ദുബായിക്കാരെ അന്നമൂട്ടുന്നത്  ഇന്ത്യക്കാരും പാക്കിസ്ഥാനികളും

ദുബായ്- ലോകോത്തര നഗരമായ ദുബായില്‍ ലക്ഷക്കണക്കിന് സ്വദേശികള്‍ക്കും ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്കും നാലു നേരം മുടങ്ങാതെ ഭക്ഷണം ലഭിക്കണമെങ്കില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും കനിയണമെന്ന സ്ഥിതിയാണ്. ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 30 ലക്ഷം ജനസംഖ്യയുള്ള ദുബായ് എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ റസ്റ്റോറന്റുകളും കഫേകളും നടത്തുന്നവര്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഈജിപ്തുകാരുമാണ്. 

ദുബായില്‍ 6,802  റസ്‌റ്റോറന്റുകളും കഫേകളുമാണ് ഉള്ളത്്. 441 ദുബായ് നിവാസികള്‍ക്കും അതിലേറെ വരുന്ന സന്ദര്‍ശകര്‍ക്കും ശരാശരി ഒരു ഭക്ഷണശാല എന്ന തോതിലാണ്. ഈ മൂന്ന് രാജ്യക്കാരെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ബ്രീട്ടീഷുകാരും ലെബനോനികളും കുവൈത്തികളും ജോര്‍ദാന്‍കാരും അമേരിക്കകാരും സൗദികളും സിറിയക്കാരുമാണ് ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകള്‍ നടത്തുന്നത്.

റസ്‌റ്റോറന്റുകളുടേയും കോഫീ ഷോപ്പുകളുടേയും എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. ദുബായില്‍ ഏറ്റവും കടുത്ത മത്സരമുള്ള വ്യവസായങ്ങളിലൊന്നാണിത്. ന്യൂ ദുബായ്, ബുര്‍ജ് ഖലീഫ, അല്‍ കറാമ, അയാല്‍ നാസര്‍, അല്‍ ബഷാറ വണ്‍, ജുമൈറ വണ്‍, അല്‍ മുറാഖബാത്ത് എന്നീ മേഖലകളിലാണ് ദുബായിലെ മൊത്തം ഭക്ഷണശാലകളുടേയും മൂന്നിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ മാത്രം 2,265 റസ്റ്ററന്റുകളും കഫേകളുമുണ്ട്. 50 മുതല്‍ 150 ദിര്‍ഹം വരെ യുഎഇ നിവാസികള്‍ വീടിനു പുറത്ത് ഭക്ഷണം കഴിക്കാന്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്.

Latest News