മല കയറി കുടുങ്ങിയ ബാബു

യുവാക്കളിലെ സാഹസികത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ശാരീരികവും, മാനസികവുമായ കരുത്തും ആർജ്ജവവുമാണ് ഏത് തരം സാഹസികതയ്ക്കുമുള്ള അടിസ്ഥാന ഘടകം. സാഹസികത ഏത് തരത്തിലുള്ള താണെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള പരിശീലനവും, സുരക്ഷാ മുൻകരുതലുകളും അനിവാര്യവുമാണ്. ഹീറോ ചമയാനുള്ള മോഹവുമായി അപക്വമായി അതിസഹസികത നടത്തിയ എത്രയോ ചെറുപ്പക്കാർക്ക് ജീവഹാനി സംഭവിച്ച ഉദാഹരണങ്ങൾ നമ്മുടെ നാട്ടിൽ എറെയുണ്ട്. പൊറോട്ടൊയും ബീഫും വാങ്ങിച്ച് നൽകാമെന്ന കൂട്ടുകാരന്റെ പന്തയം വെല്ലുവിളിയായി ഏറ്റെടുത്ത് കര കവിഞ്ഞൊഴുകിയ ചാലിയാർ പുഴയ്ക്ക് കുറെകെ നീന്തി കടക്കാൻ ശ്രമിയ്ക്കവെ, ഒഴുക്കിൽ പെട്ട  യുവാവിന്റെ ജഡം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പിന്നീട് കണ്ടെത്താനായത്. യുവാക്കളിലെ സാഹസിക മനോഭാവം സമൂഹത്തിന് പലപ്പോഴും ഗുണകരമായി ഭവിക്കുന്നു എന്നതും വസ്തുതയാണ്. വൈക്കോൽ കേറ്റി വരികയായിരുന്ന ലോറിയിൽ തീ ആളിപ്പടർന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ ഡ്രൈവർ ലോറിയിൽ നിന്ന് പുറത്ത് ചാടിയപ്പോൾ. ഡ്രൈവറുടെ സീറ്റിലേക്ക് ചാടിക്കേറി സധൈര്യം വണ്ടി മുന്നോട്ടെടുത്ത് പുഴയിലേക്ക് ഓടിച്ചിറക്കിയ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. അവസരത്തിനൊത്ത് നൈമിഷികമായി കൈവരുന്ന ഒരു സാഹസം തന്നെയാണ് ഇത്തരം സംഭവങ്ങൾ. ഡ്രൈവിംഗ് വശമുള്ള ഷാജിപപ്പൻ എന്ന യുവാവ് കോടഞ്ചേരി ടൗണിനെ ഒരു വലിയ വിപത്തിൽ നിന്നാണ് അന്ന് രക്ഷിച്ചത്. രണ്ട് വർഷം മുമ്പായിരുന്നു ഈ സംഭവം. നിർണ്ണായക സാഹചര്യങ്ങളിലുണ്ടാകുന്ന ഇത്തരം ഇടപെടലുകൾ ഒറ്റപ്പെട്ട സംഭവല്ല.
സോഷ്യൽമീഡിയാ അരങ്ങ് വാഴുന്ന നടപ്പ് കാലത്ത്, ഒരു വിഭാഗം യുവാക്കളിൽ കണ്ട് വരുന്ന പ്രവണതയാണ് അതിസാഹസികത പ്രവണത. യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനായി എന്ത് അവിവേകത്തിനും യുവാക്കൾ തയ്യാറാകുന്നു. തന്റെ വീഡിയോക്ക് ലഭിയ്ക്കുന്ന ലൈക്കും, ഷെയറും മൂലമുണ്ടാകുന്ന അനുഭൂതിയും അത് വഴിയുള്ള ഹീറോയിസവുമാണ് പല അവിവേകങ്ങൾക്കും യുവാക്കൾക്ക് പ്രേരകമായി മാറുന്നത്. ഇത് നടപ്പ് കാലത്തിന്റെ ചിന്താഗതിയുടേയും, മനോഗതിയുടേയും ഉൽപ്പന്നവുമാണ്.

സെൽഫിക്ക് വേണ്ടി
ഒരു കിലോമീറ്റർ ഉയരമുള്ള ചെങ്കുത്തായ വലിയ കരിങ്കൽപാറയ്ക്ക് മുകളിലുള്ള കൊടിയെ സ്പർശിച്ച് സെൽഫിയെടുക്കാൻ പാറയ്ക്ക് മുകളിലേയ്ക്ക് കേറി പാറയിടുക്കിൽ കുരുങ്ങിയ മലമ്പുഴയിലെ ബാബു എന്ന ചെറുപ്പക്കാരന്റെ സാഹസിക മനോഭാവം അഭിനന്ദനമർഹിക്കുന്നു എന്നത് ശരി തന്നെ. ഫെബ്രുവരി രണ്ടാംവാരത്തിന്റെ തുടക്കത്തിൽ സ്വന്തം വീട്ടുകാർക്ക് ഒരു സൂചന പോലും നൽകാതെയാണ് 24-കാരനായ ബാബു എന്ന യുവാവ് പാലക്കാട്-മലമ്പുഴയിലെ കുമ്പാച്ചിപ്പാറയുടെ മുകളിലേക്ക് സാഹസിക ട്രക്കിംഗ് നടത്തിയത്. ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മൂന്ന് കൂട്ടുകാരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഏതാണ്ട് 400 മീറ്റർ ഉയരം കേറിയ സംഘത്തിലെ പയ്യൻമാർ മുന്നോട്ട് നീങ്ങാനാകാതെ തിരിച്ചിറങ്ങി. പിന്തിരിയാൻ തയ്യാറാകാതെ അൽപ്പം കൂടി മുന്നോട്ട് നീങ്ങിയ ബാബു, പിന്നീട് തിരിച്ചിറങ്ങാൻ ശ്രമിയ്ക്കുന്നതിനിടെ ദിശ മാറി മഴവെള്ളം ഒഴുകി രൂപപ്പെട്ട നീർച്ചാല് പരുവത്തിലുള്ള പാറയിടുക്കിലേക്ക് തെന്നി വീണു. താഴേക്കും മുളിലേക്കും നീങ്ങാനാകാത്ത അവസ്ഥയായി പിന്നീട്.
ആദ്യം അകപ്പെട്ട പാറയിടുക്കിൽ വെയിലിന്റെ ചൂട് അസഹ്യമായതോടെ, തൊട്ട് താഴെ വിസ്താരമേറിയ പാറയിടുക്കിലേയ്ക്ക് ബാബു ഊർന്നിറങ്ങി. ഉൾഭാഗം വീതിയുള്ളതിനാൽ താഴേക്ക് വീഴാതെ ഇവിടെ സുരക്ഷിതമായി ഇരിയ്ക്കാമെന്നായി. മലയുടെ മുകൾത്തട്ടിൽ നിന്ന് 600 മീറ്റർ താഴ്ചയുണ്ട് ഈ പാറയിടുക്കിലേക്ക്. പാറയിടുക്കിലിരിക്കുന്ന തന്റെ സെൽഫിയെടുത്ത് കൂട്ടുകാരന് അയച്ച് കൊടുത്ത്, താൻ പാറയിടുക്കിൽ കുടുങ്ങിയ വിവരം ബാബു തന്നെയാണ് പുറംലോകത്തെ അറിയിക്കുന്നത്. മലകയറാൻ ശ്രമിയ്ക്കവെ, താഴേക്കിറങ്ങാനാകാതെ താൻ പാറയിടുക്കിൽ അകപ്പെട്ടതായും രക്ഷിയ്ക്കണമെന്നും അയാൾ ഫയർഫോഴ്‌സിനേയും വിളിച്ചറിയിച്ചു. പരിമിതമായ ഉപകരണങ്ങളുമായി ബാബുവിനെ രക്ഷിയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം നടത്തിയെങ്കിലും, അത്പക്ഷേ, തികഞ്ഞ പരാജയമായിരുന്നു. തുടർന്ന് നാട്ടുകാരും, ദുരന്ത നിവാരണ അതോറിറ്റിയും, എൻ.ഡി ആർ.എഫ്, പോലീസ്-റവന്യു അധികൃതരും, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമെല്ലാം ബാബുവിനെ രക്ഷിയ്ക്കാൻ പരമാവധി കിണഞ്ഞ് പരിശ്രമിച്ചു. ഇവിടുന്നങ്ങോട്ടാണ് പാറയിടുക്കിൽ കുരുങ്ങിയ ബാബുവിന്റെ വൃത്താന്തങ്ങൾക്ക് വ്യത്യസ്തമായ പല മാനങ്ങളും കൈവരുന്നത്. രണ്ട് പകലിരവുകളുടെ ദൈർഘ്യതയിൽ പാറയിടുക്കിൽ നിസ്സഹായനായി കളിച്ച് കൂട്ടിയ ബാബുവിന്റെ ദൈന്യതയിൽ കേരളം ഒന്നടങ്കം പ്രാർത്ഥിച്ചു എന്ന തന്നെ വേണം പറയാൻ. മറുവശത്ത് ഉദ്വേഗജനകമായ വാർത്തകൾ കേട്ട് ജനം അന്തിച്ച് നിന്നു. ബാബു താരമായി മാറി. ബാബുവിന്റെ അതിസാഹസികതയെ വാനോളം പ്രകീർത്തിച്ച് അയാളുടേയും, മാതാവ് റഷീദയുടേയും അഭിമുഖങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടി. അയാളുടെ അമാനുഷികത മാത്രമല്ല, ജാതിയും, മതവും, സംഭവത്തിന് പിന്നിലെ ദുരൂഹതകളും, കാണാ തലങ്ങളും, പുതിയ കണ്ടെത്തലും അങ്ങനെയങ്ങനെ മാധ്യമങ്ങൾ മത്സരിച്ച് മുന്നേറി. നടപ്പ്കാലത്തെ മാധ്യമ സംസ്‌കാരവും, വിഷയം പെരുപ്പിച്ച് കൊണ്ടുള്ള അമിതമായ വാർത്താ കവറേജുമായി അപകടകരമായ ഒരു മാധ്യമ സംസ്‌കാരമാണ് ഇവിടെ വെളിവായത്. 
മലമ്പുഴ-ചേറാട് കുമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഈ ഭാഗത്തേയ്ക്ക് പ്രവേശിക്കാൻ പാടില്ല. നിയമ ലംഘനം നടത്തിയാൽ വനംവകുപ്പിന് കേസ്സെടുക്കാം. ഒരു വർഷം തടവോ, പിഴയോ ലഭിയ്ക്കാവുന്ന കുറ്റവുമാണ്. പാലക്കാട്ടുശ്ശേരി രാജസ്വരൂപത്തിന്റെ അതിർത്തി സംരക്ഷിച്ചിരുന്ന കുമ്പാച്ചി മലയുടെ മുകളിൽ മുൻകാലത്ത് പൂജ നടത്തി 'കൊടി നാട്ടുന്ന' ചടങ്ങുണ്ടായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും 'വാമലകയറ്റ'വും, തുലാമാസത്തിലെ അമാവാസി നാളിൽ പ്രാദേശികമായ  ആചാരാനുഷ്ഠാനങ്ങളും ഇവിടെ നടന്ന് വരുന്നുണ്ട്. മോഹൻലാൽ നായകനായ യോദ്ധാ ഉൾപ്പടെ ഏതാനും സിനിമകളും ഈ പാറമലയിൽ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. പലയിടങ്ങളിലായി അപകടം പതിയിരിക്കുന്നതാണ് കുമ്പാച്ചിമല. കൂർത്ത പാറകളും, ചെങ്കുത്തായ പാറയിടുക്കുകളുമായതിനാൽ 'കുർമ്പാച്ചിമല' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് കുമ്പാച്ചിമല എന്നായത്. 


ദാഹവും, വിശപ്പും സഹിച്ച് രാവും പകലുമായി രണ്ട് ദിവസം പാറയിടുക്കിൽ കഴിച്ച് കൂട്ടിയ ബാബുവിന്റെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് പോലും പലരും കരുതിയിരുന്നു. ഈ സമയം കുമ്പാച്ചിപ്പാറയുടെ ഭൂമിശാസ്ത്രവും, അവിടുത്തെ കാലാവസ്ഥാ വ്യതിയാനവും എന്തിന് ബാബുവിന്റെ ജാതകഫലം വരെ സമഗ്രമായ ചർച്ചയ്ക്ക് വിധേയമാക്കി. ബാബുവിന്റെ ഓരോ ചലനവും ചാനൽ ക്യാമറകൾ ഒപ്പിയെടുത്ത്, ബാബുവിന്റെ ഭൂതവും, വർത്തമാന വൃത്താന്തവും എരിവും, പുളിയും ചേർത്ത് സോഷ്യൽ മീഡിയായും, മറ്റ് മീഡിയാകളും ആടിത്തിമർക്കുകയായിരുന്നു. 'പർദ്ദ' വേഷധാരിയായ ബാബുവിന്റെ മാതാവ് റഷീദ ചാനൽ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടതോടെ പുതിയ കണ്ടെത്തലുകളും പുറത്ത് വന്നു. കുമ്പാച്ചി മലയുടെ മുകളിൽ തീവ്രവാദ ക്യാമ്പ് നടക്കുന്നുണ്ടെന്നാണ് ഒരു ചാനൽ കണ്ടെത്തിയത്. ക്യാമ്പിൽ പങ്കെടുക്കാൻ പോകവെ അബദ്ധത്തിൽ കാൽ തെന്നി ബാബു പാറയിടുക്കിൽ കുടുങ്ങുകയാണുണ്ടായതെന്നും ചാനൽ വിശദീകരിച്ചു. അത് വരെ ആരും ചിന്തിക്കാതിരുന്ന ബാബുവിന്റെ ജാതിയും മതവും ഇതോടെ ചർച്ചയാവുകയും ചെയ്തു. ചുരുക്കത്തിൽ 'പാറയിടുക്കിലെ ബാബു'-വിന്റെ വൃത്താന്തങ്ങൾ ദൃശ്യമാധ്യമങ്ങൾക്ക് തീർത്തും ഒരു ചാകര തന്നെയായിരുന്നു.
സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കേറിയ ബാബുവിനെതിരെ കേസ്സെടുക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. എന്നാൽ ബാബുവിന്റെ കുടുംബത്തിന്റെ മാനസിക വിഷമം പരിഗണിച്ച് അയാൾക്കെതിരെ കേസ്സെടുക്കേണ്ടതില്ല എന്നാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്യേഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആ ഉദ്യമത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ബാബു 'ജനം ടി.വി'യ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ പിന്നേയും വിവാദമായി. താനും, സഹോദരൻ ഷാജിയും ആർ.എസ്.എസ്സുകാരാണ്. ആർ.എസ്.എസ്സിന്റെ ശാഖാ ശിക്ഷക് ആയി പ്രവർത്തിക്കുകയാണ് താൻ. തങ്ങൾ രാജ്യ സ്‌നേഹികളുമാണ്.  
തീവ്രവാദികളല്ല. പിതാവിന്റെ പേര് വിശ്വനാഥൻ എന്നാണ്. തങ്ങളെക്കുറിച്ച് അനാവശ്യമായ വിവാദങ്ങളുണ്ടാക്കരുതെന്നും ബാബു ജനം ടി.വി ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിഷയം സോഷ്യൽ മീഡിയായിൽ തുടർ ചർച്ചയായതോടെ, അടുത്ത ദിവസം മറ്റൊരു ഓൺലൈൻ ചാനലിൽ പ്രത്യക്ഷപ്പെട്ട ബാബു ജനം ടി.വി യ്ക്ക് നൽകിയ അഭിമുഖം മാറ്റി പറഞ്ഞു. തനിയ്ക്കും കുടുംബത്തിനും ഒരു രാഷ്ട്രീയമില്ലെന്നും, യോഗാ പരിശീലനത്തിന് പോകുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് ജനം ടി.വി യിലൂടെ പറഞ്ഞതെല്ലാം വിഴുങ്ങി. ആദ്യഘട്ടത്തിൽ കേസ്സെടുക്കേണ്ടതില്ലെന്ന നിലപാടില്ലായിരുന്ന വനംവകുപ്പ്, കേരളാ ഫോറസ്റ്റ് ആക്ട്(27) പ്രകാരം നിരോധിത മേഖലയിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെയും, മറ്റ് മൂന്ന് കൂട്ടുകാർക്കെതിരെയും വാളയാർ റെയിഞ്ച് ഓഫീസർ ഇപ്പോൾ കേസ്സെടുത്തിട്ടുണ്ട്. ബാബുവിനെതിരെ കേസ്സെടുക്കില്ലെന്ന് പറഞ്ഞ അധികൃതരും പിന്നീടത് വിഴുങ്ങി. വാളയാർ റെയിഞ്ച് ഓഫീസർ ആഷിക്കലി ബാബുവിന്റെ വീട്ടിലെത്തി അയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ അസാധാരണ സാഹചര്യമായതിനാലാണ് നേരത്തെ കേസ്സെടുക്കാതിരുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു. 

പിടികൂടി താഴെയിറക്കി 
കുമ്പാച്ചിമലയുടെ പാറയിടുക്കും അവിടുന്ന് രക്ഷപ്പെട്ട ബാബുവിന്റെ വൃത്താന്തങ്ങൾക്കും പിന്നേയും ദൈർഘ്യം കൂടി വരികയാണ്. ഇതിന് കാരണവുമുണ്ട്. അബദ്ധത്തിലാണ് ബാബു പാറയിടുക്കിൽ അകപ്പെട്ടതെങ്കിലും, രാവും പകലുമായി മണിക്കൂറുകളോളം മനോധൈര്യം കൈവിടാതെ പിടിച്ച് നിന്ന ബാബുവിന്റെ ആത്മവിശ്വാസം പ്രശംസനീയം തന്നെയാണ്. അയാൾ പാറയിടുക്കിൽ കുടുങ്ങാനുള്ള സാഹചര്യമാകട്ടെ വീണ്ടുവിചാരമില്ലാത്ത അമിത വിശ്വാസവുമാണ്. ഒപ്പം ജാഗ്രതാ കുറവും. ഇത് ഹീറോയിസമായി  വാഴ്ത്തപ്പെടാനാകില്ല. തീർത്തും അവിവേകമാണത്. സ്വന്തം സുരക്ഷ പരിഗണിയ്ക്കാതെ സാഹസികതയ്ക്ക് തുനിഞ്ഞ ബാബുവിന് ലഭിച്ച മീഡിയാ പബ്ലിസിറ്റി കണ്ട് ഇന്നിന്റെ യുവത, മേലും, കീഴും നോക്കാതെ അതിസാഹസതയ്ക്ക് തുനിഞ്ഞാൽ ഏത് വിധേനയും തങ്ങളെ രക്ഷപ്പെടുത്തുമെന്നും, അത് വഴി വൻ മീഡിയാ പബ്ലിസിറ്റി ലഭിയ്ക്കുമെന്നും  ഉള്ള ഒരു സന്ദേശമാണ് ബാബു സംഭവത്തിലൂടെ പല യുവാക്കളുടെ മനസ്സിലുമുള്ളത്. തനിയ്ക്ക് അമളി പറ്റി പോയതാണെന്ന് പറയുന്നതിന് പകരം, ഇനിയും അവസരമുണ്ടായാൽ താൻ മല കേറുമെന്ന് ബാബു മാധ്യമങ്ങളോട് പറഞ്ഞത് മീഡിയാ പബ്ലിസിറ്റിയുടെ ലഹരിയിലാണ്.  സ്വയം അതിസാഹസികതയ്ക്ക് തുനിഞ്ഞാൽ ബാബുവിന് ലഭിച്ച തരത്തിലുള്ള രക്ഷാ പ്രവർത്തനങ്ങളുടെ ആനുകൂല്യം തങ്ങൾക്കും ലഭിയ്ക്കുമെന്ന പ്രതീക്ഷ നൽകൽ തന്നെയാണ് ഈ സന്ദേശം. സമാനമായ അപകടങ്ങളെ അത് ക്ഷണിച്ച് വരുത്തുകയും ചെയ്യും.
മാധ്യമങ്ങളാൽ വാഴ്ത്തപ്പെട്ട ബാബുവിന്റെ ഹീറോയിസത്തിൽ ആവേശം പൂണ്ട് 'കുമ്പാച്ചിമല' കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാരാണ് ഇവിടേയ്‌ക്കെത്തുന്നത്. ഇത് അധികൃതർക്ക് തലവേദന സൃഷ്ടച്ചിരിക്കുകയാണ്. ധാരാളം ആളുകൾ എത്തുന്നതോടെ നാട്ടുകാരും അസ്വസ്ഥരാണ്. ഇതേ തുടർന്ന് പാലക്കാട് ജില്ലാ കലക്ടർ പോലീസ്-വനം വകുപ്പ് വിഭാഗങ്ങളുടെ യോഗം വിളിച്ച് കൂട്ടിയിരുന്നു. ആരെങ്കിലും കൂമ്പാച്ചിയിലേക്ക് പ്രവേശിച്ചാൽ മുഖംനോക്കാതെ കേസ്സെടുക്കാൻ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും, നിരോധിത മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മേഖലയിൽ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നൽകാൻ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ നിയോഗിക്കാനും, അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെ കുമ്പാച്ചി മലയിൽ രാത്രി വെളിച്ചം കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലക സംഘം ഒരാളെ പിടികൂടി താഴെയിറക്കി. ആനക്കല്ല് സ്വദേശിയായ  രാധാകൃഷ്ണൻ (45) നെയാണ് വനപാലകർ മലയിൽനിന്ന് പിടിച്ചിറക്കിയത്.


 
മുക്കാൽ കോടിയുടെ രക്ഷാദൗത്യം
നാട്ടുകാരേയും, സർക്കാർ സംവിധാനങ്ങളേയും രണ്ട് ദിവസം മുൾമുനയിൽ നിർത്തിയ ബാബുവിനെ രക്ഷിക്കാനായത് സർക്കാറിന്റെ സമയോചിത ഇടപെടലാണ്. ഇന്ത്യൻ കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച സൈനികരാണ് ബാബുവിന് രക്ഷയായത്. രാജ്യത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കാനുള്ളപ്രവൃത്തിയല്ല ബാബു ചെയ്തത്. അയാൾ കേറിയത് എവറസ്റ്റ് കൊടുമുടിയിലുമല്ല. കുമ്പാച്ചിമലയിൽ അപകടത്തിലായ ഒരു പൂച്ചക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുമല്ല ബാബു പാറമുകളിൽ കേറിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പിൻമാറിയപ്പോഴും  മുന്നോട്ട് പോയി മനപ്പൂർവ്വമെന്ന മട്ടിലാണ്  അയാൾ അപകടത്തിലാകുന്നത്. നിരോധിത മേഖലയിൽ നിയമം തെറ്റിച്ച് കേറിക്കൂടി അമളി പിണഞ്ഞ് പോയതാണ്. ജീവന് വേണ്ടി അയാൾ നിലവിളിച്ചപ്പോൾ സർക്കാർ സംവിധാനങ്ങളെല്ലാം ഉണർന്ന് പ്രവർത്തിച്ചു. പ്രാദേശിക സംവിധാനങ്ങൾ മുതൽ ഹെലികോപ്റ്റർ ഉൾപ്പടെയുള്ള രക്ഷാസംവിധാനവും, വൈദ്യസഹായ സംഘവും, പർവ്വതാരോഹണ വിദഗ്ധർ ഉൾപ്പടെയുള്ള രക്ഷാദൗത്യ സംഘത്തേയുമെല്ലാം വരെ കുമ്പാച്ചിമലയിൽ എത്തിച്ചു. ആയുസ്സിന്റെ ബലം അതൊന്ന് കൊണ്ട് മാത്രമാണ് സൈനികരുടെ സഹായത്താൽ അയാൾ രക്ഷപ്പെട്ടതും. ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവ് വന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.  പ്രകൃതി ദുരന്തവും, മറ്റ് അത്യാഹിതവും ഉണ്ടായിടത്തല്ല സർക്കാർ സംവിധാനങ്ങളും, നാട്ടുകാരും സംയുക്തമായി കൈമെയ് മറന്ന് പ്രയത്‌നിച്ചത്. പക്വതയില്ലാത്ത പ്രവർത്തിയിലൂടെ ബാബു സ്വയം ക്ഷണിച്ച് വരുത്തിയ അപകട മേഖലയിലാണ്. ബാബു നഷ്ടം മാത്രമാണ് നാടിന് വരുത്തി വെച്ചത്.  
എന്തോ മഹത്തായ കാര്യം നിർവ്വഹിച്ച ആവേശത്തിലാണ് ബാബുവിന്ന്. അയാളെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ബാബു വാഴ്ത്തപ്പെട്ടിരിക്കുകയാണ്. ക്യാഷ് സമ്മാനങ്ങളും, ഉപഹാരങ്ങളും കൈനിറയെ ലഭിച്ച ബാബു അമിതാവേശത്തിലാണ്.  'തനിയ്ക്ക് അമളി പറ്റി. ആരും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ പ്രവർത്തിക്കരുത്' എന്ന് പറയുന്നതിന് പകരം, അവസരം ലഭിച്ചാൽ ഇനിയും മല കേറുമെന്നാണ് ബാബു പറയുന്നത്. ഒരു സ്വകാര്യ സ്ഥാപനം അവരുടെ പരസ്യത്തിനായി ബാബുവിനെ മലകേറുന്നതിനായി സ്‌പോൺസർ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പരിധികളെല്ലാം ലംഘിച്ച് ബാബുവിന്റെ അപദാനം വാഴത്തപ്പെടുമ്പോൾ അത്, നമ്മുടെ ചെറുപ്പക്കാർക്കിടയിൽ തെറ്റായ മാതൃകയും, സന്ദേശവുമാണ് നൽകുന്നതെന്ന് തിരിച്ചറിയപ്പെടാതെ പോവുകയാണ്. നടപ്പ് കാലത്തെ മാധ്യമ സംസ്‌കാരം അതിന് വളക്കൂറായി മാറുകയും ചെയ്യുന്നു. 
സെൽഫി ഭ്രമവും, യൂട്യൂബ് ഭ്രമവും തലയ്ക്ക് പിടിച്ച് അതിസാഹസികതയ്ക്ക് ഇറങ്ങിത്തിരിക്കുന്ന യുവത ഒരു കാര്യം ഓർക്കേണ്ടിയിരിക്കുന്നു. അടി തെറ്റിയാൽ ഉണ്ടാകുന്ന നഷ്ടം മാതാപിതാക്കൾക്കും കുടുംബത്തിനും മാത്രമായിരിക്കും.

Latest News