എക്‌സിറ്റ് റീ എൻട്രിക്കു വേണ്ട പാസ്‌പോർട്ട് കാലാവധി

ചോദ്യം: ഞാൻ 15 ദിവസത്തേക്ക് എക്‌സിറ്റ് റീ എൻട്രിയിൽ പോകാൻ ഉദ്ദേശിക്കുന്നു. എന്നാൽ എന്റെ പാസ്‌പോർട്ട് 40 ദിവസം കഴിഞ്ഞാൽ കാലാവധി കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ എനിക്ക് എക്‌സിറ്റ് റീ എൻട്രി വിസ ലഭിക്കുമോ? 

ഉത്തരം:  ജവാസാത്ത് നിയമപ്രകാരം എക്‌സിറ്റ് റീ എൻട്രി വിസ ലഭിക്കണമെങ്കിൽ പാസ്‌പോർട്ടിന് കുറഞ്ഞത് മൂന്നു മാസം കാലാവധി ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ എക്‌സിറ്റ് റീ എൻട്രി വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. നിങ്ങളുടെ പാസ്‌പോർട്ടിന് അത്രയും ദിവസം കാലവധി ഇല്ലാത്തതിനാൽ എക്‌സിറ്റ് റീ എൻട്രി ലഭിക്കില്ല. 

ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ

ചോദ്യം: ഞാൻ ഫൈനൽ എക്‌സിറ്റിൽ പോകാൻ ഉദ്ദേശിക്കുന്നു. എന്നാൽ എന്റെ പാസ്‌പോർട്ട് ഞാൻ പോകേണ്ട ദിവസത്തിന്റെ 15 ദിവസം മുൻപ് കാലാവധി അവസാനിക്കും. അങ്ങനെയെങ്കിൽ എനിക്ക് യാത്ര സാധ്യമാകുമോ?

ഉത്തരം:  ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്‌പോർട്ടിന് മതിയായ കാലാവധി ഉണ്ടായിരിക്കണം. അതേ സമയം ഇഖാമയുടെ കാലാവധി ഒരു ദിവസമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ പോലും ഫൈനൽ എക്‌സിറ്റ് ലഭിക്കും. ഇങ്ങനെ ഫൈനൽ എക്‌സിറ്റ് ലഭിച്ചവർക്ക് 60 ദിവസം സൗദിയിൽ തങ്ങാൻ കഴിയും. ഇഖാമയുടെ കാലാവധിയില്ലെങ്കിലും ഫൈനൽ എക്‌സിറ്റ് കാലാവധി അവസാനിക്കുന്നതുവരെ അവർക്ക് രാജ്യത്ത് തങ്ങാൻ സാധിക്കും. അതേ സമയം പാസ്‌പോർട്ടിന് കാലാവധിയില്ലെങ്കിൽ മടക്കം സാധ്യമാവില്ല. അതിനാൽ ഫൈനൽ എക്‌സിറ്റിൽ പോകാൻ ഉദ്ദേശിക്കുന്നവർ പാസ്‌പോർട്ടിന് മിനിമം കാലാവധി ഉണ്ടെന്ന് ഉറപ്പു വരുത്തണം. കുറഞ്ഞത് മൂന്നു മാസ കാലാവധിയാണ് എക്‌സിറ്റ് അടിക്കുന്നതിന് പാസ്‌പോർട്ടിനു വേണ്ടത്. 

ലെവി തിരിച്ചുകിട്ടുമോ?

ചോദ്യം: ഭാര്യ എക്‌സിറ്റ് റീ എൻട്രി വിസയിൽ സൗദിക്ക് പുറത്തായിരിക്കേ ഞാൻ ഭാര്യയുടെ വിസ റദ്ദാക്കി. ഇഖാമക്ക് അഞ്ചു മാസ കാലാവധി ഉള്ളപ്പോഴാണ് വിസ റദ്ദാക്കിയത്. ഇഖാമ പുതുക്കിയപ്പോൾ ഒരു വർഷത്തെ ലെവി പൂർണമായും അടച്ചിരുന്നു. ഇപ്പോൾ വിസ റദ്ദാക്കിയ സാഹചര്യത്തിൽ ഇഖാമയുടെ അവശേഷിക്കുന്ന അഞ്ചുമാസ കാലാവധിക്കായി കൊടുത്ത ലെവി തിരിച്ചുകിട്ടുമോ?

ഉത്തരം: ഒരിക്കൽ ലെവിക്കായി അടച്ച തുക സർവീസ് ഉപയോഗപ്പെടുത്തിയാൽ പിന്നെ തിരിച്ചുകിട്ടില്ല. ലെവി തുക റീഫണ്ടബിൾ അല്ല. ലെവിക്കായി പണം അടയ്ക്കുകയും ഇഖാമ പുതുക്കുകയും ചെയ്തില്ലെങ്കിൽ ലെവിക്കായി അടച്ച തുക മടക്കിക്കിട്ടും. കാരണം സർവീസ് ഉപയോഗിച്ചില്ലെന്ന കാരണത്താലാണിത്. 
നിങ്ങൾ സർവീസ് ഉപയോഗിച്ചു കഴിഞ്ഞതിനാൽ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കേ വിസ റദ്ദാക്കിയെങ്കിലും ഉപയോഗിക്കാത്ത കാലാവധിയുടെ പണം തിരിച്ചുകിട്ടില്ല.
 

Latest News