സൗദിയിലുള്ളവര്‍ ശ്രദ്ധിക്കുക; അപകടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാല്‍ ആയിരം റിയാല്‍ പിഴ

റിയാദ് - ബന്ധപ്പെട്ട കക്ഷികളുടെ സമ്മതമില്ലാതെ വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ മറ്റു അപകടങ്ങളോ ചിത്രീകരിക്കുന്നതും സമ്മതം നേടാതെ വ്യക്തികളെ നേരിട്ട് ചിത്രീകരിക്കുന്നതും 1,000 റിയാല്‍ പിഴ ലഭിക്കുന്ന നിയമ ലംഘനമായി ഇതുസംബന്ധിച്ച നിയമാവലിയില്‍ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തി. നിയമ ലംഘകരുടെ ഫോണുകളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമാവലി അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 2,000 റിയാല്‍ പിഴ ലഭിക്കും.
വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുന്നത്  പതിവായിട്ടുണ്ട്.  ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ക്രിമിനല്‍ സംഭവങ്ങളുണ്ടാകുമ്പോഴും ഇതു തന്നെയാണ് സ്ഥിതി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച് വാഹനാപകടങ്ങളും ക്രിമിനല്‍ സംഭവങ്ങളും ആളുകള്‍ ചിത്രീകരിക്കുന്നത് സംഗതി കൂടുതല്‍ വഷളാക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ശ്രമിച്ചാണ് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ ഭേദഗതികള്‍ വരുത്തി ഇത്തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിച്ച് മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ലഭിക്കുക. നേരത്തെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ്  ഉള്‍പ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉള്‍പ്പെടുത്തിയതോടെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ അടങ്ങിയ നിയമ ലംഘനങ്ങള്‍ 20 ആയി.
മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുറത്ത് പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍വന്നത്. നിയമാവലിയില്‍ നിര്‍ണയിച്ച നിയമ ലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വെക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍ ധരിക്കല്‍, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.

 

Latest News