എൺപത്തിനാലാം വയസ്സിലും ജോലി ചെയ്ത് സമ്പാദിച്ചതിന്റെ ഭാഗം സഹജീവികൾക്ക് നൽകി പത്തനംതിട്ട പന്തളം മുളമ്പുഴ കോടത്തു വീട്ടിൽ ഗൗരിക്കുട്ടിയമ്മ നാടിനു മാതൃകയായി. അടൂർ കസ്തൂർബാ ഗാന്ധിഭവനിലെ അന്തേവാസികളെ സന്ദർശിച്ചാണ് തന്റെ സമ്പാദ്യത്തിന്റെ ഭാഗം അവർ നൽകിയത്.

മൂന്നു വയസ്സുള്ളപ്പോൾ മുത്തശ്ശിക്കൊപ്പം അടുത്തുള്ള ക്ഷേത്രത്തിൽ പോകുമായിരുന്നു. മുത്തശ്ശിക്ക് ക്ഷേത്രത്തിലെ മുറ്റം തൂപ്പായിരുന്നു ജോലി. മുത്തശ്ശിയുടെ കാലശേഷം അമ്മക്കു കിട്ടേണ്ട ജോലിയാണ് ഗൗരിക്കുട്ടിയമ്മക്ക് കിട്ടിയത്. അമ്മക്ക് ശാരീരിക സുഖം ഇല്ലാഞ്ഞതിനാൽ അന്ന് ആ ജോലി ഏറ്റെടുത്തു. ആദ്യം കിട്ടിയ ശമ്പളം നാലു രൂപയാണ്. ബ്രിട്ടീഷ് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു ബ്രിട്ടീഷ് ഇന്ത്യൻ രൂപ = 28 ചക്രം. അങ്ങനെ 92 ചക്രം അന്ന് ശമ്പളം. പക്ഷേ അന്നൊന്നും ശമ്പളം കൃത്യമായി കിട്ടാറില്ല. ചിലപ്പോൾ മാസങ്ങളോളം കഴിഞ്ഞാണ് ഓരോരോ മാസത്തെ ശമ്പളം കിട്ടുക. കാരണം, വരുമാനം ഇല്ല. ഏക്കർ കണക്കിനു നെൽപാടങ്ങൾ സ്വന്തമായി ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു. പമ്പയുടെ ഒരു പോഷക നദിയായ അച്ചൻകോവിലാറിന്റെ തീരത്ത് 'മുക്കാൽവട്ട പ്രദക്ഷിണ' മുള്ള ഏക ക്ഷേത്രമാണ് മഹാദേവക്ഷേത്രം.
അന്ന് ചിലപ്പോഴൊക്കെ ശമ്പളം തരാനില്ലാത്തപ്പോൾ പകരം നെല്ല് തരുമായിരുന്നു. അങ്ങനെ വല്ലപ്പോഴുമൊക്കെ ചോറു കഴിക്കാറുണ്ട്. മറ്റുള്ള ദിവസങ്ങളിൽ കപ്പ മാത്രമായിരുന്നു ആഹാരം. ക്ഷേത്ര പരിസരം തൂത്തുവാരി വൃത്തിയാക്കുന്നതോടൊപ്പം ഓരോ നാലു ദിവസങ്ങൾ കൂടിയിരിക്കുമ്പോഴും ക്ഷേത്രത്തിൽ 12 പറ നെല്ല് കുത്തണം. ഉരലും ഉലക്കയുമൊക്കെ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഉണ്ടായിരുന്നു. മുറ്റം തൂപ്പ് അന്ന് ഒരു വലിയ ജോലി തന്നെ ആയിരുന്നു. ക്ഷേത്രമൈതാനത്ത് ഏകദേശം നാന്നൂറു വർഷം പഴക്കമുള്ള പടുകൂറ്റൻ ആൽമരത്തിലെ ഇലകൾ പൊഴിഞ്ഞുവീഴുന്നതിനു പുറമെ വവ്വാലുകൾ കൊത്തിപ്പെറുക്കിയിടുന്ന ആലിൻ കായയും എല്ലാം എന്നും ഉദയസൂര്യൻ എത്തുന്നതിനു മുൻപു തന്നെ തൂത്തുവാരി വൃത്തിയാക്കണം.
ഇന്ന് ആ ആൽമരം ഇല്ല. തളർന്നു വീഴാൻ പ്രായമായതിനാൽ മുറിച്ചുമാറ്റി അവിടെ ഒരു ആൽമരത്തൈ വെച്ചുപിടിപ്പിച്ചിട്ടുണ്ട്
കുസൃതി കാട്ടി തല കുലുക്കി ആരെയും ഭയപ്പെടുത്തുന്ന നോട്ടത്തിൽ നിൽക്കുന്ന ഒരു കാളയുണ്ട് ഇപ്പോൾ ക്ഷേത്രത്തിൽ. അവനു പുല്ലു കൊടുക്കാനും അവനെ തലോടി നിൽക്കാനും ഞാൻ എന്നും സമയം കണ്ടെത്തും. അടുത്തു ചെല്ലുമ്പോൾ അവന്റെ സ്‌നേഹം കാണാൻ എന്തു കൊതിയാണെന്നോ! കലിതുള്ളി നിൽക്കുമ്പോഴാണെങ്കിലും അവൻ എന്റെ മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ നിൽക്കും.

അന്നൊക്കെ ക്ഷേത്രത്തിലെ ജോലി കഴിഞ്ഞു വന്നാൽ പിന്നെ പാടത്തും പറമ്പിലും ഒക്കെ അച്ഛനോടൊപ്പം കൃഷിപ്പണിക്കായി ഇറങ്ങും. അച്ഛന്റെ മരണ ശേഷവും ഇന്നും സ്വന്തമായി കൃഷി ചെയ്യും. പറമ്പു കിളക്കുകയും അവിടെ കപ്പയും ചേനയും മാത്രമല്ല, തെങ്ങും അടക്കാമാരങ്ങളും വെക്കും, വരും തലമുറക്കു വേണ്ടി. മക്കളും കൊച്ചുമക്കളും അടുത്തു തന്നെ വീടുവെച്ചു താമസം ഉണ്ടെങ്കിലും ഇന്നും സ്വന്തമായി ആഹാരം ഉണ്ടാക്കിക്കഴിക്കാനാണ് താൽപര്യം.
ഒരു മകളും രണ്ട് ആണ്മക്കളുമായിരുന്നു ഗൗരിക്കുട്ടിയമ്മക്ക്. ഇളയ മകൻ മരിച്ചിട്ട് പത്തു വർഷങ്ങൾ കഴിയുന്നു. 'നാടിനും നാട്ടാർക്കും പ്രിയമുള്ളവനായിരുന്നു എന്റെ ബാബുമോൻ. നാട്ടുകാർ സ്‌നേഹത്തോടെ അവനെ പൊന്മാൻ എന്ന് വിളിച്ചിരുന്നു. നാട്ടുകാരുടെ എന്തു കാര്യത്തിനും അവൻ മുന്നിലുണ്ടായിരുന്നു. അച്ചൻകോവിലാറ്റിലെ നീന്തൽ വിദഗ്ധൻ മാത്രമല്ല, ആറ്റുതിട്ടയിൽ നിന്നും മുങ്ങാംകുഴിയിട്ട് ചാടാനും അവനെ കഴിഞ്ഞ് ആളില്ലായിരുന്നു. കുട്ടിക്കാലത്തെ ഈ കഴിവിനു കൂടെ ഉള്ളവർ നൽകിയ പേരാണ് പൊന്മാൻ. അവന്റെ വേർപാടാണ് എന്റെ നിത്യ ദു-ഃഖം' മിഴികൾ തുടച്ചുകൊണ്ട് ഗൗരിക്കുട്ടിയമ്മ പറഞ്ഞു.
രാവിലെ നാലു മണിക്ക് ഉണരും. എഴുന്നേറ്റു കഴിഞ്ഞാൽ വിറകുവെച്ച് അടുപ്പു കത്തിച്ച് വെള്ളം ചൂടാക്കും. കുളി കഴിഞ്ഞ് ശുഭ്രവസ്ത്രമായി ക്ഷേത്രത്തിലേക്ക്. ക്ഷേത്രജോലി കഴിഞ്ഞെത്തിയാൽ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കഴിക്കും. പിന്നീട് അൽപം കൃഷിപ്പണി. പിന്നെ ഉച്ചക്കുള്ള ആഹാരം വെച്ചുകഴിച്ച് അൽപസമയം വിശ്രമം. വിശ്രമ സമയം വായനയിൽ കൂടിയാണ്. സന്ധ്യാ സമയം ക്ലോക്കിൽ നോക്കി കണ്ടുപിടിക്കുന്ന പതിവില്ല. അങ്ങകലെ പള്ളിയിൽനിന്നും മഗ്‌രിബിന്റെ വാങ്കു വിളി കാതുകളിൽ എത്തുമ്പോൾ സന്ധ്യ തിരിക്കായി നിലവിളക്കൊരുക്കി തിരികത്തിച്ച് സന്ധ്യാനാമം ജപിക്കും. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന വാക്കുകളുടെ ഭക്തിനിർഭരമായ പ്രാർഥനയോടെ അത്താഴം കഴിച്ച് അന്നത്തെ ദിനവും അസ്തമിക്കും.
വീടിനടുത്ത് തോട്ടക്കോണം പള്ളിക്കൂടത്തിൽ അന്ന് 4 ക്ലാസുകൾ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നാലാം ക്ലാസിൽ പഠിച്ച വർഷം മുതൽ പുതിയതായി അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതലാണ് ഇംഗ്ലീഷ്. അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കുവാനുള്ള അവസരം എനിക്കുണ്ടായി. അഞ്ചാം ക്ലാസിനു ശേഷം തുടർന്നു പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. താമസിക്കുന്നിടത്തുനിന്നും ആറാം ക്ലാസുള്ള സ്‌കൂളിലേക്ക് ഏകദേശം മൂന്നു കിലോമീറ്ററോളം നടന്നു പോകണം. നടന്നുപോകാനുള്ള ബുദ്ധിമുട്ടല്ല പഠിത്തം നിർത്താൻ കാരണം. നല്ല ഡ്രസുകൾ ഇട്ടുകൊണ്ട് സ്‌കൂളിൽ പോകാൻ ഇല്ലാഞ്ഞതിനാൽ വിദ്യാഭ്യാസം അവിടെ വെച്ചു നിർത്തേണ്ടതായി വന്നു. നല്ലപോലെ പഠിക്കുന്ന കുട്ടിയുടെ പഠിത്തം നിർത്തിയതിൽ അധ്യാപകർക്ക് നന്നേ വിഷമം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് വരെ പോയത് കുറിയാണ്ട് (തുവർത്ത്) ഉടുത്തുകൊണ്ടാണ്. തോർത്ത് മാത്രം ഉടുത്തുകൊണ്ടാണ് പെൺകുട്ടികളും ആൺകുട്ടികളും അന്ന് പള്ളിക്കൂടത്തിൽ വന്നിരുന്നത്.

മൂന്നു പെണ്മക്കളിൽ ഏറ്റവും മൂത്തതായിരുന്നു ഞാൻ. എനിക്ക് ഏകദേശം നാൽപത്തഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. ഞാൻ ക്ഷേത്ര ജോലിക്ക് കയറുമ്പോൾ എനിക്ക് ഏഴ് രൂപയായിരുന്നു ശമ്പളം.
ആരുമില്ലെന്ന ചിന്തയിൽ കഴിയുന്ന സഹജീവികളെ തന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സഹായിക്കുവാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുവാനും കഴിഞ്ഞതിൽ സന്തോഷം തോന്നുന്നതായും ഗൗരിക്കുട്ടി അമ്മ പറഞ്ഞു. അമ്മിഞ്ഞപ്പാലു നൽകി അമ്മയുടെ നെഞ്ചോടു ചേർത്ത് പാട്ടുപാടി ഉറക്കിയ മക്കൾ എന്നെങ്കിലും ഒരിക്കൽ തേടി വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി മാതാപിതാക്കളെ അവിടെ കാണാൻ കഴിഞ്ഞു. അനാഥാലയത്തിലെ ചവിട്ടുപടികളിൽ കാലൊച്ച കേൾക്കുമ്പോൾ കയറി വരുന്ന പാദങ്ങളിൽ തന്റെ മക്കളുടെ കാൽപാദങ്ങളുണ്ടോ എന്ന് കാത്തിരിക്കുന്ന അമ്മമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. മക്കൾക്കു വേണ്ടി ഒരുപാട് വെയിലും മഴയും കൊണ്ട് അകലത്തെ കാഴ്ചകൾ നഷ്ടപ്പെട്ട ഒരുപാട് അച്ഛന്മാരും അവിടെ കാത്തിരിപ്പ് തുടരുന്നു.
അനാഥാലയത്തിലെ അന്തേവാസികളോടു വിട പറഞ്ഞ് പടിയിറങ്ങുമ്പോൾ, അവരുടെ കണ്ണുകൾ വീണ്ടും ചവിട്ടുപടിയിലെ കാലോച്ചകൾക്കായി കാതോർത്തു നിന്നു. അവരെ നോക്കി ഈ അമ്മയുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഞാനെന്ന ഭാവത്തിൽ വഴിമറന്ന യാത്രയിൽ കഴിയുന്ന മക്കളെ നേർവഴിയെ നയിക്കാൻ സർവശക്തൻ മനസ്സ് നൽകട്ടെ എന്ന് സഹജീവികളെ നോക്കി തൊഴുതുകൊണ്ട് ഗൗരിക്കുട്ടിയമ്മ അനാഥാലയത്തിന്റെ പടിയിറങ്ങി.






