ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ഗ്വാദലഹാറ (മെക്‌സിക്കൊ) - യുവ ഷൂട്ടർമാർ അപ്രതീക്ഷിതമായി നേട്ടം കൊയ്തപ്പോൾ ഷൂട്ടിംഗ് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ദിനം മെഡൽ ലഭിച്ചില്ലെങ്കിലും നാലു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. വനിതാ സ്‌കീറ്റിൽ അമേരിക്കയുടെ വിൻസന്റ് ഹാൻകോക്ക് സ്വർണം നേടുന്നതു കണ്ട് ഈ വർഷത്തെ പ്രഥമ ഷൂട്ടിംഗ് ലോകകപ്പിന് തിരശ്ശീല വീണു. ഈയിനത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു. സ്മിറ്റ് സിംഗ് പതിനഞ്ചാം സ്ഥാനവും അൻഗഡ് ബാജ്‌വ പതിനെട്ടാം സ്ഥാനവും ഷീറാസ് ശെയ്ഖ് മുപ്പതാം സ്ഥാനവും നേടി. ഹാൻകോക് ബെയ്ജിംഗ്, ലണ്ടൻ ഒളിംപിക്‌സുകളിലെ ചാമ്പ്യനായിരുന്നു. 2015 ലെ ലോക ചാമ്പ്യൻഷിപ്പിനു ശേഷം മങ്ങിയ അമേരിക്കൻ താരത്തിന്റെ തിരിച്ചുവരവാണ് ഇത്. ഓസ്‌ട്രേലിയയുടെ പോൾ ആഡംസ് വെള്ളിയും ഇറ്റലിയുടെ തമാരൊ കസാന്ദ്രൊ വെങ്കലവും കരസ്ഥമാക്കി. 


അവസാന ദിനം വെറും കൈയോടെ റെയ്ഞ്ച് വിട്ടെങ്കിലും അഭിമാനത്തോടെയാണ് ഇന്ത്യൻ ടീം മടങ്ങുക. ശഹ്‌സാർ റിസ്‌വി, മനു ഭാക്കർ, അഖിൽ ഷ്യോറാൻ, ഓംപ്രകാശ് മിതർവാൾ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. അഞ്ജും മുദ്ഗിലിന് വെള്ളി കിട്ടി. ജിതു റായ്, രവികുമാർ തുടങ്ങി ഏറെ പ്രതീക്ഷ കൽപിക്കപ്പെട്ട താരങ്ങൾ വെങ്കലത്തിലൊതുങ്ങി. സഞ്ജീവ് രാജ്പുത്തിന് തലനാരിഴക്കാണ് മെഡൽ നഷ്ടപ്പെട്ടത്. 
ഇന്ത്യൻ ഷൂട്ടിംഗിന് പ്രതീക്ഷാഭരിതമായ ഭാവിയുണ്ടെന്ന് ലോകകപ്പ് തെളിയിച്ചിരിക്കുകയാണെന്നും ഇന്ത്യൻ ഷൂട്ടിംഗ് കരുത്തുറ്റ കൈകളിലാണെന്നും വ്യക്തിഗത ഇനത്തിൽ ഒളിംപിക് ചാമ്പ്യനായ ഏക ഇന്ത്യൻ താരം അഭിനവ് ബിന്ദ്ര അഭിപ്രായപ്പെട്ടു. 


 

Latest News