സി.ബി.ഐ റെയ്ഡ്: മിത്രങ്ങൾ ശത്രുക്കളായി

ഇപ്പോൾ രണ്ടു ദശാബ്ദം കഴിഞ്ഞും തീർത്തും നിസ്സംഗനായി തിരിഞ്ഞുനോക്കുമ്പോൾ, നഷ്ടമായതിനെക്കാൾ കൂടുതലനുഭവപ്പെടുന്നത് കടുത്ത ധാർമികരോഷമാണ്. ഏകദേശം രണ്ട് കൊല്ലത്തോളം അരിച്ചുപെറുക്കി അവമതിപ്പുളവാക്കുംവിധം അന്വേഷണം നടത്തി, ഒടുവിൽ തെറ്റായി ഒന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചുകൊണ്ട് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. വലിയ പ്രാധാന്യത്തോടെ വാർത്തകൾ കൊടുത്ത പത്രങ്ങളൊന്നും ഒരു മൂലയിൽപോലും സത്യം റിപ്പോർട്ട് ചെയ്തില്ല. അന്വേഷണസമയത്ത് നേരിട്ട മനോവ്യഥ എങ്ങനെ പറഞ്ഞറിയിക്കും? അതിനെവിടെ പരിഹാരം കിട്ടും? എത്ര എളുപ്പത്തിലാണ് ഒരു ദുർബുദ്ധിയായ വ്യക്തിക്ക് മറ്റുളളവരെ കരിവാരിത്തേക്കുകയും തകർക്കുകയും ചെയ്യാൻ കഴിയുന്നത്? കളങ്കിതനായി ചിത്രീകരിക്കപ്പെട്ടതിന്റെ കറയും കരിനിഴലും അല്ലെന്ന് തെളിഞ്ഞിട്ടും മാഞ്ഞുപോകുമോ? ഗവണ്മെന്റിന് നഷ്ടംവരുത്താൻ ഗൂഢാലോചന നടത്തി എന്നായിരുന്നു പ്രഥമവിവരറിപ്പോർട്ട്. നഷ്ടമോ ഗൂഢാലോചനയോ അചിന്തനീയമായിരുന്നു! ദശാബ്ദങ്ങളോളം ആത്മാർപ്പണത്തോടെയും ത്യാഗബുദ്ധിയോടെയും ജോലി ചെയ്തതിന് ഒടുവിൽ കിട്ടിയ പ്രതിഫലം! എന്നെപ്പോലെ സംഭവിച്ച പലരേയും അറിയാം. സി.ബി.ഐ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനരീതിയിൽ എന്തെങ്കിലും മാറ്റംവരുമെന്ന് പ്രതീക്ഷിക്കാനാവില്ല!
റെയ്ഡ് കഴിഞ്ഞ് ഒരാഴ്ചക്കുളളിൽ സി.ബി.ഐ ഡയറക്ടർ ആർ.കെ.രാഘവനെ മദ്രാസിൽ വെച്ചേ പരിചയമുണ്ടായിരുന്നതിനാൽ പോയികണ്ടിരുന്നു. റെയ്ഡ് ചെയ്യാൻ ആലോചന തുടങ്ങിയപ്പോൾ മന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയെ കണ്ടപ്പോൾ എന്നെക്കുറിച്ച് അദ്ദേഹത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നറിയിച്ചപ്പോൾ രാഘവൻ മദിരാശിക്കാലത്തേ ഞങ്ങൾ തമ്മിലുളള സൗഹൃദത്തെക്കുറിച്ച് അറിയിച്ചതായും, റെയ്ഡിന് ഉത്തരവിടുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നുമാണ് പറഞ്ഞത്. വിദേശനാണയച്ചട്ടം ലംഘിച്ചതിനെപ്പറ്റി അന്വേഷിക്കാൻ വിളിച്ചിരുന്ന ബാംഗ്ലൂരിലെ ഇ.ഡി.ഉദ്യോഗസ്ഥൻ ശങ്കർ ഫയലുകൾ നോക്കി സംസാരിച്ചുതുടങ്ങിയ ഉടനെ ഒരു തെറ്റും നടന്നില്ലെന്ന് ഖണ്ഡിതമായി പറഞ്ഞു. പക്ഷേ, സിബിഐയിലെ ഉദ്യോഗസ്ഥൻമാരുടെ രീതിയും ലക്ഷ്യവും അതായിരുന്നില്ല. എങ്ങനെയെങ്കിലും കുറ്റം കണ്ടെത്തുക എന്നതായിരുന്നു, കുടുംബബന്ധങ്ങളെപ്പോലും ശിഥിലമാക്കുന്ന വിധത്തിൽ.
അന്വേഷണസംഘം പോയിക്കഴിഞ്ഞ് വാരിവലിച്ചിട്ട സാധനങ്ങൾ തിരികെവയ്ക്കുമ്പോഴാണ് പനയോലയിലെഴുതിയ എന്റെ ജാതകത്തിന്റെ ഓലകൾ വാരിവലിച്ചിട്ടത് കണ്ടെടുത്തത്. അത് പുറത്തെടുത്ത് ഒരാൾ മേലുദ്യോഗസ്ഥനെ കാണിച്ച് 'അതീവ രഹസ്യരേഖ' കിട്ടിയെന്ന് പറയുന്നത് കേട്ടപ്പോൾ സന്ധ്യ അത് എന്റെ കുണ്ഡലി (ജാതകം)യാണെന്ന് പറഞ്ഞതോടെ വലിച്ചെറിയുകയായിരുന്നത്രെ.
ഞാൻ ഒറ്റയ്ക്കായി. അപ്പോൾ അടുത്ത ഫ്ലാറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥനായ ജഗദീഷ് മാംഗെയിനും രാവിലെ എനിക്ക് വിളിച്ചിട്ട് കിട്ടാതിരുന്ന സുഹൃത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ രാമചന്ദ്രനും ഓഫീസിലെ സഹപ്രവർത്തകൻ ബ്രിജ് ബക്ഷിയും ആശ്വസിപ്പിക്കാനെത്തി. തനിച്ച് ഉറങ്ങേണ്ടെന്നും രണ്ട് പെഗ് മദ്യപിച്ചാൽ ഉറക്കംവരുമെന്നുമൊക്കെ പറഞ്ഞു. വരാനുളളതെന്തായാലും, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നതിനാൽ, ധൈര്യപൂർവ്വം അഭിമുഖീകരിക്കുമെന്നും അവരെ അറിയിച്ചു. വളരെ അടുത്ത കുടുംബസുഹൃത്താണെന്ന് കരുതിയിരുന്ന ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോൾ വീട്ടിൽ അതിഥികളുണ്ടെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോൺവെച്ചു. ആ വിളി പിന്നീട് മാസങ്ങളോളം വന്നില്ല.
രാത്രിയിൽ  മടങ്ങിയെത്തിയ സി.ഇ.ഒ ഷാ വിവരങ്ങൾ ആരായുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പകൽ കഴിഞ്ഞ കാര്യങ്ങളോർത്ത് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഏതാണ്ട് മൂന്ന് മണിയായപ്പോൾ നെഞ്ചിൽ കനത്ത ഭാരം കൂടിയതുപോലെ തോന്നി; ശരീരം വിയർത്തുകുളിച്ചു. മെല്ലെ നീങ്ങി കട്ടിൽത്തലയ്ക്കലുണ്ടായിരുന്ന ഫോണിൽനിന്ന് ആരെയെങ്കിലും വിളിക്കാൻ തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു. മെല്ലെ എഴുന്നേറ്റ് ചുമർ പിടിച്ച് നടന്ന് ഫ്രിഡ്ജ് തുറക്കാൻ നോക്കുമ്പോൾ സന്ധ്യ അടുക്കളയിൽ നിന്ന് എഴുന്നേറ്റ് വന്ന്്് വെളളം തന്നു. കുറെ വെളളം കുടിച്ചപ്പോൾ ആശ്വാസം തോന്നി. 
അഞ്ചരമണിയായപ്പോൾ ഓംചേരി ഫോണിൽ വിളിച്ചു; അദ്ദേഹം പത്രങ്ങളിൽ നിന്നും രാത്രി ടെലിവിഷൻ ചാനലുകളിൽ നിന്നും വാർത്ത അറിഞ്ഞിരുന്നു. ഒട്ടും പരിഭ്രമിക്കേണ്ടെന്നും മനോധൈര്യം കൈവിടരുതെന്നും അദ്ദേഹം ആവർത്തിച്ചുപറഞ്ഞു. എന്നെ വിളിക്കുന്നതിന് മുമ്പുതന്നെ സി.ബി.ഐയിലെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബോഫോഴ്‌സ് കേസ് അന്വേഷിച്ചതിന് ശേഷം സ്വയം വിരമിച്ച് വക്കീലായി പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന കെ. മാധവനെ വിളിച്ച് എന്നെ സഹായിക്കാനേർപ്പാടു ചെയ്തിരുന്നു. പുലർന്നപ്പോൾ മാധവനും വക്കീൽ സുഹൃത്തായ മൈക്കൽ പൂവത്തുങ്കലും ഫോൺചെയ്ത് സഹായവാഗ്ദാനം നൽകി.
ചൊവ്വാഴ്ച ഓഫീസിൽ പോയെങ്കിലും വല്ലാതെ അസ്വസ്ഥനായിരുന്നതിനാൽ പങ്കെടുക്കേണ്ട മീറ്റിംഗുകൾക്കൊന്നും പോയില്ല.  എല്ലാവരും എന്നെ സംശയദൃഷ്ടിയോടെയാണോ നോക്കുന്നതെന്ന് സംശയിച്ചു. ഞാൻ പോകാതിരുന്നപ്പോൾ ആർ.ആർ.ഷായും എഞ്ചിനീയർ ഇൻ ചീഫ് ബി.കെ.ഡെയും കൂടി എന്റെ മുറിയിൽ വന്ന് വിളിച്ചുകൊണ്ടുപോവുകയും എന്നെക്കുറിച്ചുളള മതിപ്പിന് അണുവിട കോട്ടം തട്ടിയിട്ടില്ലെന്നും സ്‌നേഹപൂർവ്വം അറിയിച്ചു.  ചുമതലകളിൽ നിന്ന് സ്‌പോർട്‌സ് ഒഴിവാക്കുന്നുവെന്നും അറിയിച്ചു. എന്റെ മൂത്ത മകന്റെ കല്യാണാലോചനകൾ നടക്കുന്നതിനാൽ ഹൈദരാബാദിൽ ഇടയ്ക്ക് പോകേണ്ടിവന്നേക്കുമെന്നതിനാൽ ദക്ഷിണമേഖലയുടെ ചുമതല ഒഴിവാക്കരുതെന്ന് അപേക്ഷിച്ചപ്പോൾ പൂർവ്വമേഖലയും കൂടി ചേർക്കാമെന്നദ്ദേഹം പറഞ്ഞു. അതേ ആഴ്ച തന്നെയാണ് അമിതാഭ് ബച്ചൻ ദൂരദർശന് വീട്ടാനുണ്ടായിരുന്ന കടം വീട്ടിയത്. ആ യോഗത്തിലും എന്നെ വിളിപ്പിച്ച് അമിതാഭ്ബച്ചന്റെ അടുത്തിരുന്നയാളെ മാറ്റി എന്നെ അവിടെ ഇരുത്തുകയും ചെയ്തു. 
സി.ബി.ഐ റെയ്ഡ് ജീവിതത്തിൽ ഏറ്റവും വലിയ പാഠം പഠിപ്പിച്ചു. ആപത്ത് വരുമ്പോഴാണല്ലോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ സ്വഭാവം അറിയുന്നത്. സി.ബി.ഐയിൽ തന്നെ അതിനുമുമ്പ് ഡി.ഐ.ജിയായിരുന്ന, ബിഹാർ കേഡർ പൊലീസുകാരനായിരുന്ന നെയ്യാറ്റിൻകരയിൽ നിന്നുളള  ഐ.പി.എസ് ഓഫീസർ (പിന്നീടദ്ദേഹം എൻ.ഡി.ആർ.എഫിന്റെയും ദേശീയ സിവിൽ ഡിഫൻസ് ഫോഴ്്്്‌സിന്റെയും  ഡയറക്ടർ ജനറലായി വിരമിച്ചു; ഇപ്പോഴും മനുഷ്യക്കടത്തിനെതിരായി കയ്യുംമെയ്യും മറന്ന് സന്നദ്ധസംഘടനകളോടൊപ്പം പ്രവർത്തിക്കുന്ന ഗ്രന്ഥകർത്താവുമാണ്) ഡോ. പി.എം.നായർ അവതാരപുരുഷനെപ്പോലെ ഞങ്ങളെ സഹായിച്ചു. പത്ത് കൊല്ലത്തെ സി.ബി.ഐ സേവനകാലത്ത് രാജീവ്ഗാന്ധി വധക്കേസും ഐ.എസ്.ആർ.ഒ ചാരക്കേസും അദ്ദേഹം അന്വേഷിച്ചവയിൽപെടും.
അദ്ദേഹം ഓരോ ഘട്ടത്തിലും ഏത് പ്രതിസന്ധിയേയും നേരിടാനുളള ഉൾക്കരുത്തും പ്രവർത്തനോപദേശവും നൽകി. അദ്ദേഹത്തെ പരിചയപ്പെട്ടതിനു പിന്നിൽ ഒരു സംഭവമുണ്ട്. എന്റെ ഇളയ മകൻ വിശ്വനാഥ് പ്ലസ് ടുവിന് പഠിച്ചത് മദിരാശിയിലാണ്. മദ്രാസ്്്് ബുക്്്്‌ഫെയറിലെ മത്സരങ്ങളിൽ അവൻ കുറേയേറെ സമ്മാനങ്ങൾ നേടി. മേളയുടെ മുഖ്യനടത്തിപ്പുകാരൻ ബി.ഐ.പബ്ലിക്കേഷൻസിന്റെ മുഖ്യൻ മാത്യുവായിരുന്നു - എന്റെ പഴയ നല്ല സുഹൃത്ത്. ഡൽഹിയിൽ പോയതിന് ശേഷം ഞങ്ങൾ തമ്മിൽ സമ്പർക്കം നിലച്ചിരുന്നു. വിശ്വനാഥിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് എന്നെക്കുറിച്ചറിഞ്ഞതും പഴയ സൗഹൃദം വീണ്ടെടുക്കുന്നതും. അങ്ങനെ ഒരു ഫോൺ സംഭാഷണവേളയിലാണ് പി.എം.നായർ എന്ന അത്യപൂർവ്വ വ്യക്തിത്വമുളളയാളെ നിർബന്ധമായും പരിചയപ്പെടണമെന്ന് പറഞ്ഞത്. അങ്ങനെ ഉടലെടുത്ത പരിചയം എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഊർജവും മനക്കരുത്തും പകർന്ന സഹായമായി. ഓരോ ഘട്ടത്തിലും അദ്ദേഹം എനിക്കും കുടുംബത്തിനും യുക്തമായ ഉപദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ആ കടപ്പാട് വാക്കുകൾക്കതീതമാണ്. ഇപ്പോഴും അത് തുടരുന്നു. മറ്റൊരാൾ എനിക്ക് മുൻപരിചയമുണ്ടായിരുന്ന, ബോംബെയിൽ കസ്റ്റംസ് കലക്ടറും ഡൽഹിയിൽ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വൈസ്‌ചെയർമാനുമായിരുന്ന 'ഗൂഗിളിനെക്കാൾ മുമ്പേ നടന്ന വിജ്ഞാനശേഖര'-മെന്ന് വിശേഷിപ്പിക്കപ്പെട്ട പരേതനായ ഗോവിന്ദൻ എസ്. തമ്പിയാണ്. 
വിവിധ ദേശീയ സ്‌പോർട്‌സ് സംഘടനകളുമായി ദൂരദർശൻ സംപ്രേഷണാവകാശങ്ങൾക്കായി പണംകൊടുത്ത് വാർഷിക കരാറുകളൊപ്പിട്ടിരുന്നു. കരാറുകൾ ഒപ്പിടാൻ എന്നെയാണ് അധികാരപ്പെടുത്തിയിരുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ഖാലിസ്ഥാൻ സമരം അടിച്ചമർത്തിയ കെ.പി.എസ്.ഗിൽ എന്നെ റെയ്ഡ് വാർത്തയറിഞ്ഞ് അതീവസുരക്ഷയുളള വീട്ടിലേക്ക് വിളിച്ചു. എന്റെ സത്യസന്ധത തെളിയിക്കാൻ പ്രധാനമന്ത്രിയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു. ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായിരുന്ന പ്രിയരഞ്ജൻദാസ് മുൻഷി,  സെക്രട്ടറി പി.പി.ലക്ഷ്മണനോടൊപ്പം വീട്ടിൽവന്ന് എനിക്കുവേണ്ടി മന്ത്രിയെ കണ്ട കാര്യം പറഞ്ഞു. ആരുടെയടുത്തുനിന്നും ഒരു കപ്പ് ചായപോലും സ്വീകരിക്കാത്ത വ്യക്തിയാണെന്നത്രെ അദ്ദേഹം പറഞ്ഞത്. റെയ്ഡ് വാർത്തയറിഞ്ഞ മുൻ ഡയറക്ടർ ജനറൽ ശിവ് ശർമ്മ പറഞ്ഞത് 'കുഞ്ഞികൃഷ്ണനെ റെയ്ഡ് ചെയ്ത സിബിഐക്കാരെ അടിക്കണ'-മെന്നാണ്. 
റെയ്ഡ് സമയത്ത് എന്റെ മൂത്ത മകൻ ജയ്ദീപിന്റെ വിവാഹാലോചന നടക്കുകയായിരുന്നു: ഹൈദരാബാദിൽ താമസമാക്കിയ ബി.സി.പി.എൽ വ്യവസായികളുടെ കുടുംബത്തിൽപ്പെട്ട വിശ്വനാഥൻ നമ്പ്യാരുടെയും ഭാര്യ രമണിയുടെയും മകൾ ലക്ഷ്മിയെ ആയിരുന്നു ആലോചിച്ചത്. മകനെ 'ആണ് കാണാൻ' അവർ ബോസ്റ്റണിൽ പോയിരുന്നു. അവൻ സമ്മതം മൂളിയിരുന്നില്ല. പക്ഷേ, റെയ്ഡ് കഴിഞ്ഞ അടുത്ത വെളളിയാഴ്ച അവർ ഡൽഹിയിലെത്തുകയും രണ്ടുദിവസം മുഴുവൻ ഞങ്ങളുടെ കൂടെയും അവരുടെ കമ്പനിയുടെ അതിഥിമന്ദിരത്തിലുമായി ചെലവഴിച്ച് മനോഭാരം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്തു. 
പിറ്റേയാഴ്ച സമാശ്വസിപ്പിക്കാനായി മാത്രം കോഴിക്കോട്ടുനിന്ന് എം.ടി.വാസുദേവൻ നായർ ഡൽഹിയിലെത്തി ഞങ്ങളുടെ കൂടെ താമസിച്ച് ഒരിക്കലും മനോധൈര്യം കൈവിടരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. റെയ്ഡ് വിവരം അറിഞ്ഞപ്പോൾതന്നെ അദ്ദേഹം നാട്ടിലുണ്ടായിരുന്ന രാഗിണിയോട് ഫോണിലും ഏതവസ്ഥയിലും പതറരുതെന്ന് പറഞ്ഞിരുന്നു. എന്റെ നാട്ടിൽനിന്ന് ആത്മസുഹൃത്ത് കരുണാകരൻ നമ്പ്യാരും ഡൽഹിയിലെത്തി ധൈര്യം പകർന്നു. ടെലിഫോണിൽ കേരളത്തിൽനിന്നും പല സുഹൃത്തുക്കളും മദിരാശിയിലെ ദൂരദർശനിൽ നിന്ന് ഡയറക്ടർ നടരാജനും വാർത്താവിഭാഗത്തിൽ നിന്ന് എച്ച്. രാമകൃഷ്ണയ്യരും വിളിച്ച് ധൈര്യം പകർന്നു. രാമകൃഷ്ണയ്യർ തുടർച്ചയായി രാമായണത്തിലെ സുന്ദരം വായിക്കണമെന്ന് നിഷ്‌ക്കർഷിച്ചു, മനക്കരുത്ത് കൂട്ടാൻ. ഇവനിത് ഭവിക്കേണമെന്ന്്്് പറഞ്ഞവരും ഒട്ടും കുറവല്ലായിരുന്നു.
ദൂരദർശനിൽ എന്ത് നടന്നാലും വാർത്താപ്രാധാന്യമുണ്ടല്ലോ. കേരളത്തിലെ പത്രങ്ങളിലും റെയ്ഡ് വാർത്ത വന്നിരുന്നു. മലയാളത്തിലെ ഒരു പ്രമുഖപത്രം ദീർഘവീക്ഷണത്തോടെ (മുഖ്യ പത്രാധിപർ അമേരിക്ക സന്ദർശിച്ചപ്പോൾ ഒരേ കുടക്കീഴിൽ പത്രവും ടെലിവിഷനും റേഡിയോയും നടക്കുന്നത് കണ്ട കാര്യം മദിരാശിയിൽ ദൂരദർശൻ കേന്ദ്രം കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു. ടെലിവിഷൻ ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് മുൻപ് ഉപദേശം തേടിയിരുന്നു. അവരുമായി നല്ല സൗഹൃദബന്ധം ഉണ്ടായിരുന്നു. സി.ബി.ഐ സംഭവം കഴിഞ്ഞതോടെ അവർ ഏകപക്ഷീയമായി അത് നിർത്തി) സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ, ഒരിക്കൽ കേരളത്തിൽ നിന്ന് എനിക്കെതിരായി വന്ന ഊമക്കത്തുകളുടെ കാര്യവും സൂചിപ്പിക്കുകയുണ്ടായി!മനസ്സിൽ ഏറെ നീറ്റൽ തോന്നിയത്  അടുത്ത ഒരു കുടുംബസുഹൃത്തിനെക്കുറിച്ചായിരുന്നു. തിരുവനന്തപുരത്തും ഡൽഹിയിലും ജോലി ചെയ്യുമ്പോൾ പല രീതിയിലും അവർക്ക് നൻമ ചെയ്തിരുന്നു. റെയ്ഡ് നടന്ന വാർത്ത കേട്ടപ്പോൾ തന്നെ അവരുടെ നാട്ടിൽ തന്നെയുള്ള രാഗിണിയുടെ ഏറ്റവുമടുത്ത ഒരു സുഹൃത്തിനോട് ഞങ്ങളെപ്പറ്റി വളരെ മോശമായി സംസാരിച്ചു.   സുഹൃത്ത് രാഗിണിയെ വിളിച്ച് ഞെട്ടലറിയിച്ചു. അതുവരെ അത്രയും ദൃഢമായിരുന്നതെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന ഒരു സൗഹൃദം നിലച്ചു. 
പിന്നീട് ഇപ്പോൾ 22 കൊല്ലം കഴിഞ്ഞിട്ടും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. നാലഞ്ചുകൊല്ലം മുമ്പ് ഒരു തവണ ആ വഴിക്ക് യാത്ര ചെയ്തപ്പോൾ കാണാൻ അവരുടെ വീട്ടിൽ കയറിയെങ്കിലും അവരുണ്ടായിരുന്നില്ല. നമ്പർ കൊടുത്തിരുന്നെങ്കിലും അവർ തിരിച്ചുവിളിച്ചില്ല.
2000 ഡിസംബർ അവസാനത്തോടെ രാജീവ് രത്‌നഷായെ പ്രസാർ ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് മാറ്റി. ദീർഘവീക്ഷണവും സ്ഥാപനത്തെക്കുറിച്ച് കാഴ്ചപ്പാടുമുളള, പ്രവർത്തിക്കാൻ വളരെ സന്തോഷം തോന്നിയിരുന്ന അദ്ദേഹം യാത്ര പറഞ്ഞു, ''താങ്കളെയും മറ്റൊരുദ്യോഗസ്ഥനെയും റെയ്ഡ് ചെയ്തതോടെ എന്റെ വലംകൈയും ഇടംകൈയും അറ്റുപോയിരിക്കുന്നു. എനിക്കിനി ഇവിടെ പ്രവർത്തിക്കാനാവാത്ത വിധത്തിൽ നിരാലംബനാക്കി ചിറകരിഞ്ഞിരിക്കുന്നു.''
റെയ്ഡ് ചെയ്യുമ്പോൾ ദൂരദർശനിലെ മറ്റ് ഉദ്യോഗസ്ഥൻമാരുടെയാരുടെയും വീടുകളിൽ നിന്ന് പാസ്‌പോർട്ട് എടുത്തുകൊണ്ടു പോയിരുന്നില്ല. റെയ്ഡ് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷം അമേരിക്കയിലെ ഞങ്ങളുടെ മകന് കൈമുറിഞ്ഞ് ഒന്നിനും കഴിയാതെയായി. ഞങ്ങൾക്ക് വേവലാതിയായി. തീസ് ഹസാരി കോടതിയിൽ പാസ്‌പോർട്ട് വിട്ടുകിട്ടാൻ അപേക്ഷ കൊടുത്തു. യാത്ര കഴിഞ്ഞ് പാസ്‌പോർട്ട് തിരികെ നൽകണമെന്ന് തീസ്ഹസാരി കോടതിയിലെ ജഡ്ജി വിധിച്ചു. കെ. മാധവൻ തന്നെയായിരുന്നു ഞങ്ങളുടെ വക്കീൽ. പക്ഷെ, വിധി പകർപ്പിന്റെ ഒരു കോപ്പി ലഭിക്കാൻ, ജഡ്ജിയുടെ മുമ്പിൽ കൂടി കടന്നുപോയി കോടതി ഗുമസ്തന് കൈക്കൂലി കൊടുക്കേണ്ടിവന്നു. അതവിടുത്തെ മാമൂലാണെന്ന്  മാധവൻ പറഞ്ഞു. 
പിന്നീട് പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടാൻ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ജസ്റ്റിസ് സോധി, സി.ബി.ഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി എനിക്കെതിരായി എന്തെങ്കിലും തെളിവുകൾ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചു. അവർ ഒന്നും കിട്ടിയിട്ടില്ലെന്ന് മറുപടി പറയുകയും പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടുകയും ചെയ്തു. മക്കൾ വിദേശത്തായതിനാൽ പാസ്‌പോർട്ടില്ലാത്തത് വലിയ വേവലാതിയായിരുന്നു. അങ്ങനെ അത് തീർന്നു. ദൈവാധീനം ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തുണച്ചിരുന്നു.

Latest News