ലിനെറ്റ് പാടുന്നു, അറബിക് ഗാനങ്ങൾ

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ലിനെറ്റ് ജിജു ആലപിച്ച അറബിക് ഡിവോഷനൽ ആൽബത്തിന് വൻ സ്വീകാര്യത. 
ലെബനീസ് കവി ജാദ് ഫാർജല്ലാഹ് എഴുതിയ ഇൻത ഹുവി അൽവാഹിദ് എന്നാരംഭിക്കുന്ന വരികൾക്ക് മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകൻ സിയാവുൽഹഖ് ഈണം നൽകിയ ആൽബം വളരെപ്പെട്ടെന്നാണ് തരംഗമായി മാറിയത്. സയോൺ ക്ലാസിക്‌സിന്റെ ബാനറിൽ ജിജോ കുന്നുംപുറത്താണ് ആൽബത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചത്. ജിദ്ദയിൽ നടന്ന ലളിതമായ ചടങ്ങിൽ നിഖിൽ ചാകിയത്തിൽനിന്ന് അന്നമ്മ വർഗീസ് ആൽബത്തിന്റെ സി.ഡി ഏറ്റുവാങ്ങിയാണ് ജിദ്ദയിലെ പ്രകാശനം നിർവഹിച്ചത്. ദൈവസ്‌നേഹത്തിന്റെ വിളംബരം വിളിച്ചറിയിക്കുന്ന ഈ സംഗീത ആൽബം വരികളിലെ ഭംഗിയും ഭക്തിയും കൊണ്ട് വേറിട്ടു നിന്ന പോലെത്തന്നെ ദൃശ്യചാരുതയിലും സ്വരമാധുര്യത്തിലും അന്യൂനമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ആൽബത്തിന്റെ യുട്യൂബ് പ്രകാശനം എസ്.എം.സി.എ ജിദ്ദാ പ്രസിഡന്റ് വി.വി വർഗീസാണ് നിർവഹിച്ചത്.

ഷെൽജൻ പാറക്കൽ, അന്നമ്മ വർഗീസ്, ജിജു ഫ്രാൻസിസ് എന്നിവർ ആശംസ നേർന്നു. എബിൻ പള്ളിച്ചൻ, നിഖിൽ കക്കോച്ചൻ, ജോബിൻ കയനാട് എന്നിവരാണ് സംഗീത ആൽബത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തത്. സയോൺ ക്ലാസിക്‌സിന്റെ യു ട്യൂബ് ചാനലിൽ ലിനെറ്റിന്റെ ഈ പാട്ട് കേൾക്കാം. ജിദ്ദ നാപ്‌കോ നാഷനൽ കമ്പനി പർച്ചേസിംഗ് മാനേജറും കണ്ണൂർ അടയ്ക്കാത്തോട് സ്വദേശിയുമായ ജിജു ഫ്രാൻസിസിന്റേയും ഡെൻസിയുടേയും പുത്രിയാണ് ലിനെറ്റ്. ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജോയൽ ജിജു, ലിനെറ്റിന്റെ സഹോദരനാണ്. ജോയലും പാട്ടിൽ താൽപര്യമുള്ള മിടുക്കനാണ്.

Latest News