2000 നവംബർ 13 തിങ്കളാഴ്ച അവസാനശ്വാസം വരെയും മറക്കാൻ പറ്റാത്ത ദിവസമാണ്. ഔദ്യോഗികജീവിതത്തിന്റെ ഗതിയാകെ മാറ്റിമറിച്ച ഏറ്റവുമധികം ഞെട്ടലനുഭവിച്ച നാൾ. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ യോഗത്തിൽ ദൂരദർശന്റെ പ്രതിനിധിയായി പങ്കെടുക്കാൻ രാവിലെ എട്ടരമണിക്ക് ബോംബെയിൽ വിമാനമിറങ്ങി. എന്റെ മേലുദ്യോഗസ്ഥൻ, പ്രസാർ ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജീവ് രത്‌നഷാ ഐബിഎഫിന്റെ പ്രസിഡന്റാണ്. ഞാൻ വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മൊബൈലിൽ അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലായിരുന്ന ഭാര്യവിളിച്ച് പരിഭ്രമത്തോടെ പറഞ്ഞു. ഡൽഹിയിൽ വീട്ടിൽ നിന്ന് സന്ധ്യ വിളിച്ച് അവിടെ സി.ബി.ഐക്കാർ വീട് റെയ്ഡ് ചെയ്യാനെത്തിയിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അവർ എന്തൊക്കെയോ പറയുന്നുണ്ടത്രെ. ''ഉടനെ വിളിക്കുക.'' ഞാൻ വീട്ടിലേക്ക് വിളിച്ചു. സന്ധ്യ തിരുവനന്തപുരം കാലം തൊട്ടേ വീട്ടിലെ ഒരംഗത്തെപ്പോലെ സഹായിയായി താമസിക്കുന്നതാണ്. അവൾ ഫോണെടുത്ത ഉടനെ പറഞ്ഞു, ''എന്നെ സംസാരിക്കാൻ സമ്മതിക്കുന്നില്ല; ഇവരോട് സംസാരിക്കണം.'' അവിടെ പരിശോധനക്കെത്തിയിരുന്ന നാലഞ്ച് പേരിൽ ഒരാൾ വളരെ പരുഷമായി പറഞ്ഞു, 'ഞങ്ങൾ നിങ്ങളുടെ വീട് റെയ്ഡ് ചെയ്യാൻ വന്നതാണ്. നിങ്ങളുടെ ഒരു സാക്ഷിയെവേണം. ഒരാളെ ഏർപ്പാട് ചെയ്യണം.' ഞങ്ങളുടെ അടുത്ത കെട്ടിടത്തിൽ താമസിക്കുന്ന അടുത്ത സുഹൃത്തിനെ വിളിച്ചുനോക്കി, ഫോണിൽ കിട്ടിയില്ല. സ്വിച്ച് ഓഫ്. ഓഫീസിലെ സഹപ്രവർത്തകൻ ജയ്ദീപ് ഭട്‌നാഗറെ വിളിച്ചപ്പോൾ ഓഫീസ് മുറിയിലും പരിശോധനയാണെന്നും അയാൾ അവിടെ സാക്ഷിയാണെന്നും അറിയിച്ചു. ഓഫീസിൽ മറ്റൊരു സഹപ്രവർത്തകനായ ധനകാര്യം, വിജിലൻസ്, നിയമം എന്നിവയുടെ ചുമതലയുളള ഉദ്യോഗസ്ഥന്റെ മുറിയിലും പരിശോധന നടക്കുകയാണെന്നും അറിഞ്ഞു. എന്റെ പേഴ്‌സണൽ അസിസ്റ്റന്റ് സുരേഷിനോട് വീട്ടിലേക്ക് പോകാനപേക്ഷിച്ചു. അപ്പോഴേക്കും ആർ.ആർ.ഷാ എന്നെ ഫോണിൽ വിളിച്ചു. ഞാൻ പുറത്തെത്തി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തെ വിവരം ഓഫീസിൽ നിന്ന് അറിയിച്ചതേയുളളു:കാറിൽ നിന്ന് ഇറങ്ങിവന്ന് എന്നെ ചേർത്തുപിടിച്ച് അടുത്ത വിമാനത്തിൽ തന്നെ മടങ്ങിക്കൊളളാനും ആവശ്യമുണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു. ഡൽഹിയിലേക്കുളള വിമാനം ഒരു മണിക്കേ ഉണ്ടായിരുന്നുളളു: കോഴിക്കോട് നിന്ന് വരുന്നത്. തൊട്ടടുത്ത സീറ്റിൽ ഇ. അഹമ്മദുമുണ്ടായിരുന്നു. തിരുവനന്തപുരം
തൊട്ടുളള നല്ല സൗഹൃദബന്ധം. ഞാൻ മ്ലാനവദനനായിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. എത്ര ആലോചിച്ചിട്ടും എന്ത് കാര്യത്തിനാണ് റെയ്ഡ് എന്നൊരെത്തും പിടിയും കിട്ടിയിരുന്നില്ല. ഗ്രൗണ്ട് ഫ്‌േളാറിലെ ഫഌറ്റിലേക്ക് കടക്കുമ്പോൾ തന്നെ ഇരുവശവും ടെലിവിഷൻ ചാനലുകളുടെ ക്യാമറസംഘങ്ങൾ കാത്തുനില്ക്കുകയായിരുന്നു, ദൃശ്യങ്ങളെടുക്കാൻ.
വീട്ടിനുളളിൽ കടന്നപ്പോൾ സി.ബി.ഐ സംഘം തെരച്ചിൽ ഏറെക്കുറെ പൂർത്തിയാക്കിയിരിക്കുന്നു. ഞാൻ യാത്ര കഴിഞ്ഞ് വന്നപ്പോൾ കൊണ്ടുവന്ന ബ്രീഫ് കെയ്‌സ് തുറന്ന് അതിൽനിന്ന് ഒരു ഡയറിയും ആയിടയ്ക്ക് കിട്ടിയ ഒരു പാംടോപ്പും എടുത്തു. എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന മുറിയിൽ ഒരു ഷെൽഫ് നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. അവ ഓരോന്നായി പുറത്തെടുത്ത് തുറന്ന് വലിച്ചെറിയാൻ തുടങ്ങിയപ്പോൾ അരിശം തോന്നി ,'എനിക്കിവ വളരെ വിലപ്പെട്ടവയാണ്; വിദ്യാദേവിയായ സരസ്വതിയെപ്പോലെ. പുസ്തകങ്ങൾ ഓരോന്നായി നോക്കി അവ ഇരുന്ന സ്ഥാനത്ത് ഭദ്രമായി തിരികെവയ്ക്കണം.' പുസ്തകങ്ങൾ തിരയുന്നത് നിർത്താനും- നാലായിരത്തോളം പുസ്തകങ്ങളുണ്ട്- അവ യഥാസ്ഥാനത്ത് തിരികെവയ്ക്കാനും നിർദ്ദേശം കൊടുത്തതോടെ അതവസാനിച്ചു. കിടപ്പുമുറിയിലെ കട്ടിലിന്മേൽ അലമാറ തുറന്നെടുത്ത വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരിക്കുന്നു. ഡയറിയും പാംടോപ്പും ഞങ്ങളുടെ പാസ്‌പോർട്ടുകളും ബാങ്ക് പാസ്ബുക്കുമൊക്കെയെടുത്ത് ഒരു ചെറിയ പൊതിയിലാക്കി അവർ മടങ്ങി.
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒമ്പതുമണിക്കാണ് അമേരിക്കയിൽ നിന്ന് രണ്ടുമക്കളും വിളിക്കുന്നത്. ബോസ്റ്റണിൽ മൂത്തമകൻ ജോലിക്ക് കയറി ഏതാനും മാസങ്ങളായിരുന്നു. അവർ പതിവുപോലെ അന്നും രാവിലെ വിളിച്ചപ്പോൾ സന്ധ്യയെ ഫോണിൽ സംസാരിക്കാനനുവദിക്കാതെ സിബിഐ ഉദ്യോഗസ്ഥന്മാർ തന്നെ ഫോണിൽ പരുഷമായി സംസാരിച്ചതിനാൽ അവർ വല്ലാതെ പകച്ചുപോയിരുന്നു. എന്നെ വിളിച്ചിട്ട് കിട്ടുന്നില്ല. അവർ ഭയവും ഉത്കണ്ഠയും നിമിത്തം എനിക്കെന്തു സംഭവിച്ചുവെന്നറിയാതെ വിഷമിച്ച് മദിരാശിയിലുളള ഒരു സുഹൃത്തിനെയും മൂത്ത മകൻ ജയദീപിന് കല്യാണമാലോചിച്ചിരുന്ന ലക്ഷ്മിയുടെ അച്ഛൻ ഹൈദരാബാദിലുളള വിശ്വനാഥൻ നമ്പ്യാരെയും വിളിച്ചുകൊണ്ടിരുന്നു; സംഭവത്തിന്റെ ഞെട്ടൽ നിമിത്തം എന്റെ ആരോഗ്യസ്ഥിതി എന്തായിരിക്കുമെന്നറിയാതെ ഉത്കണ്ഠാകുലരുമാണെന്നറിയിച്ചു. ഒടുവിൽ ഞാൻ വിളിച്ചപ്പോഴാണ് അവർക്കാശ്വാസമായത്. ഞാൻ വിവരങ്ങൾ പറഞ്ഞു. എന്തിനാണ് റെയ്ഡ് നടക്കുന്നതെന്നെനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയിലാകെ പല സ്ഥലങ്ങളിലും റെയ്ഡ് നടക്കുകയാണെന്നും ക്രിക്കറ്റിന്റെ സംപ്രേഷണവും വാതുവയ്പുമായി ബന്ധപ്പെട്ടതാണെന്നും അറിയാൻ കഴിഞ്ഞു. ദൂരദർശനിലെ മുൻ ഡയറക്ടർ ജനറലായിരുന്ന കെ.എസ്.ശർമയുടെയും മറ്റ് ചില ഉദ്യോഗസ്ഥന്മാരുടെയും ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയുടെയും സംപ്രേഷണാവകാശം വാങ്ങിയ മാർക്ക് മസ്‌കറിനാസിന്റെയും യുടിവിയുടെ തലവൻ റോണി സ്‌ക്രൂവാലയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നതായി അറിഞ്ഞു. പ്രസാർഭാരതിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തന്റെ ബന്ധുവിനെക്കൊണ്ട് സ്‌പോർട്‌സ് കൺസോർഷ്യം നിമിത്തം ദൂരദർശനെതിരായ 1998ൽ തയ്യാറാക്കിയ റിപ്പോർട്ട് പത്രസമ്മേളനം നടത്തി വിതരണംചെയ്തിരുന്നു. യുക്തിയുടെയോ സത്യത്തിന്റെയോ പിൻബലമില്ലാതിരുന്ന ആ റിപ്പോർട്ട് ആരും കാര്യമായെടുത്തില്ല. ഒരു ഇംഗ്ലീഷ് പത്രമൊഴികെ. അവർ വളരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. സിബിഐയിലെ ഉദ്യോഗസ്ഥന്മാർ അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയതെന്നും അതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകൾ നടത്തിയതെന്നും പിന്നീട് മനസ്സിലായി. ടെലിവിഷനെപ്പറ്റിയോ സമയത്തിന്റെ വിപണനത്തെക്കുറിച്ചോ ശരിയായ ധാരണയില്ലാതെ താൻപോരിമ പ്രകടമാക്കാൻ കെട്ടിച്ചമച്ച അത് ഇത്തരമൊരവസ്ഥയിലാണ് പരിണമിക്കുകയെന്നത് അചിന്തനീയമായിരുന്നു. പക്ഷേ, എനിക്കെന്റെ ജീവിതസ്വപ്‌നം നഷ്ടമായി. കേസിൽ കഴമ്പില്ലെന്ന് കണ്ട് പിന്നീട് സിബിഐ തന്നെ അവ കോടതിയിൽ അവസാനിപ്പിച്ചു. തളിപ്പറമ്പിൽ നിന്ന് കാസർകോട്ടേക്ക് അടുപ്പമുണ്ടായിരുന്ന ഒരാളുടെ മരണത്തിന്റെ അനുശോചനമറിയിക്കാൻ യാത്ര ചെയ്തുകൊണ്ടിരുന്ന രാഗിണി വഴിയിലെ ടെലിഫോൺ ബൂത്തുകളിൽനിന്നൊക്കെ വിവരമറിയാൻ വിളിച്ചുകൊണ്ടിരുന്നു. റെയ്ഡിന് വന്നവരെ യഥായോഗ്യം സൽക്കരിക്കുകയും പതറാതെ നേരിടുകയും ചെയ്ത സന്ധ്യയോടുളള കടപ്പാട് ഒരിക്കലും തീരില്ല. രാഗിണി വീട്ടിലുണ്ടായിരുന്നെങ്കിൽ ആരോഗ്യസ്ഥിതി എന്താവുമെന്ന് പ്രവചിക്കാനാവുമായിരുന്നില്ല. പക്ഷെ, സന്ധ്യ അവരെ വളരെ മികച്ചരീതിയിൽ കൈകാര്യം ചെയ്തു.






