ആശയുടെ ആലാപനം: ആത്മഗീതം, അമൃതഗീതം

സംഗീതാലാപനത്തിലൂടെ പ്രവാസലോകത്തെ സഹൃദയരിൽ ഇടം നേടിയ ആശാ ഷിജു, ഹിന്ദി മലയാളം ഭാവഗാനങ്ങളുടെ ലോകത്ത് ഉദിച്ചുയരുന്ന രാഗതാരകമാണെന്ന് അവരുടെ ഒരു പാട്ടെങ്കിലും കേട്ടിട്ടുള്ളവർ സമ്മതിക്കുന്ന സത്യമാണ്. പാട്ടിന്റെ ഫീൽ, ശ്രോതാക്കളെ അനുഭവിപ്പിക്കുന്നതിൽ ആശയുടെ മധുരശബ്ദത്തിന് കഴിയുന്നുവെന്നത് ജന്മസിദ്ധമായ ഒരനുഗ്രഹമായി വേണം കാണാൻ. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ബിരുദമുള്ള ഈ കോട്ടയം മുണ്ടക്കയം സ്വദേശിയുടെ സർഗസിദ്ധിക്ക് രാഗസാന്ദ്രമായ പശ്ചാത്തലം കൈവന്നത് അക്കാദമികമായ സംഗീതപഠനം കൊണ്ടല്ല, മറിച്ച് പാട്ടിനോടുള്ള ആത്മാർഥമായ അഭിനിവേശം കൊണ്ടാണ്. ഇതിനകം ജിദ്ദയിലും നാട്ടിലും ഗൾഫിലെ വിവിധ നഗരങ്ങളിലുമായി നൂറുകണക്കിന് ഗാനങ്ങളാണ് ആശാഷിജു ആലപിച്ചത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. പക്ഷേ െ്രെപമറി സ്‌കൂൾ കാലഘട്ടം മുതൽ പാടിത്തുടങ്ങി. പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അങ്ങനെയാണ് പാലാ കമ്യൂണിക്കേഷൻ ഗാനമേള ട്രൂപ്പിൽ ഗായികയായി വരുന്നത്. സ്വരമാധുര്യത്താൽ ആശ, സംഗീതപ്രേമികളെ കൈയിലെടുത്തത് വളരെ പെട്ടെന്നായിരുന്നു.


ഗ്ലോബൽ വിഷൻ എന്ന പ്രാദേശിക ചാനലിൽ കൂടി ആണ് പ്രൊഫഷണൽ കലാ രംഗത്തേക്കുള്ള കടന്നു വരവ്. സൗദി അറേബ്യയുടെ വിവിധ മേഖലകളായ ജിദ്ദ, റിയാദ്, ദമാം, റാബഗ്, യാമ്പു, തായിഫ്, അറാർ, ബുറൈദ, അബഹ തുടങ്ങി എല്ലാ നഗരങ്ങളിലും ഒട്ടനവധി സ്‌റ്റേജുകളിൽ ആശ പാടിയിട്ടുണ്ട്.
ജീവൻ, കൈരളി, മീഡിയവൺ തുടങ്ങിയ ചാനലുകളിൽ ആശയുടെ പാട്ടുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്, കൂടാതെ സ്വപ്ന സാക്ഷാത്കാരം പോലെ ആയിരുന്നു ഫൽവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ ഫ്‌ളോറിൽ എത്തിയതും അതിൽ നിന്നും ഉത്സവം സൂപ്പർ സ്റ്റാറിൽ പെർഫോം ചെയ്യാൻ കഴിഞ്ഞതും. ഭർത്താവിനൊപ്പം സൗദിയിൽ എത്തി മെഡിക്കൽ പ്രൊഫഷനിൽ തുടരുകയായിരുന്നെങ്കിലും അവസരങ്ങൾ കൂടിയതോടെ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ ഗായിക ആയി മാറുകയായിരുന്നു.
ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന മിക്ക സാംസ്‌കാരിക പരിപാടികളിലും പ്രധാന ഗായികയാണ് ആശ. ഇന്ത്യൻ സംഗീതത്തിന്റെ ഗന്ധർവൻ എ.ആർ. റഹ്മാൻ ഉംറ നിർവഹിക്കാൻ ജിദ്ദയിൽ വന്നപ്പോൾ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം നേടാനുമായതിൽ ആശാ ഷിജു ഏറെ സംതൃപ്തയാണ്.


സിംഗപ്പൂർ പ്രവാസി എക്‌സ്പ്രസ്സ് സിംഗ് ആൻഡ് വിൻ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം പ്രസിദ്ധ ഗായകൻ ജി. വേണുഗോപാലിൽ നിന്ന് സ്വീകരിക്കാൻ സാധിച്ചതും ഭാഗ്യമായി ആശ കരുതുന്നു.
ജിദ്ദയിൽ നിന്നും മോസ്റ്റ് പോപ്പുലർ ആർട്ടിസ്റ്റ് ഓഫ് സൗദി അറേബ്യ അവാർഡ്, റിയാദിൽ നിന്നും ബെസ്റ്റ് സിംഗർ അവാർഡ്, നൈറ്റിൻഗേൽ ഓഫ് സൗദി അറേബ്യ അവാർഡ്, പ്രവാസി മലയാളി ഫെഡറേഷൻ ആദരവ് ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും ആശയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അംഗീകാരമാണ് ഹൈദരാബാദിൽ നിന്നും ലഭിച്ച 'വോയിസ് ഓഫ് ലതാ മങ്കേഷ്‌കർ' അവാർഡ്.
ലതാജിയുടെ ഗാനങ്ങൾ പാടുമ്പോഴുള്ള ശബ്ദ സാദൃശ്യവും ഉച്ചാരണശുദ്ധിയും ഭാഷാവ്യത്യാസമില്ലാത്ത സ്വീകാര്യതയും മൂലം ഇന്ത്യയിലെ പല പ്രധാനപ്പെട്ട ബാൻഡുകളുടെയും പരിപാടികൾക്ക് ആശ ക്ഷണിക്കപ്പെടുകയും കൂടുതൽ അവസരങ്ങൾ ഇവരെ തേടി വരികയും ചെയ്യുന്നു.
ജിദ്ദയിൽ നിന്നും പല സ്ഥലങ്ങളിലും പരിപാടി ചെയ്‌തെങ്കിലും രണ്ടു തവണ ഹൈദരാബാദിൽ ഗാനങ്ങളുമായി പോകാൻ കഴിഞ്ഞതും, 'ഏക് ശാം ആശ ഷിജു കെ നാം' എന്ന പേരിൽ ഈ ഗായികയുടെ പേരിൽ തന്നെ ഒരു പരിപാടി നടന്നതും ഇതര ഭാഷാ ദേശങ്ങളിലുള്ള അംഗീകാരത്തിന്റെ മുദ്രകളാണ്. ബംഗ്ലാദേശ്, ശ്രീലങ്കൻ, പാക്കിസ്ഥാനി, അറബി, കന്നഡ, തമിഴ്, ഹൈദരാബാദി പ്രോഗ്രാമുകളിലെയൊക്കെ സ്ഥിരം ഗായികയാണ്, കൂടാതെ പ്രമുഖ പിന്നണി ഗായകരോടൊപ്പം സ്‌റ്റേജ് പങ്കിട്ട അനുഭവവും ആശയ്ക്ക് സ്വന്തമാണ്. പതിനാലു വ്യത്യസ്ത ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന ആശാ ഷിജു 'പേൾ ഷൈൻ', 'റിഥം വിൻ' എന്നീ ശ്രീലങ്കൻ ബാൻഡുകളിലും 'ബംഗ്ലാ മ്യൂസിക്കൽ ബാൻഡിലും' അംഗമാണ്. ആശയുടെ സംഗീതജീവിതത്തിന് സദാ കൂട്ടായ ഭർത്താവ് ഷിജു ജോൺ ജിദ്ദയിൽ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. നാലു മാസം പ്രായമായ സെറ മകളാണ്.     എം.

Latest News