ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള മഹാഗായികയാണ് ലതാമങ്കേഷ്കർ. ലതയുടെ സ്വർഗ്ഗീയനാദമാധുരിക്ക് മരണമില്ല. മരണത്തിലേക്ക് ആണ്ടുപോയവരെപ്പോലും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ അവരുടെ ശബ്ദമാധുരിക്കുകഴിഞ്ഞുവെന്നതിന് സംവിധായകൻ മെഹബൂബ് ഖാന്റെ കഥ തന്നെമതി. ചോരി ചോരിയിലെ രസിക് ബൽമാ... എന്നുതുടങ്ങുന്ന പാട്ട് പാടിക്കേൾക്കണമെന്ന് അമേരിക്കയിലെ ആശുപത്രിക്കിടക്കയിൽ അദ്ദേഹം ലതയോട് ആവശ്യപ്പെട്ടു. ഖാൻ മരണത്തെമല്ലടിച്ച് കിടക്കുമ്പോൾ ഇന്ത്യയിലിരുന്ന് ലതാമങ്കേഷ്കർ ഫോണിലൂടെ പാട്ട് പാടിക്കൊടുത്തു. ലതയുടെ പാട്ടാണദ്ദേഹത്തെ ജീവിതത്തിലേക്ക് മടങ്ങാൻ കാരണമായതെന്ന് ഇൻസെർച്ച് ഓഫ് ലതഎന്ന പുസ്തകത്തിൽ പറയുന്നുണ്ട്. മരുന്നും മന്ത്രവും എന്നാണല്ലോ. ചികിത്സക്കൊപ്പം മ്യൂസിക്ക് തെറാപ്പിയുടെ മാസ്മരികശക്തികൂടി മെഹബൂബ് ഖാന് ജീവിതാസക്തി കൂട്ടിയിരിക്കാം.
ഇന്ത്യയുടെ വാനമ്പാടിയെന്ന് ലതാമങ്കേഷ്കറുടെ വിളിപ്പേര് അർത്ഥവത്താണ്. സ്വർഗവാതിക്കൽ ശ്രുതിമീട്ടുന്നപക്ഷിയെന്നാണ് ആംഗലകവി ഷെല്ലി വാനമ്പാടിയെ വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ശ്യാമയായ ലതാമങ്കേഷ്കറെ ഒരുനോക്ക് കാണാനാവുകയെന്നത് ആരുടെയും മോഹമായിരുന്നു. നമ്മുടെ ഉപഭൂഖണ്ഡത്തിൽ ലത പാടിയ പാട്ടുകൾ ഒരിക്കലെങ്കിലും മൂളാത്തവർ വളരെ വിരളമായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽമാത്രമല്ല.ലോകത്തെമ്പാടും അവർക്ക് വലിയ ആരാധകരുണ്ടായിരുന്നു. ഇങ്ങനെയുള്ള അനുഗൃഹീതജന്മമായ ഈ ഗന്ധർവ്വഗായികക്കൊപ്പം ഒരു വീട്ടിൽ കുറച്ചുദിവസം കഴിയാൻ അവസരം ലഭിക്കുകയെന്നത് ആരുടെയും സ്വപ്നമായിരിക്കും. ലതയ്ക്ക് സ്വന്തം കൈകൊണ്ട് ആഹാരം വെച്ചുവിളമ്പാൻ കൂടി അവസരം ലഭിച്ചാലോ അതൊരുമഹാപുണ്യവും. എന്റെ നാട്ടുകാരനും ബാല്യകാലസുഹൃത്തുമായ ജീസ്മോൻ ഈ മഹാഭാഗ്യം ലഭിച്ചയാളാണ്.
ലതാമങ്കേഷ്കറെക്കുറിച്ചുപറയാൻ ജീസ്മോന് നൂറ് നാവാണ്. ലതാജിയുമൊന്നുള്ള ചിത്രങ്ങൾ ജീസ് മോൻ പൊന്നുപോലെ സൂക്ഷിക്കുന്നു. വലുപ്പചെറുപ്പമില്ലാതെ ആരെയും സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതുന്ന സ്വഭാവക്കാരിയായിരുന്നു ലതാജിയെന്ന് ജീസ് മോൻ ഓർക്കുന്നു. അവരുടെ വേർപാടിന്റെ ഈ അവസരത്തിൽ ആ മഹാഗായികക്കൊപ്പം ചിലവഴിച്ച പുണ്യനിമിഷങ്ങളെ ഓർത്തെടുക്കുകയാണ് ജീസ്മോൻ.
യമനിലെ ഏറ്റവും വലിയകോർപ്പറേറ്റ് ശൃംഖലയായ സൗദ് ബഹാവാന്റെ ചെയർമാനായിരുന്ന ഷെയ്ക്ക് സൗദ് സലിം ബഹ്വാൻ അൽ മുഖൈഷ്നിയുടെ പാചകക്കാരിലൊരാളായിരുന്നു ജീസ് മോൻ. പ്രധാനപാചകക്കാരൻ മലപ്പുറക്കാരനായ മുഹമ്മദ് ആയിരുന്നു. അദ്ദേഹത്തിന്റെ സഹായിയെന്ന നിലയിൽ ചോട്ടാമുഹമ്മദ് എന്ന പേരിലാണ് ജീസ്മോനവിടെ അറിയപ്പെട്ടിരുന്നത്. ഇന്ത്യയുമായി വളരെ അടുത്തബന്ധമുണ്ടായിരുന്ന ആളായിരുന്നു മുഖൈഷ്നി. പ്രത്യേകിച്ച് കേരളം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാടായിരുന്നു. കേരളത്തിൽനിന്നുള്ള തടികൾ അദ്ദേഹം വ്യാപാരം ചെയ്തിരുന്നു. ഉരുക്കളും മറ്റും നിർമ്മിച്ച് വ്യാപാരം നടത്തിയിരുന്നു. പിന്നീടാണ് ഓട്ടോമൊബൈൽ രംഗത്ത് അദ്ദേഹം സജീവമാകുന്നത്. പ്രതിവർഷം 12000 കോടിരൂപയുടെ വിറ്റുവരവുള്ള സൗദ് വഹ്വാൻ ഗ്രൂപ്പായത് പിന്നീടത് വളർന്നു. ഏഴായിരത്തോളം ഇന്ത്യക്കാർ അവിടെ ജോലിചെയ്തിരുന്നുവെന്നത് ഇന്ത്യക്കാരോടുള്ള അദ്ദേഹത്തിന്റെ താൽപര്യം വ്യക്തമാക്കുന്നു.

ബഹ്വാൻ അൽ മുഖൈഷ്നി കടുത്ത ലതാമങ്കേഷ്കർ ആരാധകനായിരുന്നു. എപ്പോഴും ലതയുടെ പാട്ടുകൾ കേട്ടുകൊണ്ടാണ് അദ്ദേഹം ജിവിച്ചിരുന്നത്. ഉറങ്ങുമ്പോഴൊഴികെയുള്ളനേരങ്ങൾ അദ്ദേഹം ലതയുടെ സ്വരത്തോടൊപ്പം ജീവിച്ചു. ഓഫീസിലും വീട്ടിലും ലതയുടെ സ്വർഗ്ഗീയസ്വരമാധുരി ഒഴുകികൊണ്ടിരിക്കും. ബഹ്വാൻ ലതയുടെ വളരെഅടുത്ത സുഹൃത്തായിരുന്നു. കുടുംബാംഗമെന്ന് പറയാം. ബഹ്വാൻ അൽ മുഖൈഷ്നിയുടെ പാരിസിലുള്ള വീട്ടിൽ കുടുംബസമേതം ലതാമങ്കേഷ്കർ ഇടയ്ക്ക് വന്നുതാമസിക്കും. സഹോദരന്റെ മക്കളും സഹോദരിയുടെ മക്കളുമൊക്കെ കൂടെയുണ്ടാകും. ചിലപ്പോ ലതാമങ്കേഷ്കറുമായി സ്നേഹബന്ധമുണ്ടായിരുന്ന രാജസ്ഥാനിലെ രാജകുടുംബാംഗം രാജ്സിങ്ദുർഗാർ പൂരും അവരോടൊപ്പം ഉണ്ടാകും. എല്ലാവരും ഓരാഴ്ചയെങ്കിലും അവിടെ താമസിക്കും. അപ്പോഴൊക്കെ അടുക്കളയിൽ അവർക്ക് ഇഷ്ടപ്പെട്ടവിഭവങ്ങൾ ഒരുക്കിനൽകുന്ന കൂട്ടത്തിൽ ജീസ് മോനും ഉണ്ടാകും. ലതയുടെസാന്നിധ്യം ഈ വീടിനെ ഉഷ്മളമാക്കും.
നൈറ്റിയൊക്കെ ധരിച്ച് ഒരു സാധാരണവീട്ടമ്മയെപ്പോലെയാണ് അവരവിടെ കഴിയുക. കേരളസ്റ്റൈൽ ചിക്കൻ ബിരിയാണി ലതാമങ്കേഷ്കർക്ക് വളരെ പ്രിയപ്പെട്ട വിഭവമായിരുന്നു. വാരിവലിച്ച്കഴിക്കില്ല, മിതമായഭക്ഷണമെയുള്ളു. നമ്മുടെപുളിശ്ശേരിയും അവിയലും വെള്ളച്ചോറും വളരെ ഇഷ്ടമായിരുന്നു. രാത്രി ചപ്പാത്തിയും ചിക്കൻ കറിയും. അല്ലെങ്കിൽ പരിപ്പ് കറി. ഇടയ്ക്ക് പപ്പായ ജൂസ്, ഓറഞ്ച് ജൂസ്. ഇങ്ങനെ വളരെ ലളിതമായ ഭക്ഷണവിഭങ്ങളോടായിരുന്നു താൽപര്യം. ഭക്ഷണശീലം പോലെ വളരെ ലാളിത്യം നിറഞ്ഞതായിരുന്നു അവരുടെ പെരുമാറ്റവും.
ലതാജിക്കൊപ്പം ഒരേവീട്ടിൽ കഴിയുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ശ്രീലങ്കക്കാരുമൊക്കെ ദീദി ഒരു ഫോട്ടോയെന്ന് പറഞ്ഞാൽ വളരെ സന്തോഷത്തോടെ ഒപ്പം വന്നുനിൽക്കും. ലോകപ്രശസ്തയായപാട്ടുകാരിയാണ് താനെന്ന ഒരുതലക്കനവും അവർക്കുണ്ടായിരുന്നില്ല. ഇന്ത്യയുടെ വാനമ്പാടിയായ ലതാമങ്കേഷ്കറുടെ ശബ്ദം കിളിയുടേതുപോലെതന്നെയായിരുന്നുവെന്ന് ജീസ് മോനോർക്കുന്നു. പക്ഷിപാട്ട് ശ്രദ്ധിച്ചിട്ടുള്ളവർക്കത് ഒരു പക്ഷെ വാനമ്പാടിയുടെ പാട്ട് പോലെയോ ശ്യാമയുടെതുപോലെയോ തോന്നാം. വളരെ താഴ്ന്നനിലയിൽ ഒരു കിളിഒച്ചപോലെയാണത് തോന്നിയിരുന്നത്രെ. കാലിന്റെ പാദം വരെ തലമുടി നീണ്ടുകിടന്നിരുന്നു. അഞ്ചരയടിമാത്രമെ ഉയരം കാണുകയുള്ളു. പുറത്തേക്ക് അധികം സഞ്ചരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. വീട്ടിൽതന്നെ കഴിയാനായിരുന്നു താൽപര്യം.






