പരാതിക്കാരനുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും കേസ് അവസാനിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി-  കേസിലെ പരാതിക്കാരനുമായി കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഹരജി അനുവദിക്കാനാവില്ലെന്നും പ്രതികള്‍ വിചാരണ കോടതിയില്‍ വിചാരണക്ക് വിധേയമാകണമെന്നും കോടതി വ്യക്തമാക്കി.
ഇതര സമുദായത്തില്‍പെട്ട യുവതിയുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ വിചാരണക്കോടതിയിലെ തുടര്‍നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 10 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെ. ഹരിപാല്‍ പരിഗണിച്ചത്.
കാസര്‍കോട് തളങ്കരയില്‍ 2017 ജൂലൈയില്‍ നടന്ന സംഭവത്തെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അക്രമാസക്തരായ ആള്‍ക്കൂട്ടം നിരായുധനായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അംഗീകരിക്കാനാകില്ല. കേസ് റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന സര്‍ക്കാര്‍ വാദവും കോടതി കണക്കിലെടുത്തു. പ്രതികളില്‍ പലര്‍ക്കും ഒന്നിലധികം ക്രിമിനല്‍ കേസുകളുള്ളവരായതുകൊണ്ട് ഹരജി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 

 

Latest News