വയലാർ ഗർജിക്കുന്നു' എന്ന വിപ്ലവാഗ്നി ആവാഹിച്ച കാവ്യ സംഗീതം മുഴക്കി നാൽപതുകളിൽ തന്റെ കവനകൗമുദിയുമായി കടന്നുവന്ന പ്രതിഭാധനനാണ് പി.ഭാസ്കരൻ മാസ്റ്റർ. നാഗരികതയുടെ സംസ്കാരമുദ്രകൾക്ക് ഒട്ടും ലോപം വരാതെ തനി ഗ്രാമീണ മനസ്സുമായി അദ്ദേഹം ആറ് പതിറ്റാണ്ടുകളിലധികം നമ്മളോടൊത്തു ജീവിച്ചു... താൻ ജനിച്ചു വളർന്ന സമൂഹത്തിലെ തീരാ നോവുകളേയും സന്തോഷ സന്താപങ്ങളേയും സർവ്വ കാമനകളേയും ഇത്രയധികം ഗാനങ്ങളിൽ സന്നിവേശിപ്പിച്ച മറ്റൊരു കവിയില്ല.
മന്ദം മന്ദം നിദ്ര വന്നെൻ മാനസത്തിൻ മണിയറയിൽ...
എന്ന ഗാനം ഹൃദയഭാര വേദനകളാൽ നിദ്ര പൂകാൻ വെമ്പുന്ന ഒരു പ്രേമലോലുപന്റെ വികാരമാണ്. നിദ്ര മണിയറ പൂകിയിട്ടും ഉറങ്ങാൻ കഴിയാതെ പോകുന്ന അവസ്ഥയുടെ മനോഹരമായ ചിത്രീകരണമാണത്.
കുരുക്ഷേത്രം എന്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോൾ ഒരു ഗാനത്തിൽ ഭാസ്കരൻ മാഷും രാഘവൻ മാഷും എന്തു ചെയ്യണമെന്നറിയാതെ ഉടക്കി നിന്നു. സ്ത്രീയുടെ സോളോ ശബ്ദത്തിൽ (ഷീല) ഒരു ഗാനം വേണം.. അവസാനം കാണാത്ത ചർച്ചകൾക്കൊടുവിലാണ് ഒരു ഗ്രാമീണ സുന്ദരിയുടെ സ്വപ്നമെന്ന ആശയത്തിലേക്ക് അവർ എത്തിച്ചേർന്നത്. ഗാനം പിറക്കാൻ പിന്നെ അധികം താമസമുണ്ടായില്ല...
'തിരുവേഗപ്പുറയുള്ള ഭഗവാനൊരു - നാൾ
ഗൗരിയെന്നൊരുത്തിയെ കിനാവു കണ്ടു.'
കവിതയിലും ഗാനത്തിലും സ്വീകരിച്ച ബിംബങ്ങളിൽ തികച്ചും ഗ്രാമ്യമായ ചിത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്...
തങ്കക്കിനാക്കൾ ഹൃദയേ
വീശും വനാന്ത ചന്ദ്രികയാരോ നീ
എന്ന ആദ്യ ഗാനത്തിൽ തന്നെ മൗലികതയുടെ നാന്ദി കുറിച്ചു കഴിഞ്ഞിരുന്നു.
നാഴിയൂരിപ്പാലു കൊണ്ട്
നാടാകെ കല്യാണമെന്ന വരികളിൽ നിറഞ്ഞത് ഗ്രാമ്യത മാത്രമായിരുന്നില്ല. ഇല്ലായ്മയുടേയും വറുതിയുടേയും നാളുകളിൽ ആഘോഷങ്ങൾ എങ്ങനെ നടന്നുവെന്ന ഒരന്വേഷണം കൂടിയായിരുന്നു അത്. ക്രിസ്തുദേവൻ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ബൈബിൾ കഥയുടെ കാവ്യ നിദർശനമായും കരുതാം. റൊമാന്റിക് ആകുമ്പോഴും താൻ റിയലിസ്റ്റായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രചനയാണീ ഗാനം.
'കദളി വാഴ കയ്യിലിരുന്നു. കാക്കയിന്നു വിരുന്നു വിളിച്ചു.. എന്ന ഗാനത്തിലെ അനവധി ഇമേജുകൾ നമ്മെ അദ്ഭുത സ്തബ്ധരാക്കും.
കാക്ക കുറുക്കിയാൽ വിരുന്നു കാർ വരുമെന്ന പഴ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് കാമുകന്റെ വരവിനെ കവി വരച്ചു വെച്ചത്.
ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ
നിന്റെ വീട്ടിലെന്താ വർത്താനം കാക്കേ...
സാധാരണക്കാരുടെ നിത്യജീവിത വ്യവഹാരത്തിലെ വാക്കുകൾ തീർത്തും അഭിജാതമെന്ന് സങ്കൽപ്പിക്കപ്പെട്ട ഗാനങ്ങളിലും കവിതയിലും അവതരിക്കുകയാണ്.
ഈയൊരു വിഛേദമാണ് ഭാസ്കരൻ മാഷിലൂടെ മലയാള ഗാന രംഗത്ത് സംഭവിച്ചത്. 1954 ൽ നീലക്കുയിലിൽ ആണ് പ്രകടമായും ആ മാതൃകാ വ്യതിയാനം സംഭവിച്ചത്.
'എങ്ങനെ നീ മറക്കും കുയിലേ...
എങ്ങനെ നീ മറക്കും...
ആ ആദ്യ ശ്രോതാവിന്റെ മാനസ സരസ്സിൽ കൽപനാ പുഷ്പങ്ങൾ വിരിഞ്ഞിട്ടുണ്ടാകണം. മനോമുകുരങ്ങളിൽ സ്വപ്ന ബിന്ദുക്കൾ പൊടിഞ്ഞിരിക്കണം. അങ്ങനെ നാമാദ്യമായി സ്വപ്നം കാണാൻ തുടങ്ങിയതും അന്നായിരിക്കണം.
ചലച്ചിത്ര ഗാന ശാഖയിലെ ആദ്യത്തെ മാപ്പിള പാട്ട് , ഗസൽ എന്നൊക്കെ പറയാവുന്ന കായലരികത്ത് .. എന്ന ഗാനത്തിൽ അലയടിച്ച മലബാറിന്റെ ഭാഷാതനിമയിൽ അതുവരെയും ആലവട്ടവും വെഞ്ചാമരവും വീശി, ഗരിമയോടെ നിന്നിരുന്ന സൗവ്വർണ്ണ ഗാന ശാഖ വെറും കമ്പൊടിഞ്ഞ ശീലക്കുട പോലെയായി! എണ്ണ കാച്ചിയ നൊമ്പരം സങ്കടപ്പുഴയായി , ഗാന കല്ലോലിനിയായ് ഒഴുകി വന്നു. ആസ്വാദനശീലുകൾ കയറു പൊട്ടിയ പമ്പരം പോലെ കറങ്ങിത്തിരിഞ്ഞു. നമ്മുടെ കാവ്യാനുശീലനങ്ങളെ ആ തുലികത്തുമ്പിൽ നിന്നും പറന്നുയർന്ന പൈങ്കിളി തടവിലാക്കിയത് ചരിത്രം .
നാൽപതിലേറെ ചിത്രങ്ങളുടെ സംവിധായകൻ, 250 തിലധികം ചിത്രങ്ങളിലൂടെ 3000 ത്തിലേറെ ഗാനങ്ങൾ, കുറെ ചിത്രങ്ങളുടെ നിർമ്മാതാവ്, നടൻ തുടങ്ങി സിനിമയുടെ സർവ്വ മേഖലകളിലും വ്യാപരിച്ച സാർവ്വഭൗമനായിരുന്നു അദ്ദേഹം.
നീലക്കുയിൽ സംഭവിച്ച ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന രാരിച്ചൻ എന്ന പൗരൻ, ആദ്യ കിരണങ്ങൾ, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, തുറക്കാത്ത വാതിൽ തുടങ്ങിയ ചിത്രങ്ങൾ ഭാസ്കരൻ മാഷെ അനാവരണം ചെയ്യുന്നതായിരുന്നു.
ഈ ഗാനത്തിലെ താന്നിയൂരമ്പലം ഏതാന്നെന്ന് ഒരിക്കൽ എം.ടി ഭാസ്കരൻ മാഷോട് ചോദിച്ചു. വാസു തന്നെ പറയൂ എന്ന് മാഷ് പ്രതിവചിച്ചു.
അത് കുമരനല്ലൂരോ കൂടല്ലൂരോ ഉള്ള ഒരമ്പലമാണെന്ന് തോന്നുന്നു - എന്ന് എം ടി പറഞ്ഞപ്പോൾ അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചതെന്ന് കവി.
ആ താന്നിയൂരമ്പലം നമ്മുടെ നാട്ടിൻ പുറത്തെ വിടേയോ ഉള്ളതു പോലെയൊരനുഭവം കൊണ്ടുവരാൻ കഴിഞ്ഞ കവിയെപ്പറ്റി ഇനിയുമെത്രയോ എത്രയോ എഴുതാൻ ബാക്കി നിൽക്കുന്നു.
ഉയരട്ടെ അങ്ങനെ
നാടാകെ പടരട്ടെ
പുത്തനുയിരേകിക്കൊണ്ട് ഇനിയുമിനിയും...
ഭാസ്കരൻ മാസ്റ്റർ - ഓർമപ്പൂക്കൾ.






