Sorry, you need to enable JavaScript to visit this website.

ലൈംഗികതയുടെ അറിവുകൾ

'അയ്യേ! സെക്‌സോ?'
ഇത്രയും കാലത്തിനിടയിൽ രണ്ടു സന്ദർഭങ്ങളിലായി  നേരിട്ട ചോദ്യങ്ങളാണ് ഇടയ്ക്കിടെ എനിക്ക് തികട്ടി വരാറുള്ളത്. ഒന്ന്, ബികോം കഴിഞ്ഞയുടനെ വീട്ടിനടുത്തുള്ള മദ്രസയിൽ അധ്യാപകന്റെ വേഷം കെട്ടിയ കാലത്താണ്. നാലാം ക്ലാസിലെ രണ്ടു സുന്ദരി മണികളുടെ വകയായിരുന്നു ആ ചോദ്യം.
'സാറേ, ഒരു ഡൗട്ട് ചോയ്ക്കട്ടെ'
രണ്ടും എന്നെക്കാൾ വിവരമുള്ള കാന്താരികളാണ്. ഞാനൊന്നു ഞെട്ടി എങ്കിലും കൂൾ മോഡിൽ അനുവാദം കൊടുത്തു.
'സാറേ, ഈ ബലാത്സംഗം എന്നാലെന്താണ്?'
വെയിലത്തു വിളറിപ്പോയ മുഖം കൊണ്ട് നൈസായി ഒന്നു ചിരിച്ച് ഞാനന്ന് എന്തോ ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. അതു കേട്ടിട്ടും അവരുടെ മുഖത്തെ സംശയപ്പൂപ്പലുകൾ ചുരണ്ടിക്കളയാൻ എനിക്കു പറ്റാതായിപ്പോയതിലെ നിരാശ ഇടയ്ക്കിടെ മനസ്സിൽ കേറി വരും.
രണ്ടാമതായി, എന്റെ മൂത്ത മോന് ഏഴു വയസ്സുള്ളപ്പോഴാണ്. 'ഇപ്പച്ച്യേ, ന്തിനാ ആൾക്കാര് കല്യാണം കയ്ക്ക്‌ന്നേ' എന്ന അവന്റെ ചോദ്യത്തിനു മുന്നിലും എനിക്കുള്ള പരിമിതമായ അറിവ് പകർന്നു കൊടുക്കാൻ കഴിയാതെ വഴിമുട്ടി നിന്നു.
ഏതാണ്ടെല്ലാ രക്ഷിതാക്കളും അധ്യാപകരും നേരിട്ട വ്യത്യസ്തമായ കുഞ്ഞു ചോദ്യങ്ങളെ വാത്സല്യത്തോടെ അറിയിച്ചും തിരുത്തിയും മുന്നോട്ടോടുകയാണ് ഡോ. ഷിംന അസീസും ഹബീബ് അഞ്ജുവും. 'തൊട്ടിലിലെ വാവയെ തോട്ടീന്നു കിട്ടിയതാ?' എന്ന ടൈറ്റിൽ തന്നെ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. കവറിൽ പറഞ്ഞ പോലെ ടീനേജുകാർക്ക് സ്വയം വായിക്കാൻ, രക്ഷിതാക്കൾക്ക് വായിച്ചു കുഞ്ഞുങ്ങളിലേക്ക് പകരാൻ തക്കതായ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പുസ്തകമാണിത്.
സെക്‌സ് എല്ലാ കാലത്തും സ്ഥായീഭാവത്തിലുള്ള ഒന്നാണ് നമുക്ക്. സിനിമകളിലും ഹാസ്യ പരിപാടികളിലും ദ്വയാർത്ഥച്ചളികളായി വരുന്നത്. അല്ലെങ്കിൽ പുരുഷക്കവലകളിൽ സിക്‌സ് പാക്ക് കേമത്തത്തിന്റെ പൊട്ടിച്ചിരികൾക്ക് തിരികൊളുത്തുന്ന വെറും രസം. രഹസ്യമായി ഡാം ഷട്ടർ തുറന്നു വിടുമ്പോൾ പോലും പരസ്യമായി കൃത്രിമ വെള്ളപുതപ്പിച്ചു കിടത്തിയിടേണ്ട ഒന്നാണ് ലൈംഗികത എന്ന് സമൂഹത്തിന് തെറ്റായ ധാരണ തന്നെയുണ്ട്. കൃത്യമായി ലൈംഗികത പറയേണ്ടിടത്ത് കൃത്യമായ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് തന്നെ അവ വ്യക്തമാക്കണം. ലൈംഗികത ഒരിക്കലും കിടപ്പറയിരുട്ടിലെ വിയർപ്പു നിമിഷങ്ങളിലൊതുങ്ങുന്ന കേവലം വൈകാരികതയല്ല. സമഗ്രമായ ജീവിത പ്രക്രിയയാണത്.
ഒരു വ്യക്തിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം വിഷയങ്ങളടങ്ങിയതാണ് ലൈംഗികത എന്ന് ഗ്രന്ഥത്തിന്റെ തുടക്കത്തിൽ പറഞ്ഞു വെക്കുന്നുണ്ട്. 'കുട്ടികൾക്കുള്ള ലൈംഗികതാ വിദ്യാഭ്യാസം എന്നാൽ പലരുടെയും ധാരണ ലൈംഗികാവയവങ്ങളുടെ ഘടനയെയും പ്രവർത്തനങ്ങളെയും പറ്റി ഒരു ആമുഖം നൽകലും സമൂഹത്തിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ പറ്റി കുട്ടികൾക്ക് ഒരു മുന്നറിയിപ്പ് നൽകലും എന്നതാണ് ' എന്നതു മാത്രമല്ല എന്നും ആദ്യമേ പറഞ്ഞു വെക്കുന്നുണ്ട്. ഡോ. ഷഹാനയുടെ കുടുംബവും അവരുടെ സാമൂഹിക ഇടപെടലും ഉൾക്കൊള്ളുന്ന ഡോക്യു ഫിക്ഷൻ രീതിയിലാണ് ഗ്രന്ഥത്തിന്റെ രചന. സെൻസിറ്റീവായ വിഷയം അത്രമേൽ ലളിതമായി പറഞ്ഞു കൊടുക്കുന്ന ശൈലി ടീനേജുകാർ മുതലുള്ള ഏതു പ്രായക്കാർക്കും വായിച്ചുൾക്കൊള്ളാൻ പാകമാണ്.
'അച്ഛാ, പൂച്ച ബേബിയുടെ അച്ഛൻ ആരാ?' എന്നനിയക്കുഞ്ഞിന്റെ ചോദ്യം കുട്ടിത്തത്തിന്റെ ചിന്താ വേരുകൾ ഏതാഴത്തിലൂടെയാണ് ഓടുന്നതെന്നുള്ള കൃത്യമായ നിരീക്ഷണത്തിന്റെയാണ്. അത്തരം ചോദ്യങ്ങൾ പല തലമുറകളിൽ പെട്ട കുഞ്ഞുങ്ങൾ ചോദിച്ചിട്ടുണ്ട്. പല തലമുറകളിൽ പെട്ട രക്ഷിതാക്കൾ നേരിട്ടിട്ടുമുണ്ട്. പല കാലങ്ങളിലായി ശാസിക്കപ്പെടുകയോ ഉത്തരം മൂടിവെക്കപ്പെടുകയോ ചെയ്ത ചോദ്യമാണത്. ഇതിനൊന്നും ഇന്നും മാറ്റമില്ല. മനുഷ്യൻ പുരോഗതിയിലേക്ക് കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടാവാം. പക്ഷേ, സമൂഹം ഇന്നും ശൈശവത്തിൽ തന്നെ നിൽക്കുകയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ.
അയ്യോ, നമ്മളൊക്കെ ഒരു പാടങ്ങ് ജീവിച്ചു പോയില്ലെ. ഇനിയിപ്പോ ഇതൊക്കെ പഠിച്ചിട്ടെന്തിനാ എന്നു തോന്നുന്നവരുണ്ടെങ്കിൽ നിർബന്ധമായും ഈ പുസ്തകത്തിലൂടെ ഒരിക്കലെങ്കിലും കണ്ണോടിക്കണം. 'ബെറ്റർ ലേറ്റ് ദാൻ നെവർ എന്നല്ലേ '' എന്ന് കേന്ദ്രകഥാപാത്രമായ ഷഹാന ഇത്തരക്കാരോട് സംവദിക്കുന്നുണ്ട്. ഓരോ ജെൻഡറുകളുടെയും ബോഡി പാർട്ടുകൾ, അവയുടെ ബയോളജിക്കലായ പ്രവർത്തനങ്ങൾ എന്നിവ കൃത്യതയോടെ എന്നാൽ സങ്കീർണതകളില്ലാതെ രേഖാചിത്രങ്ങളുടെ ബാഹുല്യമില്ലാതെ വായനക്കാരനിലേക്ക് ഒഴുകുന്നു. പലപ്പോഴും വായനക്കാരൻ കണ്ണിമയ്ക്കാതെ വായിക്കുകയല്ല ചെയ്യുന്നത്. ശാന്തമായി ഇരുന്ന് ഒരു ക്ലാസ് റൂം ഡിസ്‌കഷനിൽ പങ്കെടുക്കുകയാണ്.
ഹൈസ്‌കൂൾ, പ്ലസ് ടു തലങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഇന്ററാക്ടീവ് സെഷനുകളായിട്ട് വരുന്ന ചില അധ്യായങ്ങളുണ്ട്. ആദ്യ സെഷൻ കഴിഞ്ഞുള്ള ഉച്ചഭക്ഷണ ഇടവേളയിൽ സ്റ്റാഫ് റൂമിൽ വെച്ച് ടീച്ചേഴ്‌സിനോട് ഷഹാന പറയുന്നു.
'മൂന്നു വയസ്സുള്ള കുട്ടി എങ്ങനെയാ ഞാനുണ്ടായേ എന്ന് ചോദിച്ചാൽ അച്ഛന്റെ ശരീരത്തിലെ ഒരു കോശവും അമ്മയുടെ ശരീരത്തിലെ ഒരു കോശവും കൂടിച്ചേർന്ന് ഒരു കുഞ്ഞിന്റെ കോശം ഉണ്ടാവുമെന്നും അത് അമ്മയുടെ വയറ്റിൽ വളർന്നാണ് കുഞ്ഞുണ്ടാവുന്നതെന്നും ഒരു തുടക്കം നൽകാം''
കൃത്യമായ ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ പൊളിറ്റിക്‌സ്, കുഞ്ഞുനാൾ മുതലേ കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകേണ്ട സാമൂഹിക ശീലങ്ങൾ തുടങ്ങിയവ സരളമായി പറഞ്ഞു പഠിപ്പിച്ചുതരുന്ന ഗ്രന്ഥം ഓരോ വീട്ടിലും ഉണ്ടാവേണ്ടതുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുമ്പോഴുള്ള ഭാഷാബോധ്യം പ്രത്യേകം പ്രശംസയർഹിക്കുന്നുണ്ട്. ഡൂഡിൽ മുനിയുടെ വരയും കേമം.
[email protected]

Latest News