ചിലെ, 30 മെയ്-17 ജൂൺ
വലിയ സാമ്പത്തിക ശേഷിയില്ലാത്ത, കാര്യമായി കളിക്കളങ്ങളൊന്നുമില്ലാത്ത ചിലെക്കാണ് 1962 ലെ ലോകകപ്പ് ഫിഫ അനുവദിച്ചത്. അമ്പതുകളിലെ ഗോളുത്സവങ്ങൾ കണ്ട ലോകകപ്പിനു ശേഷം വരണ്ട ലോകകപ്പായിരുന്നു അത്. കൈയാങ്കളികളും മോശം റഫറിയിംഗും ടൂർണമെന്റിന്റെ നിറം കെടുത്തി. ആതിഥേയ ടീമിന്റെ കളികൾക്കു മാത്രമേ സ്റ്റേഡിയം നിറഞ്ഞുള്ളൂ. മറ്റു ടീമുകൾ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ കളിച്ചു.
ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടു പോവുമ്പോഴാണ് 1960 മേയിൽ ചിലെ ചരിത്രം ഇന്നുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കനത്ത ഭൂകമ്പത്തിൽ തകർന്നടിയുന്നത്. അര ലക്ഷത്തിലേറെ പേർ മരിച്ചു.
ചിലെയിൽ ലോകകപ്പ് എത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയത് അവരുടെ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കാർലോസ് ഡിറ്റ്‌ബോണായിരുന്നു. 'എല്ലാം നശിച്ചു, പുനർനിർമാണത്തിനായി കൈകോർക്കാം' എന്ന സംഘാടക സമിതി അധ്യക്ഷൻ ഡിറ്റ്‌ബോണിന്റെ അനൗദ്യോഗിക മുദ്രാവാക്യവുമായി അവർ വീണ്ടും തുടങ്ങി. എട്ട് സ്റ്റേഡിയങ്ങളിൽ നടത്തേണ്ട ലോകകപ്പ് നാല് വേദികളിലായി ചുരുക്കി. അതിൽ തന്നെ രണ്ട് നഗരങ്ങളിൽ കാര്യമായ പുനർനിർമാണം വേണ്ടി വന്നു. അമേരിക്കൻ കോപ്പർ മൈനിംഗ് കമ്പനിയിൽനിന്ന് റൻകാഗുവ സ്റ്റേഡിയം കടമെടുത്തു. റെക്കോർഡ് വേഗത്തിൽ പുനർനിർമിച്ചു. കാര്യമായ സംഘാടകപ്പിഴവില്ലാതെ ലോകകപ്പ് നടത്തുകയും ചെയ്തു. നിർഭാഗ്യമെന്നു പറയാം, തന്റെ അശ്രാന്ത പരിശ്രമം പൂവണിയുന്നത് കാണാൻ ഡിറ്റ്‌ബോണിന് ഭാഗ്യമുണ്ടായില്ല. ലോകകപ്പിന് ഒരു മാസം മുമ്പ് കനത്ത ഹൃദയാഘാതത്തെത്തുടർന്ന് ഡിറ്റ്‌ബോൺ അന്തരിച്ചു.
പരുക്കൻ കളിയും പ്രതിരോധ ഫുട്‌ബോളും കണ്ട ടൂർണമെന്റായിരുന്നു അത്. ബ്രസീലിനെ പ്രതിനിധീകരിച്ചത് വയസ്സൻ പട. 1958 ലെ ലോകകപ്പ് നേടിയ ടീം തന്നെയായിരുന്നു ഏതാണ്ട് മുഴുവൻ. 1958 ലെ ഫൈനലിസ്റ്റുകളായ സ്വീഡന് യോഗ്യത നേടാനായില്ല. ഇംഗ്ലണ്ടും പശ്ചിമ ജർമനിയും സോവിയറ്റ് യൂനിയനുമായിരുന്നു യൂറോപ്പിൽ നിന്നെത്തിയ ശക്തമായ ടീമുകൾ. ഹംഗറിയുടെ ഫെറഞ്ച് പുഷ്‌കാസും അർജന്റീനയുടെ ആൽഫ്രഡൊ ഡി സ്റ്റെഫാനോയും സ്‌പെയിൻ നിരയിലുണ്ടായിരുന്നു. ഡി സ്റ്റെഫാനൊ തെക്കൻ കൊറിയക്കെതിരായ യോഗ്യതാ മത്സരത്തിൽ കളിച്ചു. റയൽ മഡ്രീഡിന്റെ ഫുട്‌ബോൾ ഇതിഹാസം ലോകകപ്പിന് ഏറ്റവും അടുത്തെത്തിയത് ആ മത്സരത്തിലായിരുന്നു. ലോകകപ്പിൽ ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ഇറങ്ങിയില്ല. ലോകകപ്പ് കളിക്കാത്ത ഏറ്റവും മികച്ച കളിക്കാരനായി ഡി സ്റ്റെഫാനൊ. ബ്രസീലിന് തന്നെയായിരുന്നു കിരീട സാധ്യത. യൂറോപ്പിൽ ലോകകപ്പ് നേടിയ ടീമിന് ലാറ്റിനമേരിക്കയിൽ ആര് വിലങ്ങു നിൽക്കാനാണ്? ലോകകപ്പ് നേടിയ ഏറ്റവും പ്രായമേറിയ ടീമായി 1962 ലെ ബ്രസീൽ.
മെക്‌സിക്കോക്കെതിരായ വിജയത്തിൽ പെലെ പടയോട്ടം തുടങ്ങിയതായിരുന്നു. എന്നാൽ ചെക്കൊസ്ലൊവാക്യക്കെതിരായ രണ്ടാമത്തെ ഗ്രൂപ്പ് മത്സരം കഴിഞ്ഞതോടെ പരിക്കുമായി വലഞ്ഞ പെലെ ഇനി ലോകകപ്പിനില്ലെന്ന ശപഥവുമായി കളം വിട്ടു. പക്ഷേ ഗാരിഞ്ച മഞ്ഞപ്പടയെ ചുമലിലേറ്റി. അക്കാലത്തെ ഒന്നാം നമ്പർ ഗോളി ലെവ് യാഷിൻ ഫോമിലായിരുന്നില്ല. കൊളംബിയക്കെതിരെ സോവിയറ്റ് യൂനിയൻ 4-1 ലീഡ് കളഞ്ഞുകുളിക്കുകയും സമനില വഴങ്ങുകയും ചെയ്തു. ചിലെക്കെതിരായ ക്വാർട്ടറിൽ സോവിയറ്റ് യൂനിയന്റെ 2-1 തോൽവിക്ക് യാഷിനായിരുന്നു ഉത്തരവാദി.
പെലെയുടെ പകരക്കാരനായി വന്ന അമരിൽഡൊ മഹാരഥന്റെ അസാന്നിധ്യം അറിയിക്കാത്തവിധം തകർത്തു കളിക്കുകയും ഗാരിഞ്ച പതിവുപോലെ വിംഗിൽ ആവേശം വിതക്കുകയും ചെയ്തതോടെ ബ്രസീൽ കത്തിക്കയറി. ഹംഗറിക്കും യൂഗോസ്ലാവ്യക്കുമെതിരെ ചെക്കൊസ്ലൊവാക്യൻ ഗോളി വില്യം ഷ്രോയ്ഫിന്റെ പ്രകടനവും അറിയപ്പെടുന്ന ഒരു കളിക്കാരൻ പോലുമില്ലാതിരുന്നിട്ടും മൂന്നാം സ്ഥാനത്തേക്കുള്ള ചിലെ യുടെ കുതിപ്പും അവിസ്മരണീയമായി. ചിലെയുടെ കുതിപ്പിന് മോശം റഫറിയിംഗും പലപ്പോഴും കാരണമായി.
ഇരു ടീമും പന്തിനേക്കാൾ എതിരാളിയുടെ കാൽ ലക്ഷ്യമാക്കിയ ചിലെ-ഇറ്റലി ആദ്യ റൗണ്ട് മത്സരം സാന്റിയാഗൊ യുദ്ധം എന്നാണ് അറിയപ്പെട്ടത്. മഞ്ഞുമൂടിയ ആൽപ്‌സിന്റെ സുന്ദര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ പരുക്കൻ മത്സരത്തിൽ 0-2 ന് ഇറ്റലി തോറ്റു. ഗ്രൗണ്ട് വിടാൻ ഇറ്റാലിയൻ ടീമിന് പോലീസ് സംരക്ഷണം വേണ്ടിവന്നു. മത്സരമല്ല ഞാൻ നിയന്ത്രിച്ചത്, യുദ്ധനീക്കങ്ങളായിരുന്നു എന്ന് റഫറി കെൻ ആസ്റ്റൺ പിന്നീട് പറഞ്ഞു.
ലോകകപ്പിൽ ഗോൾ ആവറേജ് ആദ്യമായി പ്രാബല്യത്തിൽ വന്നു. ഇന്നത്തെ ഗോൾ വ്യത്യാസത്തിന്റെ മുൻഗാമി. സമനിലയായാൽ പ്ലേഓഫ് കളിക്കുന്ന രീതി ഒഴിവാക്കി. ഇതോടെ ഇംഗ്ലണ്ടിനും അർജന്റീനക്കും തുല്യ പോയന്റായിരുന്നെങ്കിലും ഇംഗ്ലണ്ട് മുന്നേറി. 1960 ലെ പ്രഥമ യൂറോപ്യൻ കപ്പിൽ ചാമ്പ്യന്മാരായ സോവിയറ്റിനെ ക്വാർട്ടറിൽ ചിലെ ഞെട്ടിച്ചു. രണ്ടു ഗോളടിച്ച ഗാരിഞ്ചയുടെ മികവാർന്ന കളിയിലൂടെ ബ്രസീൽ 3-1 ന് ഇംഗ്ലണ്ടിനെ മറികടന്നു. പശ്ചിമ ജർമനിയെയും ഹംഗറിയെയും കീഴടക്കി യഥാക്രമം യൂഗോസ്ലാവ്യ, ചെക് ടീമുകളും സെമിയിലേക്കു മുന്നേറി. തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിലാണ് പശ്ചിമ ജർമനിയും യൂഗോസ്ലാവ്യയും ക്വാർട്ടറിൽ ഏറ്റുമുട്ടിയത്. ഒരു മാറ്റത്തിന്, ഇത്തവണ യൂഗോസ്ലാവ്യ ജയിച്ചു.
ആതിഥേയർ അപ്രതീക്ഷിതമായി സെമിയിലേക്കു മുന്നേറിയതോടെ വിനാ ഡെൽ മാറിൽ നിശ്ചയിച്ച ആദ്യ സെമി ഫിഫയെ സ്വാധീനിച്ച് തലസ്ഥാനമായ സാന്റിയേഗോയിലേക്ക് മാറ്റി. ഗാരിഞ്ച പുറത്താക്കപ്പെട്ട മത്സരത്തിൽ ബ്രസീൽ 4-2 ന് ചിലെയെ തോൽപിക്കുന്നതു കാണാൻ എൺപതിനായിരത്തോളം പേർ എത്തി. വിനാ ഡെൽ മാറിൽ യൂഗോസ്ലാവ്യയെ ചെക്കൊസ്ലൊവാക്യ 3-1 ന് തോൽപിക്കുന്നതു കാണാൻ ആറായിരം പേർ മാത്രം.
സെമിയിൽ ചുവപ്പ് കാർഡ് കണ്ടിട്ടും ഗാരിഞ്ചയെ ഫൈനൽ കളിപ്പിക്കുന്നതിന് അനുമതി നേടിയെടുക്കാൻ ബ്രസീലിന് സാധിച്ചു. കാണികൾ പ്രകോപിപ്പിച്ചതിനാലാണ് ഗാരിഞ്ച ഫൗൾ കളിച്ചതെന്ന് ഫിഫ ന്യായം പറഞ്ഞു. ജോസഫ് മസോപുസ്റ്റിന്റെ ഗോളിൽ ചെക്കുകാർ തുടക്കത്തിൽ തന്നെ മുന്നിലെത്തി. പക്ഷേ 1958 ലേതെന്ന പോലെ മഞ്ഞപ്പട ശക്തമായി തിരിച്ചുവന്നു. രണ്ടു മിനിറ്റിനകം അമരിൽഡൊ സമനില ഗോളടിച്ചു. രണ്ടാം പകുതിയിൽ സീറ്റോയും വാവയും ചെക് വല കുലുക്കി. അതുവരെ അതികായനായി നിന്ന ഗോളി ഷ്‌റോയ്ഫിന്റെ പിഴവായിരുന്നു രണ്ടു ഗോളിന് കാരണം. വാവ തുടർച്ചയായ രണ്ടു ഫൈനലിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനായി. തുടർച്ചയായി രണ്ടു തവണ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമായി ബ്രസീൽ. 1934 ലും 1938 ലും ഇറ്റലി ചാമ്പ്യന്മാരായിരുന്നു.
ഏറ്റവും അസാധാരണനായ വലതു വിംഗർ എന്നു പേരെടുത്ത ഗാരിഞ്ചയായിരുന്നു ബ്രസീലിന്റെ ഹീറോ. പിൽക്കാലത്ത് കോച്ചെന്ന നിലയിൽ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത മാരിയൊ സഗാലോയും കരുത്തു കാട്ടി. 1958 ലെ ചാമ്പ്യൻനിരയിലെ ഒമ്പതു പേരുണ്ടായിരുന്നു ബ്രസീൽ ടീമിൽ. പെലെക്കു പകരം അമരിൽഡൊ വന്നതൊഴിച്ചാൽ ഒരേ ടീമിനെ മുഴുവൻ ടൂർണമെന്റിലും ബ്രസീൽ കളിപ്പിച്ചു. 1954 ലെ ലോകകപ്പിൽ ഏതാനും കളിയിൽ ബ്രസീലിനെ പരിശീലിപ്പിച്ച സെസെയുടെ സഹോദരൻ അയ്മർ മൊറേരയായിരുന്നു ഇത്തവണ കോച്ച്.
1954 ൽ ഹംഗറിയുടെ ഹീറോ ആയിരുന്ന ഫെറഞ്ച് പുഷ്‌കാസിന് ഇത്തവണ സ്‌പെയിനിന്റെ ജഴ്‌സിയിയിൽ തിളങ്ങാനായില്ല.
ആതിഥേയർ: ചിലെ , ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 16, മത്സരങ്ങൾ: 32
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 56
ടോപ്‌സ്‌കോറർ: ഗാരിഞ്ച, വാവ (ബ്രസീൽ), ലയണൽ സാഞ്ചസ് (ചിലെ ), ഡ്രാസൻ യെർകോവിച് (യൂഗോസ്ലാവ്യ), ഫ്‌ളോറിയൻ ആൽബർട്ട് (ഹംഗറി), വാലന്റിൻ ഇവാനോവ് (സോവിയറ്റ്, 4 വീതം)
പ്രധാന അസാന്നിധ്യം: സ്വീഡൻ
അപ്രതീക്ഷിതമായി യോഗ്യത നേടിയ ടീം: കൊളംബിയ
ആകെ ഗോൾ 89 (ശരാശരി 2.78), കൂടുതൽ ഗോളടിച്ച ടീം -ബ്രസീൽ (14).
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും രണ്ട് മുൻനിരക്കാർ ക്വാർട്ടറിൽ.
കപ്പിലെ കൗതുകം
-ചെക്കൊസ്ലൊവാക്യയുടെ വാക്ലാവ് മാസെക് മെക്‌സിക്കോക്കെതിരെ പതിനഞ്ചാം സെക്കന്റിൽ സ്‌കോർ ചെയ്തു. 2002 വരെ ഈ റെക്കോർഡ് നിലനിന്നു. തുർക്കിയുടെ ഹകൻ സുകൂറാണ് റെക്കോർഡ് ഭേദിച്ചത്. തെക്കൻ കൊറിയക്കെതിരെ പതിനൊന്നാം സെക്കന്റിൽ ഗോളടിച്ച്.
-ചെക്കൊസ്ലൊവാക്യക്കെതിരായ ക്വാർട്ടറിൽ ഹംഗറിയുടെ നാലു ഷോട്ടുകൾ പോസ്റ്റിനിടിച്ചു മടങ്ങി. ചെക്കൊസ്ലൊവാക്യ 1-0 ത്തിന് ജയിച്ചു.
-ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് ബൾഗേറിയ പുറത്തായി. തുടർന്നുള്ള 15 ലോകകപ്പ് മത്സരങ്ങളും ജയിക്കാനായില്ല. 17 കളികളിൽ 11 തോൽവിയും ആറ് സമനിലയും. ഒടുവിൽ 1994 ലെ ലോകകപ്പിലാണ് അവർ ആദ്യ ജയം നേടിയത്.
-മെക്‌സിക്കൊ 1930 ലെ പ്രഥമ ലോകകപ്പ് മുതൽ തുടർച്ചയായ ഒമ്പതു കളി തോറ്റു. 1962 ലാണ് അവർ ആദ്യ ജയം ആഘോഷിച്ചത്.
-ചിലെ-ഇറ്റലി മത്സരം സാന്റിയാഗോയിലെ യുദ്ധം എന്നായിരുന്നു അറിയപ്പെട്ടത്. സാന്റിയാഗൊ വേശ്യാവൃത്തിയും പിടിച്ചുപറിയും മാത്രമുള്ള ഒരു ചേരിയാണ് എന്ന് രണ്ട് ഇറ്റാലിയൻ ജേണലിസ്റ്റുകൾ എഴുതിയതാണ് പ്രകോപനം. അതിന് പകരം വീട്ടാൻ ചിലെ കളിക്കാർ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളും ആരാധകരും പിന്തുണ നൽകി.
-1962 ലെ ലോകകപ്പിൽ ബ്രസീലിനെതിരായ ക്വാർട്ടറിൽ ഗ്രൗണ്ടിലേക്കോടിയിറങ്ങിയ പട്ടി ഇംഗ്ലണ്ട് സ്‌ട്രൈക്കർ ജിമ്മി ഗ്രീവ്‌സിനെ മൂത്രത്തിൽ കുളിപ്പിച്ചു. പട്ടിയെ ഗാരിഞ്ച ബ്രസീലിലേക്കു കൊണ്ടുപോയി. ബ്രസീലിലെത്തിയപ്പോൾ റിയോഡി ജനീറോ ഗവർണർ ഒരു മൈനയെയും സമ്മാനിച്ചു.
- ടീമുകൾ പ്രതിരോധ ശൈലി പഠിച്ചതോടെ ശരാശരി ഒരു കളിയില ഗോൾ മൂന്നിനു താഴെ പോയ ആദ്യ ലോകകപ്പായിരുന്നു 1962 ലേത്. പിന്നീട് മൂന്നിനു മുകളിലേക്ക് ഉയർന്നതേയില്ല.