Sorry, you need to enable JavaScript to visit this website.

കേരളമെന്ന് കേട്ടാൽ  തിളക്കണം ചോര സിരകളിൽ

ജനം വോട്ട് രേഖപ്പെടുത്താൻ പുറപ്പെടാൻ നേരം യു.പി മുഖ്യമന്ത്രി യോഗിജിയ്ക്ക് ഒരു വെളിപാട്. ഉടൻ അദ്ദേഹം ട്വിറ്ററെടുത്ത് തട്ട് തട്ടി. യു.പി കേരളം പോലെ ആകാതിരിക്കാൻ വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് പെട്ടെന്ന് വിവാദമായി മാറി. കേരളത്തെ ആക്രമിക്കുന്നത് കണ്ടപ്പോൾ പാർട്ടി ഭേദമെന്യ എല്ലാവരും പ്രതികരിച്ചു. അമേരിക്കയും ദുബായിയും കറങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ആളുകൾ വോട്ട് ചെയ്യുമ്പോൾ ജാഗ്രത കാണിക്കുമെന്നാണ്. അതായത് കേരളം പോലെ ഉയർന്ന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും മറ്റും യു.പിയ്ക്ക് ലഭിക്കും. മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി തുടങ്ങിയവരെല്ലാം പ്രതികരണവുമായി രംഗത്തെത്തി. എല്ലാവരും യോഗിജിയ്‌ക്കെതിരെ ഒറ്റക്കെട്ട്. ഇവരല്ല അഭിപ്രായം പറയേണ്ടിയിരുന്നത്, പകരം ജീവിക്കാൻ കേരളത്തിലെത്തിയ യു.പിയിൽനിന്നുള്ള അതിഥി തൊഴിലാളികളാണ് ഇക്കാര്യത്തിൽ യോഗിയ്ക്ക് മറുപടി നൽകേണ്ടിയിരുന്നത്. യോഗിയുടെ കേരള-കശ്മീർ-ബംഗാൾ മോഡൽ ഭയപ്പെടുത്തുന്ന പ്രസ്താവന പുറത്തു വന്ന ദിവസം മാതൃഭൂമി ന്യൂസിൽ റിപ്പോർട്ടർ ആഗ്രയിൽ നിന്ന് ആളുകളുടെ പ്രതികരണം തേടിയത് ശ്രദ്ധേയമായി. വിശ്വ പ്രസിദ്ധമായ താജ് മഹലിൽ എത്തിച്ചേരാനുള്ള പാതയുടെ അവസ്ഥയും മാതൃഭൂമി ദൃശ്യത്തിലുൾപ്പെടുത്തിയിരുന്നു. ഈ കാണിച്ച റോഡിന്റെ രണ്ടോ മൂന്നിരട്ടി വീതി കാണും കേരളത്തിലെ ഏത് ഗ്രാമീണ പാതയ്ക്കും. ചോദിച്ചു വാങ്ങിയ യോഗിയ്ക്ക് വേണ്ടത് കിട്ടിയത് ദേശീയ മാധ്യമങ്ങളിൽ നിന്നാണ്. ഇന്ത്യാ ടുഡേ ടിവിയിൽ വിശദമായ താരതമ്യ കവറേജുണ്ടായിരുന്നു. മുമ്പ് ഡോ: കഫീൽ ഖാൻ കുഞ്ഞുങ്ങൾ യു.പിയിലെ ആശുപത്രിയിൽ ശ്വാസം മുട്ടി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഓക്‌സിജൻ സിലിണ്ടറെത്തിച്ച് പുലിവാൽ പിടിച്ചത്  പഴയ കഥ. അന്ന് ഇന്ത്യാ ടുഡേ കേരളത്തിലെ കണ്ണൂരിൽ ലേഖകനെ പറഞ്ഞയച്ച് തലശേരി ആശുപത്രിയിലെ ബെഡുകളിൽ സ്വസ്ഥമായി കിടക്കുന്ന കുഞ്ഞുങ്ങളേയും ഗോരഖ്പുർ ആശുപത്രിയിലെ കിടക്കയിൽ തിങ്ങി കഴിയുന്ന കുഞ്ഞുങ്ങളുടേയും സ്ഥിതിവിവര കണക്കുകൾ സഹിതമുള്ള പഴയ റിപ്പോർട്ട് സമൂഹ മാധ്യമങ്ങളിൽ പൊന്തി വന്നതാണ് യോഗിജിയ്ക്ക് ലഭിച്ച ബഹുമതി പത്രം.  

***  ***  ***

മലമ്പുഴയിൽ മലയിൽ കയറി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയത് നല്ല കാര്യം. ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട്. മിനി സ്‌ക്രീൻ പ്രേക്ഷകർക്കാണ് ശരിക്കും ആശ്വാസമായത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രംഗങ്ങളുടെ റിപ്പോർട്ടിംഗ് ശരിക്കും അരോചകമായിരുന്നു. 
ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയമാണ് വിവിധ ന്യൂസ് ചാനലുകൾ സംഭവ ദിവസം ചർച്ചയ്ക്ക് എടുത്തത്. ഇതിൽ 24 ന്യൂസ് ചാനലിലെ ചർച്ചയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹേമന്തും പങ്കെടുത്തിരുന്നു. രക്ഷാപ്രവർത്തനത്തിൽ സേനയെ അറിയിക്കുന്നത് അടക്കുള്ള കാര്യങ്ങളിൽ 'സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയോ' എന്ന തരത്തിലുള്ള ചോദ്യമായിരുന്നു 24 അവതാരകൻ ഗോപീകൃഷ്ണൻ ഹേമന്തിനോട് ചോദിച്ചത്. സൈനികൻ കൃത്യമായ ഉത്തരം നൽകിയെങ്കിലും പിന്നീട് സാമാനമായ ധ്വനിയുള്ള ചോദ്യമായിരുന്നു അവതാരകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ രീതിക്കെതിരെ നിശിതമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർന്നത്. 24 ലെ ഗോപീകൃഷ്ണന്റെ ചോദ്യങ്ങൾക്ക്  എത്ര ക്ലാസിക്കലായിട്ടാണ് കരസേനയ്ക്ക് വേണ്ടി ലെഫ്റ്റനന്റ് കേണൽ മറുപടി നൽകിയത്. പാലക്കാട്ടെ ആശുപത്രി പരിസരത്ത് നിൽക്കുകയായിരുന്ന ബാബുവിന്റെ ഉമ്മയോട് മകനെ എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നോ എന്നും ഒരു ചാനൽ കുഞ്ഞ് ചോദിക്കുന്നത് കേട്ടു. കേരളത്തിലെ മാധ്യമങ്ങൾക്കിത് എന്താ പറ്റിയത്. ഇറങ്ങുന്ന എല്ലാ സിനിമയിലേയും കോലും പിടിച്ച് അബദ്ധം പറഞ്ഞ് നിൽക്കുന്ന ഹാസ്യ കഥാപാത്രങ്ങളായി മാധ്യമ പ്രവർത്തകർ അധഃപതിക്കുകയാണെന്നും വിലയിരുത്തലുണ്ടായി. ഇങ്ങനെ പോകുകയാണെങ്കിൽ ഇത്തരം മാധ്യമ പ്രവർത്തകരെ പൊതുജനം വഴിയിൽ കൈകാര്യം ചെയ്യുന്ന കാലം അതി വിദൂരമല്ല. 

***  ***  ***

എട്ട് പതിറ്റാണ്ടോളം സ്വരമാധുര്യം കൊണ്ട്  ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ അന്തിമസംസ്‌കാരം  പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ്  മുംബൈയിൽ നടന്നത്. മതപരമായ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ, ശവസംസ്‌കാര ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും  വിവാദമായി. ബോളിവുഡ് സൂപ്പർസ്റ്റാർ  ഷാരൂഖ്  ഖാനുമായി ബന്ധപ്പെട്ടതായിരുന്നു അത.്.  അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ഷാരൂഖ് ദുആ  ചൊല്ലുമ്പോൾ ഒപ്പമെത്തിയ മാനേജർ പൂജ  ദദ്‌ലാനി കൈകൂപ്പി ഹൈന്ദവ പ്രാർഥന ചൊല്ലുന്നതുമായിരുന്നു  ചിത്രത്തിൽ. പൂജ എല്ലാവർക്കും സുപരിചിതയാണ്. ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ കേസ് സംബന്ധിച്ച് ഓടിനടക്കുന്ന  ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. ഷാരൂഖ് ഖാൻ ലത മങ്കേഷ്‌കറിന്റെ   ഭൗതിക ശരീരത്തിൽ 'തുപ്പി' എന്നായിരുന്നു സോഷ്യൽ  മീഡിയയിലെ പ്രചാരണം. മനുഷ്യർക്ക് ഇത്രയും അധമന്മാരാവാൻ കഴിയുമോ?  ഹരിയാനയിലെ സംഘി നേതാവാണ് തുടക്കം കുറിച്ചത്.  വിവാദങ്ങൾ ഒട്ടൊന്ന് ശമിച്ചപ്പോൾ കിംഗ് ഖാന്റെ ഒരു പഴയ വീഡിയോ പുറത്തുവന്നിരുന്നു. 
 1997 ലെ വീഡിയോ പെട്ടെന്ന് വൈറലായി. രാഘവ് ജുയാൽ പങ്കുവച്ച ഈ വീഡിയോ മണിക്കൂറുകൾക്കകം രണ്ടര ലക്ഷത്തോളം ആളുകളാണ് കണ്ടത്.  സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും ശ്രദ്ധേയമായി. തന്റെ സങ്കൽപത്തിലെ ഇന്ത്യയെക്കുറിച്ച് ഷാരൂഖ് ഖാൻ പറയുന്നുണ്ട്.  'ഞാൻ എങ്ങനെയാണോ ഈ രാജ്യത്തെ നിനക്ക് കൈമാറിയത് അതുപോലെ ഈ രാജ്യത്തെ സ്വതന്ത്രമായി കാത്തുസൂക്ഷിക്കുക' എന്ന് എന്റെ  പിതാവ് എന്നോട് പറഞ്ഞ വാക്കുകളിൽ നിന്നുള്ള വ്യതിചലനമാണിത്,' ഷാരൂഖ് വീഡിയോയിൽ പറയുന്നു.ഷാരൂഖ് ഖാന്റെ  പിതാവ് മീർ താജ് മുഹമ്മദ് ഖാൻ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. 
ആൻറി നാഷണലിസ്റ്റ്, ആൻറിസോഷ്യലിസ്റ്റ് എന്നൊക്കെ വലിയ വലിയ പേരുകളിട്ട് നമ്മൾ വിളിക്കുന്ന ആളുകളുണ്ടല്ലോ, തങ്ങൾ ഇന്ത്യയുടെ ഒരു ഭാഗമാണ് എന്ന് ചിന്തിക്കാത്തവരാണ് ഇവർ. ഇത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.  എന്റെ കുടുംബവും ഈ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുള്ളതാണ്. അപ്പോൾ ഇത്തരത്തിലുള്ള ആളുകൾ ഈ രാജ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നുണ്ട്- അദ്ദേഹം പറഞ്ഞു.  

***  ***  ***

ദിലീപ് കേസ് തൽക്കാലം അവസാനിച്ചതും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ആശ്വാസമായി. ദിലീപിന്റെ വീടും ബന്ധു വീടുകളും ഇതാ ക്രൈംബ്രാഞ്ച് വളഞ്ഞു എന്നൊക്കെ പറഞ്ഞ് എന്തൊരു ബഹളമായിരുന്നു.  നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്ര കുമാറാണ്. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം ആദ്യം വാർത്ത നൽകിയത്. തുടർച്ചയായി വിഷയം ചാനലിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിവരങ്ങൾ പരസ്യമായി ചർച്ച ചെയ്തുവെന്ന് കാണിച്ച് പോലീസ് നികേഷ് കുമാറിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്തത്.
നടി ആക്രമിക്കപ്പെട്ട വീഡിയോ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് ചോർന്നു എന്നും വാർത്ത വന്നിരുന്നു. . അനുമതിയില്ലാതെ ചിലർ കണ്ടു എന്നായിരുന്നു  വിവരം. തൊട്ടുപിന്നാലെയാണ് ആക്രമണത്തിന് ഇരയായ നടി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവർക്ക് പരാതിയായി കത്തയച്ചത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങി രാജ്യത്തെ പ്രധാന വ്യക്തികൾക്ക് നടി ഇക്കാര്യത്തിൽ പരാതിയായി കത്തയക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിച്ചു.  നടി നൽകിയെന്ന് പറയുന്ന പരാതി ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്താണെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടർ ടിവി എം.ഡി നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്ത വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമപ്രവർത്തകരാണ് എന്ന് കരുതി കേസെടുക്കാതിരിക്കാനാകില്ല. ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

***  ***  ***

കേന്ദ്ര സർക്കാരിന്റെ പുതിയ പ്രസ്സ് അക്രഡിറ്റേഷൻ നയം  വ്യാപക പ്രതിഷേധത്തിനിടയാക്കി. മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ നിർദേശങ്ങളെന്നാണ് ആക്ഷേപം.രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായോ രാജ്യ സുരക്ഷയ്ക്ക് എതിരായോ പ്രവർത്തിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കുമെന്നു മാർഗരേഖയിൽ പറയുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനു തടസ്സമാകുന്ന പ്രവർത്തനങ്ങൾ, പൊതു സമാധാനത്തിനു തടസ്സമാകുന്ന ഇടപെടലുകൾ, മാന്യതയും സദാചാരവും ലംഘിക്കുന്ന പ്രവർത്തനങ്ങൾ, കോടതിയലക്ഷ്യം, മാനനഷ്ടക്കേസുകൾ എന്നിവയെല്ലാം അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള കാരണമായി ഉൾപ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരാണെന്ന വിവരം സോഷ്യൽമീഡിയയിലോ വിസിറ്റിങ് കാർഡിലോ ലെറ്റർഹെഡുകളിലോ വെളിപ്പെടുത്തുന്നതിനും വിലക്കുണ്ട്. 2013 ൽ ഇറക്കിയ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയവ ഇറക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരോടോ മാധ്യമ കൂട്ടായ്മകളോടോ കൂടിയാലോചിക്കാതെയാണു പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്നാണ് വിമർശനം. 

***  ***  ***

കർണാടകയിലെ മാണ്ഡ്യ കേരളത്തിൽ നിന്ന് വളരെയൊന്നും ദൂരെയല്ല. രണ്ടോ മൂന്നോ മണിക്കൂറെടുത്താൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെത്താം. അവിടത്തെ കോളജ് വിദ്യാർഥിനി മസ്‌കാൻ ഖാനാണ് സമൂഹ മാധ്യമങ്ങളിലെ താരം. കർണാടകയിലെ ഹിജാബ് വിഷയം സുപ്രീം കോടതി നിരീക്ഷിച്ചു വരികയാണ്. ഈ വിദ്യാർഥിനി ബുർഖയും ഹിജാബുമണിഞ്ഞ് കാമ്പസിലെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടത്തെയാണ് നേരിട്ടത്. ജയ്ശ്രീരാം വിളിച്ച് സംഘർഷമുണ്ടാക്കാനെത്തിയവർ. ബികോമിന് പഠിക്കുന്ന മസ്‌കാന്റെ ധീരതയ്ക്ക് ഇന്നലെയും സമ്മാനം ലഭിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര എം.എൽ.എ സീഷാൻ സിദ്ദീഖ് ഐ ഫോണാണ് സമ്മാനമായി നൽകിയത്. മസ്‌കാൻ വിഷയം ഇന്ത്യയിലെ വിവിധ ഭാഷാ ചാനലുകളിലുണ്ടായിരുന്നു. അൽ ജസീറയും ബി.ബി.സിയും വരെ കൈകാര്യം ചെയ്തു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ദേയമായത് എൻഡിടിവിയിൽ വിഷ്ണു സോം നടത്തിയ പക്വമായ അഭിമുഖമാണ്. മലയാളത്തിലെ ടിവി അഭിമുഖക്കാർ ഇതൊന്ന് കണ്ടിരിക്കുന്നത് അവർക്ക് ഗുണം ചെയ്യാതിരിക്കില്ല.  


 

Latest News