ബാഡ്മിന്റൺ എനിക്ക് ജീവനാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ തിരിച്ചെത്തിയത്. എന്റെ സ്വപ്‌നങ്ങളെ മാറ്റിനിർത്താൻ എനിക്കാവില്ല. 2020 ഫെബ്രുവരിയിൽ സൂറത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തുകാരിയായ ആരതി സാറാ സുനിലുമൊത്തുള്ള ഡബിൾസായിരുന്നു അവസാനം കളിച്ചത്. അന്ന് ഹൈദരാബാദിനെയായിരുന്നു തോൽപ്പിച്ചത്. തുടർന്നുവന്ന കൊറോണയിൽ എല്ലാ മത്സരങ്ങളും നിർത്തിവച്ചു. അതോടെ കളിക്കളത്തിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇക്കാലയളവിലായിരുന്നു ഗർഭിണിയായത്. പ്രസവം സിസേറിയനായിരുന്നിട്ടും മകന് നാലര മാസം പ്രായമായപ്പോൾ തന്നെ ഞാൻ പരിശീലനം തുടങ്ങിയിരുന്നു. വെറുതെ വീട്ടിലിരിക്കാൻ എനിക്കാവില്ലായിരുന്നു.
ബാഡ്മിന്റൺ കോർട്ടിൽ കരുത്തിന്റെയും വേഗത്തിന്റെയും പ്രതീകമായി ഏറെ വിസ്മയങ്ങൾ തീർത്ത താരമാണ് അപർണ്ണാ ബാലൻ. കോഴിക്കോട്ടെ മൈതാനങ്ങളിൽ ആവേശംനിറച്ചുകൊണ്ട് കളിച്ചുവളർന്ന ഈ താരം ദേശീയവും അന്തർദേശീയവുമായ ഒട്ടെറെ മത്സരങ്ങളിൽ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹവും പ്രസവവും കഴിഞ്ഞ് ഒരു വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിക്കഴിയാതെ കുഞ്ഞിനെയുമെടുത്ത് വീണ്ടും കളിക്കളത്തിലെത്തിയിരിക്കുകയാണ് അപർണ.
ആറുമാസം മാത്രം പ്രായമായ ശ്രീയാനെ കോർട്ടിന് പുറത്തിരുത്തി കഠിനമായ പരിശീലനം നടത്തുകയാണ് അപർണ്ണ. നിരവധി മത്സരങ്ങൾക്ക് അപർണ്ണയെ ഒരുക്കിയെടുത്ത ഇന്റർനാഷണൽ കോച്ചായ നാസറിന്റെ പരിശീലനത്തിൻ കീഴിൽ വീണ്ടും പഴയ ഫോമിലേയ്ക്കു തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണവർ. കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ പരിശീലനം തുടരുന്നതിനിടയിൽ മകനെ ലാളിക്കാനും അവർ സമയം കണ്ടെത്തുന്നു. അമ്മയുടെ പരിശീലനത്തിന് പൂർണ്ണപിന്തുണ നൽകുകയെന്നോണം ബാറ്റിൽ തഴുകിയും കോർക്കുകൾ എടുത്തുയർത്തിയും അവനും അവർക്കൊപ്പം ചേരുന്നുണ്ട്.
2010 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2014 ലെ തോമസ് ആന്റ് യൂബർ കപ്പിൽ വെങ്കലം, ദക്ഷിണേന്ത്യൻ ഗെയിംസിൽ നാല് സ്വർണ്ണം, മൂന്ന് വെള്ളി, കൂടാതെ പാക്കിസ്ഥാൻ
ഇന്റർനാഷണൽ ചാലഞ്ച്, സ്പാനിഷ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ന്യൂസിലാന്റ് ഓപ്പൺ, റഷ്യൻ ഓപ്പൺ, ബഹ്‌റൈൻ ഇന്റർനാഷണൽ ചാലഞ്ച്, ടാറ്റ ഓപ്പൺ ഇന്റർനാഷണൽ ചാലഞ്ച്, ശ്രീലങ്കൻ ഇന്റർനാഷണൽ ചാലഞ്ച്... തുടങ്ങി നിരവധി മൽസരങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയ താരമാണ് അപർണ.

ദേശീയ ഗെയിംസിൽ മിക്‌സഡ് ഡബിൾസിൽ ആറുതവണ ചാമ്പ്യൻപദവി നിലനിർത്തിയ ഈ താരം മൂന്നു തവണ വുമൻസ് ഡബിൾസിലും ജേതാവായി. 2006 ൽ നടന്ന ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ മിക്‌സഡ് ഡബിൾസിൽ കോഴിക്കോട്ടുകാരൻതന്നെയായ വി.ദിജുവായിരുന്നു അപർണ്ണയുടെ കൂട്ടാളി. കൂടാതെ നിരവധി അന്തർദേശീയ ബാഡ്മിന്റൺ ടൂർണ്ണമെന്റുകളിൽ രാജ്യത്തിനുവേണ്ടി ജെഴ്‌സിയണിയാനും അപർണ്ണയ്ക്ക് ഭാഗ്യം ലഭിച്ചു. 2010 ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ്, 2009, 2013, 2014, 2015 വർഷങ്ങളിലെ ബി. ഡബഌയു. എഫ് ലോക ചാമ്പ്യൻഷിപ്പുകൾ, 2007, 2010, 2011, 2013, 2015, 2018 വർഷങ്ങളിലെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകളിലും ഈ കോഴിക്കോട്ടുകാരിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഇതുവരെയായി 2006 മുതൽ 2018 വരെ ഒൻപതു സ്വർണ്ണമെഡലുകളും ഒൻപത് വെള്ളിമെഡലുകളും ഒരു വെങ്കലവും നേടിയിട്ടുണ്ട് അപർണ്ണ. കൂടാതെ ദേശീയ ഗെയിംസിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കും സ്വപ്‌നങ്ങളുണ്ട്. ആ സ്വപ്‌നങ്ങൾ സാർത്ഥകമാകണമെങ്കിൽ നമ്മൾ ചിറകുകളുയർത്തി പറക്കണം. അപർണ്ണ സംസാരിച്ചുതുടങ്ങുന്നു. വിവാഹത്തോടെ കളിക്കളം വിടുന്ന എത്ര പുരുഷന്മാരുണ്ട്. എന്നാൽ സ്ത്രീകൾ പലപ്പോഴും വിവാഹത്തോടെ രംഗം വിടുന്നതാണ് കാണുന്നത്. വിവാഹത്തോടെ അവരുടെ സ്വപ്‌നങ്ങളും തകർന്നടിയുകയാണ്. പ്രചോദനമാകേണ്ടത് ഭർത്താവും വീട്ടുകാരുമാണ്. എന്നാൽ പലപ്പോഴും കുടുംബജീവിതത്തോടെ കളിക്കളത്തോട് വിടപറയുന്ന താരങ്ങളാണ് ഏറെയും.

ബാഡ്മിന്റൺ കളി എനിക്ക് ജീവനാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ തിരിച്ചെത്തിയത്. എന്റെ സ്വപ്‌നങ്ങളെ മാറ്റിനിർത്താൻ എനിക്കാവില്ല. 2020 ഫെബ്രുവരിയിൽ സൂറത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തുകാരിയായ ആരതി സാറാ സുനിലുമൊത്തു കളിച്ച ഡബിൾസായിരുന്നു അവസാനം കളിച്ചത്. അന്ന് ഹൈദരാബാദിനെയായിരുന്നു തോൽപ്പിച്ചത്. തുടർന്നുവന്ന കൊറോണ എന്ന മഹാമാരിയിൽ എല്ലാ മത്സരങ്ങളും നിർത്തിവച്ചു. അതോടെ കളിക്കളത്തിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇക്കാലയളവിലായിരുന്നു ഗർഭിണിയായത്. പ്രസവം സിസേറിയനായിരുന്നിട്ടും മകന് നാലര മാസം പ്രായമായപ്പോൾ തന്നെ ഞാൻ പരിശീലനം തുടങ്ങിയിരുന്നു. വെറുതെ വീട്ടിലിരിക്കാൻ എനിക്കാവില്ലായിരുന്നു.
2018 ലായിരുന്നു ഞങ്ങളുടെ വിവാഹം. പത്തനംതിട്ട പ്രക്കാനം സ്വദേശിയായ സന്ദീപ് മാളിയേക്കലാണ് ഭർത്താവ്. റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായ സന്ദീപും വീട്ടുകാരും നൽകിയ പൂർണ്ണ പിന്തുണയാണ് വീണ്ടും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്താൻ പ്രേരണയായത്. സന്ദീപ് പത്തനംതിട്ടയിലാണ് ജോലി നോക്കുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ ഞാനും അച്ഛൻ ബാലനും അമ്മ
ലീലയും മാത്രമാണുള്ളത്. കളിക്കളത്തിൽ എനിക്ക് കൂട്ടുവരുന്നത് അച്ഛനാണ്. അച്ഛൻ നൽകിയ പ്രോത്സാഹനമാണ് കളിക്കളത്തിൽ ഇതുവരെയെത്താൻ സഹായിച്ചത്. സന്ദീപിന് എറണാകുളത്തേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നായി പരിശീലനം നടത്താനാവുമെന്ന് അപർണ പറയുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട് ഓഫീസിൽ മാനേജരായി ജോലി നോക്കുന്ന അപർണയ്ക്ക് കമ്പനി നൽകുന്ന പ്രചോദനം ചെറുതല്ല. കളിക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കിയിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് അപർണ്ണയുടെ കായികവളർച്ചയ്ക്കുള്ള പ്രോത്സാഹനം നൽകുന്നത്.
കളിമികവിനുള്ള അംഗീകാരമെന്നോണം 2021 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാരത്തിനും അപർണ അർഹയായിരുന്നു. കായികരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് മികച്ച കായികതാരത്തിനുള്ള ഈ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ പതിനഞ്ചു വർഷക്കാലം ദേശീയ അന്തർദേശീയ തലങ്ങളിൽ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് മൂപ്പത്തിമൂന്നാമത് ജിമ്മി ജോർജ് പുരസ്‌കാരം ലഭിച്ചത്. കണ്ണൂർ ജില്ലയിലെ പേരാവൂരിലുള്ള ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമിയിൽവച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. പഞ്ചാബിൽനിന്നുള്ള വോളിബാൾ പ്രമോട്ടറായ ഇന്ദ്രജിത് സിങ്ങിൽനിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൂടുതൽ ഉയരങ്ങളിലേയ്ക്കുള്ള കുതിപ്പിന് ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാണെന്ന് അപർണ പറയുന്നു.
ഇത്രയും വർഷത്തെ കളിജീവിതത്തിൽ മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. സെയ്‌നാ നേവാളുമായിട്ടുള്ള മത്സരം ഇപ്പോഴും ഓർമ്മയിലുണ്ട്. വർഷങ്ങൾക്കു മുൻപായിരുന്നു ആ മത്സരം. ഇന്ത്യയുടെ അയൺ ബട്ടർഫ്‌ളൈ എന്നറിയപ്പെടുന്ന സൈനയെ അന്നത്തെ മത്സരത്തിൽ തോല്പിക്കാൻ കഴിഞ്ഞതും ചരിത്രം. ഇന്നവർ ഒളിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്. മാത്രമല്ല, ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണവർ. പത്മഭൂഷണും ഖേൽ രത്‌ന പുരസ്‌കാരവും സ്വന്തമാക്കിയ കായികതാരമാണവർ.

കേരളത്തിലെ മികച്ച കായികതാരത്തിനുള്ള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്‌കാരത്തിന് ഇതുവരെ പരിഗണിക്കപ്പെടാതിരുന്നതിൽ ഏറെ ദുഃഖിതയാണ് അപർണ്ണ. സംസ്ഥാനത്തിനായും രാജ്യത്തിനായും ഏറെ വിയർപ്പൊഴുക്കിയിട്ടും കളത്തിനു പുറത്തുള്ള ഈ അവഗണനയ്‌ക്കെതിരെ പ്രതിഷേധസ്വരമുയർത്തേണ്ടിവന്നിട്ടുണ്ട്. കായികമന്ത്രി അടക്കമുള്ളവരെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അവാർഡിനായി അപേക്ഷ ക്ഷണിക്കുന്ന രീതിയാണ് ആദ്യം ഒഴിവാക്കേണ്ടത്. അർഹതപ്പെട്ടവരെ കണ്ടെത്തി അംഗീകാരം നൽകണം. ഒരുവർഷം ഒരാൾക്കു മാത്രമേ അവാർഡ് നൽകൂ എന്ന രീതിയും ശരിയല്ല. യോഗ്യതയുള്ള ഒന്നിലധികം പേരുണ്ടെങ്കിൽ അവാർഡ് പങ്കുവയ്ക്കപ്പെടണം. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ഓരോ ഇനത്തിലെയും മികച്ച താരങ്ങളെ കണ്ടെത്തി ആദരിക്കുന്ന രീതി ഇവിടെയും അനുവർത്തിക്കാവുന്നതാണെന്ന് അപർണ പറയുന്നു.
വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിയാനുള്ള തീവ്രപരിശീലനത്തിലാണ് അപർണ്ണയിപ്പോൾ. പരിശീലകനായ നാസറിന്റെ നിർദ്ദേശാനുസരണം പഴയ ഫോമിലേയ്ക്കു വന്നുകൊണ്ടിരിക്കുകയാണിപ്പോൾ. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസുമാണ് ലക്ഷ്യം. അപർണയിലൂടെ ഇന്ത്യയുടെ പതാക അവിടെയും പാറിപ്പറക്കട്ടെ എന്നാശംസിക്കാം.






