ബി.ആർ.പി ഭാസ്‌കർ @90, സമരോത്സുകം ന്യൂസ് റൂമിന്റെ അകവും പുറവും

ദ ഹിന്ദു, സ്‌റ്റേറ്റ്‌സ്മാൻ, പേട്രിയറ്റ്, ഡെക്കാൻ ഹെറാൾഡ്, യു.എൻ.ഐ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ നീണ്ട ഏഴുപതിറ്റാണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചൈതന്യധന്യമായ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ബി.ആർ.പിയുടെ ജീവിതം അനുഭവങ്ങളുടെ അലകടലാണ്. വാർത്തകളുടെ ക്ഷണിക കൗതുകത്തിനപ്പുറം, കരിയറിനെ കരുത്തുറ്റ നീതിബോധത്തിന്റെയും ഉറച്ച ആർജവത്തിന്റേയും പര്യായമാക്കിയ ഈ പോരാളിയുടെ തൊണ്ണൂറാം പിറന്നാൾ ഇന്നലെയായിരുന്നു. സമരോൽസുകമായ ആ ഇതിഹാസത്തിൽ നിന്നുള്ള ചില ഇതളുകൾ...

സത്യസന്ധമായ മാധ്യമപ്രവർത്തനത്തെ എങ്ങനെയൊരു പോരാട്ടം കൂടിയാക്കാമെന്ന് തെളിയിച്ച ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ, നവതി പിന്നിടുമ്പോഴും തന്റെ നിലപാടുകൾ വെളിപ്പെടുത്താൻ സോഷ്യൽമീഡിയയിലും മറ്റ് വേദികളിലും, ഊർജസ്വലതയോടെ സദാ സജീവമാണെന്ന് കാണാം. അനീതി എവിടെയുണ്ടായാലും അതിനെതിരെ പേനകൊണ്ടും നാക്ക് കൊണ്ടും മാത്രമല്ല, തെരുവിലിറങ്ങി സ്വരമുയർത്തിയും ബി.ആർ.പി സമരമുഖം തുറക്കുന്നു.
അച്ഛൻ എ.കെ ഭാസ്‌കറുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റേയും പത്രപ്രവർത്തനത്തിന്റേയും ദ്വന്ദഭാവങ്ങളുടെ പൈതൃകമാണ് ബി.ആർ.പിയെ ന്യൂസ്‌റൂമിനു വെളിയിലേക്കും അധാർമികതയ്ക്കും അനീതിക്കുമെതിരായ പ്രക്ഷോഭങ്ങളുടെ പാതയിലേക്കെത്തിച്ചത്.
ലോകമെങ്ങും വാർത്തകളുടെ ചിറകിൽ സഞ്ചരിച്ച ബി.ആർ.പിയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്, പ്രത്യേകിച്ചും നവാഗത മാധ്യമപ്രവർത്തകർക്ക്. ബി.ആർ.പി പറയുന്നു: ഈ കാലഘട്ടത്തിലെ പത്രപ്രവർത്തകരുടെ കണ്ണിൽ എന്റെ തലമുറയുടേത് മാധ്യമചരിത്രത്തിലെ ശിലായുഗമോ ദിനോസർ യുഗമോ ആകാം.
പക്ഷേ, ശിലായുഗം എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരു ഗതകാലത്തിന്റെ മാധ്യമപ്രവർത്തനമാകണം, ഇന്നത്തെക്കാൾ ഏറെ ത്രില്ലിംഗ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലാതീതമായ ചില മൂല്യങ്ങളിലുള്ള വിശ്വാസമാണ് തന്റെ മാധ്യമപ്രവർത്തനത്തെ മുന്നോട്ടു കൊണ്ടു പോയത് എന്നും ബി.ആർ.പി എഴുതിയിട്ടുണ്ട്. സത്യം, ധർമം, നീതി എന്നീ മൂന്നു കൊച്ചുവാക്കുകൾക്കപ്പുറം വേറെയെന്ത് തത്ത്വമാണ് പത്രപ്രവർത്തനമൂല്യങ്ങളിലുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു. 
വസ്തുതകളിലെ കൃത്യത, സൂക്ഷ്മമായ ചരിത്രബോധം, സുവ്യക്തമായ നിലപാട്, അവ ആവിഷ്‌കരിക്കാൻ ഉപയോഗിക്കുന്ന സമഗ്രവും സരളവുമായ ഭാഷ എന്നിവ ബി.ആർ.പിയുടെ കുറിപ്പുകളെ വേറിട്ടതാക്കി. ഏഷ്യാനെറ്റിലെ 'പത്രവിശേഷം' എന്ന മാധ്യമവിശകലന പരിപാടിയിലൂടെയാണ് ബി.ആർ.പി ഭാസ്‌കർ എന്ന പേര് സാധാരണക്കാർക്ക് കൂടുതൽ പരിചിതമായത് എന്നു തോന്നുന്നു. കാതലുള്ള മാധ്യമ വിമർശനമായിരുന്നു ബി.ആർ.പിയുടേത്. തെറ്റുകളെ അക്കമിട്ട് വിമർശിക്കുമ്പോഴും അതിലടങ്ങിയ നന്മകൾ കണ്ടെത്താനും അതുറക്കെ പറയാനും ബി.ആർ.പി പ്രത്യേക താൽപര്യം കാണിച്ചു. പുതിയ പ്രവണതകളെ സ്വാഗതം ചെയ്യാൻ എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു.
മനുഷ്യാവകാശപ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത, വ്യക്തവും സുചിന്തിതവുമായ നിലപാടുകൾ പുലർത്തിയ ബി.ആർ.പി, ആ രംഗത്ത് തന്റെ പ്രവർത്തനങ്ങൾ എഴുത്തിലും പ്രഭാഷണത്തിലും മാത്രം ഒതുക്കിയില്ല. പത്രപ്രവർത്തകൻ ആക്ടിവിസ്റ്റ് കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. 
കേരളത്തിൽ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലുണ്ടായ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ പോരാട്ടങ്ങളിലും ബി.ആർ.പിയുടെ നേതൃത്വവും സാന്നിധ്യവുമുണ്ടായിട്ടുണ്ട്.  തനിക്കെതിരേയുള്ള ആക്ഷേപങ്ങളെയോ വിമർശനങ്ങളെയോ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നയാളല്ല ബി.ആർ.പി. വിമർശനങ്ങൾക്ക് മറുപടി പറയാനും സ്വന്തം നിലപാട് വിശദീകരിക്കാനും ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം ഒഴിവാക്കാറില്ല.
ആരോഗ്യപരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര എന്ന് വിശ്വസിക്കുന്നതു കൊണ്ടുതന്നെ അഭിപ്രായ വ്യത്യാസം പുലർത്തുന്നവരെ ആക്ഷേപിക്കാനോ ചെറുതാക്കാനോ ബി.ആർ.പി ശ്രമിക്കാറില്ല. 
മാധ്യമപ്രവർത്തനത്തിൽ, മനുഷ്യാവകാശ സമരങ്ങളിൽ, ആശയ സംവാദങ്ങളിൽ, പരിഷ്‌കൃതമായ ജനാധിപത്യസംസ്‌കാരം പാലിക്കേണ്ടതിന്റെ ആവശ്യകത മലയാളിയെ നിരന്തരം ജാഗ്രതാപൂർവം അനുസ്മരിപ്പിക്കുന്ന  മാർഗദർശിയാണ് ബി.ആർ.പി ഭാസ്‌കർ. 
1952 ഫെബ്രുവരി 25 ന് മദ്രാസിലെ ഹിന്ദു ദിനപത്രത്തിൽ എഡിറ്റോറിയൽ ട്രെയിനിയായാണ് ബി.ആർ.പി പത്രപ്രവർത്തന ജീവിതത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. ഒരു വി.വി.ഐ.പി ചരമവാർത്തയിൽനിന്നായിരുന്നു തുടക്കം. കൊളംബോയിലെ ഹിന്ദു ലേഖകൻ അയച്ച ഒരു ടെലഗ്രാം, അന്നത്തെ ന്യൂസ് എഡിറ്റർ, ബി.ആർ.പിയെ ഏൽപിച്ചു. സന്ദേശം ഇങ്ങനെ:  പ്രധാനമന്ത്രി സേനാനായകെ ഏത് നിമിഷവും മരിക്കാം. ചരമക്കുറിപ്പ് അയക്കുന്നു.
ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രി ഡോൺ സ്റ്റീഫൺ സേനാനായകെയാണ് കഥാപുരുഷൻ. തലേന്ന് രാവിലെ പതിവ് സവാരിക്ക് പോയപ്പോൾ കുതിരപ്പുറത്ത് നിന്ന് വീണ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. സ്ഥലത്തെ ഡോക്ടർമാരും ആ സമയത്ത് കൊളംബോയിലുണ്ടായിരുന്ന ലോകാരോഗ്യ സംഘത്തിലെ വിദഗ്ധരും പ്രധാനമന്ത്രിയെ ചികിൽസിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂറോ സർജന്മാരെ അയച്ചു. ബ്രിട്ടനും ഒരു വിദഗ്ധനെ അയക്കാൻ നിശ്ചയിച്ചു. പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. ബി.ആർ.പി ചരമവാർത്തയെഴുതി രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രധാനമന്ത്രിയുടെ നില അൽപം മെച്ചപ്പെട്ടുവെന്ന വിവരം കിട്ടി. 'ആദ്യപണി വെള്ളത്തിലായി' എന്നു കരുതിയിരിക്കെ, സേനാനായകെ മരിച്ചതായി വീണ്ടും ടെലഗ്രാമെത്തി. വാർത്തയെത്താൻ വൈകിയിരുന്നുവെങ്കിലും 'ഹിന്ദു' സ്‌കോർ ചെയ്തു  പ്രധാനമന്ത്രിയുടെ മരണവും തന്റെ ചെറുകുറിപ്പുമായി പത്രം പിറ്റേന്ന് വായനക്കാരുടെ കൈകളിൽ. മറ്റു പ്രധാനപത്രങ്ങളിലൊന്നും വിശദമായ വാർത്തയില്ലായിരുന്നു. പിന്നീടങ്ങോട്ട് നിരവധി വാർത്തകളും ലേഖനങ്ങളും. അരവ്യാഴവട്ടം ഹിന്ദുവിൽ. ഹിന്ദുപത്രത്തിൽ ആർ. നരസിംഹന്റെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നിലവിൽ വന്നപ്പോൾ ബി.ആർ.പിയും സഹകരിച്ചു. അത് പിന്നീട് ദ ഹിന്ദു പത്രത്തിൽനിന്നുള്ള രാജിയിൽ കലാശിച്ചു. രാജിവെക്കരുതെന്ന് ഹിന്ദു പത്രത്തിന്റെ ഉടമ കസ്തൂരി ശ്രീനിവാസൻ പറഞ്ഞെങ്കിലും 1958 ൽ കേന്ദ്ര ഗവൺമെന്റിന്റെ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ പത്രപ്രവർത്തന പരിശീലനത്തിനായി ബി.ആർ.പി ഫിലിപ്പൈൻസിലേക്ക് പോയി. ഫിലിപ്പൈൻസിൽ നിന്ന് മടങ്ങിയെത്തി ഡൽഹി സ്‌റ്റേറ്റ്‌സ്മാനിൽ നാലു വർഷം. തുടർന്ന് ഡൽഹിയിൽ പേട്രിയറ്റ് പത്രത്തിൽ. അരുണാ ആസഫലിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ അനുകൂല പത്രമായ പേട്രിയറ്റിൽ, പ്രഗൽഭനായ എഡിറ്റർ എടത്തട്ട നാരായണനോടൊപ്പമുള്ള മാധ്യമകാലം ഏറെ അനുഭവങ്ങളാണ് ബി.ആർ.പിക്ക് നൽകിയത്. സോവിയറ്റാഭിമുഖ്യമുള്ള പേട്രിയറ്റിന്റെ രാഷ്ട്രീയ മുഖപ്രസംഗങ്ങൾ പലതും തലശ്ശേരിക്കാരനായ എടത്തട്ട തന്നെയെഴുതിയപ്പോൾ വിദ്യാഭ്യാസ  അക്കാദമിക കാര്യങ്ങൾ സംബന്ധിച്ച ലീഡറുകളത്രയും ബി.ആർ.പിയാണെഴുതിയത്. ചമ്പൽക്കാടുകളിലെ വിമാനാപകടം, ഗോവാ വിമോചനം തുടങ്ങിയ ബ്രേയ്ക്കിംഗ് സ്‌റ്റോറികളെല്ലാം പേട്രിയറ്റിനു ലഭിച്ചത് ബി.ആർ.പിയുടെ ബന്ധം വഴിയായിരുന്നു. ഗോവയിൽ പട്ടാളമിറങ്ങിയതിന്റെ എക്‌സ്‌ക്ലൂസീവ് ആകസ്മികമായാണ് കിട്ടിയത്. നാട്ടിലേക്കുള്ള തീവണ്ടിയാത്രക്കിടെ മംഗലാപുരം സ്‌റ്റേഷനിൽ വലിയ പട്ടാളസംഘത്തെ കണ്ട ബി.ആർ.പി, കൗതുകപൂർവം അന്വേഷിച്ചപ്പോഴാണ് ഗോവാ ആക്ഷന്റെ സൂചന കിട്ടിയത്. പേട്രിയറ്റിലേക്ക് ഫയൽ ചെയ്ത സ്‌റ്റോറി, സ്‌കൂപ്പാവുകയും ചെയ്തു. രാഷ്ട്രീയകാര്യങ്ങൾക്കാണ്, പത്രപ്രവർത്തനത്തെക്കാൾ പേട്രിയറ്റ് പ്രാധാന്യം നൽകുന്നതെന്ന് മനസ്സിലാക്കിയ ബി.ആർ.പി പേട്രിയറ്റ് വിടുകയും കുൽദീപ് നയ്യാർ ചെയർമാനായ യു.എൻ.ഐയിൽ ചേരുകയും ചെയ്തു. ആദ്യം അഹമ്മദാബാദിലും തുടർന്ന് ഡൽഹിയിലുമായി യു.എൻ.ഐ കാലം ഏറെ സംഭവബഹുലമായിരുന്നു. ഏജൻസി വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തം സുഗമമായി നിറവേറ്റി. വാർത്ത എത്രയും പെട്ടെന്ന് കലക്ട് ചെയ്ത് വായനക്കാരിലെത്തിക്കുക ഇക്കാര്യത്തിൽ ബി.ആർ.പി പലർക്കും മാതൃകയായി മാറി. ബംഗ്ലാദേശിൽ അവാമി ലീഗിന്റെ വിജയവും മുജീബുറഹ്മാന്റെ അഭിമുഖവും യു.എൻ.ഐക്ക് ആദ്യം കിട്ടിയത് ബി.ആർ.പിയുടെ മിടുക്കായിരുന്നു. ഇന്ദിരാഗാന്ധി, മൊറാർജി, വാജ്‌പേയ് തുടങ്ങിയവരുമായെല്ലാം നല്ല സുഹൃദ്ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്. 
നീൽ ആംസ്‌ട്രോംഗ് ചന്ദ്രനിൽ കാൽകുത്തിയ 1969 ജൂലൈ 21 ന് ബി.ആർ.പി യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു. പിറ്റേന്ന് ഇറങ്ങിയ എല്ലാ ഇംഗ്ലീഷ് പത്രങ്ങളും ബി.ആർ.പി എഴുതിയ യു.എൻ.ഐ സ്‌റ്റോറിയാണ് നൽകിയത്. ഒന്നാം പേജിലെ കൂറ്റൻ തലക്കെട്ട് ഇതായിരുന്നു: ദ മൂൺ, ദ സീ ഓഫ് ട്രാൻക്വിലിറ്റി (പ്രശാന്തിയുടെ സാഗരം, ചന്ദ്രഗ്രഹം).
 

Latest News