പാട്ടിന്റെ പൈതൃകം  ആലാപന വഴിയിൽ ആരിഫും കരീമും

പുരസ്‌കാരത്തിളക്കത്തിൽ: ചാവക്കാട് സിംഗേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പിന്റെ ചടങ്ങിൽ കെ.സി. മൊയ്തുണ്ണി ചാവക്കാടിനെ അന്നത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന എൻ.കെ. അക്ബർ എം.എൽ.എ ആദരിച്ചപ്പോൾ (ഫയൽ) 
ആരിഫും കരീമും പിതാവിനോടൊപ്പം (ഫയൽ)


ദീർഘകാലം ഖത്തറിന്റെ പുണ്യഭൂവിലിരുന്ന് കാവ്യാത്മകമായ വരികളാൽ സംഗീത ലോകത്തെ ധന്യമാക്കി വെള്ളിവെളിച്ചത്തിലെത്താതെ കാലയവനികക്ക് പിന്നിൽ പോയ്മറഞ്ഞ കെ.സി. മൊയ്തുണ്ണി ചാവക്കാടെന്ന അനശ്വര പ്രതിഭയുടെ സംഗീത വഴികളെ പ്രഭാപൂരിതമാക്കുകയാണ് മക്കളായ കെ.സി. ആരിഫും കരീമും. 
കെ.സി.എം മീഡിയ എന്ന യു ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പിതാവിന്റെ സംഗീത സംഭാവനകളെ സഹൃദയരിലേക്കെത്തിക്കുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്.
സാഹിത്യം ആത്മീയതയിൽ ചാലിച്ച പ്രതിഭാധനനായ എഴുത്തുകാരനായിരുന്ന കെ.സി. മൊയ്തുണ്ണിയുടെ ആത്മാർപ്പണം എന്ന ആൽബത്തിലൂടെ അനുരാഗം നൽകും, അനുഭൂതി നൽകും, സങ്കൽപ സാമ്രാജ്യ രാജാധിരാജൻ എന്നു തുടങ്ങുന്ന വരികൾ എൺപതുകളിൽ സഹൃദയ മനം കവർന്നവയാണ്.

പ്രിയ പിതാവിന്റെ സൃഷ്ടികളോരോന്നും കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ടു ഗായകരെക്കൊണ്ട് പാടിച്ച്, കെ.സി.എം മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ, പുറത്തിറക്കി സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മക്കൾ.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ബൽക്കീസ് റഷീദും പട്ടുറുമാലിലൂടെ വന്ന മകൾ ബെൻസീറയും ഓരോ ഗാനങ്ങൾ വീണ്ടും പാടി ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഈ പാട്ടിന് ഹൃദ്യവും ആകർഷകവുമായ സംഗീതം നൽകിയിരിക്കുന്നത് നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അഷ്റഫ് എടക്കരയാണ്.
പ്രശസ്തരായ സംഗീതജ്ഞരുടെ കീഴിൽ ഹിന്ദുസ്ഥാനി കർണാട്ടിക് സംഗീത ശാഖകളിൽ പ്രാവീണ്യം നേടുകയും സംഗീതോപകരണങ്ങളായ ഹാർമോണിയം ഗിറ്റാർ കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

1947 ൽ മണത്തലയിലെ കൊച്ചഞ്ചേരി തറവാട്ടിലെ, പാത്താവു മാമദ് ദമ്പതിമാരുടെ ആറു മക്കളിൽ അഞ്ചാമനായാണ് കെ.സി. മൊയ്തുണ്ണി ജനിച്ചത്. അസൂറയാണ് ഭാര്യ. ശബ്‌ന, ബറത്ത്, സൈനബ, അബ്ദുൽ ആരിഫ്, കരീം കോയ എന്നിവരാണ് മക്കൾ.
ചെറുപ്പം മുതൽ പണ്ഡിതനായ പ്രിയ പിതാവിന്റെ പാതയിലൂടെ, ആത്മീയ ചിന്തകളിൽ മുഴുകിയുള്ള ജീവിതം നയിച്ച് മതഗ്രന്ഥങ്ങളുടെ ആഴപ്പരപ്പിലേക്ക് ഊളിയിട്ടിറങ്ങിയ മൊയ്തുണ്ണിയുടെ തൂലികയിൽ നിന്നും മലയാള ഭാഷാ തലങ്ങളുടെ സൗന്ദര്യം ആത്മീയ ചിന്തകളിൽ സമന്വയിപ്പിച്ച്, മഹാകാവ്യങ്ങൾക്കായി മഷിക്കൂട്ട് പകർന്നപ്പോൾ 1972 ൽ ആദ്യ കലാസൃഷ്ടിയുണ്ടായി.
എന്നാൽ അതൊന്നും പുറത്തിറക്കുവാൻ കഴിയാതെ എല്ലാം അദ്ദേഹത്തിന്റെ ഡയറിക്കുള്ളിൽ വീർപ്പടക്കി നിന്നു. പിന്നീട് അതിജീവനത്തിന്റെ ഭാഗമായി 1974 മുതൽ ഖത്തറിൽ സഹോദരങ്ങൾക്കൊപ്പം പതിനേഴു വർഷത്തെ പ്രവാസ ജീവിതം നയിച്ചു. പ്രവാസ ലോകത്തെ വിശ്രമ വേളകളിലും ഭക്ഷണമുണ്ടാക്കുന്ന നേരങ്ങളിലും മൊയ്തുണ്ണിയുടെ കാവ്യ ഹൃദയം അനുഭൂതിയും ആത്മനിർവൃതിയുമുള്ള, ഭക്തിസാന്ദ്രമായ വരികൾക്കായി തുടിക്കുകയും പുറത്തേക്ക് നിർഗളിക്കുന്ന മഹാകാവ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ഡയറിക്കുള്ളിൽ ഭദ്രമാവുകയും ചെയ്തു.

പ്രവാസത്തിന്റെ ഇടവേളകളിലൊന്നിൽ നാട്ടിലെത്തിയപ്പോഴാണ്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ റഹ്മാൻ ചാവക്കാടിന്റെ സംഗീതത്തിൽ അദ്ദേഹവും പത്‌നി ആബിദ റഹ്മാനും കൊച്ചിൻ ബഷീർക്കയും ചേർന്ന് മാറിമാറി ആലപിച്ച, ആത്മാർപ്പണം എന്ന കാസറ്റ് ആൽബം 1983 ൽ പുറത്തിറക്കുന്നത്. ആത്മാർപ്പണം എന്ന ആൽബത്തിനു ശേഷം നിർഭാഗ്യകരം എന്നു പറയട്ടെ, അദ്ദേഹത്തിന്റെ മരണം വരെ ഒറ്റ രചനകളും പിന്നീട് വെളിച്ചം കണ്ടില്ല. 2006 മുതൽ ഖത്തറിലുള്ള കെ.സി. ആരിഫ് നല്ല ഒരു ഗായകനും സംഗീതാസ്വാദകനുമാണ്. ഖത്തറിലെ ചെറിയ കൂട്ടായ്മകളുടെ വിവിധ ആഘോഷ പരിപാടികളിലൊക്കെ പാടാറുള്ള ആരിഫ് എന്റെ നാട്ടിലുണ്ടൊരു പാലം, കാത്തിരിപ്പിന്റെ ഈണം എന്നീ ആൽബങ്ങളിൽ പാടിയിട്ടുണ്ട്.


ശംസീർ പുന്ന രചിച്ച ഖൽബിൽ ഞാൻ ആശിച്ച എന്ന ഗാനം സിറാജുദ്ദീൻ ഒരുമനയൂരിന്റെ സംഗീതത്തിലാണ് ആരിഫ് ആദ്യമായി ആൽബത്തിൽ പാടിയത്. രണ്ടാമത്തെ ആൽബത്തിലെ പാട്ടിന്റെ വരികൾ മുജീബ് റഹ്മാന്റേതായിരുന്നു. ഖത്തറിലെ സംഗീത സംവിധായകനായ കോളിൻസ് തോമസിന്റെ സംഗീത സംവിധാനത്തിലാണ് ആൽബം പുറത്തിറങ്ങിയത്.
ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ആരിഫ് ഇപ്പോൾ കൂടുതലായും ശ്രദ്ധിക്കുന്നത്. സംഗീതത്തിന്റെ മഹത്തായ പാരമ്പര്യം അവശേഷിപ്പിച്ച് ഈ ലോകത്തോട് വിട പറഞ്ഞ പിതാവിനുള്ള സമർപ്പണമായി അദ്ദേഹത്തിന്റെ വരികളെ പുനർജീവിപ്പിക്കുക എന്ന മഹത്തായ ദൗത്യമാണ് ആരിഫും സഹോദരൻ കരീമും ഏറ്റെടുത്തിരിക്കുന്നത്.
പിതാവിന്റെ ഇതുവരെ പുറത്തിറങ്ങാത്ത നൂറിലധികം രചനകൾ കണ്ടെടുത്തു കഴിഞ്ഞു. ഷാഫി ഇബ്രാഹീമിന്റെ സംഗീതത്തിൽ അഭിജിത് കൊല്ലം ആലപിക്കുന്ന ആത്മാർപ്പണം രണ്ട് താമസിയാതെ സഹൃദയരിലെത്തുമെന്ന് ആരിഫ് പറഞ്ഞു. ചാവക്കാട് സിംഗേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കെ.സി. മൊയ്തുണ്ണിയുടെ രചനകളെ ജനകീയമാക്കാനുള്ള പരിപാടികൾക്ക് കരുത്ത് പകരുന്നതെന്ന് ആരിഫ് നന്ദിയോടെ ഓർക്കുന്നു. ഉപ്പയുടെ പാട്ടുകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനുളള എല്ലാ സഹായങ്ങളും നൽകുന്ന യൂസഫ് യാഹു എടക്കഴിയൂരിനെയും വിസ്മരിക്കാനാവില്ല.

 

 

Latest News