കാലത്തിനുമുമ്പേ സഞ്ചരിച്ച കഥാകാരൻ  

ഹെർബെർട്ട് ജോർജ് വെൽസ് എന്ന എച്ച്.ജി.വെൽസ് കൂടുതൽ അറിയപ്പെടുന്നത് ശാസ്ത്ര കഥകളിലൂടെയാണ്.  'ടൈം മെഷീനും', 'ഇൻവിസിബിൾ മാനും',  'വാർ ഓഫ് ദി വേൾഡ്സും' ഒക്കെ ഇന്നും വായനയിലും കാഴ്ച്ചയിലും ലോകത്തെ ത്രസിപ്പിക്കുന്നു. എഴുത്തുകാരൻ ജീവിക്കുന്ന കാലത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് സാഹിത്യരൂപങ്ങൾ പലപ്പോഴും എഴുതപ്പെടുന്നത്. ഇന്ദുലേഖയും ആടുജീവിതവും ഒക്കെ  കെട്ടുകഥകൾ അല്ലാത്ത മനുഷ്യജീവിതത്തിന്റെ രേഖപ്പെടുത്തലാണ്.  കഥയെഴുത്തിൽ എച്ച്.ജി. വെൽസ് വ്യത്യസ്തൻ ആയിരുന്നു. മലയാളത്തിൽ പ്രവചനാത്മകമായ സാഹിത്യരചനകൾ വളരെക്കുറച്ചേ വായിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ജോസഫ് അതിരുങ്കൽ എന്ന എഴുത്തുകാരന്റെ കഥകളുടെ പ്രസക്തി ഈ വിധത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്ന് തോന്നുന്നു.
വ്യത്യസ്തമായ പ്രമേയങ്ങൾ കഥകളിൽ കൊണ്ടുവരുന്ന എഴുത്തുകാരനാണ് ജോസഫ്. ഒരു കഥയിൽ കാഫ്കയുടെ ചിന്തയാണെങ്കിൽ അടുത്ത കഥയിൽ നാടിന്റെ തെളിനീരൊഴുക്കാകും കണ്ടന്റ്. മറ്റൊന്നിൽ പ്രവാസച്ചൂടിന്റെ ഉരുക്കം.  എന്നാൽ ഈ എഴുത്തുകാരനെ കൂടുതൽ ഇഷ്ടപ്പെടുവാൻ  കാരണം അദ്ദേഹത്തിന്റെ പ്രവചനത്മകമായ കഥാരചനാ ശൈലിയാണ്.
ഉപയോഗിച്ച പ്ലാസ്റ്റിക് ശുദ്ധീകരിച്ച്  ചൈനയിൽ കൃത്രിമ പെണ്ണിനെ നിർമ്മിച്ച് മാർക്കറ്റിൽ ഇറക്കിയിരിക്കുന്ന മെസേജ് കഴിഞ്ഞ ദിവസം കണ്ടു.  മനുഷ്യ മാംസത്തോട് സാദൃശ്യമുള്ള, ഒരു മണിക്കൂർ ചാർജ് ചെയ്താൽ എഴുപത്തിരണ്ട് മണിക്കൂർ ജീവൻ നിൽക്കുന്ന, നിർമ്മിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന പെണ്ണ്!. വൈകാതെ അറിഞ്ഞു ഈ വാർത്ത വ്യാജമാണെന്ന്.  ഇത് ആദ്യം കണ്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് കുറെ നാളുകൾക്ക് മുമ്പ് വായിച്ച ജോസഫ് അതിരുങ്കലിന്റെ 'ഇണയന്ത്രം' എന്നൊരു കഥയാണ്.  മേൽപറഞ്ഞ വാർത്തയിലെപ്പോലെ പാവപ്പെണ്ണിനെ വാങ്ങി ലൈംഗിക തൃപ്തിയടയുന്ന പ്രവാസിയുടെ കഥയായിരുന്നു അത്. ഇണയുടെ അല്ലെങ്കിൽ ഇഷ്ടമുള്ള പെണ്ണിന്റെ രൂപത്തിൽ പാവകളെ ഉണ്ടാക്കിത്തരുന്ന ആ വ്യവസായത്തെപ്പറ്റി ഹൃദയസ്പർശിയായി ജോസഫ് എഴുതിയത് നെഞ്ചിടിപ്പോടെയാണ് വായിച്ചത്.  പിന്നെ സ്വയം ആശ്വസിച്ചു; ഏയ് ഇതൊന്നും ഉടനെ സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഇന്ന് ഇത്തരം വാർത്തകൾ നമ്മുടെ മൊബൈലുകളിൽ കാണുമ്പോൾ ഇതിന്റെയൊക്കെ പ്രായോഗികകാലം ഏറെ അകലെയല്ല എന്ന് ഓർത്തുപോകുന്നു.
അതേപോലെ ജോസഫിന്റെ മറ്റൊരു കഥയുണ്ട്. 'സർവ്വ ലോഹ തൊഴിലാളികളെ'.  കലാകൗമുദിയിൽ ഈ കഥ വായിക്കുമ്പോൾ ഇനി ഗൾഫിലും എന്തിന് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലും ലോഹശരീരികളായ നിർമ്മിതബുദ്ധി നിയന്ത്രിക്കുന്ന പണിക്കാർ എത്തുന്ന കാലം വിദൂരമല്ല എന്ന് ചിന്തിച്ചുപോയി. എന്റെ ബാല്യത്തിൽ കാളകളെ പൂട്ടി ഉഴുതിരുന്ന ഗ്രാമത്തിലെ വയലിൽ ഒരു സുപ്രഭാതത്തിൽ ട്രാക്ടർ വന്നപ്പോൾ അത് കൊണ്ടുവന്നവനെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത് നേരിൽ കണ്ടതാണ്.  അന്ന് കാളയും കലപ്പയും ഇല്ലാതെ നിലം ഉഴുതുമറിക്കുന്നത് ആലോചിക്കാൻ പോലും പ്രയാസമായിരുന്നു. ആട്ടുകല്ലിന്റെ സ്ഥാനത്ത് മിക്സിയും വിറകിന്റെ സ്ഥാനത്ത് ഗ്യാസ് അടുപ്പും സിനിമകൾക്ക് ടി.വിയും മൊബൈലും ഒ.ടി.ടി. പ്ലാറ്റ്ഫോമും ഒക്കെ വന്ന അതേ വേഗത്തിൽ അതിഥി തൊഴിലാളികൾ പണിക്ക് വരുന്ന മാതിരി നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന പണിക്കാർ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന് ജോസഫിന്റെ ആ കഥാവായനയിൽ അറിഞ്ഞു. ചൈനയിൽ നിന്നോ മറ്റോ വലിയ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ലേബർ സപ്ലൈ കമ്പനികളും ആരംഭിക്കാം. കഥാന്ത്യത്തിൽ ജോലി നഷ്ടപെട്ട നായകനുണ്ടാകുന്ന ക്ഷോഭം വല്ലാതെ മനസ്സിലേക്ക് ഓടിയെത്തുകയും പ്രവാസിയുടെ പിടച്ചിൽ അറിയുകയും ചെയ്തു.   
ജോസഫ് അതിരുങ്കൽ എഴുതിയ പ്രവചനാത്മകമായ രണ്ട് കഥകൾ മാത്രമാണ് മുകളിൽ കുറിച്ചത്. അദ്ദേഹത്തിന്റെ തന്നെ 'പതം പറഞ്ഞ് കരയാൻ ഒരാൾ',  'വിലാപഗായിക' തുടങ്ങിയ കഥകളും ഏതാണ്ട് ഇതേ ശ്രേണിയിൽ ഉൾപ്പെടുത്താം. അടുത്തകാലത്ത് ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ജോസഫിന്റെ  'പാപികളുടെ പട്ടണം' എന്ന പുസ്തകം പ്രമേയ വ്യത്യസ്തതയാൽ സമ്പുഷ്ടമാണ്. കഥാതന്തുക്കൾക്കിടയിൽ ഒരുപാട് സംഭവങ്ങൾ  പൂഴ്ത്തിവച്ചിരിക്കുന്ന രചനാശൈലി പലപ്പോഴും വായനയെ വേറൊരു തലത്തിലേക്ക് കൂട്ടുകൊണ്ടുപോകുവാൻ പര്യാപ്തമാകുന്നു.  
ബൈബിളിൽ ഒരു മരപ്പണിക്കാരനുണ്ട്- തച്ചനായ ജോസഫ്.  യേശുവിന്റെ വളർത്തുപിതാവ്.  അദ്ദേഹം നീതിമാൻ എന്നാണ് അറിയപ്പെടുന്നത്. കർമ്മത്തിൽ പുലർത്തിയ നീതിയാണ് ആ വിളിപ്പേരിന് ആധാരം.  ഇവിടെ ജോസഫ് അതിരുങ്കൽ എന്ന എഴുത്തുകാരനെ എഴുത്തിലെ നീതിമാൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. രചനയിൽ ശ്രദ്ധയും സൂക്ഷ്മതയും നിയന്ത്രണവും ആത്മാർത്ഥതയും പുലർത്തുന്ന  ഒരാളെ ഇതല്ലാതെ മറ്റെന്ത് വിളിക്കാൻ?

Latest News