ഒന്നാം ഗൾഫ് യുദ്ധ കാലത്താണ് മലയാളികൾ മിസൈലുകളുടെ പ്രയോഗം മിനി സ്‌ക്രീനിൽ കണ്ടത്. സി.എൻ.എന്റെ വിഷ്വൽസ് ദൂരദർശൻ ചാനലിൽ വന്നിരുന്ന കാലം. ഒരു മലയാള പത്രം ഞങ്ങൾ മാത്രം ഇതാ യുദ്ധമുഖത്തേക്ക് ലേഖകനെ അയച്ചിരിക്കുന്നുവെന്ന് വിളംബരം ചെയ്തു. അദ്ദേഹം ദൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ക്യാംപ് ചെയ്ത് വാർത്താ ഏജൻസി ടേക്കുകൾ മലയാളത്തിലേക്ക് തർജമ ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് ശത്രുക്കൾ പ്രചരിപ്പിച്ചു.
നിക്കോഷ്യ ഡേറ്റ് ലൈനിൽ എ.എഫ്.പിയും റോയിട്ടേഴ്‌സും നൽകുന്ന പ്രധാന വാർത്തകൾ ഇന്ത്യയിൽ പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐ അവരുടെ വരിക്കാരായ മലയാളമുൾപ്പെടെ എല്ലാ ഭാഷാ പത്രങ്ങൾക്കും ആകാശവാണിയ്ക്കും നൽകും. വെറുതെ ബാഗ്ദാദിലും കുവൈത്തിലും കറങ്ങി തടി ചീത്തയാക്കുകയൊന്നും വേണ്ട. യുദ്ധം അഫ്ഗാനിസ്ഥാനിലായാലും യൂറോപ്പിലായാലും മ്യാൻമറിലായാലും മറ്റെവിടെയായാലും മനുഷ്യരാശിയ്ക്ക് ദോഷമേ ചെയ്യൂ. അധിനിവേശ കൊതിയന്മാരായ ഭരണാധികാരികൾക്ക് മാത്രമേ ഇതിൽ താൽപര്യം. അതു കൊണ്ടാണല്ലോ മോസ്‌കോ തെരുവുകളിൽ പോലും യുദ്ധ വിരുദ്ധ പ്രകടനങ്ങൾ നടക്കുന്നത്. യുദ്ധത്തെ എല്ലാവരും വെറുക്കുമ്പോൾ മലയാളികൾ ട്രോളുകളുണ്ടാക്കി ആഘോഷിക്കുകയാണ്. ഒരാഴ്ച മുമ്പ് ഇന്ത്യൻ മീഡിയയെ പരിഹസിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും വാർത്ത നൽകിയിരുന്നു.
യുദ്ധത്തിനൊരുങ്ങാൻ അൽപം കൂടി സമയം തരൂവെന്ന് ഇന്ത്യൻ മീഡിയയോട് റഷ്യൻ പ്രസിഡന്റ് പുട്ടിൻ ആവശ്യപ്പെട്ടുവെന്ന് വാട്ട്‌സാപ്പ് സന്ദേശങ്ങൾ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഫിബ്രുവരി പതിനാറിന് റഷ്യ ഉക്രൈനെ അടിക്കുമെന്നാണ്. യുദ്ധം തുടങ്ങിയ ദിവസം പുട്ടിൻ നീക്കങ്ങൾ നടത്താൻ ആശ്രയിച്ചത് മനോരമയെ എന്നും സോഷ്യൽ മീഡിയയിൽ തമാശ വന്നു. കൂട്ടത്തിൽ ചില ഹെഡിംഗുകളാണ് വിചിത്രം. അതാ ലോകത്തെ ആഹ്ലാദിപ്പിച്ച യുദ്ധം തുടങ്ങി എന്നാണ് ഫിബ്രുവരി 24ന് രാവിലെ ബുള്ളറ്റിന്റെ തലവാചകം. ശനിയാഴ്ച വൈകുന്നേരം മനോരമ ന്യൂസ് പറയുന്നു ഇന്ത്യ ഉക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാൻ ഊർജിത ശ്രമം തുടങ്ങിയെന്ന്. വെറുതെയല്ല പോയകാല ഡ്രീം ഗേൾ ഹേമമാലിനി രണ്ടു ദിവസം മുമ്പ് മോഡിജിയെ ലോകം സമാധാന ദൂതനായി കാണുന്നുവെന്ന് പറഞ്ഞത്.
മാതൃഭൂമി ന്യൂസുകാർ ഞങ്ങൾക്ക് മാത്രം ലഭിച്ച വാർത്തയെന്ന് അവകാശപ്പെട്ട് സംപ്രേഷണം ചെയ്ത തലനാരിഴക്ക് രക്ഷപ്പെടുന്ന യുദ്ധ വിമാനത്തിന്റെ പേരിലുള്ള കോലാഹലം സോഷ്യൽ മീഡിയയിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. യുകെജി ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പോലും വീട്ടിലെ മൊബൈൽ ഫോണെടുത്ത് ഫ്രീഫയർ ഗെയിം കളിക്കുന്ന കാലമാണിത്. അപ്പോഴാണ് മാതൃഭൂമി ന്യൂസിൽ എക്‌സ്‌ക്ലൂസീവ് യുദ്ധ ദൃശ്യമായി ഗെയിം വരുന്നത്. രാത്രിയിലെ ബുള്ളറ്റിനിൽ മാതൃഭൂമി ഖേദ പ്രകടനം നടത്തി. തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ മാതൃഭൂമിയെ തൂക്കിക്കൊല്ലണമെന്ന് പറയുന്നവരോടും യോജിപ്പില്ല. ലോകത്ത് ഒരു ഡ്രൈവറും അപകടമുണ്ടാക്കണമെന്ന് കരുതി വാഹനമോടിക്കില്ലെന്നു പറയുന്നത് പോലെയാണ് മാധ്യമ പ്രവർത്തകരുടേയും കാര്യം. ആരും ബോധപൂർവം ഇത്തരം അബദ്ധങ്ങൾ കാണിക്കില്ല. മാതൃഭൂമി ന്യൂസിന്റെ പ്രൊഡക്ഷൻ ടീമും അതേ. മനുഷ്യരല്ലേ, പല ചിന്തകളും കടന്നു വരുമ്പോൾ ചെറിയ അശ്രദ്ധയിൽ പറ്റുന്നതാണിത്.
യുദ്ധം തുടങ്ങിയ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട വനിതയുടെ അനുകരണ പതിപ്പുണ്ടാക്കിയവനെ സമ്മതിക്കണം. വനിതയുടെ കവർ പേജ്. മുഖചിത്രം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ. സൈഡ് സ്റ്റോറിയുടെ തലവാചകമുണ്ട് വലതുവശത്ത്. പുട്ടിന്റെ ഇഷ്ട ഭക്ഷണം പുട്ടും കടലയും. കവർ സ്റ്റോറിയുടെ ശീർഷകമാണ് കിടിലൻ. യുദ്ധ കാലത്തെ സെക്‌സ്. പ്രതിഭാശാലികൾ പലരും മാധ്യമ സ്ഥാപനങ്ങൾക്ക് പുറത്താണിപ്പോൾ.
*** *** ***
റഷ്യ സൈനിക നീക്കം കടുപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും തങ്ങളുടെ പ്രതിരോധം ശക്തമാക്കി ഉക്രൈൻ. നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുട്ടിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന കാർട്ടൂൺ ഔദ്യോഗിക ട്വീറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് തങ്ങളുടെ എതിർപ്പ് ഉക്രൈൻ അറിയിച്ചത്.
അടിക്കുറിപ്പില്ലാതെയാണ് കാർട്ടൂൺ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. അഡോൾഫ് ഹിറ്റലറും വ്ലാദമിർ പുട്ടിനും പരസ്പരം സ്‌നേഹത്തോടെ നോക്കുന്നതാണ് കാർട്ടൂണിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഹിറ്റ്‌ലർ പുഞ്ചിരിച്ചുകൊണ്ട് പുട്ടിന്റെ കവിളിൽ കൈ വച്ചിരിക്കുന്നതും കാണാം. ഇതൊരു മീം അല്ലെന്നും ഞങ്ങളുടേയും നിങ്ങളുടേയും നിലവിലെ യാഥാർത്ഥ്യമാണെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
സംഘർഷാവസ്ഥയുടെ തുടക്കത്തിൽ പുട്ടിന്റെ നീക്കങ്ങളെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത്‌കൊണ്ട് നിരവധി പ്രതിഷേധകർ രംഗത്തുവന്നിരുന്നു. ഉക്രൈനിലേക്കുളള റഷ്യൻ അധിനിവേശത്തെ തുടർന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയും റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുട്ടിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തിരുന്നു. നിലവിൽ റഷ്യൻ ആക്രമണത്തിൽ ഉക്രൈനിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിട്ടുളളത്.
നാളെ എന്ത് സംഭവിക്കുമെന്നറിയില്ല. ഇപ്പോഴത്തെ ലോകത്തിന്റെ ഹീറോ ഉക്രൈൻ പ്രസിഡന്റ് വോളോഡ്മയർ സെലൻസ്‌കിയാണ്.
നമ്മളായി അല്ല ഈ യുദ്ധം ആരംഭിച്ചത്, എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കുന്നത് നമ്മളായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് 2019 ൽ ഉക്രൈൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആളാണ് വോളോഡ്മയർ സെലൻസ്‌കി. അതിർത്തികൾ വിട്ട് കൊടുക്കാതിരിക്കേണ്ടടത്തോളം കാലം സമാധാനത്തിന് വേണ്ടി എത്ര ദുഷ്‌കരമായ തീരുമാനങ്ങൾ എടുക്കാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. റഷ്യ ഉക്രൈൻ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്.
രാഷ്ട്രീയ പശ്ചാത്തലമില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആളാണ് വോളോഡ്മയർ സെലൻസ്‌കി. ഒരു ടെലിവിഷൻ ചാനലിൽ പ്രസിഡന്റിന്റെ വേഷത്തിൽ എത്തിയിരുന്നു. ഒരു കൊമേഡിയൻ ആയിരുന്നു വോളോഡ്മയർ സെലൻസ്‌കി. ഉക്രൈൻ പൗരൻ ആയിരുന്നെങ്കിലും, റഷ്യൻ സംസാരിച്ചിരുന്ന ആളാണ് സെലൻസ്‌കി. മാത്രമല്ല ന്യുനപക്ഷ വിഭാഗമായ ജൂതന്മാരിൽ പെട്ട ആൾക്കൂടിയാണ് സെലൻസ്‌കി.അദ്ദേഹത്തിന്റെ പ്രശസ്തിയും, മുൻ പ്രസിഡന്റിന് എതിരായ വിമർശനങ്ങളും അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനങ്ങളുമാണ് 2019 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കാൻ കാരണമായത്. സെർവന്റ് ഓഫ് പീപ്പിൾ എന്ന ടെലിവിഷൻ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ വേഷമാണ് പ്രശസ്തി നേടി നൽകിയത്. ഹൈസ്‌കൂൾ അധ്യാപകനിൽ നിന്ന് അപ്രതീക്ഷിതായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഒരു കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
പ്രതിഷേധങ്ങളെ തുടർന്ന് പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിന്റെ സർക്കാരിനെ പുറത്താക്കി ഒരു വർഷത്തിന് ശേഷമായിരുന്നു ഈ ഷോ ആരംഭിച്ചത്. റഷ്യൻ അനുകൂല മനോഭാവം ഉണ്ടായിരുന്ന വിക്ടർ യാനുകോവിച്ചിന്റെ സർക്കാർ യൂറോപ്യൻ യൂണിയനുമായി ഒരു കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജനങ്ങൾ കടുത്ത പ്രതിഷേധങ്ങളിലൂടെ വിക്ടർ യാനുകോവിച്ചിന്റെ സർക്കാരിനെ അട്ടിമറിച്ചത്.
ഇതിന് ശേഷമാണ് സെലൻസ്‌കിയുടെ കഥാപത്രം വസിൽ പെട്രോവിച്ച് ഹോളോബോറോഡ്‌കോ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നത്. അഴിമതിക്കും, പണക്കാർക്കെതിരെയുള്ള വിമർശനങ്ങളായിലൂടെയും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഒരു സാധാരണക്കാരന്റെ കഥയായിരുന്നു അത്. ഇത്തരത്തിൽ തന്നെയാണ് സെലൻസ്‌കിയും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമായും പ്രചാരണം നടത്തിയ അദ്ദേഹം ലക്ഷ്യം വച്ചത് അഴിമതി നിവാരണമായിരുന്നു.തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തീരുമാനിച്ച സെലൻസ്‌കി തന്റെ പ്രൊഡക്ഷൻ ഹൗസായ ക്വാർട്ടാൽ 95 വെച്ച് ഒരു പാർട്ടി രൂപീകരിച്ചു. ഒടുവിൽ 2019 ലെ തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടും നേടി ഗംഭീര ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അമേരിക്കയേയും നാറ്റോയെയും വിശ്വസിച്ചതാണ് അദ്ദേഹത്തിന് വിനയായത്. ബൈഡേട്ടൻ വലിയ വർത്തമാനമൊക്കെ പറഞ്ഞിരുന്നു. മെരിലാന്റിൽ നിന്ന് അമേരിക്കൻ പട്ടാളക്കാർ വിമാനത്തിലേറി പറന്ന് പോളണ്ടിൽ വന്നിറങ്ങുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കരസേനയുമായിട്ടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളതെന്ന് വീരവാദം മുഴക്കിയ ബൈഡൻ ഇപ്പോൾ പുട്ടിന്റെ ബാങ്ക് അക്കൗണ്ടുകൾ സീറോ ബാലൻസാക്കുന്ന തിരക്കിലാണ്.
*** *** ***
പോളണ്ട് അതിർത്തിയിൽ ഇന്ത്യയിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ ശനിയാഴ്ച അടക്കം കുടുങ്ങി കിടക്കുന്നു. ഇന്ത്യൻ എംബസി നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും എന്ത് ചെയ്യണമെന്ന് അറിയാതെ പോളണ്ട് അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും വിദ്യാർഥികൾ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മൈനസ് നാല് ഡിഗ്രിയാണ് തണുപ്പ്. പല വിദ്യാർഥികളും തല കറങ്ങി വീണു. ഭക്ഷണമോ വെള്ളമോ കിട്ടാനില്ല. പോളണ്ട് അതിർത്തിയിൽ എത്തിയാൽ രക്ഷാദൗത്യത്തിനു എല്ലാ സഹായവും ചെയ്തു തരാമെന്ന് ഇന്ത്യൻ എംബസി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒരുതരത്തിലുമുള്ള സഹായവും ലഭിച്ചിട്ടില്ല. എങ്ങനെയെങ്കിലും പോളണ്ട് അതിർത്തിയിൽ നിന്ന് നാട്ടിലെത്തിയാൽ മതിയെന്നും കുടുങ്ങി കിടക്കുന്ന വിദ്യാർഥികൾ പ്രതികരിച്ചു. യുദ്ധ സംബന്ധമായ മികച്ച ചർച്ചകളിലൊന്ന് മാതൃഭൂമി ന്യൂസിൽ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര കൂടി പങ്കെടുത്തതായിരുന്നു. ഉക്രൈൻ എന്ന രാജ്യത്തിന്റെ കൃത്യമായ ചിത്രം അദ്ദേഹം വരച്ചു കാട്ടി. ജനം ടിവിയിൽ വ്യാഴാഴ്ച ഉക്രൈനിലെ മലയാളി വിദ്യാർഥിനികളായ കശ്മീരയേയും റിസ്‌വാനയേയും പങ്കെടുപ്പിച്ച സംവാദവും ശ്രദ്ധേയമായി.
*** *** ***
ബി.ജെ.പി ദേശീയ അധ്യക്ഷൻ നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിൽ പറന്നിറങ്ങുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. യുപിയിൽ വികസനം ഉയർത്തിക്കാട്ടി വോട്ട് പിടിക്കുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ് ഈ വീഡിയോ. കാറ്റടിച്ചാൽ പൊളിഞ്ഞുവീഴുന്നതാണ് യോഗിയുടെ വികസനമെന്നാണ് പ്രധാന ആരോപണം. വിമർശനത്തിന് ഇടയാക്കിയ വീഡിയോയിലെ ഉള്ളടക്കം ഇങ്ങനെ.
ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഹെലിക്കോപ്റ്ററിൽ എത്തുകയായിരുന്നു. പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്റെ ശക്തമായ കാറ്റടിച്ച് ഇവിടുത്തെ ഒരു ഇന്റർമീഡിയേറ്റ് കോളേജിന്റെ മതിൽ തകർന്നു വീഴുകയായിരുന്നു. ബല്ലിയ ജില്ലയിലെ ഫേഫ്‌ന നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഉപേന്ദ്ര തിവാരിയുടെ പ്രചാരണത്തിനായി ആയിരുന്നു നദ്ദ എത്തിയത്.
ഇവിടുത്തെ രത്സാർ ഇന്റർ കോളേജ് ഗ്രൗണ്ടിലായിരുന്നു നദ്ദയുടെ ഹെലിക്കോപ്റ്റർ ഇറങ്ങാൻ ഹെലിപ്പാഡ് തയ്യാറാക്കിയിരുന്നത്. താഴ്ന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിൽ നിന്നും ശക്തമായുള്ള കാറ്റടിച്ച് കോളേജ് മതിൽ തകർന്നു വീഴുകയായിരുന്നു. കേരളത്തിൽ ധാരാളം യു.പി സ്‌കൂളുകളുണ്ടെങ്കിലും ഒന്നിന്റേയും ചുമര് ഇതു പോലെ ഇടിഞ്ഞു വീഴില്ലെന്നുറപ്പ്.






