ഇന്ത്യയിലെ ഓരോ കുട്ടിക്കും അവരുടെ അവകാശങ്ങളിൽ പെട്ടതാണ് പതിനാലു വയസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം. ആർട്ടിക്കിൾ 45 പ്രകാരം ഇന്ത്യയിലുള്ള ആറു മുതൽ പതിനാലു വയസ്സു വരെയുള്ള കുട്ടികൾക്ക് ഫ്രീയും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് നിഷ്കർഷിക്കുന്നു.
ഗവണ്മെന്റ് ചെലവിടുന്ന വിദ്യാഭ്യാസ ഫണ്ടിൽ ഒരു പൊതു തത്വം എന്നത് 50% കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടിയും 30% സെക്കണ്ടറി വിദ്യാഭ്യാസത്തിനു വേണ്ടിയും 20% മറ്റു തുടർ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ചെലവാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്. 2008 മുതലുള്ള വിദ്യാഭ്യാസ ഫണ്ടുകൾ പരിശോധിച്ചാൽ വർഷാവർഷം ഇരട്ടിയോളം തുക ചെലവിട്ടാണ് എലിമെന്ററി മുതലുള്ള പഠനങ്ങൾ നമ്മൾ കൊണ്ടുപോവുന്നത്. ഇത്രയും തുക ചെലവാക്കി കുട്ടികളെ അടുത്ത തലത്തിലേക്കു നമ്മൾ എത്തിക്കുമ്പോഴാണ് നമ്മുടെ കുട്ടികളുടെ പഠന നിലവാരവും മാർക്കറ്റിന്റെ ആവശ്യകതയും തമ്മിൽ പൊരുത്തപ്പെട്ടു പോവുന്നില്ല എന്ന വസ്തുത നമ്മൾ തിരിച്ചറിയുന്നത്.
ഇന്ത്യ പോലുള്ള ഒരു മഹാരാജ്യം ദിനേന പല രൂപത്തിലും മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ നിലവാരം ഇപ്പോഴും മാർക്കറ്റിന്റെ യഥാർത്ഥ ആവശ്യങ്ങളെ തിരിച്ചറിയാതെയാണ് അക്കാദമിക് പ്രോഗ്രാം വിഭാവനം ചെയ്യുന്നത്. 2020 സർവേ പ്രകാരം ഇന്ത്യ 33 റാങ്കിലാണ് ഇപ്പോഴും കിടക്കുന്നത്. ഗവണ്മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും കൈയെത്തി പിടിക്കാൻ കഴിയാത്ത ഒരു വിഭാഗം ഉള്ളപ്പോൾ പല സ്കീമുകളും ലഭിച്ചിട്ടും പുരോഗതി നേടാത്ത ഒരു വിഭാഗമാണ് മറുവശത്ത് ഉള്ളത്. ഉള്ള റിസോഴ്സ് ഏറ്റവും മിടുക്കന്മാരായ കുട്ടികളിലേക്ക് എത്തിക്കാനും അതിലൂടെ വളർന്ന് നാടിന്റെ ആവശ്യകതയിലേക്ക് പടിപടിയായി നടന്നു കേറാനും കഴിയുന്ന തലമുറയും വിദ്യാഭ്യാസ രീതിയുമാണ് നമ്മൾക്കാവശ്യം. ഇന്ത്യയിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സ്ഥാപനം എന്നത് ഇന്ത്യൻ ആർമി സ്കൂൾ പോലുള്ളവയാണ്. അതിലേക്കു എത്തിപ്പെടുന്ന കുട്ടി സൈന്യത്തിലെ ഏറ്റവും ഉയർന്ന റാങ്കിലാണ് എല്ലാ പഠനങ്ങളും പൂർത്തീകരിച്ച് നേടിയെടുക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികൾ ശാരീരികവും മാനസികവുമായ ട്രെയിനിംഗുകൾക്ക് വിധേയരാവുന്നു. എൻജിനീയറിംഗ്, നിയമം, മെഡിസിൻ, ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഏറ്റവും നല്ല വിദ്യാർത്ഥിയെ തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ നമ്മുടെ പഠനങ്ങൾ പലപ്പോഴും ഒരു ജോലി നേടുന്നത് വരെ, അല്ലെങ്കിൽ അതിനുള്ള അക്കാദമിക് നിലവാരം നേടിയെടുക്കുന്നത് വരെ മാത്രമേ എത്തുന്നുള്ളൂ.
ഏറ്റവും അധികം റിസോഴ്സ് ലഭിക്കുന്നത് സ്റ്റേറ്റ് ബോർഡ് എഡ്യുക്കേഷൻ നേടുന്ന കുട്ടികൾക്കാണ്. എന്നാൽ പഠന ശേഷം തൊഴിൽ മേഖലയിൽ ഏറ്റവും പിന്നോട്ട് പോവുന്നതും ഈ വിഭാഗത്തിലെ കുട്ടികളാണെന്ന് പറയാതെ വയ്യ. നെറ്റ് പോലുള്ള പരീക്ഷകൾ പാസായ കുട്ടികൾ പോലും ആംഗലേയ ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഇവരുടെ ജോലി സാധ്യതക്ക് മങ്ങലേൽക്കാൻ ഇത്തരം കുറവുകൾ ധാരാളം. ഇന്നത്തെ കാലത്ത് ആംഗലേയ ഭാഷാ വിക്ജ്ഞാനം എന്നത് ഒരു ക്വാളിഫിക്കേഷൻ അല്ല മറിച്ച് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വേണം കരുതാൻ. അതുപോലെ എടുത്തുപറയേണ്ട മറ്റൊരു വിഷയമാണ് കുട്ടികൾക്ക് മാതൃഭാഷാ പരിക്ജ്ഞാനം കുറഞ്ഞു വരുന്നത്. ആംഗലേയ ഭാഷയേക്കാൾ ഒരു തൂക്കം കൂടുതൽ മാതൃഭാഷാ പഠനത്തിന് നമ്മൾ നൽകിയേ തീരൂ. പല സ്റ്റേറ്റുകളും എല്ലാ എഴുത്ത് ഇടപാടുകളും 100% മാതൃഭാഷയിലേക്കു മാറിക്കൊണ്ടിരിക്കുമ്പോൾ മലയാളം ഭാഷാ പഠനം അതിന്റെ ഏറ്റവും നല്ല രൂപത്തിലേക്ക് ഭാഷാ വിവർത്തനവും ഭാഷാ കൈമാറ്റവും നടത്താൻ അവർക്കു കഴിയണം. ഭാഷാ കൈമാറ്റം ഗദ്യ രൂപത്തിലും പദ്യരൂപത്തിലും കുട്ടികൾക്ക് നിമിഷ കവികളെ പോലെ കൈകാര്യം ചെയ്യാൻ കഴിയണം. എല്ലാം ഉണ്ടായിട്ടും ഭാഷാ നൈപുണ്യം കിട്ടിയില്ല എങ്കിൽ നമ്മുടെ വളർച്ചയെ തടയുന്ന ഏറ്റവും വലിയ തടസ്സമാകും ഭാഷ എന്നതിൽ തർക്കമില്ല. കുട്ടികളിൽ മാത്രമല്ല നമ്മുടെ പത്രമാധ്യമങ്ങൾ പോലും ഭാഷാ നൈപുണ്യം നഷ്ടപ്പെട്ട വിഭാഗത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കയാണ്. 'നീരജത്തിലെ കനക സുന്ദരി ജലജം' എന്നൊക്കെ പറഞ്ഞാൽ എത്ര കുട്ടികൾക്ക് മനസ്സിലാവും എന്നറിയില്ല. ഇത് വായിക്കുന്ന ആളുകൾ മലയാള ഭാഷാ പഠനത്തിൽ കുട്ടികളെ മുൻനിരയിൽ നിർത്താൻ ശ്രമങ്ങൾ നടത്തണം എന്ന് ഓർമിപ്പിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാണുന്ന വലിയൊരു കുറവാണ് പഠന വിഷയം ആഴ്ന്നു പഠിക്കാതെ ചോദ്യങ്ങൾ ലക്ഷ്യം വെച്ചുള്ള പഠനങ്ങൾ എന്നത്. ഇത്തരം പഠനങ്ങളിൽ ഒരു പ്രധാന പോരായ്മ എന്നത് എന്താണ് പഠിച്ചത്, എന്തിനാണ് പഠിച്ചത് എന്ന ബോധ്യം കുട്ടികൾക്ക് ഇല്ലാതാവുന്നു. തന്നെയുമല്ല, പല വിഷയങ്ങളും ഗ്രേഡിംഗ് കൊടുക്കുന്നത് ഓരോ കുട്ടിയുടെയും പഠന നിലവാരവും താൽപര്യവും മാനിച്ചല്ല. കാലം കാത്തിരിക്കുന്നത് ഏറ്റവും കൂടുതൽ മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ള കുട്ടികളെയാണ്. നെൽസൺ മണ്ടേലയുടെ വാക്കുകൾ: 'വിദ്യാഭ്യാസമാണ് ഏറ്റവും ശക്തമായ ആയുധം. അത് നിങ്ങളെ മാത്രമല്ല, ലോകത്തെ തന്നെയും മാറ്റി മറിക്കുന്നു'...






