മാരിയൊ കെംപസ് അത്ര മികച്ച കളിക്കാരനൊന്നുമായിരുന്നില്ല. മൂന്നു ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട് മാരിയൊ കെംപസ്. പക്ഷേ 1978 ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതിലൂടെയാണ് ഈ നീളൻ മുടിക്കാരൻ ചരിത്രത്തിൽ സ്ഥാനം നേടിയത്. ആ ഏതാനും ദിവസങ്ങളിൽ കെംപസ് അത്യുജ്വല ഫോമിലായിരുന്നു. പരുക്കൻ കളിക്ക് പേരെടുത്ത അർജന്റീനാ നിരയിൽ ചന്തവും മാന്യവുമായ കളിയോടെ കെംപസ് നിറഞ്ഞുനിന്നു. രാജ്യാന്തര കരിയറിൽ ഒരിക്കൽ പോലും കെംപസ് പുറത്താക്കപ്പെടുകയോ കാർഡ് നേടുകയോ ചെയ്തില്ല. അസാധാരണമായ സന്തുലനവും വേഗവും കൃത്യതയുമാണ് കെംപസിനെ അപകടകാരിയാക്കിയത്. സ്പാനിഷ് ലീഗിൽ വലൻസിയക്ക് കളിക്കവേ എതിർവല ഗോളുകളിൽ നിറച്ചപ്പോൾ അവർ കെംപസിനെ എൽ മാറ്റഡോർ (കൊലയാളി) എന്നു വിളിച്ചു.
പത്തൊമ്പതാം വയസ്സിൽ 1974 ലെ ലോകകപ്പിൽ കെംപസ് പങ്കെടുത്തുവെങ്കിലും അത് വേദനിക്കുന്ന അനുഭവമായി. പോളണ്ടിനെതിരായ ആദ്യ മത്സരത്തിൽ തുറന്ന അവസരം പാഴാക്കിയതിന്റെ ക്ഷീണത്തിൽനിന്ന് കരകയറാനായില്ല. ഒരു ഗോൾ പോലും സ്വന്തം പേരിലില്ലാതെ മടങ്ങി. 1976 ൽ വലൻസിയയിലേക്കു നീങ്ങിയതോടെയാണ് കെംപസ് കരുത്താർജിച്ചത്. ആദ്യ സീസണിൽ 24 ഗോളടിച്ചു, അടുത്ത വർഷം അത് ഇരുപത്തെട്ടാക്കി. ഇരുപത്തിമൂന്നാം വയസ്സിൽ രണ്ടാം ലോകകപ്പിന് നാട്ടിലെത്തിയത് ഫോമിന്റെ ഉത്തുംഗതയിലാണ്. ആ അർജന്റീനാ ടീമിൽ വിദേശത്തു കളിക്കുന്ന ഏക താരവും കെംപസായിരുന്നു. തുടക്കം പക്ഷേ ഭംഗിയായില്ല. ഹങ്കറിക്കും ഫ്രാൻസിനുമെതിരായ വിജയത്തിലും ഇറ്റലിക്കെതിരായ തോൽവിയിലും എതിർ ഡിഫന്റർമാരുടെ കത്രികപ്പൂട്ട് പൊട്ടിക്കാൻ കെംപസിനായില്ല. രണ്ടാം റൗണ്ടിൽ കെംപസ് ഉണർന്നു. പെറുവിന്റെയും പോളണ്ടിന്റെയും ബ്രസീലിന്റെയും പ്രതിരോധ നിരക്കാരെ കെംപസ് വെള്ളം കുടിപ്പിച്ചു. പോളണ്ടിനെതിരെ രണ്ടു മനോഹരമായ ഗോളടിച്ചു. പെറുവിനെ നാലു ഗോളിനെങ്കിലും തോൽപിക്കണമെന്നിരിക്കേ കെംപസിന്റെ രണ്ടു ഗോളിൽ അർജന്റീന 6-0 ത്തിന് ജയിച്ചു. ആ മത്സരം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെങ്കിലും കെംപസിന്റെ കഴിവിൽ ആർക്കും സംശയമുണ്ടായില്ല. ഫൈനലിൽ നെതർലാന്റ്‌സിനെതിരെ മുപ്പത്തെട്ടാം മിനിറ്റിൽ കെംപസിന്റെ മാജിക് ഫലം കണ്ടു. ഓസി ആർഡിലിസിന്റെ പാസ് സ്വീകരിച്ച് ഡച്ച് പ്രതിരോധ നിരക്കിടയിലൂടെ ഊളിയിട്ട കെംപസ് ശാന്തമായി പന്ത് വലയിലേക്കു പായിച്ചു. അവസാന മിനിറ്റുകളിൽ ഡിർക് നാനിംഗയുടെ ഗോളിലൂടെ നെതർലാന്റ്‌സ് കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടി. പക്ഷേ മൂന്നു ഡിഫന്റർമാരെ വെട്ടിച്ചു കടന്ന കെംപസ് കിരീടം അർജന്റീനക്കു തന്നെയെന്ന് ഉറപ്പു വരുത്തി. അഞ്ചു മിനിറ്റ് ശേഷിക്കേ കെംപസിന്റെ മറ്റൊരു കുതിപ്പിൽനിന്ന് അർജന്റീന മൂന്നാം ഗോളും നേടി. ആറു ഗോളോടെ സുവർണ പാദുകം നേടിയെങ്കിലും കെംപസിന് ആ ഫോം പിന്നീട് ആവർത്തിക്കാനായില്ല.
ഇരുപത്തേഴാം വയസ്സിൽ 1978 ലെ ലോകകപ്പ് കളിച്ചെങ്കിലും ഒരു ഗോൾ പോലും കണ്ടെത്താനായില്ല. അപ്പോഴേക്കും അർജന്റീനാ ടീമിലേക്ക് മറ്റൊരു മഹാരഥൻ കച്ച മുറുക്കിത്തുടങ്ങിയിരുന്നു, സാക്ഷാൽ ഡിയേഗൊ മറഡോണ.1978 ലെ ലാറ്റിനമേരിക്കൻ പ്ലയർ ഓഫ് ദ ഇയറായ കെംപസ് പിന്നീട് കോച്ചിംഗിലേക്കു തിരിഞ്ഞു. അൽബേനിയ, വെനിസ്വേല, ബൊളീവിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കളിക്കാരനും കോച്ചുമായ കെംപസ് 1996 ലാണ് അന്തിമമായി ബൂട്ടഴിച്ചത്. ഇപ്പോൾ ഇ.എസ്.പി.എൻ സ്‌പോർട്‌സ് ചാനലിന്റെ സ്പാനിഷ് വിഭാഗത്തിൽ കമന്റേറ്ററാണ്.
കെംപസിന്റെ പിതാവ് മാരിയൊ ക്വെംപ് ജർമൻ വംശജനാണ്. അമ്മ തെരേസ ചിയോദി ഇറ്റലിക്കാരിയും. മാരിയൊ ക്വെംപും ഫുട്‌ബോളറായിരുന്നു.