Sorry, you need to enable JavaScript to visit this website.

മൂന്നു മാസം കഴിഞ്ഞും ഇഖാമ ലഭിച്ചില്ലെങ്കിൽ പിഴയുണ്ടോ?

മൂന്നു മാസം കഴിഞ്ഞും ഇഖാമ ലഭിച്ചില്ലെങ്കിൽ പിഴയുണ്ടോ?

ചോദ്യം: ഞാൻ പുതുതായി ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ ജോലിക്കെത്തിയ ആളാണ്. വന്നിട്ട് മൂന്നു മാസം പിന്നിട്ടു. ഇതുവരേക്കും ഇഖാമ ലഭിച്ചിട്ടില്ല. മൂന്നു മാസം കഴിഞ്ഞ സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള പിഴക്ക് ഞാൻ വിധേയനാവുമോ?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം തൊഴിൽ വിസയിൽ ഒരാൾ സൗദിയിൽ എത്തിക്കഴിഞ്ഞാൽ അയാൾക്ക് മൂന്നു മാസത്തിനകം ഇഖാമ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. മൂന്നു മാസ കാലാവധി തൊഴിലിലെ പ്രാവീണ്യം അളക്കുന്നതിനുള്ള സമയപരിധിയാണ്്. ഇതിനിടെ തൊഴിലുടമക്കോ, തൊഴിലാളിക്കോ സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ കരാറിൽനിന്ന് പരസ്പരം പിൻമാറാവുന്നതാണ്. മൂന്നു മാസത്തിനകം സ്‌പോൺസർ ഇഖാമ ഇഷ്യു ചെയ്തു നൽകിയില്ലെങ്കിൽ സ്‌പോൺസർക്കാണ് പിഴ ലഭിക്കുക. 500 റിയാലാണ് പിഴ. മൂന്നു മാസത്തിനുള്ളിലായി ഇഖാമ ലഭിക്കാത്തതിന്റെ പേരിൽ തൊഴിലാളി പിഴ ഒടുക്കേണ്ടതില്ല. 

എക്‌സിറ്റ് റീ എൻട്രിയെ ഫൈനൽ എക്‌സിറ്റ് ആക്കാനാവുമോ?

ചോദ്യം: എന്റെ കുടുംബം എക്‌സിറ്റ് റീ എൻട്രിയിലാണ് നാട്ടിൽ പോയിട്ടുള്ളത്. ഈ എക്‌സിറ്റ് റീ എൻട്രിയെ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ലെവി ഇനത്തിൽ ഭീമമായ തുക അടക്കേണ്ടതുള്ളതിനാൽ എനിക്ക് അതിനു കഴിയില്ലെന്നതിനാലാണ് കുടുംബത്തിന്റെ വിസ റദ്ദാക്കാൻ ഉദ്ദേശിക്കുന്നത്. എക്‌സിറ്റ് റീ എൻട്രി റദ്ദാക്കിയില്ലെങ്കിൽ എനിക്ക് ഇഖാമ പുതുക്കേണ്ടി വരുംനേരം കുടുംബത്തിന്റെ ലെവി നൽകേണ്ടിവരുമോ?

ഉത്തരം: ഇമിഗ്രേഷൻ നിയമപ്രകാരം എക്‌സിറ്റ് റീ എൻട്രിയിൽ പോയവരുടെ വിസ ഫൈനൽ എക്‌സിറ്റ് വിസയാക്കി മാറ്റാൻ കഴിയില്ല. ആരെങ്കിലും എക്‌സിറ്റ് റീ എൻട്രി ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്യാൻ കഴിയുക സ്‌പോൺസർക്കു മാത്രമാണ്. സ്‌പോൺസർക്ക് അബ്ശിറിലെ തവസുൽ സർവീസ് ഉപയോഗപ്പെടുത്തി ആശ്രിതരുടെ എക്‌സിറ്റ് റീ എൻട്രി വിസ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ സാധിക്കും. എക്‌സിറ്റ് റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞ ശേഷം തവസുൽ ഓപ്ഷനിൽ 'ഹുറൂജ് വ ലം യഊദ്' (പോയി, ഇനി വരുന്നില്ല) എന്ന ഓപ്ഷൻ ക്ലിക്കു ചെയ്താണ് ഇതു ചെയ്യേണ്ടത്. എക്‌സിറ്റ് റീ എൻട്രിയിൽ പോയ ആശ്രിതരായുള്ളവരുടെ വിസ ഈ രീതിയിൽ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാനാവും. ഇങ്ങനെ ചെയ്താൽ ഇഖാമ പുതുക്കുമ്പോൾ ആശ്രിതരുടെ ലെവി നൽകേണ്ടിവരില്ല.
 

Latest News