കേരള രാജ്യാന്തര ചലച്ചിത്ര മേള;  രജിസ്‌ട്രേഷന്‍ നാളെ  മുതല്‍

തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച 26മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. 26ന് രാവിലെ 10 മണി മുതല്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 26ാമത് ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ട് ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങള്‍ക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവന ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു .എഫ്എഫ്‌കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോക സിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


 

Latest News