പത്രക്കാർക്ക് വൈകിട്ടെന്താ പരിപാടി?

സൈന്യത്തെക്കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ പത്രപ്രവർത്തകരെ പിടിച്ച് ജയിലിലിടുമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ. ഇതോടെ പല വാർത്താമാധ്യമങ്ങളും ശിക്ഷ ഭയന്ന് റഷ്യയിലെ പത്രപ്രവർത്തനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബിബിസിയും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സ്വതന്ത്രപത്രപ്രവർത്തനപ്രക്രിയ ക്രിമിനൽ കുറ്റമായി കാണുന്നുവെന്ന് തോന്നിയതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് ബിബിസിയുടെ വിശദീകരണം. ഇനി നമുക്ക്് പ്രവദ വായിച്ച് റഷ്യയിലെ സുഭിക്ഷത മനസ്സിലാക്കി പോയ കാലത്തെ പോലെ ജീവിക്കാം. നല്ല ഗ്ലോസി പേപ്പറിൽ അച്ചടിച്ചിരുന്ന സോവിയറ്റ് നാടുണ്ടായിരുന്നുവെങ്കിൽ പുസ്തകം പൊതിയാമായിരുന്നു. 
റഷ്യ- ഉക്രൈൻ  സംഘർഷത്തിന്റെ പേരിൽ അർധ സത്യങ്ങളും നുണകളും പാശ്ചാത്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി റഷ്യ ആരോപിക്കുന്നു. ഉക്രൈനുമായുള്ള സംഘർഷത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നതിൽ റഷ്യയ്ക്ക് തുടക്കം മുതലേ എതിർപ്പുണ്ടായിരുന്നു. ഇത് യുദ്ധമല്ല, പ്രത്യേക സൈനിക ദൗത്യം മാത്രമാണെന്നാണ് റഷ്യയുടെ വിശദീകരണം. അതിർത്തിയിലെ ചെറിയൊരു അഭ്യാസമെന്നും പറയാം. റഷ്യയിൽ നിരന്തരം സമരങ്ങൾ സൃഷ്ടിക്കുന്നതിൽ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നാണ് റഷ്യ പറയുന്നത്.  റഷ്യൻ പൗരന്മാരെ അധിക്ഷേപിക്കൽ, തീവ്രവാദം ഉണർത്തൽ, പൊതുസമൂഹത്തിന്റെ ശാന്തതയും സുരക്ഷയ്ക്കും വ്യാപകമായി നശിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കൽ എന്നിവയുടെ പേരിൽ പാശ്ചാത്യരാജ്യങ്ങളിലെ പത്രപ്രവർത്തകരെ റഷ്യ വിമർശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് കടുത്ത തീരുമാനങ്ങൾ പുട്ടിൻ പ്രഖ്യാപിച്ചത്.

റഷ്യയിലെ പ്രമുഖ ചാനലായ ടിവി റെയിൻ  പ്രവർത്തനം അവസാനിപ്പിച്ചു. റേഡിയോ സ്‌റ്റേഷൻ എക്കോ ഓഫ് മോസ്‌കോയും പ്രവർത്തനം നിർത്തി. യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതായി നൊവായ ഗസെറ്റ എന്ന പത്രം അറിയിച്ചു.
ഉക്രൈനിൽ റഷ്യയ്ക്ക് കാലിടറുകയാണെന്ന് സൂചിപ്പിച്ചൊരു വാർത്ത കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിലുണ്ടായിരുന്നു. 2002ൽ കാലാവധി കഴിഞ്ഞ റെഡി റ്റു ഈറ്റ്് ഭക്ഷണപ്പൊതികളാണ് സൈനികർക്ക് നൽകുന്നതെന്നും വാർത്തയിലുണ്ട്. ഉക്രൈൻ പട്ടാളക്കാരും നാട്ടുകാരും ചേർന്ന്് വകവരുത്തിയ സഹ പ്രവർത്തകരുടെ ശവക്കൂമ്പാരത്തിനടുത്തു നിന്ന് യുദ്ധം ചെയ്യാനാവാതെ വിഷമിക്കുകയാണ് റഷ്യൻ സൈനികരെന്നും കേൾക്കുന്നു. 65  കിലോ മീറ്റർ ദൈർഘ്യമുള്ള റഷ്യൻ സൈനിക വ്യൂഹം ഉക്രൈനെ ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് ബിബിസി ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിട്ട്്  രണ്ടാഴ്ചയായി. അവർ തിരിച്ചു പോയോ മൈനസ് എട്ട്് ഡിഗ്രിയിൽ തണുത്തു വിറച്ചു തിരികെ പോയോ എന്നൊക്കെ അറിയാനും മാധ്യമങ്ങൾ വേണമല്ലോ പുട്ടിൻജി. 
*** *** ***
എഴുപതുകളിലാണ് കേരളത്തിൽ ഫിലിം സൊസൈറ്റികൾ വ്യാപകമായി പ്രവർത്തിച്ചിരുന്നത്. ഉത്തര കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ വടകരയിലുണ്ടായിരുന്നതാണ് ഒഡേസ ഫിലിം സൊസൈറ്റി. റഷ്യൻ ആക്രമണത്തെ തുടർന്ന് ഇപ്പോൾ വാർത്തകളിൽ നിറയുന്ന നഗരമാണ് ഉക്രൈയിനിലെ ഒഡേസ. രാജ്യത്ത്് ഏറ്റവുമധികം ജനസംഖ്യയുള്ള പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തുറമുഖ നഗരമാണിത്. ലോകമറിയുന്ന ഒരു ചരിത്രം കൂടി പറയാനുണ്ട് ഒഡേസയ്ക്ക്. ലോക സിനിമയിലും സിനിമാ പ്രേമികൾക്കിടയിലും മഹത്തായ ഒരു ചലച്ചിത്രത്തിലൂടെ ഇടം നേടിയതാണ് ഈ സ്ഥലത്തിന്റെ ചരിത്രം.  സഞ്ചാരികളെ ഒഡേസയിലേക്ക് ഇത്രയധികം ആകർഷിക്കാൻ കാരണം ഒരു സിനിമയാണ്. ലോകത്തിന് മുന്നിൽ സിനിമയിലെ എഡിറ്റിംഗ് എന്ന മായാജാലത്തെ പരിചയപ്പെടുത്തിയത് ഈ നഗരമാണ്.  എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയിലെ അത്ഭുതത്തെ പരിചയപ്പെടുത്തിയ മൊണ്ടാഷ് എന്ന സിദ്ധാന്തം വിഭാവന ചെയ്ത ചലച്ചിത്ര പ്രതിഭ സെർജീ ഐസെൻസ്‌റ്റൈന്റെ  വിശ്വസിനിമയിലെ ക്ലാസിക്കിലൂടെയാണ് ഒഡേസ ലോകപ്രസിദ്ധമാവുന്നത്.  1925ൽ സെർജീ ഐസെൻസ്‌റ്റൈൻ സംവിധാനം ചെയ്ത ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്ന ചിത്രത്തലൂടെയാണ് ഒഡേസയുടെ ചരിത്രം തുടങ്ങുന്നത്.  സർ ചക്രവർത്തിമാരുടെ ഭരണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നിശ്ശബ്ദ ചലചിത്രം ഒരുക്കിയത്. 1925ൽ നിർമ്മിച്ച ഈ ചിത്രത്തിലെ പ്രധാന രംഗം ഒഡേസാ പടവുകളിലെ കൂട്ടക്കൊലയും ചെറുത്തുനിൽപ്പുമായിരുന്നു. 1905ലെ റഷ്യൻ വിപ്ലവ കാലത്ത് പോട്ടെംകിൻ യുദ്ധക്കപ്പലിലെ നാവികർ ഭരണകൂടത്തിനെതിരേ നടത്തിയ ചെറുത്തുനിൽപ്പ്. അതിന് ഒഡേസ നിവാസികൾ നൽകിയ പിന്തുണ.. ഇതിനെ അമർച്ച ചെയ്യാൻ സാറിസ്റ്റ് പട്ടാളം നടത്തിയ കൂട്ടക്കുരുതിയുമാണ് ചലച്ചിത്രത്തിലെ ഇതിവൃത്തം. ചിത്രത്തിലെ ഒഡേസാ പടവുകളിലെ കലാപദൃശ്യങ്ങളായിരുന്നു ഏറ്റവും വലിയ ആകർഷണമായി മാറിയത്. ഒഡേസ തെരുവിൽ നടന്ന ഏറ്റുമുട്ടലിനെ ഒഡേസ പടവുകളിലായി മാറ്റിയാണ് സിനിമയിൽ ചിത്രീകരിച്ചത്.
*** *** ***
താൻ നേരിട്ട അതിക്രമത്തെയും അധിക്ഷേപങ്ങളെയും കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി ഭാവന. താൻ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകയായ ബർക്ക ദത്ത് നടത്തുന്ന 'വി ദി വുമൺ' എന്ന പരിപാടിയിലാണ് ഭാവന തന്റെ ദുരനുഭവങ്ങൾ തുറന്നു പറയുന്നത്. മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.
'സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ വളരെ  വേദനിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേർ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാൻ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു. സംഭവത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും ഭാവന നന്ദി അറിയിച്ചു. ഡബ്ലിയു.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നു. 
'പലരും എനിക്ക് മലയാള സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയിൽ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേർ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ സിനിമകൾ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്നു ഒന്നും സംഭവിക്കാത്തതു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറിനിന്നത്. പകരം മറ്റ് ഭാഷകളിൽ അഭിനയിച്ചു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമകളുടെ കഥ കേൾക്കുന്നുണ്ട്.
ഭാവനയുടെ അനുഭവത്തിനൊപ്പം സംവിധായിക അഞ്ജലി മേനോൻ പറയുന്നത് കൂടി കേൾക്കണം. സിനിമ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കെതിരെയാണ് അവരുടെ  വിമർശനം. കമ്മിറ്റി റിപ്പോർട്ടിൽ പുരോഗതി ഉണ്ടാകാത്തതിനെക്കുറിച്ചും സിനിമയിലെ ആഭ്യന്തരകമ്മിറ്റി രൂപീകരണമടക്കം നടക്കാത്തതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഞ്ജലി. ഒരു സമയത്ത് ഡബ്ല്യു.സി.സിയിലെ അംഗങ്ങളോട് നിരന്തരം സംസാരിച്ചിരുന്ന കമ്മിറ്റിയിലെ അംഗങ്ങൾ പിന്നീട് 'ആരാണ് ഡബ്ല്യു.സി.സി' എന്നുവരെ ചോദിച്ചെന്നും, ഈ കമ്മിറ്റിക്ക് മുന്നിലാണോ നമ്മൾ എല്ലാ സത്യങ്ങളും പറഞ്ഞതെന്ന് പലരും ഡബ്ല്യു.സി.സിക്ക് മുന്നിൽ വന്ന് പറഞ്ഞെന്നുമാണ് അഞ്ജലി മേനോൻ പറയുന്നത്.നമ്മൾ അത്രയും വിശ്വാസം അർപ്പിച്ചാണ് അവരോട് സംസാരിച്ചിരുന്നത്. ഒരു റിസൾട്ടുമില്ലാതെ അത് ഇങ്ങനെ നിൽക്കും എന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഉറപ്പായും ഇതിന് ഒരു പരിഹാരമുണ്ടാകണം. ഡബ്ല്യൂസിസിയിൽ വരുന്നവർക്ക് അറിയാം സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനല്ല എന്ന്. വേറെ ആരും ചില ചോദ്യങ്ങൾ ചോദിക്കാത്തത് കൊണ്ടാണ് നമുക്കത് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത് ഡബ്ല്യൂസിസി അടക്കമുളളവരോട് നീണ്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. -അഞ്ജലി പറഞ്ഞു. 
ഈ കോലാഹലത്തിനിടയ്ക്ക് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നടത്തിയ നിരീക്ഷണം ശ്രദ്ധേയമായി.  സ്ത്രീകൾ വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് ഒടുവിൽ തുറന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് കെ.കെ ശൈലജ പറഞ്ഞത്. വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ 'ആർജ്ജവ 2022' കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ. ഒരു കാര്യത്തിൽ എനിക്ക് എതിർപ്പുണ്ട്. ചിലർ പറയുന്നത് കേൾക്കാം വർഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാൻ എന്തിന് വർഷങ്ങളോളം കാത്തു നിൽക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പർശനമോ ഉണ്ടായാൽ അപ്പോൾ പറയണം. ആ ആർജവം സ്ത്രീകൾ കാണിക്കണം. ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആർജവമില്ലെങ്കിൽ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകൾ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ നിൽക്കണം  -കെ.കെ ശൈലജ പറഞ്ഞു. 
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏറ്റവും വിഷമമുണ്ടാക്കിയ വാർത്ത കോഴിക്കോട്ടെ അധ്യാപികയ്ക്ക് തൃശൂരിനടുത്തു വെച്ച്് കെ.എസ്.ആർ.ടിസി ബസിൽ നേരിട്ട അനുഭവമാണ്. സാമൂഹ്യ വിരുദ്ധൻ ഉപദ്രവിച്ചതിനുമപ്പുറം ടീച്ചറെ വേദനിപ്പിച്ചത് സഹയാത്രികരുടേയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുടേയും നിസ്സംഗതയാണ്. ഗോവിന്ദച്ചാമി എപ്പിസോഡ് കഴിഞ്ഞ് കൊല്ലങ്ങളേറെയായിട്ടും നമ്മുടെ സമൂഹം ഒട്ടും മാറിയിട്ടില്ലല്ലോ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏറ്റവും ശ്രദ്ധേയമായ ടിവി പ്രോഗ്രാം മനോരമ ചാനലിൽ നടൻ ജഗദീഷ്  അവതരിപ്പിച്ച പണം തരും പടം  പ്രോഗ്രാമാണ്. കോഴിക്കോട് മേയർ ഡോ: ബീനാ ഫിലിപ്പായിരുന്നു മത്സരാർഥി. ഉത്തരങ്ങൾ കൃത്യമായി പറഞ്ഞ് സമ്മാനത്തുക വർധിപ്പിച്ചു കൊണ്ടേയിരുന്നു. ഈ പണമത്രയും എങ്ങനെ ചെലവാക്കുമെന്നായി അവതാരകൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പാവപ്പെട്ട രോഗികൾക്ക് നൽകും. മലയാള സിനിമയുടെ സുവർണ കാലത്തെ ഹിറ്റ്് ഗാനത്തിലെ വരികൾ ആലപിച്ചിട്ടാണ് മേയർ വേദിയോട് വിട പറഞ്ഞത്. 
*** *** ***
സാമന്ത തൊടുന്ന ചിത്രമൊക്കെ പൊന്നായി മാറുന്ന കാഴ്ചയാണ് കുറച്ച് വർഷങ്ങളായി സിനിമ ലോകം കാണുന്നത്. തന്റെ ദാമ്പത്യ ജീവിതം വിജയമായില്ലെങ്കിലും സിനിമകൾ എല്ലാം ബ്ലോക്ബസ്റ്ററായി മാറുന്ന കാഴ്ചയാണ്. കുറച്ച് നാളുകളായി സാമന്ത വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോൾ പുതിയൊരു വാർത്ത സാമന്തയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. മൂന്ന് കോടിയിൽ നിന്നിരുന്ന പ്രതിഫലം ഒറ്റയടിക്ക് അഞ്ച് കോടിയിലേക്ക് മാറ്റിയിരിക്കുകയാണ് താരം. തുടർച്ചയായ വിജയങ്ങൾക്ക് ശേഷമാണ് സാമന്ത ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫാമിലി മാൻ സീസൺ ടുവിലെ മികച്ച പ്രകടനവും പുഷ്പയിലെ ഐറ്റം ഡാൻസിൽ പ്രകമ്പനം കൊള്ളിച്ചതുമെല്ലാം പ്രതിഫല തുകയിലെ മാറ്റത്തിന് കാരണമായി.  ഇതോടെ തെന്നിന്ത്യൻ സിനിമ ലോകത്തിൽ മറ്റൊരു കാര്യം കൂടി സംഭവിക്കുകയാണ്. 
പ്രതിഫലത്തിന്റെ കാര്യത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ സാമന്ത. ഇരുവരും ഒന്നിച്ച് ഇപ്പോൾ മറ്റൊരു ചിത്രം വരാനിരിക്കുകയാണ്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന സിനിമയിലാണ് സാമന്തയും നയൻതാരയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോയായി സേതുപതിയും കൺമണിയായി നയൻതാരയും ഖദീജയായി സാമന്തയും ചിത്രത്തിൽ എത്തുന്നു. സാമന്ത വിവാഹ മോചനത്തിന് ശേഷമാണ് കൂടുതൽ സജീവമായിട്ടുള്ളത്. 
*** *** ***
യഥാർഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്് പറഞ്ഞെത്തിയ നാരദൻ സിനിമയിൽ പലതും അടുത്ത കാലത്ത് കേട്ട കാര്യങ്ങളാണ്. പൂച്ചക്കുട്ടിയെ സ്‌നേഹിച്ച മന്ത്രിയ്ക്ക് പണി പോയതും തിരിച്ചു കിട്ടിയതുമാണ് ഇവയിൽ മുഖ്യം. റേറ്റിംഗ് കൂട്ടാൻ ചർച്ചയിൽ കൂടുതൽ തെറി പറയുന്നവനെ വിളിച്ചിരുത്തുന്നതും മലയാളിയ്ക്ക് സുപരിചിതമാണ്. ഇംഗ്ലീഷ് പത്രത്തിൽ ഇരുപത് പേരെ പിരിച്ചുവിട്ടതും മറക്കാറായിട്ടില്ല. ഇതിലെ മാധ്യമ പ്രവർത്തകൻ (ടൊവിനോയുടെ കഥാപാത്രം) റിപ്പബ്ലിക് ഗോസ്വാമിയെ ഓർമിപ്പിക്കുന്നുണ്ട് പലപ്പോഴും. പ്രശ്‌നം അതൊന്നുമല്ല.
മാധ്യമ പ്രവർത്തകരേയും പ്രസ് ക്ലബും കാണിക്കുമ്പോഴെല്ലാം നിർബന്ധ ആചാരമായി മദ്യ സേവയുമുണ്ട്. ആർസിയെന്ന ബഡ് ജേണലിസ്റ്റിനാണെങ്കിൽ സദാ നേരവും സിഗരറ്റ് എരിയണം, അല്ലെങ്കിൽ കുടിക്കണം. വെള്ളമടി സദസുകളിൽ വെച്ച് വൈകുന്നേരത്തെ സംവാദത്തിന്  ആളെ ഉറപ്പിക്കുന്നതെല്ലാം പ്രേക്ഷകർക്ക് പുതിയ അറിവാണ്. 

Latest News