നയന്‍താരക്കും കാമുകന്‍ വിഘ്‌നേഷിനുമെതിരെ കേസെടുത്തു 

ചെന്നൈ- നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേഷ് ശിവനന്റെയും പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സിനെതിരെ പോലീസ് കേസ് എടുത്തതായി റിപ്പോര്‍ട്ട്. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് നിര്‍മ്മാണക്കമ്പനിയുടെ പേര് എന്നാണ് പരാതിയില്‍ പറയുന്നത്. ഇത് നിരോധിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റെയും അജിത് കുമാറിന്റെയും ചിത്രം എകെ 62 ന്റെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് ഇപ്പോള്‍ സംവിധായകനും നയന്‍താരയ്ക്കുമെതിരെ പരാതി എത്തിയിരിക്കുന്നത്. കേസിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. റൗഡി പിക്‌ചേഴ്‌സും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.
പെബിള്‍സ് (2021), റോക്കി (2021) തുടങ്ങിയ ചിത്രങ്ങള്‍ ആണ് റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ഏറെ പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഘ്‌നേഷ് ശിവന്‍ ചിത്രം 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് ഈ സംരംഭത്തിന് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടത്. സംവിധായകന്‍ എന്ന നിലയില്‍ വിഘ്‌നേഷ് ശിവന് അംഗീകാരം ലഭിക്കുന്നതും നയന്‍താരയുമായി പ്രണയത്തിലാകുന്നതും ഈ സിനിമയിലൂടെയാണ്.

Latest News