മെക്‌സിക്കൊ, 31 മെയ്-21 ജൂൺ, 1970
ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്തു നടക്കുന്ന പ്രഥമ ലോകകപ്പായിരുന്നു 1970 ലേത്. സമുദ്ര നിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള മെക്‌സിക്കോയിൽ കളിക്കുമ്പോഴുള്ള ശ്വാസതടസ്സവും കൊടുംചൂടും കളിക്കാരെ ബാധിക്കുമെന്ന് ഏവരും ഭയന്നു. യൂറോപ്പിലെ ടി.വി സമയത്തിനൊപ്പിക്കാൻ പല കളികളും ഉച്ചക്കായിരുന്നുവെന്നത് പേടി വർധിപ്പിച്ചു. പക്ഷേ കളർ ടി.വിയിൽ ലോകം വീക്ഷിച്ച ആദ്യ ലോകകപ്പ് കാൽപന്തിന്റെ കനകോത്സവമായി. പെലെയെ അവസാനമായി കണ്ട ആ ലോകകപ്പ് എക്കാലത്തെയും മികച്ചതായിരുന്നു. 1966 ൽ നിരന്തരമായി ഫൗൾ ചെയ്യപ്പെട്ടപ്പോൾ ഇനി ലോകകപ്പിനില്ലെന്നു പറഞ്ഞ് മടങ്ങിയ പെലെക്ക് ജഴ്‌സിഞ്ഞോയും ഗെർസനും ടോസ്റ്റാവോയും ജഴ്‌സിഞ്ഞോയും റിവെലിനോയുമടങ്ങുന്ന അമ്പരപ്പിക്കുന്ന ആക്രമണ നിരയിലേക്ക് തിരിച്ചുവരാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. ലോകകപ്പിൽ മറ്റൊരു ടീമിനും ഇത്ര പ്രതിഭാധനരായ മുൻനിരയെ ഇറക്കാനായിട്ടില്ല. ഫെലിക്‌സ് എന്ന ദുർബലനായ ഗോളിയും അബദ്ധങ്ങൾ കാണിച്ച പ്രതിരോധവും ബ്രസീലിന് തടസ്സമേ ആയില്ല.
ആദ്യമായി ആഫ്രിക്കക്കും ഏഷ്യക്കും വടക്കെ അമേരിക്കക്കും ഓരോ സ്ഥാനങ്ങൾ നൽകിയ ലോകകപ്പായിരുന്നു അത്. 12 വർഷത്തിനിടയിലാദ്യമായാണ് ബ്രസീലിന് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നത്. അതവർക്ക് പ്രശ്‌നമേ ആയില്ല. ആറു കളിയും ജയിച്ചു. 23 ഗോളടിച്ചു. അതിൽ പത്തും ടോസ്റ്റാവോയുടെ ബൂട്ടിൽ നിന്നായിരുന്നു. രണ്ട് ഹാട്രിക്കും നേടി സെന്റർ ഫോർവേഡ്. തുറന്നടിക്കുന്ന പ്രകൃതക്കാരനായ കോച്ച് ജോ സാൽദാനയെ ലോകകപ്പിന് തൊട്ടുമുമ്പ് ബ്രസീൽ പുറത്താക്കി. പകരം മാരിയൊ സഗാലോയെ കൊണ്ടുവന്നു.
1966 ലെ അദ്ഭുത ടീമായ വടക്കൻ കൊറിയ യോഗ്യതാ റൗണ്ടിൽ ഇസ്രായിലുമായി കളിക്കാൻ വിസമ്മതിച്ചു. ഇസ്രായിലാണ് ഏഷ്യയെ പ്രതിനിധീകരിച്ചത്. വടക്കെ അമേരിക്കയിൽ ഹോണ്ടുറാസും എൽസാൽവഡോറും തമ്മിലുള്ള യോഗ്യതാ മത്സരം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് കാരണമായി. അർജന്റീന യോഗ്യതാ റൗണ്ട് കളിച്ചിട്ടും ഫൈനൽ റൗണ്ടിലെത്താതെ പോയ ഏക ലോകകപ്പായിരുന്നു ഇത്.
കൊടുംചൂടിലാണ് മത്സരങ്ങൾ അരങ്ങേറിയത്. ചൂടേറ്റു തളർന്നു വീണ റുമാനിയയുടെ നിക്കോളെ ദോബ്രിനെ നാട്ടിലേക്ക് അയക്കേണ്ടി വന്നു. രണ്ടു ക്ലബ്ബുകളിലെ കളിക്കാരായിരുന്നു ബെൽജിയം ടീമിൽ -ആൻഡർലെറ്റിന്റെയും സ്റ്റാൻഡേർഡ് ലിയേഷിന്റെയും.
ഗ്രൂപ്പ് ഒന്നിൽ നിന്ന് സോവിയറ്റ് യൂനിയനും ആതിഥേയരായ മെക്‌സിക്കോയും ക്വാർട്ടർ ഫൈനലിലെത്തി. നിറംകെട്ട പ്രകടനം കാഴ്ചവെച്ചിട്ടും മെക്‌സിക്കൊ മുന്നേറിയത് അദ്ഭുതമായിരുന്നു. കറുത്ത കുതിരകളാവുമെന്നു കരുതപ്പെട്ട ബെൽജിയം നിരാശപ്പെടുത്തി. ഗ്രൂപ്പ് രണ്ടിൽ പ്രതിരോധ ഫുട്‌ബോളിന് പേരെടുത്ത ഇറ്റലിയും ഉറുഗ്വായും കളിക്കുകയോ കളിക്കാനനുവദിക്കുകയോ ചെയ്യാതെ മറ്റു ടീമുകളെ വരിഞ്ഞുകെട്ടി. ബ്രസീലും ഇംഗ്ലണ്ടും ഒരു ഗ്രൂപ്പിലായിരുന്നു. ബ്രസീൽ 1958 ലെയും 1962 ലെയും ചാമ്പ്യന്മാർ. ഇംഗ്ലണ്ട് 1966 ലെയും. ഈ ലോകകപ്പിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ബ്രസീലിനോട് ഇഞ്ചോടിഞ്ച് പൊരുതി അവർ 1-0 ത്തിന് തോറ്റു. 1966 ൽ ലോകകപ്പ് നേടിയതിനേക്കാൾ മികച്ച പ്രകടനം ഇംഗ്ലണ്ട് കാഴ്ചവെച്ചിരുന്നു. ഗ്രൂപ്പ് നാലിൽ നിന്ന് പശ്ചിമ ജർമനിയും പെറുവും മുന്നേറി.
ക്വാർട്ടറിൽ സോവിയറ്റ് യൂനിയനെ ഉറുഗ്വായ് അട്ടിമറിച്ചു. ആതിഥേയരായ മെക്‌സിക്കോയെ ഇറ്റലി തുരത്തി. ബ്രസീൽ 4-2 ന് പൊരുതിക്കളിച്ച പെറുവിനെ മറികടന്നു. പശ്ചിമ ജർമനി-ഇംഗ്ലണ്ട് ക്വാർട്ടർ ഐതിഹാസികമായിരുന്നു. രണ്ടു ഗോളിന് പിന്നിലായ ശേഷം ജർമനി തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിൽ ജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനു മേൽ ജർമനി മാനസികാധിപത്യം പുലർത്തിത്തുടങ്ങിയത് ഈ മത്സരം മുതലാണ്. സെമിഫൈനലിൽ പശ്ചിമ ജർമനി-ഇറ്റലി മത്സരം മറ്റൊരു ക്ലാസിക്കായിരുന്നു. ഇത്തവണ എക്‌സ്ട്രാ ടൈമിൽ ജർമനി കീഴടങ്ങി. ബ്രസീൽ അനായാസം ഉറുഗ്വായെ മറികടന്നു.
ആക്രമണ ഫുട്‌ബോളിന്റെ നിറവിരുന്നൊരുക്കിയ ആ ബ്രസീൽ പട എക്കാലത്തെയും മികച്ച ടീമെന്ന പ്രശംസയേറ്റുവാങ്ങി. ഇറ്റലിക്കെതിരായ ഫൈനലിലെ നാലാം ഗോൾ മതി ഈ അസാമാന്യ പ്രതിഭകളുടെ മൂല്യമറിയാൻ. എട്ടുപേർ ചേർന്ന് നയിച്ച സൗന്ദര്യം ചാലിച്ച നീക്കത്തിനൊടുവിൽ പെലെ ക്യാപ്റ്റൻ കാർലോസ് ആൽബർട്ടൊ പെരേരക്ക് പന്ത് തള്ളിക്കൊടുത്തു. നിലംതൊടും മുമ്പെ കാർലോസിന്റെ ഷോട്ട,് ഗോളി എൻറിക്കൊ ആൽബർട്ടോസി നിസ്സഹായനായി. ലോകകപ്പിലെ എക്കാലത്തെയും ചന്തമുള്ള ടീം ഗോളെന്ന് ആരാധകർ അതിനെ വാഴ്ത്തി. മൂന്നാം തവണ ചാമ്പ്യന്മാരായി ബ്രസീൽ യൂൾറിമെ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പ് നേടിയ ആദ്യ വ്യക്തിയായി മാരിയൊ സഗാലൊ.
ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ബ്രസീലും തമ്മിലുള്ള മത്സരമായിരുന്നു ആദ്യ റൗണ്ട് കാത്തിരുന്ന കളി. പെലെയുടെ ഗോളെന്നുറച്ച ഹെഡർ മുഴുനീളം ചാടി ഇംഗ്ലണ്ട് ഗോളി ഗോർഡൻ ബാങ്ക്‌സ് ബാറിനു മുകളിലൂടെ ഉയർത്തിയത് ഏറ്റവും മികച്ച സെയ്‌വായി ലോകം വാഴ്ത്തി. ജഴ്‌സിഞ്ഞോയുടെ ഗോളിൽ ബ്രസീൽ ജയിച്ചു. ഒരു ലോകകപ്പിലെ എല്ലാ കളിയിലും ഗോളടിച്ച ഒരേയൊരു കളിക്കാരനായി ജഴ്‌സിഞ്ഞൊ.
മൊറോക്കോക്കെതിരെ ഗെർഡ് മുള്ളറാണ് ജർമനിയുടെ മാനം കാത്തത്. ബൾഗേറിയക്കെതിരെയും പെറുവിനെതിരെയും ഹാട്രിക് നേടുകയും ഇംഗ്ലണ്ടിനെതിരായ നാടകീയമായ ക്വാർട്ടറിന്റെ എക്‌സ്ട്രാ ടൈമിൽ വിജയ ഗോളടിക്കുകയും ചെയ്ത 'ബോംബർ മുള്ളർ' ലോകോത്തര താരങ്ങൾ അണിനിരന്ന ആ ടൂർണമെന്റിൽ ടോപ്‌സ്‌കോററായി. 1966 ലെ ഫൈനലിന്റെ ആവർത്തനമായ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 23 മിനിറ്റ് അവശേഷിക്കും വരെ ജർമനി 0-2 ന് പിന്നിലായിരുന്നു. ഫ്രാൻസ് ബെക്കൻബവറും ഊവെ സീലറും അവരെ ഒപ്പമെത്തിച്ചു. 1966 ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിവാദ ഗോളിനുടമയായ ജെഫ് ഹേഴ്സ്റ്റിന്റെ ഗോൾ റഫറി അനുവദിച്ചില്ല. തൊട്ടുടനെ മുള്ളർ വിജയ ഗോൾ നേടി. ഗോളി ബാങ്ക്‌സിന് കളിക്കാനാവാതിരുന്നതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ഇറ്റലി-ജർമനി സെമി ഏറ്റവും മികച്ച ലോകകപ്പ് മത്സരമായി പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. തൊണ്ണൂറാം മിനിറ്റിലെ ജർമനിയുടെ സമനില ഗോൾ കളിയെ എക്‌സ്ട്രാ ടൈമിലേക്കു കൊണ്ടുപോയി. മുള്ളറുടെ രണ്ടെണ്ണമുൾപ്പെടെ അഞ്ചു ഗോളാണ് അധിക സമയത്ത് ഒഴുകിയത്. ഇറ്റലി 4-3 ന് കരകയറി. യൂറോപ്യൻ ഫുട്‌ബോളർ ജ്യാനി റിവേറ വിജയ ഗോളടിച്ചു. സബ്സ്റ്റിറ്റിയൂഷൻ കഴിഞ്ഞതിനാൽ ജർമൻ നായകൻ ബെക്കൻബവർ കുഴ തെറ്റിയ കൈയുമായി ധീരമായി പൊരുതി.
ആതിഥേയരായ മെക്‌സിക്കോയെ പുറത്താക്കിയ ഇറ്റലി 1938 നു ശേഷം ആദ്യമായാണ് ഫൈനലിലെത്തിയത്. ചെക്കൊസ്ലൊവാക്യയെയും ഇംഗ്ലണ്ടിനെയും റുമാനിയയെയും പെറുവിനെയും നിലംപരിശാക്കിയെത്തിയ ബ്രസീലിന് അവർ വെല്ലുവിളിയേ ആയില്ല. ചെക്കിനെതിരെ മധ്യവരക്കടുത്തുനിന്ന് പെലെ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിൽ ഗോളാകാതെ പോയി. ഉറുഗ്വായ്‌ക്കെതിരായ സെമിയിൽ പെലെയുടെ നാടകീയ നീക്കവും നേരിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി. ലോക ഫുട്‌ബോൾ എന്നും ഓർമിക്കുന്ന ഗോളാവാത്ത രണ്ടു നീക്കങ്ങളായിരിക്കും അത്. ഫൈനലിലും പെലെ ഗോളടിച്ചു. ഗെർസൻ, ജഴ്‌സിഞ്ഞോ, കാർലോസ് ആൽബർട്ടോ എന്നിവരും വല കുലുക്കിയതോടെ ബ്രസീൽ അനായാസം ജയിച്ചു. ഒരു ഇറ്റാലിയൻ പത്രം എഴുതി: 'എക്കാലത്തെയും മികച്ച കളിക്കാർ ഞങ്ങളെ തോൽപിച്ചു'.
ആഘോഷത്തിനിടെ ട്രോഫിയുടെ മൂടി നഷ്ടപ്പെട്ടു. ബ്രസീലിന്റെ റിസർവ് താരം ദാവിയോയാണ് സ്‌റ്റേഡിയം ഗെയ്റ്റിനരികെ നിന്ന ഒരു യുവാവിന്റെ കൈയിൽ നിന്ന് ഇത് കണ്ടെടുത്തത്. യൂൾറിമെ കപ്പ് എന്നെന്നേക്കുമായി ബ്രസീലിന്റേതായി. എന്നാൽ 1983 ൽ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ ആസ്ഥാനത്തുനിന്ന് ആ ട്രോഫി കളവു പോയി.
ആതിഥേയർ: മെക്‌സിക്കൊ, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 16, മത്സരങ്ങൾ: 32
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 75
പ്രധാന അസാന്നിധ്യം: അർജന്റീന, ഫ്രാൻസ്, പോർചുഗൽ, സ്പയിൻ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: മൊറോക്കൊ
ടോപ്‌സ്‌കോറർ: ഗെർഡ് മുള്ളർ (ജർമനി, 10)
ആകെ ഗോൾ - 95 (ശരാശരി 2.97), കൂടുതൽ ഗോളടിച്ചത് -ബ്രസീൽ (19)
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും രണ്ട് മുൻനിരക്കാർ ക്വാർട്ടറിൽ.
അറിയാമോ?
-ലോകകപ്പിൽ രണ്ടു രാജ്യങ്ങളുടെ കുപ്പായമിട്ട ഒരേയൊരു പിതാവും മകനും മാർട്ടിൻ വന്റോർലയും ഹോസെ വന്റോർലയുമാണ്. മാർട്ടിൻ 1934 ൽ സ്‌പെയിനിനും ഹോസെ 1970 ൽ മെക്‌സിക്കോക്കും.
-ഉറുഗ്വായ് കോച്ച് യുവാൻ എഡ്വേഡൊ ഹോബർഗ് 1954 ൽ അവരുടെ ലോകകപ്പ് ടീമിലുണ്ടായിരുന്നു.
-പെറുവിന്റെ ആദ്യ മത്സരത്തിന് പിന്നാലെ ആ രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെ പേർ മരിച്ചു.
-റഫറിമാർ ആദ്യമായി മഞ്ഞയും ചുവപ്പും കാർഡ് ഉപയോഗിച്ചതും പകരക്കാരെ ആദ്യമായി അനുവദിച്ചതും മെക്‌സിക്കോ ലോകകപ്പിലായിരുന്നു. ഒരു ടീമിന് രണ്ട് സബ്സ്റ്റിറ്റിയൂഷനാണ് അനുവദിച്ചത്. മെക്‌സിക്കോക്കെതിരായ മത്സരത്തിൽ വിക്ടർ സെബ്രാനിക്കോവിനു പകരമിറങ്ങിയ സോവിയറ്റ് യൂനിയന്റെ അനതോലി പുസാച് ആദ്യ സബ്സ്റ്റിറ്റിയൂട്ടായി. ചുവപ്പ് കാർഡ് പ്രാബല്യത്തിൽ വന്നെങ്കിലും ഒരു കളിക്കാരനെയും പുറത്താക്കേണ്ടി വന്നില്ല. ഫെയർപ്ലേ അവാർഡും പ്രാബല്യത്തിൽ വന്നു.
-യോഗ്യതാ റൗണ്ടിൽ എൽസാൽവഡോറും ഹോണ്ടുറാസും തമ്മിലുള്ള കളികൾ കലാപഭരിതമാവുകയും 1969 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഫുട്‌ബോൾ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്.