എക്‌സിറ്റ് യാത്ര: പ്രവാസികള്‍ വൈറലാക്കി ഒരു പോസ്റ്റ്

പ്രവാസം അവസാനിപ്പിച്ചു പോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള അനുഭമായതിനാലാകണം ഈ പോസ്റ്റ് പ്രവാസികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. അവധിക്കാലത്തെ യാത്ര പോലെ ആയിരിക്കില്ല, പ്രവാസ ജീവിതം അവസാനിപ്പിച്ചുകൊണ്ടുള്ള യാത്രയെന്നാണ് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നത്.


കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഫ് ളൈറ്റ് കാത്തിരിക്കുന്ന സമയത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ഇക്കയെ പരിചയപ്പെട്ടു.

സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂപ്പരെ കയ്യില്‍ പാസ്‌പോര്‍ട്ട് മാത്രം കണ്ടപ്പോള്‍ ഹാന്‍ഡ് ബാഗ് എവിടെ എന്ന് വെറുതെ തിരക്കിയതും മറുപടിയായി പറഞ്ഞു
'ഇല്ല പാസ്‌പോര്‍ട്ട് മാത്രമേ ഒള്ളൂ.. '
കൂടുതലൊന്നും ചോദിക്കാന്‍ അവരുടെ ആ മറുപടി കണ്ടപ്പോള്‍ തോന്നിയില്ല.

അങ്ങനെ കോഴിക്കോട് എത്തി പുറത്തിറക്കിറങ്ങുമ്പോള്‍ മൂപ്പരും എന്റെ കൂടെ ഉണ്ടായിരുന്നു. അവരുടെ കയ്യില്‍ ഒരു ഒരു ചെറിയ ലെഗേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതിന്റെ കാരണം അല്‍പ്പം കഴിഞ്ഞതും എനിക്ക് മനസ്സിലായി.

ഞങ്ങള്‍ പുറത്തേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് മൂപ്പരെന്നോട് ' നീ നടന്നോ ' എന്ന് പറഞ്ഞത്. പ്രതീക്ഷിക്കാതെ അങ്ങനെ കേട്ടപ്പോള്‍

' അത് പറ്റില്ല നമ്മളോരുമിച്ചല്ലേ വന്നത്.. പുറത്തേക്കു വെരി .വീട്ടുകാരെയൊക്കെ ഒന്ന് പരിചയപ്പെടുത്തി തരൂ.. ' എന്ന് പറഞ്ഞപ്പോള്‍ അവരുടെ മറുപടി സങ്കടം നിറഞ്ഞതായിരുന്നു..
' നീ പൊയ്‌ക്കോ എന്നെ കൊണ്ടു പോകാന്‍ ആരും വരില്ല.. എക്‌സിറ്റ് ആണ്.. നിന്റെയൊക്കെ കുടുംബത്തെ കാണുമ്പോള്‍ ഇതുവരെ നിന്നത് പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.. വിഷമങ്ങള്‍ വരും..നീ നടന്നോ ഞാന്‍ ബസ്സിന് വന്നോളാം..' എന്ന് പറഞ്ഞപ്പോള്‍ കൂടുതലൊന്നും ആലോചിച്ചു നില്‍ക്കാതെ ആ മനസ്സ് വായിച്ചതും 'ഞാന്‍ കൊണ്ടു വിടാം വീട്ടില്‍' എന്ന് പറഞ്ഞ് കുറെ വിളിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല.

അവസാനം മനസ്സില്ലാ മനസ്സോടെ അവരോട് യാത്ര പറഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ വരുന്നവരെ കാത്തു നില്‍ക്കുന്ന പ്രവാസികളുടെ കുടുബക്കാരെ കണ്ട നേരത്ത് പാസ്‌പോര്‍ട്ടില്‍ വിസയുണ്ടായിരുന്ന കാലത്ത് ആ മനുഷ്യനെ കാത്തു നില്‍ക്കാനും, കൊണ്ടു പോകാനും ഇതുപോലെ കുടുംബം വന്നു നിന്ന് കാണും എന്നുറപ്പായിരുന്നു..

പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രയില്‍ വണ്ടിയില്‍ വെച്ച് വീട്ടുകാരോട് ഞാന്‍ അയാളുടെ അവസ്ഥ പറഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു. ' ഗള്‍ഫ് നിര്‍ത്തി വരുമ്പോള്‍ എനിക്ക് എങ്ങാനും ഇതുപോലെയുള്ള അവസ്ഥ വന്നാല്‍ അന്ന് നിങ്ങളൊക്കെ എന്റെ യഥാര്‍ത്ഥ സ്വഭാവം കാണും.. മറക്കണ്ട!' എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഒന്നും പറയാതെ ചിരിച്ചത് എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാണെന്ന് ഊഹിക്കാമായിരുന്നു.. :

'ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ വീട്ടുകാരെ നോക്കണം എന്നുള്ള നിയ്യത്ത് മാത്രം പ്രവാസി വെക്കരുത് അവരെ എങ്ങനെ നോക്കുന്നു എന്നും കൂടി അറിയിക്കണം. അല്ലെങ്കില്‍ നമുക്കും ഈ അവസ്ഥകള്‍ നേരിടേണ്ടി വന്നാല്‍ സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല കാരണം മരുഭൂമി സമ്മാനിക്കുന്ന ദുഃഖങ്ങള്‍ പോലെയാകില്ല കുടുംബം നല്‍കുന്ന വേദനകള്‍.. ! '

 

Latest News