ഡി.ഡി ചാനൽ 3- യുടെ പിറവിയും ഉദ്ഘാടനവും

ദൂരദർശന്റെ ഉദ്ഘാടനത്തലേന്ന് അതിന്റെ പ്രവർത്തനം തടഞ്ഞത്, രാഷ്ട്രീയം ഏതു തലത്തിൽ പ്രക്ഷേപണരംഗത്ത് ഇടപെടുന്നു എന്നതിന്റെ പാഠമാണ്. പത്രപ്രവർത്തക പ്രമുഖരിൽ പലരും ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ടവരായിരുന്നതിനാൽ തുടങ്ങുന്നതിന് മുമ്പേ അതിന് വലിയ പ്രചാരം കിട്ടി- ഉളളടക്കം നിബന്ധനകളില്ലാതെയായിരിക്കാമെന്നും ഗവണ്മെന്റിനെതിരെ വിമർശമുണ്ടാകുമെന്നും. ഈ അമിതപ്രചാരം രാഷ്ട്രീയക്കാരിൽ സംശയം ജനിപ്പിച്ചിരിക്കാമെന്നതിനാലാവാം പെട്ടെന്ന് ഉളളടക്കം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പ് വന്നത്. 

ആഗോളപുരസ്‌കാരം നേടിയ ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് സഹായിക്കാൻ നടത്തിയ യാത്രയെക്കുറിച്ച്്്: ഒരു പ്രത്യേക ദിവസം ബോംബെയിൽ താജ്മഹൽ ഹോട്ടലിന്റെ ലോബിയിൽ 11.30-12 മണിക്ക് കാത്തുനിൽക്കണം. ഹാൾമാർക്ക് ഫിലിംസ് ഇന്റർനാഷണലിന്റെ മാനേജിംഗ് പാർട്‌നറും പ്രസിദ്ധ സംവിധായകനും നിർമാതാവുമായ സഫർ ഭായ് അവിടെയെത്തും; അദ്ദേഹത്തിന്റെ മേൽവിലാസമോ ഒന്നുമില്ല! ഭാസ്‌കർഘോഷ് പറഞ്ഞത്, അദ്ദേഹം എന്നെ കണ്ടുപിടിച്ചുകൊളളുമെന്നാണ്. പറഞ്ഞതുപോലെ തന്നെ അദ്ദേഹം എന്നെ കണ്ടുപിടിച്ചു, പൂർണ തയ്യാറെടുപ്പുകളോടെയായിരുന്നു വന്നത്. ഞങ്ങൾ ദീർഘമായ ചർച്ചകൾ നടത്തി. വിഖ്യാതചിത്രങ്ങളുടെ ഒരു ലിസ്റ്റും അതിന്റെ സംപ്രേഷണാവകാശം നേടുന്നതിന് ബന്ധപ്പെടേണ്ടവരുടെയും വിവരങ്ങളും അദ്ദേഹം തന്നു. വളരെ ഊഷ്മളമായിരുന്നു കൂടിക്കാഴ്ച. 
ചാനൽ ലോഗോയും പശ്ചാത്തല സംഗീതവും ആവിഷ്‌ക്കരിക്കുന്നതിൽ അത് വർഷങ്ങളോളം വേണ്ടതായതിനാൽ വളരെയേറെ കരുതൽ വേണ്ടിവന്നു. ലോഗോ ദൂരദർശന്റെ മറ്റ് ചാനലുകളുടേതുമായി ഒത്തുപോകണം; ഒരു മിനുട്ട്, മുപ്പത്, 20,10, 5 സെക്കന്റുകൾ വീതം പരിപാടികൾ മാറുമ്പോഴും വിവിധഘട്ടങ്ങളിലും ഉപയോഗിക്കാൻ പറ്റണം. അത് പ്രേക്ഷകരെ പിടിച്ചിരുത്തണം. നിരഞ്ജനയും സത്‌വാലേക്കറുമൊത്ത് പ്രവർത്തിക്കുന്നത് ഹൃദ്യമായ അനുഭവമായിരുന്നു. അവർ തയ്യാറാക്കി കൊണ്ടുവരുന്നത് (കേന്ദ്ര വ്യവസായ വകുപ്പിന്റെ കീഴിലുളള സ്ഥാപനമായിരുന്നു എൻ.ഐ.ഡി) ഞങ്ങൾ കാണും. ചെറിയ തിരുത്തലുകൾ നിർദ്ദേശിക്കും; അവ പരിശോധിക്കാൻ ഞാൻ മാത്രം അഹമ്മദാബാദ് യാത്ര നടത്തും. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ വകുപ്പ് സെക്രട്ടറി നേരിട്ട് കൺട്രോളർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനാൽ, (അത്രയുമേറെ അദ്ദേഹം വിശദാംശങ്ങളിലേക്ക് കടന്നിരുന്നു) അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതിനാൽ  ഉത്തരവാദിത്തം അണുവിട തെറ്റാൻ പാടില്ല. ടെലിവിഷൻ അതിനിർബന്ധമാവശ്യപ്പെടുന്ന മാധ്യമമാണെന്ന വിശ്വാസം ദൃഢമായി.
ശ്വാസം വിടാൻ പോലും സമയമില്ലാത്ത ഈ തിരക്കുകൾക്കിടയിൽ ഒഴിഞ്ഞുമാറാൻ പറ്റാത്ത ഒരു കല്യാണമുണ്ടായിരുന്നു, എറണാകുളത്ത് എന്റെ ഭാര്യാസഹോദരിയുടെ മകളുടേത്. അതിന് പോകണമെന്ന് പറഞ്ഞപ്പോൾ, ചോദിച്ചത് രാത്രിയിൽ ഡൽഹിയിൽ നിന്ന് യാത്ര ചെയ്ത്, പകൽ കല്യാണം കൂടി രാത്രി തന്നെ ഡൽഹിയിലേക്ക് മടങ്ങിക്കൂടേ എന്നായിരുന്നു. അത്രയും ഒഴിവാക്കാൻപറ്റാത്തതായി എന്റെ സാന്നിധ്യം!
ഒടുവിൽ ചാനലിന്റെ ഉദ്ഘാടനദിവസം നിശ്ചയിച്ചു; ഡൽഹിയിൽ ഐ.എൻ.എ മാർക്കറ്റിന്റെ എതിർവശത്ത് പുതുതായി തുടങ്ങിയ ദില്ലിഹാട്ട് എന്ന കരകൗശലമാർക്കറ്റിലെ കലാകാരന്മാരുടെ നിർമിതികളും പ്രവർത്തനവും തത്സമയം പ്രദർശിപ്പിച്ചുകൊണ്ട് വേണോ അതോ കുത്തബ്മിനാറിന്റെ പരിസരത്ത് അതിന്റെ പശ്ചാത്തലത്തിൽ കലാപരിപാടികളോടെ വേണോ എന്ന സംശയമായി, ഒടുവിൽ കുത്തബ്മിനാറിനടുത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. പക്ഷേ, ഒരു പ്രശ്‌നം. അത് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ്. സാധാരണഗതിയിൽ അവിടെവെച്ച് ഇത്തരമൊരു ചടങ്ങിന് സമ്മതം കിട്ടുകയില്ല.  അതിന് അക്കാലത്തെ കേന്ദ്രസാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന പ്രസിദ്ധകവി സീതാകാന്ത് മഹാപത്രയ്ക്ക് മാത്രമേ നേരിട്ട് അനുവാദം തരാൻ പറ്റൂ. തലശ്ശേരിക്കാരനും വിശ്രുത ചിത്രകാരനുമായ ഹരിദാസന്റെ സഹോദരൻ കുഞ്ഞിക്കൃഷ്ണന്റെയും സീതാകാന്ത് മഹാപത്രയുടെയും മക്കളുടെ വിവാഹത്തിലൂടെ ബന്ധുക്കളാണ്. കുഞ്ഞിക്കൃഷ്ണനെ പരിചയമുണ്ടായിരുന്നു. സാംസ്‌കാരികവകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ പല തവണ വിളിച്ചിട്ടും അദ്ദേഹത്തെ നേരിട്ട് കണ്ട് അനുവാദം ചോദിക്കാൻ സമയം കിട്ടിയില്ല. അദ്ദേഹം തിരക്കിലാണ്. ഒടുവിൽ ഒരു ദിവസം അദ്ദേഹം ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണ് നേരിൽ കണ്ടതും തുടർനടപടിയായി അനുവാദം കിട്ടിയതും. ഉദ്ഘാടനച്ചടങ്ങിന് രണ്ട് ദിവസം മുമ്പേ ഡൽഹി കേന്ദ്രത്തിലെ ഓബി വാൻ കുത്തബ്മിനാറിന് മുമ്പിലെത്തി, ഉദ്ഘാടനച്ചടങ്ങിനുളള രംഗസജ്ജീകരണങ്ങൾ നടത്തിത്തുടങ്ങി. കലാകാരന്മാരുടെ റിഹേഴ്‌സൽ തുടങ്ങി. ചടങ്ങിന് ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കി, വിളിച്ചു തുടങ്ങി. ചടങ്ങുകളൊന്നും ഇല്ലാതെ ഒരു പരിശീലനോദ്ഘാടനമായിരുന്നു ഉദ്ദേശിച്ചത്, കൊട്ടും കുരവയുമില്ലാതെ. പക്ഷേ, പുതിയൊരു ചാനലിന്റെ വരവ് പ്രതിഫലിക്കുന്ന ഗാംഭീര്യത്തോടെയും വശ്യതയോടെയും.
ഉദ്ഘാടനത്തീയതിയുടെ തലേദിവസം ഞാൻ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഭാസ്‌കർഘോഷിന്റെ സെക്രട്ടറിയുടെ ഫോൺ വന്നു. കുത്തബ്മിനാറിലെ തയ്യാറെടുപ്പുകൾ ഞാൻ നേരിൽപോയി കണ്ടിരുന്നു. അത് ചോദിക്കാനായിരിക്കും വിളിച്ചതെന്ന് ഞാൻ കരുതി. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം തന്നെ ആദ്യം നിർദ്ദേശിച്ചത് ഓബി വാൻ ഡൽഹി കേന്ദ്രത്തിലേക്ക് മടക്കി അയക്കാനാണ്. ഞാൻ കാര്യം ചോദിച്ചപ്പോൾ ഉദ്ഘാടനം നീട്ടിവെക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ആജ്ഞ വന്നിരിക്കുന്നുവെന്ന് മറുപടി പറഞ്ഞു. പക്ഷേ, നമ്മുടെ ജോലികൾ ഇതേ ഊർജസ്വലതയോടെ തുടരണം, നീട്ടിവെച്ചതുകൊണ്ട് അതിന് മുടക്കം വരരുത്. ഞാൻ ബന്ധപ്പെട്ടവരെയെല്ലാം വിവരമറിയിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മാധ്യമോപദേഷ്ടാവ് പി.വി.ആർ.കെ.പ്രസാദ് ചാനലിന്റെ പ്രവർത്തനം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുവരെ പ്രവർത്തനം തുടങ്ങരുതെന്നും വാർത്താവിതരണപ്രക്ഷേപണ സെക്രട്ടറിക്കെഴുതിയ കത്ത് എനിക്കയച്ചുതന്നു. ജയ ചണ്ഡിറാം എന്ന സഹപ്രവർത്തക ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം തിരിച്ചുവന്നപ്പോൾ ചാനലിന്റെ ചുമതല അവർക്കായി. ഭാസ്‌കർഘോഷ് റിട്ടയർ ചെയ്യുകയും ചെയ്തു. പിന്നീട് ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് ദൂരദർശൻ-3 - യുടെ വിദൂര മാതൃകയിൽ ഡിഡിഭാരതി സംപ്രേഷണമാരംഭിച്ചത്- ഉപഗ്രഹ കേബിൾ ചാനലായി. അതിന്റെ ആദ്യകാലങ്ങളിലെ ചുമതലയും എനിക്കുണ്ടായിരുന്നു. ദൂരദർശന്റെ ഉദ്ഘാടനത്തലേന്ന് അതിന്റെ പ്രവർത്തനം തടഞ്ഞത്, രാഷ്ട്രീയം ഏതു തലത്തിൽ പ്രക്ഷേപണരംഗത്ത് ഇടപെടുന്നു എന്നതിന്റെ പാഠമാണ്. പത്രപ്രവർത്തക പ്രമുഖരിൽ പലരും ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ടവരായിരുന്നതിനാൽ തുടങ്ങുന്നതിന് മുമ്പേ അതിന് വലിയ പ്രചാരം കിട്ടി- ഉളളടക്കം നിബന്ധനകളില്ലാതെയായിരിക്കാമെന്നും ഗവണ്മെന്റിനെതിരെ വിമർശമുണ്ടാകുമെന്നും. ഈ അമിതപ്രചാരം രാഷ്ട്രീയക്കാരിൽ സംശയം ജനിപ്പിച്ചിരിക്കാമെന്നതിനാലാവാം പെട്ടെന്ന് ഉളളടക്കം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പ് വന്നത്.
 

Latest News