ന്യൂദല്‍ഹി- ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിടുന്നു. വെള്ളിയാഴ്ച നടക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മില്‍ കരാര്‍ ഒപ്പിടും. ഈ കരാര്‍ സംബന്ധിച്ച് 2021 സെപ്തംബറില്‍ ആരംഭിച്ച ചര്‍ച്ചകളെല്ലാം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും യുഎഇ 50ാം സ്ഥാപക വര്‍ഷവും ആചരിക്കുന്ന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതിനാണ് ഈ ഉച്ചകോടി. ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചയും നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാരി പങ്കാളിയാണ് യുഎഇ. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും കാര്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.






