അർജന്റീന, ജൂൺ 1-25, 1978
ഒരിക്കൽ കൂടി ആതിഥേയർ ചാമ്പ്യന്മാരാവുന്നതു കണ്ടാണ് 1978 ലെ ലോകകപ്പിന് കൊടിയിറങ്ങിയത്. ആരാധരുടെ ഹൃദയം കീഴടക്കിയ ടീമുകളൊന്നും ഇല്ലാതിരുന്ന ടൂർണമെന്റായിരുന്നു അത്. അർജന്റീന ആ ലോകകപ്പ് നടത്തുമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. ഫുട്‌ബോൾ സിരകളിലോടുന്ന രാജ്യമാണ് അർജന്റീന. എന്നാൽ ലോകകപ്പ് ആസന്നമായപ്പോഴേക്കും രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞു. ഇസബെൽ പെറോൺ സർക്കാരിനെ സൈനിക നേതൃത്വം അട്ടിമറിച്ചു. ആ ലോകകപ്പിനെ സൈനിക ഭരണകൂടം സ്വന്തം പ്രതിഛായ വർധിപ്പിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചു. ആ ലോകകപ്പിന് തൊട്ടുമുമ്പ് ഫിഫയിലും തലമാറ്റം ഉണ്ടായി. സ്റ്റാൻലി റൂസിനെ തോൽപിച്ച് ബ്രസീലുകാരൻ ജോ ഹവലാഞ്ച് ഫിഫ അധ്യക്ഷനായി.
ജനറൽ ജോർദെ വിദേലയുടെ പട്ടാള ഭരണകൂടത്തിന്റെ ബൂട്ടുകളിൽ അർജന്റീന പിടയുന്ന ഘട്ടത്തിലാണ് 1978 ൽ അവിടെ ലോകകപ്പ് നടക്കുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് പല രാജ്യങ്ങളും ബഹിഷ്‌കരണ ഭീഷണി മുഴക്കിയെങ്കിലും ഒരു ടീമും പിന്മാറിയില്ല. അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതിൽ സൈനിക ഭരണകൂടത്തിന് വലിയ പങ്കുണ്ടെന്ന് പരാതിയുയർന്നു. പരാജയമറിയാത്ത ബ്രസീലിനെ മറികടന്ന് ഫൈനലിലെത്തണമെങ്കിൽ രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ പെറുവിനെ നാലു ഗോൾ വ്യത്യാസത്തിൽ അർജന്റീന തോൽപിക്കേണ്ടതുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ സ്‌കോട്‌ലന്റിനെ തോൽപിക്കുകയും നെതർലാന്റ്‌സിനെ സമനിലയിൽ തളക്കുകയുമൊക്കെ ചെയ്ത ടീമാണ് പെറു. പക്ഷേ ദുരൂഹമായി അവർ അർജന്റീനയോട് 0-6 ന് തോറ്റു. ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പെറുവിന് വൻ തുക കോഴ ലഭിച്ചതായി ആരോപണമുണ്ടായി. പെറുവിന്റെ ഗോളി അർജന്റീനാ വംശജനുമായിരുന്നു. 1982 ലും സമാനമായ വിവാദമുണ്ടായതോടെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഒരേ സമയത്ത് നടത്താൻ ഫിഫ തീരുമാനിച്ചു.
നിരവധി പ്രമുഖ ടീമുകൾക്ക് ഇത്തവണയും യോഗ്യത നേടാനായില്ല. ഇംഗ്ലണ്ടായിരുന്നു അതിൽ പ്രധാനം. ബ്രിട്ടനെ പ്രതിനിധീകരിച്ചത് സ്‌കോട്‌ലന്റായിരുന്നു. ഗ്ലാസ്‌ഗോയും സെൽറ്റിക്കും യൂറോപ്പ് വാണ ആ കാലത്ത് സുശക്തമായിരുന്നു സകോട്‌ലന്റ് ടീം. സ്ബിഗ്ന്യൂ ബോണിയക്കിന്റെ പോളണ്ടും ഒന്നാന്തരം ടീമായിരുന്നു. റുമാനിയയും ചെക്കോസ്ലൊവാക്യയും ബൾഗേറിയയും സോവിയറ്റ് യൂനിയനുമൊന്നും യോഗ്യത നേടിയില്ല. ലാറ്റിനമേരിക്കയിൽ ഉറുഗ്വായുടെ പ്രതാപകാലം അസ്തമിച്ചിരുന്നു. തിയൊഫിലൊ കൂബിയാസിന്റെ പെറുവായിരുന്നു ഉയർന്നുവന്നത്. ബൊളീവിയ യോഗ്യത നേടി. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും പുതിയ ടീമുകളെത്തി ഇറാനും തുനീഷ്യയും.
1974 ലെ നിറംകെട്ട പ്രകടനത്തിനു ശേഷം ബ്രസീൽ മികച്ച നിരയുമായാണ് എത്തിയത്. അത് കളിക്കളത്തിൽ പ്രകടമായില്ല. ഡിയേഗൊ മറഡോണ എന്ന പയ്യനെ ടീമിലെടുത്തില്ലെങ്കിലും അർജന്റീനയും ശക്തമായിരുന്നു. 1977 ഫെബ്രുവരി 27 ന് പതിനാറാം വയസ്സിൽ ഹങ്കറിക്കെതിരെ മറഡോണ അരങ്ങേറിയിരുന്നു. എന്നാൽ ലോകകപ്പ് കളിക്കാനുള്ള പക്വത മറഡോണക്ക് ഇല്ലെന്ന് കോച്ച് ലൂയിസ് മെനോട്ടി തീരുമാനിച്ചു. തുടർച്ചയായ രണ്ടാം തവണയും നെതർലാന്റ്‌സ് ഫൈനലിൽ തോൽക്കുന്നതു കണ്ടാണ് ലോകകപ്പ് അവസാനിച്ചത്. കാരണം വ്യക്തമാക്കാതെ യോഹാൻ ക്രയ്ഫ് വിട്ടുനിന്നത് നെതർലാന്റ്‌സിനെ ദുർബലമാക്കിയിരുന്നു. പ്രഥമ ലോകകപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അർജന്റീന 48 വർഷത്തിനു ശേഷം സ്വന്തം തട്ടകത്തിൽ രാജസിംഹാസനം കീഴടക്കി. തിങ്ങിനിറഞ്ഞ ഗാലറിയിൽനിന്ന് ഗ്രൗണ്ടിലേക്കൊഴുകി വന്ന നീലയും വെള്ളയും റിബണുകളായിരുന്നു ആ ഫൈനലിന്റെ ഓർമച്ചിത്രം. പക്ഷേ നെതർലാന്റ്‌സിന്റെ നിർഭാഗ്യത്തിന് കാലം കഴിയുന്തോറും കനം കൂടിവന്നു. പിന്നീട് അവർ ഫൈനലിലെത്തിയത് 2010 ലാണ്. 2018 ൽ യോഗ്യത നേടിയതു പോലുമില്ല.
ആതിഥേയർ അതിശക്തമായ ഗ്രൂപ്പിലായിരുന്നു. ഇറ്റലിയും മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസും ശക്തരായ ഹങ്കറിയുമായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകൾ. മനോഹരമായി ഹംഗറി കളിച്ചെങ്കിലും മൂന്നു മത്സരങ്ങളും അവർ തോറ്റു. സൈനിക നേതൃത്വത്തിന്റെ മൂക്കിൻ താഴെ നടന്ന ടൂർണമെന്റിൽ റഫറിയിംഗ് ആതിഥേയരെ തുണച്ചുവെന്ന് പരാതിയുണ്ടായി.
ഓസ്‌വാൽഡൊ ആർഡിലസ് നയിച്ച ആക്രമണങ്ങളിലൂടെയായിരുന്നു അർജന്റീനയുടെ കുതിപ്പ്. പക്ഷേ ആദ്യ റൗണ്ടിൽ ആതിഥേയർ പരുങ്ങി. ഫ്രാൻസിനെ 2-1 ന് അതിജീവിച്ചത് ഭാഗ്യം കൊണ്ടാണ്. ഇറ്റലിയോട് 0-1 ന് തോറ്റ് രണ്ടാം സ്ഥാനവുമായാണ് ഗ്രൂപ്പ് കടന്നത്. മെക്‌സിക്കോയെ 3-1 ന് തോൽപിച്ച് തുനീഷ്യ ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കയുടെ ആദ്യ വിജയം സ്വന്തമാക്കി. സ്‌കോട്‌ലന്റിനെ ഇറാൻ തളച്ചു.
ഇറ്റലിക്കെതിരെ ഫ്രാൻസിന്റെ ബെർണാഡ് ലക്കോംബെ മുപ്പത്താറാം സെക്കന്റിൽ ഗോൾ നേടി. എന്നാൽ ഇറ്റലി 2-1 ന് ജയിച്ചു. ഇരുപത്തൊന്നുകാരൻ മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസ് ഏറെ പ്രതീക്ഷയുണർത്തിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി.
നെതർലാന്റ്‌സിനെ 3-2 ന് സ്‌കോട്‌ലന്റ് തോൽപിച്ചതാണ് ഗ്രൂപ്പ് ഘട്ടത്തിലെ വമ്പൻ അട്ടിമറി. പക്ഷേ സ്‌കോട്‌ലന്റ് ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ നെതർലാന്റ്‌സ് ഗോൾ വ്യത്യാസത്തിൽ കടന്നുകൂടി. സ്വീഡനുമായുള്ള കളിയിൽ ബ്രസീലിന്റെ സീക്കോയുടെ ഹെഡർ വലയിലേക്കു നീങ്ങവേ റഫറി ഫൈനൽ വിസിൽ മുഴക്കിയത് വൻ വിവാദമായി. 1-1 സമനില ബ്രസീലിന് അംഗീകരിക്കേണ്ടി വന്നു. സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ട ദുഃഖത്തിനിടയിലും അർജന്റീനയുടെ ലിയോപോൾഡൊ ലൂക്ക് കളിച്ചത് വൈകാരിക നിമിഷങ്ങളും സൃഷ്ടിച്ചു.
ഗ്രൂപ്പ് ഒന്നിൽ നിന്ന് ഇറ്റലിയും അർജന്റീനയും മുന്നേറി. ഫ്രാൻസും ഹങ്കറിയും പുറത്തായി. ഗ്രൂപ്പ് രണ്ടിൽ നിന്ന് പോളണ്ടും പശ്ചിമ ജർമനിയും രണ്ടാം റൗണ്ടിലെത്തി. തുനീഷ്യയും മെക്‌സിക്കോയും പുറത്തായി. ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് മൂന്നിൽ ഓസ്ട്രിയയായിരുന്നു ഒന്നാം സ്ഥാനത്ത്. അതിശക്തമായ ഈ ഗ്രൂപ്പിൽ നിന്ന് സ്‌പെയിനും സ്വീഡനും പുറത്തായി. ബ്രസീൽ പഴയ ടീമുകളുടെ നിഴൽ മാത്രമായിരുന്നു. രണ്ട് സമനിലയും ഓസ്ട്രിയക്കെതിരായ നേരിയ വിജയവുമാണ് അവരെ ഗ്രൂപ്പ് കടത്തിയത്. ഗ്രൂപ്പ് നാലിൽ നിന്ന് പെറുവും നെതർലാന്റ്‌സും യോഗ്യത നേടി. ക്ലാസിക്കായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലാന്റ്‌സിനെ 3-2 ന് അട്ടിമറിച്ചിട്ടും സ്‌കോട്‌ലന്റ് പുറത്തായി. സ്‌കോട്‌ലന്റിനെ 1-1 ന് തളച്ചതായിരുന്നു ഇറാന്റെ നേട്ടം. നാലു ടീമുകൾ വീതമുള്ള രണ്ട് രണ്ടാം റൗണ്ട് മത്സരങ്ങളായിരുന്നു നിശ്ചയിച്ചത്. ഗ്രൂപ്പ് എ-യിൽ യൂറോപ്യൻ വമ്പന്മാർ -ഇറ്റലിയും പശ്ചിമ ജർമനിയും നെതർലാന്റ്‌സും ഓസ്ട്രിയയും. ഗ്രൂപ്പ് ബി-യിൽ ലാറ്റിനമേരിക്കയിലെ കരുത്തന്മാർ -ബ്രസീൽ, അർജന്റീന, പെറു ടീമുകൾ. കൂടെ പോളണ്ടും. പശ്ചിമ ജർമനിയുടെ മോശം ലോകകപ്പുകളിലൊന്നായിരുന്നു ഇത്. കാൾ ഹയ്ൻസ് റൂമനിഗ്ഗെ ഒഴിച്ചാൽ മികച്ച കളിക്കാരൊന്നും ഇല്ലായിരുന്നു. നെതർലാന്റ്‌സുമായി 2-2 സമനില പാലിച്ചതാണ് അവരുടെ ഏറ്റവും നല്ല പ്രകടനം. ഓസ്ട്രിയയോട് അവർ 3-2 ന് തോറ്റു. ആദ്യ റൗണ്ടിലെ ടീമുകളിലൊന്നായ ഓസ്ട്രിയയെ ഹോളണ്ട് 5-1 ന് തുരത്തി. സെൽഫ് ഗോളിന് പിന്നിലായ ശേഷം ഇറ്റലിയെയും അവർ തോൽപിച്ചു. സെൽഫ് ഗോളടിച്ച ഏണി ബ്രാൻഡ്‌സ് ഇറ്റലിക്കെതിരെ നെതർലാന്റ്‌സിന്റെ വിജയ ഗോളും നേടി.
ഗ്രൂപ്പ് ബി-യിൽ ബ്രസീലും അർജന്റീനയും ജയത്തോടെ തുടങ്ങി. ബ്രസീൽ 3-0 ത്തിന് പെറുവിനെയും അർജന്റീന 2-0 ത്തിന് പോളണ്ടിനെയും തോൽപിച്ചു. ബ്രസീൽ-അർജന്റീന മത്സരം വിരസമായിരുന്നു. പന്തിനെയല്ല എതിരാളിയെയാണ് കളിക്കാർ ചവിട്ടിയത്. ഗോൾരഹിത സമനിലയായി ആ മത്സരം. ഇരു ടീമുകളും പോളണ്ടിനെയും തോൽപിച്ചു. രണ്ടാം റൗണ്ടിലെ അവസാന മത്സരം അർജന്റീനയും പെറുവും തമ്മിലായിരുന്നു. നാലു ഗോളിനെങ്കിലും ജയിക്കണമെന്ന് അർജന്റീനക്ക് മത്സരത്തിന് മുമ്പെ ബോധ്യമുണ്ടായിരുന്നു. പെറു ആറ് ഗോൾ അനുവദിച്ചു. കള്ളക്കളി അരങ്ങേറിയോ? ഒരു ആരോപണവും സ്ഥിരീകരിക്കപ്പെട്ടില്ല. അപരാജിതരായിട്ടും ബ്രസീൽ പുറത്തായി എന്നതു മാത്രം യാഥാർഥ്യം. അർജന്റീനയും നെതർലാന്റ്‌സും ഫൈനലിന് യോഗ്യത നേടി. ബ്രസീലിന് ഫൈനലിലെത്താൻ യോഗ്യതയുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടം ആവേശകരമായിരുന്നു. ഇറ്റലിയെ 2-1 ന് ബ്രസീൽ തോൽപിച്ചു.
തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനൽ വൈകിയാണ് തുടങ്ങിയത്. ആദ്യ പകുതിയിൽ അർജന്റീനയുടെ മാരിയൊ കെംപസ് നേടിയ ഗോളിന് ഡിർക് നാനംഗയിലൂടെ ഡച്ചുകാർ മറുപടി നൽകിയതായിരുന്നു. അവസാന സെക്കന്റുകളിൽ റോബ് റെൻസൻബ്രിങ്കിന്റെ ഷോട്ടിന് പോസ്റ്റ് തടസ്സം നിന്നപ്പോൾ നെതർലാന്റ്‌സ് തലയിൽ കൈവെച്ചു. അതോടെ ഫൈനൽ എക്‌സ്ട്രാ ടൈമിലേക്കു നീങ്ങി. കെംപസിന്റെയും ഡാനിയേൽ ബെർടോണിയുടെയും ഗോളുകളിൽ 3-1 ന് ആതിഥേയർ കപ്പ് സ്വന്തമാക്കി. അർജന്റീനാ ടീമിൽ ഒരു കളിക്കാരൻ മാത്രമായിരുന്നു വിദേശ ക്ലബ്ബിൽ കളിച്ചിരുന്നത്, കെംപസ്.
കളി താമസിപ്പിക്കാൻ അർജന്റീന മനഃപൂർവം ശ്രമിച്ചുവെന്നാരോപിച്ച് നെതർലാന്റ്‌സ് ടീം സമാപനച്ചടങ്ങിൽ പങ്കെടുത്തില്ല. എക്‌സ്ട്രാ ടൈമിനു ശേഷവും വിധിയാവാത്ത നോക്കൗട്ട് മത്സരങ്ങൾ ഷൂട്ടൗട്ടിലൂടെ നിർണയിക്കാൻ ഫിഫ തീരുമാനിച്ചത് ഈ ലോകകപ്പിലായിരുന്നു. പക്ഷേ അത്തവണ ഷൂട്ടൗട്ട് വേണ്ടിവന്നില്ല. ഉത്തേജകമടിച്ചതായി കണ്ടതിനാൽ സ്‌കോട്‌ലന്റിന്റെ വില്ലീ ജോൺസ്റ്റൺ ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ടു. അർജന്റീനയിൽ കളർ ടി.വി പ്രാബല്യത്തിലുണ്ടായിരുന്നില്ല. ഹങ്കറി-ഫ്രാൻസ് മത്സരത്തിൽ ഇരു ടീമുകളുടെയും ജഴ്‌സി അതിനാൽ ടി.വിയിൽ ഒരുപോലെ തോന്നിച്ചു.
അറിയാമോ?
1978 ലെ ലോകകപ്പിൽ അക്ഷരമാലാ ക്രമത്തിലാണ് അർജന്റീനാ കളിക്കാർക്ക് ജഴ്‌സി നമ്പർ നൽകിയത്. എന്നിട്ടും കെംപസിന് ടീമിലെ മുൻനിര സ്‌ട്രൈക്കർക്കു നൽകാറുള്ള പത്താം നമ്പർ കിട്ടി.
1978 ലെ ലോകകപ്പിൽ മൂന്ന് ട്രോഫികൾ കെംപസിന് ലഭിച്ചു. ലോകകപ്പ് മെഡൽ, ടോപ്‌സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട്, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ. മൂന്നു കളിക്കാരേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ -ഗാരിഞ്ചയും (1962) പൗളൊ റോസിയുമാണ് (1982) മറ്റുള്ളവർ.
തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലും ഫൈനൽ നിശ്ചയിച്ചതിലും വൈകിയാണ് തുടങ്ങിയത്. 1974 ൽ ഫൈനൽ തുടങ്ങാനിരിക്കേ കോർണർ ഫഌഗുകൾ സ്ഥാപിച്ചിട്ടില്ലെന്ന് ഇംഗ്ലിഷുകാരനായ റഫറി ജാക്ക് ടയ്‌ലറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇത്തവണ ഡച്ച് താരം റെനെ വാൻഡെഖെർകോഫ് പരിക്കേറ്റ കൈക്ക് സുരക്ഷക്കായി ധരിച്ച കവചത്തിന്റെ പേരിൽ അർജന്റീനാ താരങ്ങൾ അനാവശ്യമായി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു.
മൂന്നു ടീമുകൾ ആദ്യ റൗണ്ടിൽ തോറ്റ ശേഷം ലോകകപ്പ് ചാമ്പ്യന്മാരായി. ജർമനി (1954), പശ്ചിമ ജർമനി (1974), അർജന്റീന (1978), സ്‌പെയിൻ (2010). ഇതിൽ അവസാന മൂന്നു ടീമുകളും ഫൈനലിൽ തോൽപിച്ചത് നെതർലാന്റ്‌സിനെയായിരുന്നു.
ഫ്രാൻസിന്റെ അവസാന ലീഗ് മത്സരം ഹങ്കറിക്കെതിരെയായിരുന്നു. രണ്ടു ടീമുകളും നീല ജഴ്‌സി അണിഞ്ഞു കളിക്കുന്ന ടീമുകളാണ്. തങ്ങളോട് രണ്ടാം ജഴ്‌സിയായ വെള്ള അണിഞ്ഞു കളിക്കാൻ പറയുമെന്ന് ഇരു ടീമുകളും കരുതി. എന്നാൽ ഹങ്കറിക്കാണ് രണ്ടാം ജഴ്‌സിയായ വെള്ള അണിയാൻ അവസരം കിട്ടിയത്. ഫ്രാൻസാകട്ടെ അവരുടെ ഒന്നാം ജഴ്‌സിയായ നീല കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല. ഒടുവിൽ പ്രാദേശിക ക്ലബ്ബുകളിലേക്ക് ഓടി സംഘടിപ്പിച്ച പച്ച ജഴ്‌സിയണിഞ്ഞാണ് കളിച്ചത്. പ്രാദേശിക ടീം അത്‌ലറ്റിക്കൊ കിംബർലിയുടെ ജഴ്‌സിയായിരുന്നു അത്. ആദ്യമായും അവസാനമായും ഫ്രാൻസ് പച്ച ജഴ്‌സിയിൽ കളിച്ച മത്സരമായിരുന്നു അത്.