പാസ്‌പോർട്ട് കാലാവധിയും റീ എൻട്രിയും

ഓൺലൈൻ വഴി എത്ര ദിവസത്തിനകം ഹുറൂബ് നീക്കാം

ചോദ്യം: സ്‌പോൺസർ ഹുറൂബ് ആക്കിയ ഒരാളുടെ ഹുറൂബ് അഞ്ചു ദിവസത്തിനകം നീക്കാൻ സ്‌പോൺസർക്കു സാധിക്കുമോ? ഹുറൂബ് നീക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർ ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കേണ്ടതുണ്ടോ? 

ഉത്തരം: സ്‌പോൺസർക്ക് ഓൺലൈൻ വഴി ഹുറൂബ് നീക്കാൻ സാധിക്കും. അതിന് 15 ദിവസംവരെ സമയമുണ്ട്. സ്‌പോൺസർ അദ്ദേഹത്തിന്റെ അബ്ശിർ അക്കൗണ്ടിലെ തവസുൽ സർവീസ് വഴി തന്റെ കീഴിലുള്ള തൊഴിലാളിയുടെ ഹുറൂബ് നീക്കാൻ അപേക്ഷ നൽകിയാൽ മതി. അത് ഹുറൂബ് ആക്കി 15 ദിവസത്തിനുള്ളിലായിരിക്കണമെന്നു മാത്രം. 
15 ദിവസത്തിനു ശേഷമാണെങ്കിൽ അബ്ശിർ വഴി ഓൺലൈൻ സേവനം ലഭിക്കില്ല. അതിന് ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇതു സമയം എടുക്കുന്ന വലിയ പ്രക്രിയയാണ്. 

കുടുംബത്തിന്റെ ക്വാറന്റൈൻ

ചോദ്യം: ഞാൻ സൗദി അറേബ്യയിൽനിന്ന് കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച ആളാണ്. അവധിക്കു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ കൂടെ കുടുംബത്തെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. അങ്ങനെ കുടുംബവുമായി വരുമ്പോൾ ക്വാറന്റൈൻ ആവശ്യമായി വരുമോ?

ഉത്തരം: സൗദിയിൽനിന്ന് കോവിഡ് വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരാണെങ്കിൽ, അതു കുടുംബാംഗങ്ങളായാലും അഞ്ചു ദിവസം ക്വാറന്റൈനിൽ പോകൽ നിർബന്ധമാണ്. രാജ്യത്ത് പ്രവേശിച്ച ഉടൻ കോവിഡ് ടെസ്റ്റ് നടത്തിയാണ് ക്വാറന്റൈനിൽ പോകേണ്ടത്. അഞ്ചു ദിവസത്തിനു ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽനിന്നു പുറത്തു കടക്കാം. ഇപ്പോൾ സൗദിയിലേക്കു വരുന്നവർ 48 മണിക്കൂറിനു മുമ്പെടുത്ത പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായാണ് വരേണ്ടത്. നേരത്തെ ഈ സമയ പരിധി 72 മണിക്കൂറായിരുന്നു. അത് 48 മണിക്കൂർ ആയി കുറച്ച കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

പാസ്‌പോർട്ട് കാലാവധിയും റീ എൻട്രിയും
ചോദ്യം: എന്റെ പാസ്‌പോർട്ടിന്റെ കാലാവധി 45 ദിവസത്തിനകം അവസാനിക്കും. എനിക്ക് യു.എ.ഇയിൽ ഒരാഴ്ച സന്ദർശനം നടത്തുന്നതിന് സാധിക്കുമോ?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം എക്‌സിറ്റ് റീ എൻട്രി ലഭിക്കണമെങ്കിൽ അപേക്ഷകന്റെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസ കാലാവധി ഉണ്ടായിരിക്കണം. നിയമം ഇതായിരിക്കെ നിങ്ങൾക്ക് യു.എ.ഇയിൽ പോകുന്നതിന് എക്‌സിറ്റ് റീ എൻട്രി ലഭിക്കില്ല. കാരണം പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കാൻ ഒന്നര മാസം മാത്രമാണുള്ളത്. 

Latest News