വെച്ചൂർ പശുസംരക്ഷണത്തിനായി ഏറെ ത്യാഗങ്ങളാണ് സഹിക്കേണ്ടിവന്നത്. ഇതിനിടയിലും ചില വിലങ്ങുതടികളുണ്ടായി. വെച്ചൂർ പശുക്കളെ കൊണ്ടുവരുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും സർവ്വകലാശാലയ്ക്ക് അത് ചീത്തപ്പേരുണ്ടാക്കുമെന്നും ചിലർ
പ്രചരിപ്പിച്ചു. ഏറെ വേദനയുണ്ടാക്കിയ ദിനങ്ങളായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്.
പശുപരിപാലനത്തിനായി ഉഴിഞ്ഞുവച്ച ജീവിതമാണ് ഡോ. ശോശാമ്മ ഐപ്പിന്റേത്. അരനൂറ്റാണ്ടുകാലമായി പശുക്കൾക്കായി ജീവിതം പകുത്തുനൽകിയ ഇവരെത്തേടി ഒടുവിൽ രാജ്യത്തിന്റെ പരമോന്നത പുരസ്കാരംതന്നെ എത്തി. തൃശൂർ ജില്ലയിലെ മണ്ണൂത്തിക്കടുത്ത ഇന്ദിരാനഗറിലെ വീട്ടിലേക്കാണ് പത്മശ്രീയുടെ പൊൻതിളക്കം വന്നുചേർന്നിരിക്കുന്നത്.
വെച്ചൂർ പശുക്കളുടെ സംരക്ഷണം ജീവിതവ്രതമാക്കിയ ഈ പത്തനംതിട്ടക്കാരി ഏറെ സന്തോഷത്തിലാണ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇവയെ കേരളത്തിന്റെ ജനുസാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞിരിക്കുന്നു. ഔഷധവീര്യമേറിയതും പോഷകസമൃദ്ധവുമായ വെച്ചൂർ പശുവിന്റെ പാൽ രോഗികൾക്കും പ്രായമായവർക്കും ഊർജദായകമാണെന്നും, ഉയരം കുറഞ്ഞ ഇവയെ പരിപാലിക്കാൻ എളുപ്പമാണെന്നും ഇവർ കണ്ടെത്തി. എട്ടുമാസത്തോളം കറവയുള്ളതും ദിവസവും മൂന്നു ലിറ്റർ പാൽ ലഭിക്കുന്നതുമായ ഈ കുഞ്ഞൻപശു കേരളത്തിന്റെ സ്വന്തമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പശുവർഗ്ഗത്തെ വീണ്ടെടുത്തിരിക്കുകയാണ് ഈ ഗവേഷക. അതിനായി തന്റെ വിദ്യാർഥികൾക്കൊപ്പം ചേർന്ന് പശുസംരക്ഷണസമിതിക്കും അവർ രൂപം നൽകി. മണ്ണൂത്തി കാർഷിക സർവ്വകലാശാലയിലെ ജനിതകവിഭാഗം മേധാവിയായിരുന്ന ശോശാമ്മ, ഗവേഷണത്തിന്റെ ഭാഗമായാണ് വെച്ചൂർ പശുക്കളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയത്. പശുപരിപാലനത്തിലൂടെ ലഭിച്ച പത്മ തിളക്കത്തിനിടയിലാണ് ഡോ. ശോശാമ്മയെ വിളിച്ചത്. അവരുടെ വാക്കുകളിലേയ്ക്ക്...
വെച്ചൂർ പശുസംരക്ഷണ സമിതിയുടെ രൂപീകരണത്തെക്കുറിച്ച്
1980 ലാണ് അന്യംനിന്നുപോകുന്ന നമ്മുടെ തനത് കന്നുകാലികളെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാർ ആവിഷ്കരിച്ചത്. കേരള ലൈവ് സ്റ്റോക്ക് ഇംപ്രൂവ്മെന്റ് ആക്ട് പ്രകാരം സങ്കരയിനങ്ങളുമായി കൂട്ടിച്ചേർത്ത് പശുക്കളിൽ കൂടുതൽ പാലുൽപാദനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി വിദേശ ജനുസ്സുകളായ ജഴ്സി, ബ്രൗൺ സ്വിസ്, ഹോൾസ്റ്റീൻ ഫ്രീഷ്യൻ തുടങ്ങിയ ഇനം പശുക്കളെയായിരുന്നു ഇറക്കുമതി ചെയ്തത്. ഇത്തരത്തിലുള്ള സങ്കരപ്രജനനം മൂന്നു പതിറ്റാണ്ടിലെത്തിനിൽക്കുന്ന കാലത്താണ് വരുംതലമുറയ്ക്കുവേണ്ടി വെച്ചൂർ പശുവിനെ സംരക്ഷിക്കണമെന്ന ചിന്തയുമായി ഞാനും എന്റെ വിദ്യാർഥികളും മുന്നിട്ടിറങ്ങിയത്. വെച്ചൂർ പശുസംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ നിരണത്തുള്ള എന്റെ വീട്ടിൽ അൻപതുകളിൽ വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. തിരുവിതാംകൂർ മാനുവലിലും വെച്ചൂർ പശുക്കളുടെ പാലിന്റെ ഔഷധഗുണം വിവരിക്കുന്നുണ്ട്.
എന്റെ വിദ്യാർഥികളും മൃഗസ്നേഹികളുമായ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാരും എന്നോടൊപ്പമുണ്ടായിരുന്നു. പല നാടുകളിൽ ഞങ്ങൾ അലഞ്ഞു. ഇടവഴികളും മൺപാതകളും റോഡുകളും താണ്ടി ഞങ്ങളുടെ അന്വേഷണം തുടർന്നു. വെച്ചൂർ പശു ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന നിരാശാജനകമായ മറുപടിയായിരുന്നു പലയിടങ്ങളിൽനിന്നും ലഭിച്ചത്. എങ്കിലും ഞങ്ങൾ പിന്മാറിയില്ല. അന്വേഷണം തുടർന്നുകൊണ്ടിരുന്നു. വംശനാശത്തിന്റെ ഭീഷണിയിൽനിന്നും വെച്ചൂർ പശുവിന് പുനർജന്മം നൽകാനിറങ്ങിയവർക്ക് നേതൃത്വം നൽകാൻ മുൻപന്തിയിൽതന്നെ നിന്നു. ഒടുവിൽ കാസർകോട്ടുളള കർഷകനായ നാരായണ അയ്യരെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. മനോഹരൻ എന്നയാളുടെ വീട്ടിൽ ഒരു വെച്ചൂർ പശുവിനെ വളർത്തുന്നുണ്ടെന്നും അവരതിനെ ലാളിച്ചുവളർത്തുന്നതായതുകൊണ്ട് വിൽക്കില്ലെന്നും അറിയിച്ചു. ഉേദ്ദശ്യലക്ഷ്യങ്ങൾ വിശദീകരിച്ചപ്പോൾ ഒടുവിൽ നാരായണയ്യരും ഞങ്ങളോടൊപ്പം കൂടി. കാസർകോട്ടെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു മനോഹരൻ താമസിച്ചിരുന്നത്. അദ്ദേഹത്തെ കണ്ടു. വിവരങ്ങൾ പറഞ്ഞു. പതിനഞ്ചുവർഷത്തോളമായി ഒരു കുടുംബാംഗത്തെപ്പോലെ വളർത്തുന്ന പശുവിനെ വിട്ടുപിരിയാനുള്ള അവരുടെ വിഷമം നേരിൽ കണ്ടു. എങ്കിലും വെച്ചൂർ പശുവിന്റെ പ്രാധാന്യം അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. ഇപ്പോൾ പരിപാലിച്ചില്ലെങ്കിൽ ഈ പശുവിന്റെ തലമുറ ബാക്കിയുണ്ടാവില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ഒടുവിൽ മനോഹരൻ പശുവിനെ ഞങ്ങൾക്ക് കൈമാറി. പിന്നീട് പലയിടത്തുനിന്നായി കൂടുതൽ പശുക്കളെ കണ്ടെത്തി. അവയെയെല്ലാം മണ്ണൂത്തി കാർഷിക സർവ്വകലാശാലയുടെ ഫാമിലെത്തിച്ചു. പശുക്കളെ ഞങ്ങൾക്ക് കൈമാറിയ കർഷകർ തന്നെയായിരുന്നു എന്റെ ശക്തി. അവർക്കുവേണ്ടി ഒരു ചാലകശക്തിയായി ഞാനും കൂടെ കൂടി.
തിരിച്ചടികൾ വെച്ചൂർ പശുസംരക്ഷണത്തിനായി ഏറെ ത്യാഗങ്ങളാണ് സഹിക്കേണ്ടിവന്നത്. ഇതിനിടയിലും ചില വിലങ്ങുതടികളുണ്ടായി. വെച്ചൂർ പശുക്കളെ കൊണ്ടുവരുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും സർവ്വകലാശാലയ്ക്ക് അത് ചീത്തപ്പേരുണ്ടാക്കുമെന്നും ചിലർ പ്രചരിപ്പിച്ചു. ഏറെ വേദനയുണ്ടാക്കിയ ദിനങ്ങളായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്. സ്നേഹിച്ചുവളർത്തിയ പശുക്കൾ ഫാമിൽ പുല്ലുതിന്നുന്നതിനിടയിൽ ചത്തുവീഴുന്ന കാഴ്ച കണ്ട് ഞങ്ങൾ ഞെട്ടി. ഒടുവിൽ പൊലീസ് അന്വേഷണമുണ്ടായി. ബി. സന്ധ്യയായിരുന്നു അന്ന് തൃശൂർ എസ്.പി. അവർ നേരിട്ടുവന്ന് കാര്യങ്ങൾ പരിശോധിച്ചു. ഒടുവിൽ പശുക്കൾ കഴിച്ച പുല്ലിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തി. വിഷാംശം ഉള്ളിൽ ചെന്നാണ് ഇവ മരണത്തിന് കീഴടങ്ങിയതെന്നും കണ്ടു. ആരോ ബോധപൂർവ്വം ചെയ്തതാണെന്നു മനസ്സിലായി. അതോടെ പുറത്തുനിന്നും കൊണ്ടുവരുന്ന പുല്ല് പശുവിന് നൽകേണ്ടെന്ന് എസ്.പി നിർദ്ദേശിച്ചു. ഫാമിലേയ്ക്കു കൊണ്ടുവന്ന പുല്ല് തിരിച്ചയച്ചു. അവർ അത് മറ്റൊരു ഫാമിലേയ്ക്കു കൊണ്ടുപോയി. ഫലമോ അവിടെയും ചത്തു രണ്ടു പശുക്കൾ. മനുഷ്യരുടെ പകയിൽ മിണ്ടാപ്രാണികൾ വീണുചാവുന്നതുകണ്ട് മനസ്സ് നീറിപ്പുകയായിരുന്നു.
മറ്റൊരവസരത്തിൽ പശുക്കളെ കെട്ടിയ ഷെഡിന് തീ പിടിച്ച സംഭവവും ഉണ്ടായി. ഞാനും ഭർത്താവും ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. പശുപ്പുര നിന്നുകത്തുകയാണ്. അതിനകത്ത് ജീവനുവേണ്ടി പിടയുന്ന കുറേ മിണ്ടാപ്രാണികൾ. എല്ലാത്തിനെയും കെട്ടിയിട്ടതുകൊണ്ട് അവയ്ക്ക് ഓടി രക്ഷപ്പെടാനുമായില്ല. കുറച്ചു പശുക്കളെ രക്ഷിക്കാനായെങ്കിലും കുറേയെണ്ണം ശരീരം മുഴുവൻ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വലിയ വിമർശനമായിരുന്നു. ഞങ്ങളുടെ അശ്രദ്ധയാണ് ഇതിനു കാരണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഇത്തരത്തിൽ ആരോപണങ്ങളും വിവാദങ്ങളും സംഘർഷങ്ങളും ഏറെയുണ്ടായി. എന്നാൽ തോറ്റു പിന്മാറാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഇന്നു ഞങ്ങൾ അഭിമാനിക്കുകയാണ്. കേരളത്തിന് സ്വന്തമെന്നു പറയാൻ ഒരു പശുവർഗ്ഗമെങ്കിലും ഉണ്ടായല്ലോ.
പേറ്റന്റ് വിവാദം
വെച്ചൂർ പശുക്കളുടെ ജനിതക ഘടന കണ്ടെത്തുന്നതിൽ ഒരു വിദേശ സർവ്വകലാശാല പേറ്റന്റ് നേടിയെന്നുള്ള ഒരു പരിസ്ഥിതി പ്രവർത്തകയുടെ ആരോപണമാണ് വലിയ കോലാഹലമുണ്ടാക്കിയത്. അതിന് കാരണക്കാരി ഞാനാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. പല നുണക്കഥകളും പ്രചരിച്ചു. എന്നെ സ്ഥലം മാറ്റി. കൂടാതെ എന്നെ മാറ്റിനിർത്തി അന്വേഷിക്കാനും നീക്കമുണ്ടായി. ഈ ഉത്തരവിന് സ്റ്റേ വാങ്ങേണ്ടിവന്നു. സർവ്വകലാശാലക്കും അന്നത്തെ വിസിക്കുമെല്ലാം എന്റെ നിരപരാധിത്വം മനസ്സിലായിരുന്നതിനാൽ അവർ എന്നോടൊപ്പം നിന്നു. നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഈ നുണയെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. മാത്രമല്ല, ഇന്ത്യയിലെ ഇരുപത്തിയാറ് തനത് ബ്രീഡുകളിൽ ഒന്നായി വെച്ചൂർ പശുവിന്റെ പേരും എഴുതിച്ചേർക്കപ്പെട്ടു. ഒടുവിൽ ഒരു കാര്യം തീർച്ചപ്പെടുത്തി. ഇത് യൂണിവേഴ്സിറ്റി തലത്തിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. വെച്ചൂർ പശുവിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ ചിന്തയാണ് വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റായി മാറിയത്. ഇതിനെയും വിമർശിച്ചവരുണ്ട്. ഇത്തരം ശാസ്ത്രജ്ഞരാണ് സമൂഹത്തിന് ആവശ്യമെന്നും അവർ ഇത്തരത്തിലുള്ള ജോലികളാണ് ചെയ്യേണ്ടതെന്നും കർഷകരോടു ചേർന്നുനിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് യൂണിവേഴ്സിറ്റി പ്രോത്സാഹനം നൽകണമെന്നും പറഞ്ഞുകൊണ്ട് വിദഗ്ധർ രംഗത്തുവന്നതോടെ കോലാഹലങ്ങളെല്ലാം കെട്ടടങ്ങുകയായിരുന്നു.

ജീവിതം പഠിപ്പിച്ച പാഠം
നമ്മൾ സത്യത്തിനുവേണ്ടി നിലകൊള്ളുക. സദുദ്ദേശ്യത്തോടുകൂടി ഒരു കാര്യം ചെയ്യുകയാണെങ്കിൽ അത് തിരിച്ചറിയപ്പെടുന്ന കാലം വിദൂരമല്ലെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. കർഷകരും പരിസ്ഥിതി പ്രവർത്തകരും എന്നോടൊപ്പമുണ്ടായിരുന്നു. അവർ പകർന്നുനൽകിയ ശക്തിയിലും ധൈര്യത്തിലുമാണ് മുന്നോട്ടു പോയത്.

കുടുംബ പശ്ചാത്തലം
ആലുവ യു.സി. കോളേജിലെ പഠനത്തിനുശേഷം തൃശൂർ വെറ്ററിനറി കോളേജിൽ ചേർന്നു. തുടർന്ന് നാഷണൽ ഡയറി റിസർച്ച് ഇന്റസ്റ്റിറ്റിയൂട്ടിൽനിന്ന് മൃഗപ്രജനന ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. കാർഷിക സർവ്വകലാശാലയിലെ ജനറ്റിക്സ് ആന്റ് അനിമൽ ബ്രീഡിംഗ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. വെറ്ററിനറി കോളേജിലെ സർജറി പ്രൊഫസറായിരുന്ന പരേതനായ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. അദ്ദേഹത്തിന്റെ പിൻബലമായിരുന്നു എന്റെ ധൈര്യം. മൂത്ത മകൾ ഡോ. റെബേക്കാ വർഗീസ് അമേരിക്കയിലാണ്. മകൻ ജോർജ് എബ്രഹാം കാനഡയിലെ ടൊറന്റോയിൽ സിവിൽ എൻജിനീയറുമാണ്. പത്മശ്രീക്കു മുൻപ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.






