ഉക്രൈനിൽ മെഡിസിൻ പഠിക്കാൻ ചെന്ന കുട്ടികൾ നമ്മുടെ ചാനലുകൾക്ക്് വലിയ സേവനമാണ് ചെയ്യുന്നത്. ബങ്കറിൽ ജീവനും പണയപ്പെടുത്തിയുള്ള അതിസാഹസിക റിപ്പോർട്ടിംഗ്. കർണാടകയിലെ വിദ്യാർഥി രാവിലെ പ്രാതൽ വാങ്ങി വരുന്നതിനിടെയാണ് റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ന്യൂസ് 18 ചാനൽ അവതാരക അന്വേഷിച്ചപ്പോൾ ബങ്കറിൽ കഴിയുന്ന കുട്ടികൾ വളരെ ഗൗരവമുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമേ കൈവശമുള്ളു. സാനിറ്ററി പാഡുകൾ ആവശ്യമായി വരും എന്നിങ്ങനെ പലതും. അതിനിടയ്ക്ക് ഒരു മലയാളി പയ്യൻ ഒപ്പമുള്ള വിദ്യാർഥിനികൾക്ക് വിശപ്പടക്കാൻ ഷവർമ വാങ്ങാനിറങ്ങിയതും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത മലയാളികൾക്ക് സമൂഹ മാധ്യമങ്ങളിൽ അടികൂടാൻ കാരണമായി. കുമാരനേയും വനിതാ സുഹൃത്തുക്കളേയും അധിക്ഷേപിക്കുന്ന കമന്റുകളിലൂടെ മലയാളികളുടെ നിലവാരത്തകർച്ച ലോകത്തിന് ബോധ്യമായി. ദ ക്യു ക്ലാസ്‌മേറ്റ്‌സായ കുമാരിമാരുടെ വിശദമായ അഭിമുഖം സംപ്രേഷണം ചെയ്തത് ശ്രദ്ധേയമായിരുന്നു. മൈനസ് ഫോർ ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന യൂറോപ്പിലെ അതിശൈത്യത്തിൽ ജാതിയും മതവും നോക്കാതെ ഹിജാബുകൾ ധരിച്ചു പോകുമെന്ന്് ഈ കുട്ടികൾക്ക്് പറയേണ്ടി വന്നു. ആരെങ്കിലും എന്തെങ്കിലും ഭക്ഷിക്കുകയോ, ഏതെങ്കിലും വസ്ത്രം ധരിക്കുകയും ചെയ്യട്ടെ.
**** **** ****
സ്‌റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ഉക്രൈൻ ജനതയെ ഇറാനിയൻ ജനതയെന്ന് വിളിച്ച് ജോ ബൈഡൻ. റഷ്യക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും, ഉക്രൈനിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഇതിന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കീവിനെ വളയാനും ആക്രമിക്കാനും പുട്ടിന് കഴിയും, എന്നാൽ ഇറാനിയൻ ജനങ്ങളുടെ ഹൃദയത്തിലും മനസിലും സ്ഥാനം പിടിക്കാൻ പുട്ടിന് കഴിയില്ലെന്നാണ് ജോ ബൈഡൻ പറഞ്ഞത്. അടുത്തിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇതേ സമയം ഉക്രൈൻ എന്ന് തിരുത്തി പറയുന്നതായും വീഡിയോ പങ്ക് വെച്ച് ട്വിറ്റർ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി.
**** **** ****
ഉക്രൈൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ വർണ്ണ വംശ വിവേചനവും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. തൊലിയുടെ നിറവും, സംസാരിക്കുന്ന ഭാഷയും തങ്ങളെ മറ്റുള്ളവരെക്കാൾ മികച്ചവരാക്കുന്നുവെന്ന ബോധം മാധ്യമപ്രവർത്തകർ പോലും പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നതിന്റെ കൂടി സാക്ഷ്യപത്രമാകുകയാണ് ഈ റിപ്പോർട്ടുകൾ.
ഇത് ഇറാഖും, അഫ്ഗാനിസ്ഥാനുമല്ല യൂറോപ്പാണെന്ന് ആശ്ചര്യപ്പെടുകയാണ് റിപ്പോർട്ടർ. സംസ്‌കാര സമ്പന്നമായ യൂറോപ്യൻ നഗരത്തിലാണ് ഈ കാഴ്ചകളെന്നത് അവരെ വേദനിപ്പിക്കുന്നു. യുദ്ധങ്ങൾ നശിപ്പിച്ച അഫ്ഗാനിസ്ഥാനും, ഇറാഖും അവിടത്തെ ജനതയുമെല്ലാം യൂറോപ്പിലെ ജനത്തെക്കാൾ താഴെയാണെന്ന ബോധ്യമാണ് അറിയാതെ പുറത്ത് ചാടിയത്. ഈ പ്രസ്താവന നടത്തിയ റിപ്പോർട്ടർ പിന്നീട് ക്ഷമ ചോദിച്ചു.
2015ൽ സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ മടിച്ച പോളണ്ട് ഇപ്പോൾ വാതിൽ തുറന്നത് എന്തെന്ന ചോദ്യത്തിന് എൻബിസിയുടെ റിപ്പോർട്ടറുടെ മറുപടി, വ്യക്തമായി പറഞ്ഞാൽ, ഇവർ സിറിയയിൽനിന്നുള്ള അഭയാർത്ഥികളല്ല, ഉക്രൈനിൽനിന്നുള്ള അഭയാർത്ഥികളാണ്. അവർ ക്രിസ്ത്യാനികളാണ്, അവർ വെളുത്തവരാണ്. അവർ നമ്മളോട് വളരെ സാമ്യമുള്ളവരാണ്' എന്നായിരുന്നു, അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ പോളണ്ട് അടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വംശീയ വേർതിരിവുണ്ടാകുന്നുവെന്ന വ്യാപക പരാതിയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളും സമാനമായ പരാതിയുയർത്തിയിരുന്നു. ഇന്ത്യൻ അധികൃതർ നിർദേശിച്ചതനുസരിച്ച്് മലയാളികളടക്കമുള്ള വിദ്യാർഥികൾ കീവ് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഒരു ട്രെയിനിലും ഇവർക്ക്് പ്രവേശിക്കാനായില്ല. ആദ്യ പരിഗണന ഉക്രൈൻ സ്വദേശികൾക്ക്. പിന്നീട് വല്ല സായിപ്പന്മാർക്ക്് ചാൻസ്. മലയാളികൾക്കും ഇന്ത്യക്കാർക്കും സീറ്റില്ല. പഴയ കാലത്ത് പ്രൈവറ്റ് ബസുകാർ വിദ്യാർഥികളോട് ബസ് പോകുമ്പോൾ കയറ്റാമെന്ന്് പറയുന്നത് പോലൊരു നിലപാട്. യുദ്ധം ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല, ഒരു ജനതയും അഭയാർത്ഥി ജീവിതം അർഹിക്കുന്നില്ല, തൊലിയുടെ നിറവും സംസാരിക്കുന്ന ഭാഷയും സംസ്‌കാരത്തിന്റെ അടയാളവുമല്ല. മാധ്യമങ്ങൾ ഇതൊന്നും മറക്കാൻ പാടില്ല.
**** **** ****
റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ വിഭാഗമായ റഷ്യ ടുഡെ(ആർടി)യെ യുകെ ഭവനങ്ങളിൽ നിന്നും പുറത്താക്കി ബോറിസ് സർക്കാർ . പുട്ടിന്റെ വാഴ്ത്തലുകൾ മാത്രം വിളമ്പുന്ന ചാനലിന്റെ സംപ്രേഷണമാണ് അവസാനിപ്പിക്കുന്നതെന്ന് കൾച്ചർ സെക്രട്ടറി വ്യക്തമാക്കി. ആർടി ചാനലിന്റെ സംപ്രേഷണം ബ്രിട്ടനിൽ കനത്ത വിലക്കിലേക്കാണ് നീങ്ങുന്നതെന്ന് നാദീൻ ഡോറീസ് പറഞ്ഞു. ഇതോടെ സ്‌കൈ ടിവിയിൽ നിന്നും ന്യൂസ് ചാനൽ അപ്രത്യക്ഷമായി. റഷ്യൻ ബ്രോഡ്കാസ്റ്റർ നിഷ്പക്ഷത പുലർത്തിയില്ലെന്ന റിപ്പോർട്ടുകളിൽ 15 അന്വേഷണങ്ങളാണ് ഓഫ്‌ജെം ആരംഭിച്ചത്.സംഘർഷമേഖലയിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന പ്രതിനിധികളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഉക്രൈനിലെ ഡോൺബാസ് മേഖല പോലുള്ള സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന വാർത്തകളെ കുറിച്ചാണ് അന്വേഷണം. ഈ നീക്കത്തോടെ ആർടിക്ക് യുകെ ലൈസൻസ് നഷ്ടമാകാൻ ഇടയുണ്ട്. നിരവധി ബ്രിട്ടീഷ് അവതാരകരും, റിപ്പോർട്ടർമാരുമുള്ള ആർടി ഉക്രൈൻ അധിനിവേശത്തെ 'പ്രത്യേക സൈനിക നടപടി' എന്നാണ് വിളിക്കുന്നത്. ഇതിനിടെ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യുട്യൂബ് ആർടിക്ക് പുറമെ സ്പുട്‌നിക്കിന്റെയും ചാനലുകൾ യുകെ ഉൾപ്പെടെ യൂറോപ്പിൽ എല്ലായിടത്തും ബ്ലോക്ക് ചെയ്തു.
ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിലുള്ള സിനിമ റിലീസുകൾ നിർത്തിവച്ച് ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളായ സിഡ്‌നിയും വാർണർ ബ്രദേഴ്‌സും സോണിയും. 'ദ ബാറ്റ്മാൻ' എന്ന ചിത്രം റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയ അറിയിച്ചു. മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിക്‌സർ ആനിമേഷൻ സ്റ്റുഡിയോയുടെ 'ടേണിങ് റെഡ്' സിനിമയുടെ തിയേറ്റർ റീലിസുകൾ നിർത്തുകയാണെന്ന് വാൾട്ട് സിഡ്‌നിയും അറിയിച്ചു. മാർച്ച് 10ന് ആയിരുന്നു ടേണിങ് റെഡ് റഷ്യയിൽ റിലീസ് ചെയ്യാനിരുന്നത്.
'മോർബിയസ്' ഉൾപ്പെടെയുള്ള സിനിമകളുടെ റിലീസ് സോണിയും നിർത്തിവച്ചു. ചലചിത്ര വ്യവസായത്തിൽ ഹോളിവുഡിന്റെ പ്രധാന വിപണിയാണ് റഷ്യ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സോണിയുടെ 'സ്‌പൈഡർമാൻ: നോ വേ ഹോം' ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 1.85 ബില്യൺ ഡോളറാണ് നേടിയത്. ഇതിൽ 46.7 ദശലക്ഷം ഡോളർ റഷ്യയിൽ നിന്നാണ് ലഭിച്ചത്. കൂടാതെ സോണിയുടെ ഏറ്റവും പുതിയ റിലീസായ 'അൺചാർട്ടഡ്' കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യയിൽനിന്ന് ഏകദേശം 20 മില്യൺ ഡോളറാണ് നേടിയത്.റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നിൽക്കുന്നുവെന്ന് മോഷൻ പിക്ചർ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. റഷ്യൻ ചലച്ചിത്ര വ്യവസായത്തെ അന്താരാഷ്ട്ര തലത്തിൽ ബഹിഷ്‌കരിക്കാൻ ഉക്രൈൻ ഫിലിം അക്കാദമി ആഹ്വാനം ചെയ്തിരുന്നു.
**** **** ****
ഉക്രൈനിൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തുന്ന റഷ്യയെ അന്താരാഷ്ട്ര കോടതി കയറ്റാൻ യുകെ ഉൾപ്പെടെ 38 രാജ്യങ്ങൾ. ദുരന്തസമാനമായ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് യുകെ ഉൾപ്പെടെ 38 രാജ്യങ്ങൾ ഇന്റർനാഷണൽ ക്രിമിനൽ കോടതിയെ സമീപിച്ചു. കോടതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റഫറലാണ് ഇതെന്ന് ബ്രിട്ടന്റെ ഫോറിൻ, കോമൺവെൽത്ത് ആന്റ് ഡെവലപ്‌മെന്റ് ഓഫീസ് പറഞ്ഞു. ഇയു അംഗരാജ്യങ്ങൾക്ക്് പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലാൻഡ്, സ്വിറ്റ്‌സർലണ്ട്, നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവരും റഷ്യയ്‌ക്കെതിരെ ഐസിസിയിൽ റഫറൻസ് നൽകിയിട്ടുണ്ട്. ആവശ്യമുള്ള സാഹചര്യങ്ങളിൽ ഐസിസി അന്താരാഷ്ട്ര സമൂഹത്തിന് എതിരായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും, വിചാരണയും നടത്തും.
**** **** ****
റഷ്യൻ സൈന്യത്തിന്റെ ഉക്രൈൻ അധിനിവേശം രണ്ടാം വാരത്തിലേക്ക്് കടന്നപ്പോൾ ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കീഴടങ്ങിയതിന് ശേഷം ഒരു റഷ്യൻ സൈനികന് ഉക്രൈൻ പൗരന്മാർ ഭക്ഷണവും ചായയും ഒക്കെ നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്. സ്ഥിരീകരിക്കാത്ത വീഡിയോ ആണിത്. ഒരു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. അയാൾക്ക് ചുറ്റും നിരവധി ഉക്രൈൻകാർ നിൽക്കുന്നത് വീഡിയോയിൽ കാണാം. അവരിൽ ഒരാൾ ഫോൺ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. റഷ്യൻ സൈനികന് അദ്ദേഹത്തിന്റെ അമ്മയെ വിളിക്കാൻ സഹായിക്കുകയാണ് ഉക്രൈൻ യുവതി. വികാരാധീനനായ സൈനികന് കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല എന്നതു വീഡിയോയിൽ വ്യക്തമാണ്. എന്നാലിതിനെ ഉറപ്പിച്ചങ്ങ്് വിശ്വസിക്കാൻ പറ്റുമോ? യുദ്ധം തുടങ്ങിയശേഷം സോഷ്യൽ മീഡിയയിൽ വൈറലായ മറ്റൊരു വീഡിയോയുണ്ട്. റഷ്യൻ സൈനികനെ ഉക്രൈൻ ബാലിക ശകാരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണിത് പ്രചരിച്ചത്. യഥാർഥത്തിൽ ഇത് ഫലസ്തീൻ ബാലിക വർഷങ്ങൾക്ക് മുമ്പ് ഇസ്രായിൽ പട്ടാളക്കാരനെ അറബിയിൽ ചീത്ത പറയുന്നതാണിത്. ഇതു സംബന്ധിച്ച തിരുത്തലുകൾ മലയാളി സമൂഹ മാധ്യമ ലോകത്ത്് നടന്ന ശേഷമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഇതേ ദൃശ്യവുമായി മാതൃഭൂമി ന്യൂസ് ചർച്ച നടത്തിയത്. റഷ്യയുടെ ഉക്രൈൻ അധിനിവേശ ചർച്ചയ്ക്ക് എരിവ് പകരാനാണ് ഈ വിഷ്വൽ ഉപയോഗിച്ചത്. ഈ അവതാരങ്ങളൊന്നും ഇവിടെയെങ്ങുമല്ലേ ജീവിക്കുന്നത്?
**** **** ****
ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ വിദ്യാർത്ഥികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ജയ് വിളിക്കാൻ ശ്രമിച്ച് പരിഹാസ്യരായി ഇന്ത്യൻ അധികൃതർ. ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോൾ ഏറ്റു വിളിക്കുകയും നരേന്ദ്ര മോഡിക്ക് ജയ് വിളിക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ എഎൻഐ വാർത്താ ഏജൻസിയുടേതായിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എയർ ഫോഴ്‌സ് വിമാനത്തിൽ വിദ്യാർത്ഥികളെ കയറ്റി ഇരുത്തിയ ശേഷം ഇന്ത്യൻ ഉദ്യോഗസ്ഥൻ വിദ്യാർത്ഥികൾക്ക് മുദ്രാവാക്യം വിളിച്ചു നൽകുകയായിരുന്നു. ഭാരത് മാതായ്ക്ക് ജയ് ഏറ്റുവിളിച്ച വിദ്യാർത്ഥികൾ എന്നാൽ മോഡിയ്ക്ക് ജയ്് വിളിച്ചപ്പോൾ മിണ്ടാതിരുന്നു. ഉക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കൽ ഫ്്‌ളൈറ്റ് ഇന്ത്യയിലെത്തിയപ്പോൾ അതിലേറെയും മലയാളി വിദ്യാർഥികളായിരുന്നു. എന്നിട്ടും മലയാളി കേന്ദ്ര മന്ത്രിയെ നിശബ്ദ നിരീക്ഷകനായി അടുത്തു നിർത്തിയത് ഒട്ടും ഉചിതമായില്ല.
**** **** ****
പണ്ടൊക്കെ പത്രങ്ങളായിരുന്നു സിനിമക്കാരുടെ ഇഷ്ട വിഷയം. അങ്ങിനെയാണ് ന്യൂദൽഹിയും വാർത്തയുമൊക്കെ സിനിമയായത്. കാലം മാറിയപ്പോൾ ടിവി ന്യൂസ് ചാനലുകളെ കുറിച്ചായി സിനിമകൾ. ഇതിൽ ചിലത് ഹിറ്റാവുകയും ചെയ്തു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ടിവി വാർത്താ ചാനലുകളുടെ അനാരോഗ്യകരമായ മത്സരത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ചിത്രം.ആഷിഖ് അബു- ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിൽ ചാനൽ മുറിയിലെ അവതാരകരെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്് ടൊവിനോ. ടൊവിനോ എന്ന നടന്റെ ഫഌക്‌സിബിളിറ്റി എടുത്ത് പറയേണ്ട കാര്യമാണ്. ഒരു ചാനൽ അവതാരകന്റെ എല്ലാ മാനറിസമുകളും, സംസാരവും ഒക്കെ വരേണ്ട കഥാപാത്രം ഭദ്രമായിരുന്നു ടൊവിനോ എന്ന നടനിൽ. പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദനിൽ കാണിച്ചിരിക്കുന്നതെന്നാണ് തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ അവകാശവാദം.






