സ്വപ്‌നസാഫല്യത്തിന്റെ നെറുകയിൽ

നിശ്ചയദാർഢ്യമുള്ള ഒരു മനസ്സിന്റെ ഇച്ഛാശക്തിയെ തടസ്സപ്പെടുത്താനോ നിയന്ത്രിക്കാനോ ആർക്കും കഴിയില്ലെന്ന് അമേരിക്കൻ കവയിത്രിയായ എല്ലാ വീലർ വിൽകോക്‌സ് എഴുതിവച്ചിട്ടുണ്ട്. അനുശ്രീയെന്ന നരിക്കുനിക്കാരിക്ക് വിൽകോക്ക്‌സിനെ അറിയില്ല. എങ്കിലും മനസ്സിന്റെ കരുത്തിൽ തനിക്കും ചിലത് വെട്ടിപ്പിടിക്കാൻ കഴിയുമെന്ന് അവൾ തെളിയിച്ചു. എഴുന്നേറ്റു നടക്കാൻപോലും ആകില്ലെന്ന് കരുതിയ അവൾ കൃത്രിമകാലിൽ നടന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പടിക്കെട്ടുകൾ കയറിച്ചെന്നത്. ചിരകാല സ്വപ്‌നമായ മെഡിക്കൽ വിദ്യാഭ്യാസം തനിക്കും അപ്രാപ്യമല്ലെന്ന് അവൾ തെളിയിച്ചുകൊടുക്കുകയായിരുന്നു.
എം.ബി.ബി.എസ് എന്ന സ്വപ്‌നത്തിന് അവളുടെ മനസ്സിൽ വിത്തുപാകിയത് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ഡോക്ടർമാരായിരുന്നു. പ്രത്യേകിച്ചും സർജനായ ഡോ. സുബിൻ നൽകിയ പ്രചോദനം ചെറുതായിരുന്നില്ലെന്ന് അവൾ ഇപ്പോഴും ഓർക്കുന്നു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കിടെ ഡോക്ടർമാരുടെയെല്ലാം സ്‌നേഹം പിടിച്ചുപറ്റാൻ അവൾക്ക് കഴിഞ്ഞു. അവർ പകർന്നുനൽകിയ സ്‌നേഹവാത്സല്യത്തിലും മനക്കരുത്തിലും രോഗം പോലും തന്നിൽനിന്നും ഓടിയകലുന്നത് അവൾ കണ്ടു. എങ്കിലും അപ്പോഴേയ്ക്കും അവളുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റപ്പെട്ടിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ അവൾ മനസ്സിൽ കുറിച്ചിട്ടു. തനിക്കും ഇവരെപ്പോലെ ഒരു നല്ല ഡോക്ടറാകണം.
നരിക്കുനി ഹൈസ്‌കൂൾത്താഴം തറോൽക്കണ്ടിയിൽ പ്രേമരാജന്റെയും ഷീനയുടെയും മകളായ അനുശ്രീ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എന്നും മുൻപന്തിയിലുണ്ടായിരുന്നു. നരിക്കുനി ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് അവളുടെ നെരിയാണിക്കടുത്ത് നീർക്കെട്ടുണ്ടായത്. നരിക്കുനിയിലെ ഡോക്ടറെ സന്ദർശിച്ചെങ്കിലും അദ്ദേഹം മെഡിക്കൽ കോളേജിലേയ്ക്കു റഫർ ചെയ്യുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയിലാണ് കാൻസറിന്റെ തുടക്കമാണെന്നു കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ബോർഡിൽ ലൈൻമാനായ പ്രേമരാജനും ഭാര്യയും ഒട്ടും അമാന്തിച്ചില്ല. അനുശ്രീയെയും കൂട്ടി നേരെ തിരുവനന്തപുരം ആർ.സി.സിയിലേയ്ക്കു ചെന്നു.


വേദനയുടെ നാളുകളായിരുന്നു അവളെ കാത്തിരുന്നത്. ശരീരം തളർത്തുന്ന രീതിയിലുള്ള ചികിത്സകളെ അവൾ പുഞ്ചിരിയോടെ നേരിട്ടു. പതിനെട്ടോളം കീമോകളാണ് ആ ചെറിയ ശരീരം ഏറ്റുവാങ്ങിയത്. അവളുടെ ആത്മധൈര്യത്തിൽ ആ മാതാപിതാക്കളും സന്തോഷിച്ചു. രോഗാവസ്ഥയുടെ അടുത്ത ഘട്ടമായിരുന്നു അവരെ ഞെട്ടിച്ചത്. കാൻസറിന്റെ ക്രൂരഹസ്തങ്ങൾ അവളുടെ കാലിൽ പിടിമുറുക്കിയിരുന്നു. മുട്ടിനുതാഴെ മുറിച്ചുമാറ്റാതെ രക്ഷയില്ല. മാതാപിതാക്കളുടെ ദൈന്യത കണ്ട് അവളാണ് അവരെ ആശ്വസിപ്പിച്ചത്. അസുഖം ഭേദമാകാൻ ഇതുകൂടിയേ തീരൂ എന്നാണെങ്കിൽ അതിനും അവൾ തയ്യാറായിരുന്നു.
എട്ടുമാസത്തെ ആശുപത്രിവാസത്തിനുശേഷമാണ് അവൾ വീട്ടിലെത്തിയത്. എട്ടാം ക്ലാസിനൊടുവിലാണ് അവൾ ചികിത്സക്കായി പോയത്. ചികിത്സ കഴിഞ്ഞ് എത്തുമ്പോഴേയ്ക്കും അടുത്ത വർഷം ഡിസംബർ മാസമായിരുന്നു. വാക്കറിന്റെ സഹായത്തോടെ അവൾ ക്ലാസിൽ പോയിത്തുടങ്ങി. ഒൻപതാം ക്ലാസ് വാർഷിക പരീക്ഷയെഴുതി. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് അവൾ വിജയിച്ചത്. തുടർന്ന് പ്ലസ് വണ്ണിന് അതേ സ്‌കൂളിൽ തന്നെ ചേർന്നു. സയൻസായിരുന്നു ഐച്ഛികമായെടുത്തത്. പ്ലസ് വൺ പഠനകാലത്തായിരുന്നു കാലിൽ വീണ്ടും പഴുപ്പ് വന്നത്. കാലിൽ ഘടിപ്പിച്ചിരുന്ന കമ്പി പൊട്ടിയിരുന്നു. വീണ്ടും ആർ.സി.സിലെത്തി. മൂന്നാഴ്ചയോളം ചികിത്സ തുടർന്നു. ഒടുവിൽ കൃത്രിമകാൽ ഘടിപ്പിച്ചായിരുന്നു അവിടെനിന്നും മടങ്ങിയത്. കൃത്രിമക്കാലിൽ നടന്നുതുടങ്ങിയ കാലത്ത് വേദനയും അസ്വസ്ഥതയുമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ശീലമായി. യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കാനാവുന്നുണ്ട്- അനുശ്രീ പറയുന്നു.
ലക്ഷ്യപ്രാപ്തിക്കായുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോൾ പ്ലസ് ടുവിലും അത് ആവർത്തിച്ചു. ഒട്ടറെ പേരുടെ സഹകരണമാണ് ഇതിനു തുണയായതെന്ന് അനുശ്രീ പറയുന്നു. ബന്ധുക്കളും അധ്യാപകരും സഹപാഠികളുമെല്ലാം കൂടെ നിന്നു. കോവിഡ് പോലും വകവയ്ക്കാതെ നോട്ട്‌സുകളെല്ലാം പകർത്തിനൽകിയത് സഹപാഠികളാണ്. അവർ വീട്ടിൽ വന്നാണ് എല്ലാം എഴുതിത്തന്നത്. അധ്യാപകരും എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
നരിക്കുനിയിലെ പ്രിസം ഇൻസ്റ്റിറ്റിയൂട്ടിലായിരുന്നു മെഡിക്കൽ എൻട്രൻസ് കോച്ചിംഗിന് ചേർന്നത്.  ഓൺലൈൻ വഴിയായിരുന്നു പരിശീലനം. പരീക്ഷ എഴുതിയപ്പോൾ നല്ല കടുകട്ടിയായി തോന്നിയിരുന്നുവെങ്കിലും പരമാവധി ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിഞ്ഞു. അതിന് ഫലമുണ്ടായി. ഫലം വന്നപ്പോൾ മികച്ച റാങ്കുണ്ടായിരുന്നു. എല്ലാവർക്കും വലിയ സന്തോഷവാർത്തയായിരുന്നു അത്. നാട്ടിൽ പലയിടങ്ങളിൽനിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
മികച്ച സ്‌കോറിനു പുറമെ അംഗ പരിമിതർക്കുള്ള ക്വാട്ടയിൽ ഉൾപ്പെട്ടതുകൊണ്ടു കൂടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽതന്നെ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചത്. അംഗപരിമിതർക്കു നാട്ടിൽതന്നെ പഠിക്കാനുള്ള അവസരം നൽകണമെന്ന നിയമവും തുണയായി.
നരിക്കുനി ഹൈസ്‌കൂളിലെ കണക്ക് അധ്യാപകനായ റഹീം സാറിന്റെ കൈപിടിച്ചാണ് അവൾ മെഡിക്കൽ കോളേജിൽ പ്രവേശനത്തിനെത്തിയത്. രോഗകാലത്ത് തനിക്ക് തുണയായി നിന്ന ആ അധ്യാപകൻ തന്റെ ഉയർച്ചയിലും തുണയായതിന്റെ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും ഒരു മാസത്തോളം ഓൺ ലൈൻ ക്ലാസാണ് നടക്കുന്നത്. മാർച്ച് മാസത്തോടെ റഗുലർ ക്ലാസുകൾ ആരംഭിക്കും. അപ്പോൾ വീട്ടിൽനിന്നും പോയിവരാമെന്ന കണക്കുകൂട്ടലിലാണ് അനുശ്രീ.
ഇലക്ട്രിസിറ്റി ബോർഡിൽനിന്നും വിരമിച്ച അച്ഛൻ പ്രേമരാജൻ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ചേട്ടൻ അതുലും മെഡിക്കൽ രംഗത്തുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും റേഡിയോഗ്രാഫിയിൽ ഡിപ്‌ളോമ നേടിയ അതുൽ ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിൽ റേഡിയോഗ്രാഫറാണ്. മെഡിക്കൽ പ്രവേശനം നേടിയെങ്കിലും അനുശ്രീയുടെ സ്വപ്‌നങ്ങൾ പിന്നെയും വളർന്നിരിക്കുന്നു. എം.ബി.ബി.എസ് മാത്രം പോരാ എന്ന നിലപാടിലാണവൾ. അർബുദരോഗ ചികിത്സയിൽ എം.ഡി സമ്പാദിക്കണം. പ്രശസ്തയായ ഒരു സർജനായി മാറണമെന്നാണ് അവളുടെ ഇനിയുള്ള സ്വപ്‌നം.

Latest News