ആയിരത്തിലേറെ ഗോളുകൾ അടിച്ചിട്ടുണ്ട് പെലെ. പലതും അവിസ്മരണീയമാണ്. 1970 ലെ ലോകകപ്പിൽ പെലെ സൃഷ്ടിച്ച മൂന്നു മാന്ത്രിക നിമിഷങ്ങൾ ആ ഫുട്‌ബോൾ ജീനിയസിന്റെ മഹത്വം വിളിച്ചോതുന്നതാണ്. മൂന്നും ഗോളായില്ല. പക്ഷേ ഇന്നും ആരാധകരെ കോരിത്തരിപ്പിക്കാൻ പോന്ന നിമിഷങ്ങളായിരുന്നു അവ.
ചെക്കൊസ്ലൊവാക്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ആദ്യത്തേത്. ഇടവേളക്ക് അൽപം മുമ്പ്. സ്വന്തം പകുതിയിൽ പന്ത് കിട്ടിയപ്പോൾ ചെക് ഗോളി ഐവൊ വിക്ടർ അൽപം മുന്നോട്ടു കയറി നിൽക്കുന്നത് പെലെയുടെ ശ്രദ്ധയിൽ പെട്ടു. പെലെ അവിടെ നിന്ന് ഷോട്ട് തൊടുത്തു. തലനാരിഴക്കാണ് അത് ഗോളാവാതെ പോയത്. പിൽക്കാലത്ത് പല കളിക്കാരും സമാനമായ രീതിയിൽ ഷോട്ടെടുക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെയൊരു ഗോളിന്റെ സാധ്യതയെക്കുറിച്ച് ആദ്യം ചിന്തിച്ച കളിക്കാരൻ പെലെ ആയിരുന്നു. വിക്ടർ ചെക്കൊസ്ലൊവാക്യയുടെ എക്കാലത്തെയും മികച്ച ഗോളിമാരിലൊരാളായിരുന്നു.
ഉറുഗ്വായ്‌ക്കെതിരായ സെമിഫൈനലിലെ അവസാന വേളയിലായിരുന്നു രണ്ടാമത്തെ മാന്ത്രിക നിമിഷം. ടോസ്റ്റാവോയുടെ പാസ് പിടിക്കാനായി പെലെ കുതിച്ചു. പെലെക്ക് കിട്ടും മുമ്പെ പന്ത് കൈക്കലാക്കാൻ ഉറുഗ്വായ് ഗോളി മസൂർകിയേവിസ് ഗോൾമുഖം വിട്ടു. പെലെക്ക് പിന്നാലെ ഡിഫന്റർമാരും ഓടി. ആ നിമിഷാർധത്തിൽ പെലെയുടെ ഫുട്‌ബോൾ ജീനിയസ് പ്രവർത്തിച്ചു. പെലെ പന്ത് തൊടാതെ വിട്ടു. ഗോളിയെ വലം വെച്ച് ആ പന്ത് വീണ്ടെടുക്കുകയും വലയിലേക്ക് ഷോട്ട് പായിക്കുകയും ചെയ്തു. തലനാരിഴക്കാണ് ലക്ഷ്യം തെറ്റിയത്.
മൂന്നാമത്തേത് ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു. വലതു വിംഗിലൂടെ കുതിച്ച് ജഴ്‌സിഞ്ഞൊ ബോക്‌സിലേക്ക് ക്രോസ് ചെയ്യുമ്പോൾ സമീപ പോസ്റ്റിലായിരുന്നു ഇംഗ്ലണ്ട് ഗോളി ഗോർഡൻ ബാങ്ക്‌സ്. പെലെയുടെ ബുള്ളറ്റ് ഹെഡർ വിദൂര പോസ്റ്റിനെ തൊട്ടുരുമ്മി വലയിലേക്ക് പായുകയായിരുന്നു. ഗോൾ എന്ന് പെലെ അലറി വിളിച്ചു. പക്ഷേ ബാങ്ക്‌സ് പറന്നെത്തി ആ പന്ത് ക്രോസ് ബാറിനു മുകളിലേക്കുയർത്തി. നൂറ്റാണ്ടിന്റെ സെയ്‌വ് എന്നാണ് ഈ രക്ഷാ ദൗത്യം അറിയപ്പെട്ടത്.