ലണ്ടന്‍ - ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ കായികലോകത്ത് റഷ്യ ഒറ്റപ്പെടുന്നു. എല്ലാ കായിക മത്സരങ്ങളില്‍ നിന്നും റഷ്യയുടെയും ബെലാറൂസിന്റെയും കളിക്കാരെ വിലക്കണമെന്ന് എക്‌സിക്യൂട്ടിവ് ബോര്‍ഡ് മുഴുവന്‍ കായിക ഫെഡറേഷനുകളോടും ആവശ്യപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) അറിയിച്ചു. ഒളിംപിക് സമാധാന സന്ധി റഷ്യ ലംഘിച്ചുവെന്നാണ് ഐ.ഒ.സിയുടെ ആരോപണം. ബെയ്ജിംഗ് ഒളിംപിക്‌സ് നടന്നുകൊണ്ടിരിക്കവെയാണ് ഉക്രൈനെതിരെ യുദ്ധത്തിന് റഷ്യ കോപ്പു കൂട്ടിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് സമ്മാനിച്ച ഒളിംപിക് ഓര്‍ഡര്‍ ഐ.ഒ.സി പിന്‍വലിക്കുകയും ചെയ്തു.
ഐ.ഒ.സി നിലപാട് റഷ്യയെ ഏറ്റവും ദോഷകരമായി ബാധിക്കുക ഫുട്‌ബോള്‍ ലോകകപ്പിലാണ്. റഷ്യയുമായി പ്ലേഓഫ് കളിക്കേണ്ട പോളണ്ട്, സ്വീഡന്‍, ചെക് റിപ്പബ്ലിക് ടീമുകള്‍ പിന്മാറിയിട്ടുണ്ട്. നിഷ്പക്ഷ രാജ്യങ്ങളില്‍ മത്സരം സംഘടിപ്പിക്കാമെന്ന ഫിഫയുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയും മൂന്നു രാജ്യങ്ങളും തള്ളി. എന്നാല്‍ ഐ.ഒ.സിയുടെ നിര്‍ദേശം ഫിഫക്ക് പിടിവള്ളിയായേക്കും. റഷ്യയെ വിലക്കാന്‍ മുഴുവന്‍ കായിക സംഘടനകളോടും ഐ.ഒ.സി നിര്‍ദേശിച്ചിട്ടുണ്ട്.






