പോർട് എലിസബത്ത് - 11 വിക്കറ്റെടുത്ത് ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ച കഗീസൊ റബാഡക്ക് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ വിലക്ക് ലഭിച്ചേക്കും. എങ്കിൽ ഈ പരമ്പരയിൽ പെയ്സ്ബൗളർക്ക് ഇനി കളിക്കാനാവില്ല.
ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തോൽപിച്ച ദക്ഷിണാഫ്രിക്ക നാലു മത്സര പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. കിടിലൻ പെയ്സ്ബൗളിംഗിന്റെ മറ്റൊരു മിന്നുന്ന പ്രകടനമാണ് റബാഡ കാഴ്ചവെച്ചത്. നാലാം ദിനം അഞ്ചിന് 183 ൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഓസീസിന്റെ ആദ്യ മൂന്നു വിക്കറ്റും റബാഡ സ്വന്തമാക്കി. ആദ്യ ഓവറിൽ തന്നെ മിച്ചൽ മാർഷിന്റെ (45) മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചാണ് തുടങ്ങിയത്. ഉസ്മാൻ ഖ്വാജക്കൊപ്പം (75) മൂന്നാം ദിനം ചെറുത്തുനിന്ന കളിക്കാരനാണ് മിച്ചൽ. പാറ്റ് കമിൻസിനെയും (5) മിച്ചൽ സ്റ്റാർക്കിനെയും (1) വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. ടിം പയ്ൻ ഒരറ്റത്ത് പൊരുതിയെങ്കിലും (28 നോട്ടൗട്ട്) പത്തോവർ തികയും മുമ്പ് ഓസീസ് 239 ന് ഓളൗട്ടായി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റാണ് റബാഡക്ക് കിട്ടിയത്. 28 ടെസ്റ്റിൽ നാലാം തവണയാണ് മത്സരത്തിൽ പത്തോ അധികമോ വിക്കറ്റെടുക്കുന്നത്. ഡെയ്ൽ സ്റ്റെയ്നിന് 86 ടെസ്റ്റിൽ അഞ്ച് തവണയേ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. അലൻ ഡൊണാൾഡിന് 72 ടെസ്റ്റിൽ മൂന്നു തവണ മാത്രമാണ് പത്തു വിക്കറ്റെടുക്കാൻ കഴിഞ്ഞത്.
ജയിക്കാനാവശ്യമായ 101 റൺസ് നാലാം ദിനം ചായക്കു മുമ്പെ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു. തുടക്കത്തിൽ തന്നെ ഓപണർമാരായ ഡിൻ എൽഗറിനെയും (5) എയ്ദൻ മാർക്റമിനെയും (21) പിന്നീട് തുടർച്ചയായ ഓവറുകളിൽ ഹാശിം അംല (27), എബി ഡിവിലിയേഴ്സ് (28) എന്നിവരെയും ഓസീസ് പുറത്താക്കി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും ത്യൂനിസ് ഡിബ്രൂയ്നും കൂടുതൽ നഷ്ടമില്ലാതെ ടീമിനെ ജയത്തിലേക്ക് നയിച്ചു. ഓസ്ട്രേലിയക്കെതിരെ 1970 ലാണ് സ്വന്തം നാട്ടിൽ അവസാനമായി ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്.
എന്നാൽ റബാഡ ഇല്ലാതെ അവർ അതിനായി പ്രയത്നിക്കേണ്ടി വരും. ഈ മത്സരത്തിൽ രണ്ടു തവണ റബാഡക്കെതിരെ അമ്പയർമാർ നടപടി നിർദേശിച്ചു. ഒന്നാം ഇന്നിംഗ്സിൽ പുറത്തായി മടങ്ങുന്ന എതിർ നായകൻ സ്റ്റീവ് സ്മിത്തിനെ ചുമൽ കൊണ്ട് ഉരസിയതിനും ഇന്നലെ എതിർ ഓപണർ ഡേവിഡ് വാണർ പുറത്തായപ്പോൾ പ്രകോപനപരമായി ആഘോഷിച്ചതിനും. അടുത്ത രണ്ടു ടെസ്റ്റിലും റബാഡ വിലക്കപ്പെടാൻ സാധ്യതയേറെയാണ്. മുമ്പ് മൂന്നു തവണ മോശം പെരുമാറ്റത്തിന് റബാഡ നടപടി ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒരു മത്സരത്തിൽ സസ്പെൻഷൻ നേരിട്ടു.
തന്നെ പുറത്താക്കിയ റബാഡയെ തെറി വിളിച്ചതിന് ഓസീസിന്റെ മിച്ചൽ മാർഷിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. രണ്ട് ടെസ്റ്റിലും കളിക്കാർ തമ്മിൽ നിരന്തരം വാക്കേറ്റമുണ്ടായി.