. അബ്ശിർ ആപ് ലോഗിൻ ചെയ്ത് ഇഖാമയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. സ്‌പോൺസർക്ക് ഇത് എളുപ്പം സാധിക്കും. കാലാവധി കഴിഞ്ഞ ഇഖാമയും റീ എൻട്രിയും വീണ്ടും നീട്ടണമെന്നുണ്ടെങ്കിൽ സ്‌പോൺസർ വിചാരിച്ചാൽ നടക്കുകയും ചെയ്യും. 

ഫൈനൽ എക്‌സിറ്റിന് ശേഷം റിലീസ്

ചോദ്യം: എനിക്ക് നിലവിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽനിന്ന് കരാർ കാലാവധി കഴിഞ്ഞതിനാൽ ഫൈനൽ എക്‌സിറ്റ് ലഭിച്ചു. എന്നാൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കി റിലീസ് വാങ്ങി മറ്റൊരു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതു സാധ്യമാണോ?

ഉത്തരം: ഇതു സാധ്യമാണ്. ഫൈനൽ എക്‌സിറ്റ് അടിച്ചാൽ 60 ദിവസം കൂടി രാജ്യത്ത് തങ്ങാം. അതു കഴിഞ്ഞിട്ടില്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ ഫൈനൽ എക്‌സിറ്റ് വിസ സ്‌പോൺസർക്ക് റദ്ദാക്കിത്തരാൻ കഴിയും. അതിനു ഇഖാമക്കു കാലാവധി ഉണ്ടായിരിക്കണം. ഇഖാമയുടെ കാലാവധി അവസാനിച്ചതാണെങ്കിൽ ആദ്യം ഇഖാമയുടെ കാലാവധി ദീർഘിപ്പിക്കുകയും പിന്നീട് സ്‌പോൺസർഷിപ് മാറ്റത്തിന് അപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ഇനി നിശ്ചിത 60 ദിവസം കഴിഞ്ഞുവെങ്കിലും ആയിരം റിയാൽ ഫൈൻ നൽകി ഫൈനൽ എക്‌സിറ്റ്  റദ്ദാക്കാം. പക്ഷേ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. 


 

Latest News