Sorry, you need to enable JavaScript to visit this website.

കയ്യൂരും കരിവെള്ളൂരും  രക്തം ചിന്തിയ വയലാറും... 

പാർട്ടി വ്യത്യാസമില്ലാതെ മലയാളികളുടെ പ്രിയങ്കരനായിരുന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ സാമീപ്യം മതി, മനുഷ്യർ ചിരിച്ചു കൊള്ളും. ഏഷ്യാനെറ്റ് ചാനലിൽ തുടക്കകാലത്ത് സംപ്രേഷണം ചെയ്തിരുന്ന മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന  ഫോൺ ഇൻ പ്രോഗ്രാം ബഹുരസമായിരുന്നു. ഓൻ ഞമ്മളെ ആളല്ല, ലീഗുകാരനാ..എന്നാലും കണ്ണൂക്കാരനാ.. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രയോഗം. അബുദാബിയിൽ നിന്ന് നാട്ടിലേക്ക് നേരിട്ട് പറക്കാൻ കഴിയാത്ത വിഷമമാണ് ഒരു പ്രവാസി വിളിച്ചു പറഞ്ഞത്. മുംബൈ ഇറങ്ങി സമയനഷ്ടം വരുന്നതിനെ കുറിച്ച് പരാതിപ്പെട്ട ആളെ പറ്റി പറഞ്ഞത് ഓൻ പൈശ ഇണ്ടാക്കാൻ ഗൾഫിൽ പോയതാ.. എന്നിട്ട് ബോംബെയിൽ ഇറങ്ങി വരാൻ ബുദ്ധിമുട്ടാണ് പോലും.  ഇങ്ങിനെയൊക്കെ പറയാൻ നായനാർക്കേ സാധിക്കൂ. നായനാരുടെ തെരഞ്ഞെടുപ്പ് വിശകലനമാണ് ബഹുരസം. തലശ്ശേരി മുതൽ കാഞ്ഞങ്ങാട് വരെയുള്ള സ്ഥലങ്ങളെ പറ്റി പറയുമ്പോൾ പ്രത്യേക ആവേശമായിരുന്നു നായനാർക്ക്. അത് റെഡ് ബെൽറ്റാടോ, ആട വേറെ ആരും ജയിക്കൂലാ,, കയ്യൂരും കരിവെള്ളൂരും ഉൾപ്പെടുന്ന പ്രദേശം. ഒഞ്ചിയം, പുന്നപ്ര-വയലാർ എന്നിങ്ങനെ രക്തസാക്ഷികളുടെ പേരിൽ അറിയപ്പെടുന്ന സ്ഥലനാമങ്ങൾ വേറെയും. എന്നാൽ അത്ര നല്ല കാര്യങ്ങളല്ല കരിവെള്ളൂരിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്. വിപ്ലവത്തിന്റെ ചുവന്നു തുടുത്ത മണ്ണാണത്. മറ്റു പാർട്ടികൾ അവിടെ പ്രവർത്തിച്ചു തുടങ്ങിയോ എന്നറിയില്ല. മകൾ വേറൊരു സമുദായക്കാരനെ പ്രേമിച്ച് കല്യാണം കഴിച്ചതിന് പൂരക്കളി കലാകാരന് ജോലി നിഷേധിക്കപ്പെടുന്നു. കേരളം എത്ര വേഗത്തിലാണ് നൂറ്റാണ്ടുകൾ പിന്നിലേക്ക് പായുന്നത്? ആരെങ്കിലും ആരെയെങ്കിലും വിവാഹം ചെയ്ത് കഴിഞ്ഞോട്ടെ, അവർക്കിഷ്ടമുള്ള ഭക്ഷണവും കഴിച്ച് ജീവിച്ചോട്ടെ.  വ്യക്തിപരമായ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ നമുക്കെന്ത് കാര്യം? ഭാഗ്യം, നടൻ സിദ്ദീഖിന്റെ മകൻ ഡോ: അമൃതയെ വിവാഹം ചെയ്തപ്പോൾ ആരും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു കണ്ടില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. സെലിബ്രിറ്റികൾക്ക് ഇളവ് നൽകാറാണല്ലോ പതിവ്. ബോളിവുഡിലെ കിംഗ് ഖാന് ഗൗരിയെ കെട്ടാം. പാവം മിഡിൽ ക്ലാസുകാർ ഇത്തരം വല്ല സാഹസത്തിനും പുറപ്പെട്ടാലായിരിക്കും സകല സദാചാരവാദികൾക്കും കുരു പൊട്ടുക. 


***  ***  ***

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് പ്രതിപാദിക്കുന്ന പർസാനിയ സിനിമയ്ക്ക്  ഗുജറാത്തിൽ വിലക്കാണിപ്പോഴും. 1992ലെ ബാബരി മസ്ജിദ് സംഭവത്തിന് ശേഷം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ ഡിസംബറിലും ജനുവരിയിലും അതിഭീകരമായ വർഗീയ കലാപമാണ് അരങ്ങേറിയത്. ഇതിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത ബോംബെ സിനിമ നിരവധി സെൻസർ കട്ടുകൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്. ബാൽ താക്കറെയെ ബാലൻസ് ചെയ്യാൻ ഒരു മുസ്‌ലിം കഥാപാത്രത്തെ പുതുതായി ചേർക്കേണ്ടിയും വന്നു. ഇതേ വിഷയത്തിലെടുത്ത ബ്ലാക്ക് ഫ്രൈഡേ എന്ന ബോളിവുഡ് ചിത്രം പ്രധാന നഗരങ്ങളിലെ മൾട്ടിപ്ലെക്‌സുകളിൽ മാത്രമാണ് റിലീസ് ചെയ്തത്.  കശ്മീർ പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കശ്മീർ ഫയൽസ് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വലിയ താരനിരയൊന്നുമില്ലാതെ വൻ വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി മോഡിജി തന്നെ കശ്മീർ ഫയൽസ് എന്ന സിനിമയുടെ പ്രചാരകനായിരിക്കുന്നു.   യഥാർഥ കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞിരിക്കു
ന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. ഇതിനിടെ ചിത്രത്തിലെ പ്രധാനപ്പെട്ട വേഷത്തെ അവതരിപ്പിച്ച അനുപം ഖേർ കഴിഞ്ഞ ദിവസം കേരളത്തിലെ കോൺഗ്രസ് ഷെയർ ചെയ്ത ട്വീറ്റിനെതിരെ രംഗത്ത് വന്നു. പണ്ഡിറ്റുകൾ മാത്രമല്ല മുസ്‌ലീങ്ങളും കശ്മീരിൽ പ്രയാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്റ്. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി കശ്മീർ ഫയൽസിനെ കുറിച്ച് സംസാരിച്ചത്. ഇത് മികച്ച ചിത്രമാണെന്നും, ഇത്തരം ചിത്രങ്ങൾ കൂടുതലായി നിർമിക്കപ്പെടണമെന്നും മോഡി പറഞ്ഞു. തീവ്രവാദത്തെ തുടർന്ന് 1990ൽ കശ്മീരി പണ്ഡിറ്റുകൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം.  അസമിൽ ഈ സിനിമ കാണുന്നവർക്ക് ഒരു ദിവസത്തെ അവധി ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ചു. സിനിമ കണ്ട ടിക്കറ്റ് ഹാജരാക്കിയാൽ മതി.  മധ്യപ്രദേശിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കി. അതിലും മുന്നേ കർണാടക ഇത് ചെയ്തിട്ടുണ്ട്. എന്തൊരു പ്രൊമോഷൻ. വർഗീയ വിഷയങ്ങൾ മാത്രമെടുത്തിട്ടാൽ ഭരണ തുടർച്ച എവിടേയും ഉറപ്പിക്കാം.  ബ്രിട്ടീഷുകാർ കാണിച്ചു തന്ന മാർഗം പിൻപറ്റുന്നതാണ് എന്തു കൊണ്ടും എളുപ്പം. 
കഴിഞ്ഞ  ഒരു വർഷത്തിലേറെ തുടർച്ചയായി നാട്ടിലെ രണ്ടു പ്രമുഖ മലയാള പത്രങ്ങളും ലഭ്യമായ ഇംഗഌഷ് പത്രങ്ങളായ ഇന്ത്യൻ എക്‌സ്പ്രസും  ദ ഹിന്ദുവും  വായിക്കാൻ അവസരം ലഭിച്ചു.  കാൽ നൂറ്റാണ്ട് മുമ്പ് ധാരാളം തൊഴിലവസര പരസ്യങ്ങൾ വന്നിരുന്ന പത്രങ്ങളാണ് ഇതെല്ലാം. ഏതായാലും ഈ നാല് പത്രങ്ങളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ സെൻട്രൽ സെക്രട്ടറിയേറ്റ്, റെയിൽവേ, ബാങ്കുകൾ, റേഡിയോ, ടിവി എന്നിവയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്ന ഒരു പരസ്യവും കണ്ടില്ല. കേരള പി.എസ്.സി പരസ്യങ്ങളും അത്യപൂർവമായി.  വിദ്വേഷ പ്രചാരണത്തിന്റെ ഓരോ നേട്ടങ്ങൾ. ആർക്കും പരാതിയുമില്ല.  


***  ***  ***

പതിനേഴ് മാസത്തിന് ശേഷം വാർത്താ ചാനലുകളുടെ  ബാർക്ക് റേറ്റിംഗ്  തിരികെ എത്തി.  ഇത്തവണയും മേധാവിത്വം തുടർന്നത് ഏഷ്യാനെറ്റ് ന്യൂസ്  തന്നെയാണ്. 24 ന്യൂസും മനോരമയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണ്. മാതൃഭൂമിയ്ക്ക്  തൊട്ടു പിറകിൽ ജനം ടിവിയുണ്ട്. റേറ്റിംഗ് പാകപ്പിഴകളെത്തുടർന്ന് 2020 ഒക്ടോബറിൽ ആയിരുന്നു ന്യൂസ് ചാനൽ റേറ്റിംഗ്, ബാർക്ക് നിർത്തിവച്ചത്.  കടുത്ത മത്സരം ഉണ്ടായിരുന്നെങ്കിലും എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ തന്നെയാണ് ട്വന്റിഫോർ ന്യൂസിന്റെ മുന്നേറ്റം. റേറ്റിങ് നിർത്തിവെക്കുന്ന സമയത്ത് ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് വരെ ട്വന്റിഫോർ ന്യൂസ് എത്തിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള മനോരമ ന്യൂസിനേക്കാൾ വ്യക്തമായ മുൻതൂക്കവും ട്വന്റിഫോറിനുണ്ട്.  നാലാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ വലിയ  ലീഡോടെയാണ് മനോരമ മൂന്നാമതെത്തിയത് . ജനം ടിവി അഞ്ചാമതും കൈരളി ന്യൂസ് ആറാം സ്ഥാനത്തും  ന്യൂസ് 18 ഏഴാം സ്ഥാനത്തുമാണ്.  ഫെബ്രുവരി 13 മുതൽ മാർച്ച്  12 വരെയുള്ള നാല് ആഴ്ചത്തെ ശരാശരി റേറ്റിംഗ് ആണ് പുറത്തുവിട്ടിട്ടുള്ളത്. മീഡിയവൺ ലൈസൻസ് പുതുക്കി നൽകപ്പെടാതിരുന്നതിനാൽ  ചാനലിനെ റേറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടില്ല.
രസമതല്ല, ഇതെല്ലാം വായനക്കാരെ അറിയിച്ചത് സീ ന്യൂസ് മലയാളം ചാനലാണ്. മാതൃഭൂമി ശതാബ്ദി വർഷത്തിൽ കേരളകൗമുദിയും മനോരമയും ആശംസയർപ്പിക്കുന്ന കാലമാണിത്. പോസിറ്റീവായ മാറ്റം ടിവി ചാനലുകളേയും സ്വാധീനിച്ചിരിക്കുന്നു. 


***  ***  ***

ഇന്ത്യൻ രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ ചിലർ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്നുവെന്നും ജനാധിപത്യത്തെ ഹാക്ക് ചെയ്യാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് ട്വിറ്റർ പോലുള്ള ഭീമന്മാരുടെ സ്വാധീനം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും സോണിയാ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
സർക്കാർ ഒത്താശയോടെ സാമൂഹ്യസൗഹാർദ്ദം തകർക്കാൻ ഫേസ്ബുക്ക് നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിന് അപകടകരമാണ്.
വൻകിട കോർപ്പറേറ്റുകളും, ഭരണ സ്ഥാപനങ്ങളും, ആഗോള സോഷ്യൽ മീഡിയ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഫേ്‌സ്ബുക്ക് പ്രചരിപ്പിച്ചിരുന്നതായുള്ള അൽജസീറ ടിവി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം. നിയമങ്ങൾ മറികടന്നായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഭരണകക്ഷിയുടെ ഇത്തരം പരസ്യങ്ങൾ നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്. 


***  ***  ***

ബിഗ് ബോസ് മലയാളം സീസൺ 4 ഈ മാസം  27 മുതലാണ് സംപ്രേഷണം ആരംഭിക്കുന്നതെന്ന് ഏഷ്യാനെറ്റ് അറിയിച്ചു. ഷോയുടെ പുതിയ പ്രോമോയും പുറത്ത് വിട്ടിട്ടുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് ഇനിയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. വ്യത്യസ്ത കാഴ്ചപാടുകളും,  നിലപാടുകളുമുള്ള മത്സരാർത്ഥികളെയാണ് ഷോയിലേക്ക് എത്തിക്കുന്നതെന്ന് പ്രൊമോയിൽ വ്യക്തമാക്കി. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 യ്ക്ക് ഷോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്നുള്ള കാര്യത്തിൽ ചർച്ച മുറുകുകയാണ്. ഷോയുടെ അറിയിപ്പ് വന്നത് മുതൽ മോഹൻലാൽ അവതാരകനായി എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പകരം സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രോമോ വന്നതോടെ ഈ സംശയങ്ങൾ മാറുകയായിരുന്നു. മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന്  ഉറപ്പായി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി സീരിയലിലെ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സുചിത്ര നായർ ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർഥിയായേക്കും. ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് സുചിത്ര.


***  ***  ***

ഹിജാബ് വിവാദത്തിലെ കോടതി വിധി മലയാള ടിവി ചാനലുകളും ചർച്ച ചെയ്തു.  ഒരു ജനസമൂഹത്തെ പൊതുധാരയിൽനിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങൾ. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരും. റിപ്പോർട്ടർ ടിവിയിൽ ഇക്കാര്യം ചർച്ച ചെയ്യാനെത്തിയ അതിഥികളിലൊരാൾ മുസ്‌ലിം ലീഗ് പക്ഷത്തുള്ള ഫാത്തിമ തഹ്‌ലിയയാണ്. മദ്രസയിൽ പോകുന്ന അഞ്ച് വയസ്സുള്ള കുട്ടി സ്വമേധയാ ആണോ പർദ ധരിക്കുന്നതെന്ന് അവതാരകൻ നികേഷ് കുമാർ ചോദിച്ചു. തഹ്‌ലിയ തൽക്ഷണം മറുപടി നൽകി. നികേഷ് എന്ന  പേര് താങ്കൾ സ്വമേധയാ തെരഞ്ഞെടുത്തതാണോ, നിങ്ങൾ തന്നെ തൊട്ടിലിൽ കിടന്ന് ഇട്ടതാണോ എന്നായി അതിഥി. റിപ്പോർട്ടർ ടിവി സംവാദത്തിൽ തഹ്‌ലിയ ചോദിച്ചത് ട്രോളന്മാർക്ക് ആഘോഷിക്കാനുള്ള വകയായി. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 


***  ***  ***

കേരളത്തിൽ ധാരാളം വാർത്താ ചാനലുകളുണ്ടെങ്കിലും എല്ലാം കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ്. കോഴിക്കോട്ടു നിന്ന് സംപ്രേഷണം ചെയ്യുന്ന ഏക ടെലിവിഷൻ ചാനലാണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ മീഡിയാ വൺ. ഹൈക്കോടതി വിലക്കിയതിനെ തുടർന്ന് സംപ്രേഷണം നിലച്ചതായിരുന്നു. മുദ്ര വെച്ച കവറുകൾ ഇന്ത്യ പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിന് ഒട്ടും ചേർന്നതല്ല. സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം നിരോധനം താൽക്കാലികമായി നീക്കി. നല്ല കാര്യം. ഇതിനെ തുടർന്ന് വീണ്ടും എയറിലെത്തിയപ്പോൾ സംപ്രേഷണം ചെയ്ത ബുള്ളറ്റിനിൽ മീഡിയ വൺ പ്രേക്ഷകരുടെ പ്രതികരണം ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആദ്യത്തെ റിപ്പോർട്ടർ കോഴിക്കോട് മലാപ്പറമ്പിലെ ഇഖ്‌റഅ് ആശുപത്രിയിലാണ് റിയാക്ഷൻ തേടിപ്പോയത്. ലേഖകന്മാർക്ക് ചരിത്രബോധം വേണമെന്ന് പറയുന്നത് വെറുതെയല്ല. കിട്ടിയ ഇരകളാണെങ്കിൽ എന്താണ് സംഭവിച്ചതെന്ന് ധാരണയില്ലാത്തവരും. അൽപമെങ്കിലും ഭേദം കോട്ടയം റിപ്പോർട്ടർ ബിരിയാണി കടയിൽ നിന്ന് എടുത്ത ബൈറ്റുകളാണ്. മീഡിയ വൺ ഇല്ലെങ്കിൽ ഒരു ചാനലും വേണ്ടെന്നാണ് ഇവിടെ എത്തുന്ന ഇടപാടുകാർ പറയുന്നതെന്ന് കടയുടമ പറയുന്നതും കേൾക്കാമായിരുന്നു. 


***  ***  ***

കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാർ സി.ഐ.ഡികളെ പോലെ ഗസ്റ്റ് ഹൗസിലും മരുന്നുഷോപ്പിലുമൊക്കെയെത്തി ഞെട്ടിക്കുന്നത് പതിവായിട്ടുണ്ട്. രണ്ടു രൂപ കണ്ടക്ടർക്ക് കൊടുക്കാൻ കുട്ടികൾക്ക് തന്നെ നാണമാവുന്നെന്നാണ് വിപ്ലവകാരിയായ മന്ത്രി പുംഗവൻ മൊഴിഞ്ഞത്. ഇതെല്ലാം കേട്ട് കേരളം നല്ല സമൃദ്ധിയിലാണെന്ന് ധരിക്കാൻ വരട്ടെ. ഗത്യന്തരമില്ലാതെ 2000 കോടി അടിയന്തര വായ്പയെടുക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. രണ്ടു ലക്ഷം കോടി വായ്പയെടുത്ത് മുടക്കി നിർമിക്കുന്ന വികസനത്തിലേക്കുള്ള സ്വർഗീയ പാതയാണ് ഇപ്പോൾ മലയാളികളുടെ ഉറക്കം കെടുത്തുന്നത്. കോഴിക്കോട് പന്നിയങ്കര മുതൽ വെസ്റ്റ് ഹിൽ വരെ ഭൂമിക്കടിയിലൂടെയാണ് വെള്ളി റെയിലെന്നാണ് ്ര്രപചരിച്ചിരുന്നത്.  ഇപ്പോഴിതാ കല്ലായിയിലെ വീടുകൾക്ക്  മുമ്പിൽ മഞ്ഞ കുറ്റിയെത്തിയിരിക്കുന്നു. കിറ്റ് വാങ്ങിയവർ കുറ്റി കണ്ട് നിർവൃതിയടഞ്ഞോളൂ എന്നാണ് വിമർശകർ പറയുന്നത്. 

Latest News