2001 നവംബറിൽ ഡയറക്ടർ ജനറൽ സ്ഥാനത്തേക്കുളള ഇന്റർവ്യൂ കഴിഞ്ഞതിന്റെ പിറ്റേദിവസം വളരെ നേരത്തേ ഞാൻ ഓഫീസിലെത്തി. പ്രസാർ ഭാരതി ചെയർമാൻ ഡോ. ഉഡുപ്പി രാമചന്ദ്രറാവുവിനെ കാണുകയായിരുന്നു ഉദ്ദേശ്യം. ഓഫീസിലെത്തിയ ഉടനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ബൈജാൽ എന്നെ വിളിപ്പിച്ചു. ആദ്യമായി അദ്ദേഹം ഇന്റർവ്യൂവിൽ വളരെ നല്ല പ്രകടനം കാഴ്ചവെച്ചതിൽ ഹാർദ്ദമായി അഭിനന്ദിച്ചു. പക്ഷേ, ദൂരദർശൻ ഡയറക്ടർ ജനറൽ സ്ഥാനം എനിക്ക് നൽകാനാവില്ല! എന്നെക്കാൾ സീനിയറായ സഹപ്രവർത്തകൻ ടി.ആർ. മലാക്കാറിനെ ആകാശവാണി ഡയറക്ടറാക്കുകയാണ്. അദ്ദേഹം റിട്ടയർ ചെയ്യാൻ വെറും മൂന്ന് മാസമേയുളളു. അതു കഴിഞ്ഞാൽ ദൂരദർശൻ ഡയറക്ടർ ജനറലിന്റെ അതേ പദവിയിൽ തന്നെയുളള ആകാശവാണി ഡയറക്ടർ ജനറലിന്റെ ജോലി താങ്കൾക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ വിശദീകരണം ചോദിക്കരുതെന്നും ആകാശവാണി ജോലി മനഃസംഘർഷം കുറഞ്ഞതാണെന്നും അദ്ദേഹം എന്നെ സമാശ്വസിപ്പിച്ചു. ഇന്റർവ്യൂ കഴിഞ്ഞ ദിവസം വൈകുന്നേരം എന്നോട് വലിയ മതിപ്പുണ്ടായിരുന്ന സഹപ്രവർത്തക ശേഷ്ദ്‌സാഹി സൈമൺ മധുരം വേണമെന്നാവശ്യപ്പെട്ടു. കാര്യം ചോദിച്ചപ്പോൾ എന്റെ ഇന്റർവ്യൂ വളരെ നന്നായിരുന്നെന്ന് ബൈജാൽ പറഞ്ഞുവെന്നും ജോലി എനിക്കു തന്നെയെന്നും അവർ ഉറപ്പിച്ചു.

അനിൽ ബൈജാലുമായി സംസാരിച്ചശേഷം ഞാൻ ചെയർമാൻ റാവുവിനെ കണ്ടു. എന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പരിഗണിക്കപ്പെട്ടില്ല എന്ന പരാതി ഞാൻ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ആർക്കാണ് നിങ്ങളുടെ റിപ്പോർട്ടുകൾ ആവശ്യം? ഞങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ ജോലിയിലുളള പ്രാപ്തിയെപ്പറ്റി അറിയാം. നിങ്ങൾ എത്ര തവണ ബോർഡ് മീറ്റിംഗുകളിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട് എന്നൊക്കെ അറിയാത്തവരാണോ ഞങ്ങൾ? മാത്രവുമല്ല, നിങ്ങളുടെ ഏഴയലത്തുപോലും വരില്ല, ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റാരുടെയും പ്രകടനം! പക്ഷേ, ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ജോലി നിങ്ങൾക്ക് തരാൻ കഴിയില്ലെന്നതിൽ എനിക്ക് വ്യക്തിപരമായി വളരെ വിഷമമുണ്ട്.സി.ബി.ഐ അതേ വരെ ചാർജ്ജ്ഷീറ്റ് ചെയ്തിട്ടില്ലാത്തതിനാൽ അത് ഒരു തടസ്സമല്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ നമ്പി നാരായണൻ എന്ന പ്രഗത്ഭനായ ബഹിരാകാശ ശാസ്ത്രജ്ഞനെ 'കുടുക്കിയ' കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ നിന്ന് കഴിയുന്നത്ര വേഗം പുറത്തുകടക്കണമെന്ന നിർദ്ദേശവും തന്നു. പിന്നീട് പ്രസാർ ഭാരതി ബോർഡംഗമായ പണ്ഡിതശ്രേഷ്ഠൻ മുഖേന അറിയാൻ കഴിഞ്ഞു, ഒരു പ്രത്യേക വ്യക്തിയെ ദൂരദർശൻ ഡയറക്ടർ ജനറലായി നിയമിക്കണമെന്ന് വകുപ്പുമന്ത്രി ബോർഡംഗങ്ങളോടെല്ലാം ആവശ്യപ്പെട്ടിരുന്നു. ഓരോരുത്തരെയും അവർ ഫോണിൽ വിളിച്ച പറഞ്ഞിട്ടുണ്ടായിരുന്നു. മന്ത്രിയുടെ നിർദ്ദേശം ശിരസാ വഹിക്കുകയല്ലാതെ ആരെങ്കിലും അത് മറികടന്ന മെറിറ്റ് മാനദണ്ഡമാക്കുമോ! സ്ഥാനമൊഴിഞ്ഞതിനു ശേഷം ബാംഗ്ലൂരിലെ ബഹിരാകാശകേന്ദ്രം ആസ്ഥാനത്തുവച്ച് ഡോ. റാവുവിനെ കണ്ടപ്പോൾ അദ്ദേഹം തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച് വിഷമത്തോടെ സംസാരിച്ചിരുന്നു! മന്ത്രിയുടെ നിർദ്ദേശപ്രകാരം നിയമിതനായ ആൾ ഹരിയാന മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറി. ഏതു പാതിരാസമയത്തും മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിൽ പോലും തനിക്ക് പ്രവേശസ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും വാർത്താ വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി പ്രത്യേകം വിളിച്ചിട്ടാണ് ഡയറക്ടർ ജനറൽ പദവി ഏറ്റെടുത്തതെന്നും ദൂരദർശൻ യോഗങ്ങളിൽ വീമ്പ് പറഞ്ഞിരുന്നത് ഞാൻ ഏതാനും തവണ കേട്ടിരുന്നിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥന്മാർ ആ പദവിയിൽ മുമ്പുണ്ടായിരുന്നുവെങ്കിലും ആരും ഇങ്ങനെ വീമ്പു പറയുന്നത് കേട്ടിരുന്നില്ല.
അനിൽ ബൈജാലിന് 2002 ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയതോടെ പ്രസാർ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് മാറി. കെ.എസ്.ശർമ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി. അദ്ദേഹത്തിന് എന്നെ മുമ്പ് ഡയറക്ടർ ജനറലായിരുന്നപ്പോൾ വലിയ കാര്യമായിരുന്നു, എൽപിച്ച ജോലികൾ ഭംഗിയായി ചെയ്യുമായിരുന്നതിനാൽ. മാത്രവുമല്ല, സി.ബി.ഐ അന്വേഷണം നടന്നിരുന്നപ്പോൾ അതുമായി ബന്ധപ്പെട്ട് ദൂരദർശനിലെ ഫയലുകളെല്ലാം ശർമ്മ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസമന്ത്രി കാര്യാലയത്തിലെ ഓഫീസിൽ ഞാൻ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു, അന്യഥാ അദ്ദേഹത്തിന് അവ കിട്ടുമായിരുന്നില്ല. അദ്ദേഹം ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞതിനുശേഷം പാലത്തിനടിയിലൂടെ ഒരുപാട് വെളളം ഒലിച്ചുപോയിരുന്നതിനാൽ പുതിയ ജോലിയിൽ പല ഫയലുകളുടെയും കാര്യത്തിൽ തുടർച്ചയെപ്പറ്റി സംശയം വരുമ്പോൾ അദ്ദേഹം എന്നോട് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഫയലുകളും ആവശ്യപ്പെടുമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവായതെന്ന് സുവിദിതമായിരുന്നു! മുമ്പും രാഷ്ട്രീയസ്വാധീനം കൊണ്ടുതന്നെയായിരുന്നു ഡൽഹി പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ സ്ഥാനത്തുനിന്ന് പ്രക്ഷേപണമന്ത്രികാര്യാലയത്തിൽ ജോയിന്റ് സെക്രട്ടറിയും ദൂരദർശൻ ഡയറക്ടർ ജനറലുമായതും! ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഗ്ലാമറുളള ജോലിയിൽ നിന്ന് എസ്.എസ്.ഗിൽ ഒഴിപ്പിച്ചപ്പോൾ അദ്ദേഹത്തിന് വലിയ വിഷമമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുതുതായി ഡയറക്ടർ ജനറൽ സ്ഥാനത്തുവന്ന വ്യക്തിക്ക് ടെലിവിഷൻ എന്ന മാധ്യമത്തെക്കുറിച്ച് ഇരുട്ടിൽ തപ്പേണ്ടിയിരുന്നു. അപ്പോൾ തന്നെ മറികടന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നോട് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന് കടുത്ത അമർഷമുളവാക്കി. എന്നോട് പല തവണയും അത് പരസ്യമായി പറയുകയും ചെയ്തു.
രണ്ടുപേരും രാഷ്ട്രീയസ്വാധീനത്തിന്, മന്ത്രിയുടെ പ്രീതിക്ക് മത്സരിക്കുകയായിരുന്നു. രണ്ടുപേരും ദേശാടനപ്പക്ഷികളെപ്പോലെ വെറും സ്ഥാനമോഹികളാകുമ്പോൾ ഇതൊക്കെ സാധാരണം! 2000 സെപ്തംബർ മുതൽ 2003 കാലത്ത് സുഷമസ്വരാജായിരുന്നു മന്ത്രി.
മലാകാർ വിരമിക്കുമ്പോൾ എന്നെ ആകാശവാണി ഡയറക്ടർ ജനറൽ സ്ഥാനത്ത് നിയമിക്കണമെന്ന് ബൈജാലും യു.ആർ.റാവുവും പ്രത്യേകം പറഞ്ഞിരുന്നതായി ശർമ എന്നെ അറിയിച്ചിരുന്നു. പക്ഷെ, അത് ചെയ്യാൻ കഴിഞ്ഞേക്കില്ല എന്നു പിന്നീട് സൂചിപ്പിച്ചു. ഒരു കാരണവും പറഞ്ഞില്ല! മനസ്സ് മരവിച്ചതിനാൽ പ്രതികരിക്കാൻ കഴിഞ്ഞില്ല. യു.ആർ.റാവുവിന് പകരം പ്രസാർ ഭാരതി ചെയർമാനായി പ്രശസ്ത പത്രപ്രവർത്തകനായ എം.വി.കാമത്ത് സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അപ്പോൾപ്പിന്നെ ഞാൻ ആരോട് പറയാൻ? പരാമർശിക്കപ്പെടേണ്ട ഒരു വസ്തുത സി.ബി.ഐ ഞങ്ങളുടെ കേസിൽ കഴമ്പില്ലെന്നു കണ്ട് കേസുകൾ അവസാനിപ്പിക്കാൻ പോവുകയാണെന്ന വസ്തുത ആദ്യമായി എന്നെ അറിയിച്ചത് ശർമയായിരുന്നു; ബാഗ്ലൂരിൽ യാത്രയിലായിരുന്നപ്പോഴാണ് അദ്ദേഹം എന്നെ രഹസ്യമായി ഫോണിൽ വിവരമറിയിച്ചതും ഞാൻ അദ്ദേഹത്തിന് ചെയ്തുകൊടുത്ത സഹായത്തിന് നന്ദി പറഞ്ഞതും! താൻ നേടേണ്ടത് നേടിക്കഴിഞ്ഞപ്പോൾ അദ്ദേഹം അതെല്ലാം മറന്നു, ന്യായത്തിനൊന്നും സ്വാർത്ഥതയിൽ സ്ഥാനമില്ല.
1997 ൽ പ്രസാർ ഭാരതി കോർപറേഷൻ രൂപീകൃതമായപ്പോൾ അക്കാലത്തെ ചെയർമാൻ നിഖിൽ ചക്രവർത്തിക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും എഴുപതിലേറെ വിവിധ രാഷ്ട്രീയ കക്ഷികളിൽ പെടുന്ന പാർലമെന്റംഗങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും അടങ്ങുന്ന പ്രമുഖർ ഒരു നിവേദനം നൽകി. ദൂരദർശൻ വാർത്തകൾ ഗവണ്മെന്റ് ബുളളറ്റിനുകളാണ്. ഒരു സ്വതന്ത്രസ്ഥാപനമെന്ന നിലയിൽ സ്വകാര്യമേഖലയിലും വാർത്താബുളളറ്റിനുകൾ അനുവദിക്കണം. കൊൽ്ക്കത്തയിലെ ഒരു സ്ഥാപനമാണ് വാർത്താബുളളറ്റിനുകൾ ആരംഭിക്കാൻ ഇത്തരമൊരു ശിപാർശ രാഷ്ട്രീയക്കാരെക്കൊണ്ട് നടത്തിച്ചത്. വാർത്താബുളളറ്റിനുകൾ നയപരിപാടിയെന്ന നിലയിൽ സ്വകാര്യമേഖലയിലുളളവരെക്കൊണ്ട് ചെയ്യുന്നത് അഭിലക്ഷണീയമായിരുന്നില്ല. മാത്രവുമല്ല, ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലുളള വാർത്താവിഭാഗത്തിലുളളവർ അതിനെ നിഖശിഖാന്തം എതിർക്കുകയും ചെയ്തിരുന്നു. പക്ഷേ, സ്വയംഭരണാവകാശം ഉപയോഗിച്ച് കൊൽക്കത്ത കേന്ദ്രത്തിൽ നിന്ന് ബംഗാളിയിൽ ഒരു വാർത്താധിഷ്ഠിത പരിപാടി അംഗീകരിക്കപ്പെട്ടു.
അതിന്റെ സംപ്രേഷണം തുടങ്ങുകയും ചെയ്തു. സ്‌പോൺസർഷിപ്പ് അഥവാ സംപ്രേഷണസമയത്തിന് പണം നൽകി, പുറത്തുനിന്ന് നിർമ്മിച്ച പരിപാടി, പ്രിവ്യൂ ചെയ്തതിന് ശേഷം പ്രക്ഷേപണം ചെയ്യുകയായിരുന്നു പതിവ്. 'ഖാസ് ഖബർ' എന്ന ഈ ബംഗാളി വാർത്താധിഷ്ഠിത പരിപാടിക്ക് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകരണം കിട്ടി. പശ്ചിമബംഗാളിലെ മാർക്‌സിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്ന ഒട്ടേറെ വാർത്തകൾ അതിൽ ഉൾക്കൊളളിച്ചിരുന്നതായി കേട്ടിരുന്നു. എസ്.എസ്.ഗില്ലിനെ ഓർഡിനൻസിലൂടെ ബിജെപി ഭരണകൂടം ചീഫ് എക്‌സിക്യൂട്ടീവ് പദവിയിൽ നിന്ന് പുറത്താക്കിയപ്പോൾ പകരം താൽക്കാലിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ സ്ഥാനമേറ്റെടുത്ത് എട്ടുമാസത്തിന് ശേഷം ഇൻഫർമേഷൻ സർവ്വീസിൽ നിന്നായിരുന്നു. ആകാശവാണിയുടെ അക്കാലത്തെ ഡയറക്ടർ ജനറലായിരുന്നു ഒ.പി.കേജ്‌രിവാൾ. ഗില്ലിനോട് അദ്ദേഹത്തിന് അനിഷ്ടമുണ്ടായിരുന്നു. അതിനാൽ അദ്ദേഹമെടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കുന്നതിന്റെ ഭാഗമായി 'ഖാസ് ഖബർ' സംപ്രേഷണം റദ്ദാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
പരിപാടിയുടെ നിർമാതാവ് അതുകൊണ്ടുളള ഗുണഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹം കല്ക്ക്ത്ത ഹൈക്കോടതിയിൽ നിന്ന് പ്രസാർ ഭാരതി ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങി. സ്‌റ്റേ ഉത്തരവിൽ കല്ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതെന്ന് അത് തുടങ്ങുന്നതിന് മുമ്പ് എഴുതിക്കാണിക്കമെന്ന് നിബന്ധനയുണ്ടായിരുന്നു, കേസിൽ അന്തിമതീരുമാനമുണ്ടാവുന്നതുവരെ. കോടതി ഉത്തരവ് പ്രകാരമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതെന്നതിനാൽ നിർമ്മാതാവ് അതിന്റെ ടെലികാസ്റ്റ് ഫീസ് നൽകുന്നത് നിർത്തി. മാത്രവുമല്ല, പരിപാടിയിൽ പശ്ചിമബംഗാൾ ഗവണ്മെന്റിന് ദോഷകരമായി ബാധിക്കുന്ന ഇനങ്ങൾ കൂടുതലായി വരാൻ തുടങ്ങി. എങ്ങനെയെങ്കിലും അത് നിർത്തണമെന്ന് പ്രസാർ ഭാരതി പലതവണ കോടതി കയറി ആഗ്രഹിച്ചുവെങ്കിലും ഒന്നും നടന്നില്ല. ദൂരദർശൻ പലതവണ ശ്രമിച്ചിട്ടും ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി കിട്ടിയില്ല. പരിപാടിയുടെ സംപ്രേഷണവും ടെലികാസ്റ്റ് ഫീസടക്കാത്തതും തുടർന്നു: നിർമ്മാതാവ് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ഖാസ് ഖബറുമായി ബന്ധപ്പെട്ട ഒരു കാര്യവും എന്റെ ചുമതലകളുമായി ഒരിക്കലും ബന്ധപ്പെട്ടതായിരുന്നില്ല; അവയൊന്നും ഞാൻ അറിഞ്ഞത് പോലുമായിരുന്നില്ല, 1999 സെപ്തംബർ വരെ. റെയിൻബൊ പ്രൊഡക്ഷൻസ് എന്ന കമ്പനി 'ജന്മഭൂമി' എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ടെന്ന് കൊൽക്കത്തയിലെ പരസ്യവരുമാനക്കൂടുതലിലൂടെ മാത്രം അറിഞ്ഞിരുന്നതൊഴിച്ചാൽ.
ദൂരദർശന്റെ പരസ്യവരുമാനം എങ്ങനെയെല്ലാം വർധിപ്പിക്കാനാവുമോ അതെല്ലാം ചെയ്യണമെന്നും അതിനുവേണ്ട നടപടികളെടുക്കണമെന്നും എല്ലാ ചീഫ് എക്‌സിക്യൂട്ടീവുമാരും നിഷ്ഠയോടെ ചെയ്യുന്നതാണ്. ഓരോ മാസവും കണക്കുകൾ പരിശോധിക്കും. അതിനായി പരസ്യനിരക്കുകളിൽ വേണ്ട മാറ്റങ്ങൾ ഇടയ്ക്കിടെ വരുത്താറുളളതുമാണ്. മാർക്കറ്റിംഗിന്റെ ചുമതലയുണ്ടായിരുന്നതിനാൽ, ഈ നിർദ്ദേശങ്ങൾ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു.
വലിയ പരമ്പരകൾ നിർമിക്കുന്നവർക്ക് പ്രത്യേകിച്ചും പുരാണപരമ്പരകൾ നിർമിക്കുന്നവർക്ക് പരസ്യങ്ങൾ കൂടുതൽ സമയം നൽകുമ്പോൾ നിരക്കുകൾ ഏകദേശം പകുതിയോളമാകുന്നത് ആകർഷകമാക്കിയിരുന്നു! സ്‌പോൺസർഷിപ്പിന് നൽകുന്ന പരസ്യസമയത്തിന്റെ ഇരട്ടി, രണ്ടിരട്ടി, മൂന്നിരട്ടി എന്നിങ്ങനെ പരസ്യങ്ങൾ കൂടുതൽ നൽകുമ്പോഴാണ് ഈ ഇളവ് കിട്ടുന്നത്. വൻകിട പരമ്പരകൾ നിർമിക്കുന്നവർ ആവോളം ഈ ഇളവുകൾ അനുഭവിച്ചിരുന്നുവെന്നതാണ് വസ്തുത.
സ്വകാര്യചാനലുകൾ മത്സരിച്ച് മുന്നേറുമ്പോൾ ദൂരദർശന്റെ ഉപഗ്രഹകേബിൾ സംപ്രേഷണം, മത്സരിക്കുന്ന സ്വകാര്യചാനലുകളെപ്പോലെ 24 മണിക്കൂറും- രാപ്പകൽ- ഉണ്ടായിരുന്നില്ല. കേബിളിൽ കൂടി ടെലിവിഷൻ കാണുന്ന പ്രേക്ഷകന്, എല്ലാ സമയത്തും ദൂരദർശൻ കിട്ടാത്തത് മത്സരത്തിൽ പിന്നിലാവാനിടയായി. അതിനൊരു പോംവഴിയേ ഉണ്ടായിരുന്നുളള, ദൂരദർശൻ ചാനലുകളുടെ സംപ്രേഷണസമയം 24 മണിക്കൂറാക്കുക. കാര്യമായ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. പ്രാദേശിക കേന്ദ്രങ്ങൾക്ക് ഇത് വലിയ ഭാരമായിരുന്നു. എതാണ്ടെല്ലാ വിദേശചാനലുകളിലും അക്കാലത്ത് നടക്കുന്നതുപോലെ എട്ടു മണിക്കൂർ കൂടുമ്പോൾ ഒരേ ദിവസത്തെ പരിപാടി രണ്ട് തവണ ആവർത്തിക്കുക എന്നത് ദൂരദർശനിൽ സാധ്യമായിരുന്നില്ല. അതിനാൽ എങ്ങനെയെങ്കിലും സമയമൊപ്പിക്കാൻ പരിപാടികൾ സമാഹരിക്കുന്ന സ്ഥിതി വന്നു. അത് വലിയ ബുദ്ധിമുട്ടുകളും വരുത്തിവെച്ചു.
ഇരുപത്തിനാല് മണിക്കൂറും സംപ്രേഷണം തുടങ്ങുമ്പോൾ കൊൽക്കത്തയിൽ നിന്നുളള 'ഖാസ് കബർ' ഭൂതലസംപ്രേഷണത്തിന് പുറമെ ഉപഗ്രഹചാനലിലും ആവർത്തിക്കാമെന്നും ദൂരദർശന്റെ പരസ്യവരുമാനം വർധിപ്പിക്കുമെന്നും പ്രൊഡ്യൂസർ രമേശ് ഗാന്ധി വാർത്താവിതരണ പ്രക്ഷേപണമന്ത്രിയെ സമീപിച്ചു. അറിയിച്ചു. അക്കാലത്ത് പ്രമോദ് മഹാജനായിരുന്നു മന്ത്രി. അതിനുശേഷം ഡൽഹിയിലെ പയനീർ പത്രാധിപരും പിന്നീട് രാജ്യസഭാംഗവുമായ ചന്ദൻ മിത്രയോടൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജീവ് രത്‌നഷായുമായി ചർച്ച നടത്തി. അതിനെതുടർന്ന് വളരെ വിശദമായി എഴുതിയ പരസ്യവരുമാന വർധനവ് സൂചിപ്പിക്കുന്ന കത്ത് വന്നത് മന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയായിരുന്നു; പ്രമോദ് മഹാജൻ അത് അനുകൂലമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മുഖാന്തിരം എഴുതി അറിയിക്കുകയും ചെയ്തിരുന്നു. ആ കത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കുളളതായിരുന്നു. കോപ്പി ധനകാര്യ, നിയമ, വിജിലൻസ് വകുപ്പുകളുടെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്ടർ ജനറലിന് അയച്ചുകൊടുത്തു. മാർക്കറ്റിംഗ് വിഭാഗം അതിന്റെ പരസ്യവരുമാനം സൂചിപ്പിച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അത് എനിക്കയച്ചുതന്നു. വിശദാംശങ്ങൾ കൃത്യമായി കണക്ക് കൂട്ടണമെന്ന് ഞാൻ സഹപ്രവർത്തകരോടാവശ്യപ്പെട്ടു. ആ കത്ത് ഞാൻ സ്വയം ദൂരദർശനിൽ നിന്ന് വിരമിച്ച ശേഷവും ഒരു നിയമയുദ്ധത്തിലേക്ക് നയിക്കുമെന്ന് സ്വപ്‌നേപി ആലോചിച്ചിരുന്നില്ല.






