ദുബായ് - സൗദി, യു.എ.ഇ റെയിൽപാത മൂന്നു വർഷത്തിനകം യാഥാർഥ്യമാകുമെന്ന് യു.എ.ഇ ഫെഡറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല സാലിം അൽകുഥൈരി പറഞ്ഞു. സൗദി അറേബ്യയെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽപാത 2021 ഡിസംബറോടെ നിലവിൽവരും. പാസഞ്ചർ ട്രെയിനുകൾക്കും ഗുഡ്സ് ട്രെയിനുകൾക്കും വേണ്ടി ആകെ 2,100 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ജി.സി.സി റെയിൽ നെറ്റ്വർക്ക് പദ്ധതി മൂന്നു വർഷത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. 2021 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് റെയിൽ ശൃംഖലയുടെ ഭാഗമായി യു.എ.ഇയിലൂടെ കടന്നുപോകുന്ന റെയിൽപാതയുടെ നിർമാണം 2016 ൽ യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജി.സി.സി റെയിൽവെ നെറ്റ്വർക്കിനു പകരം ആഭ്യന്തര റെയിൽവെ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്ന് ഒമാനും അറിയിച്ചിട്ടുണ്ട്. ആകെ 40,000 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവെ ശൃംഖലകൾ ഗൾഫ് രാജ്യങ്ങളിൽ സ്ഥാപിക്കുന്നതിന് 20,000 ലേറെ കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്നതായി 2015 ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.






