Sorry, you need to enable JavaScript to visit this website.

പെൺകരുത്തിന്റെ ഗാഥകൾ

ചരിത്രനിർമ്മിതികൾക്ക് ചുക്കാൻ പിടിക്കുകയോ മാറ്റി മറിക്കുകയോ ചെയ്തിട്ടുള്ളവയ്‌ക്കൊക്കെ കാലം എന്നും  ഭ്രാന്തിന്റെ കൂടി  വിശേഷണങ്ങൾ  അടിച്ചേൽപ്പിക്കുകയോ ഒട്ടിച്ചു ചേർക്കുകയോ ചെയ്തതായാണ് ചരിത്രം. അത്തരം ചില ഭ്രാന്തുകൾ ചില നേരത്ത്  മനുഷ്യന്റെ  ചിന്താപരമായ പരിമിതിയുടെ നിലവാരത്തെ മറികടക്കാറുണ്ട്.
അത്തരത്തിലുള്ള ബൗദ്ധിക ഭ്രാന്തുകളുടെ ഒടുവിലത്തെ ഉൽപ്പന്നമായ തുരുമ്പെടുത്ത ശീലങ്ങളും താവഴിയായി പരിപാലിച്ചു/ വിശ്വസിച്ചു പോന്നിരുന്ന നടപ്പു മാതൃകകളുടെ തുടലുകളും പൊട്ടിച്ചെറിഞ്ഞ് കുതറിയോടുന്നവരുടെ (പെൺ) മനസ്സ് തുറക്കുകയാണ്
വി.എച്ച് നിഷാദ് തന്റെ പുതിയ കഥാ സമാഹാരത്തിലെ മലാല ടാക്കീസ് എന്ന കഥയിലൂടെ. ഒരർത്ഥത്തിൽ  നിശ്ശബ്ദരാക്കപ്പെടുകയോ തുടലിൽ തളയ്ക്കപ്പെടുകയോ  ചെയ്യപ്പെടുന്ന പെൺ ശബ്ദങ്ങൾക്ക് മീതെ വരിഞ്ഞു ചുറ്റിയ അടിമച്ചങ്ങലകളുടെ  ചരിത്രങ്ങൾക്ക് മേലുള്ള ഒരു പൊളിച്ചെഴുത്ത് സമരത്തിന്റെ ധർമ്മമാണ് ഈ കഥ നിർവഹിച്ചിട്ടുള്ളത്. അസ്വതന്ത്രരും വിലക്കപ്പെട്ടവരുമായ സ്ത്രീ ലോകത്തിന്റെ  നവാഗത ശബ്ദങ്ങൾ (ഒച്ചകൾ) - പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ - ബന്ധനസ്ഥരാക്കപ്പെട്ട തങ്ങളുടെ കൈവിലങ്ങുകൾ തകർക്കുകയും മറ്റൊരു ലോകത്തിന്റെ സ്വപ്നക്കാഴ്ചകളിലേക്ക് പടർന്നു കയറുകയും ചെയ്തു കൊണ്ടിരിക്കുന്ന വർത്തമാന സാമൂഹിക പശ്ചാത്തലത്തിൽ  മലാല ടാക്കീസ് എന്ന കഥ  സ്ത്രീ സ്വത്വം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ പൊതു സമൂഹത്തിൽ ഒരു തുറന്ന ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നു. അടുക്കളപ്പുറങ്ങളിലോ  പത്തായപ്പുരകൾക്കുള്ളിലോ മാത്രം അതിരുകളുടെ മുള്ളിവേലികളാൽ തറക്കപ്പെട്ട (മുസ്‌ലിം) പെൺശബ്ദങ്ങൾക്ക് ഭ്രാന്തിന്റെയോ ജൽപ്പനങ്ങളുടെയോ  രശീത് മുറിച്ചു നൽകുന്ന ഉടയോൻമാരുടെ കോലായക്കസേരകൾ തകർത്തെറിഞ്ഞ് പാടവരമ്പത്തേക്ക് ഇറങ്ങി വരുന്ന പെൺകരുത്തിന്റെ ഒച്ച തറവാടുകളുടെ മേൽക്കൂരയ്ക്ക് മേൽ പതിക്കുന്നു.
'സ്വപ്‌നങ്ങളുടെ ശിഖരങ്ങളും വാക്കുകളുടെ തോട്ടിയുമാണ്' പതിനെട്ടിലെ യൗവന യുക്തയായ പെൺകുട്ടിയെ ജാജ്ജ്വലമായി നിലനിർത്തുന്നതെന്ന് മനസിലാക്കാൻ കഥയിലെ ഹസൻ എളേപ്പയെപ്പോലെ ഭ്രാന്തനെന്ന വിശേഷണമുളള ഒരാൾ വേണ്ടിവരുന്നത് 'എലിപ്പത്തായങ്ങളിലെ  ഇരുട്ടുകളിലും, അസ്വാതന്ത്ര്യങ്ങളുടെ മച്ചിൻ  പുറത്തും കരിപിടിച്ചുണങ്ങിപ്പോയ യാഥാസ്ഥിതിക സമൂഹത്തിലെ സ്ത്രീകളെ മറ്റാരും കാണാതെ പോകുന്നത് കൊണ്ടാണ്. മലാല ടാക്കീസ് എന്ന കഥയിലൂടെ, നവോത്ഥാനമെന്നത് വികലമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും യാഥാസ്ഥികത്വങ്ങളും മാത്രം പൊളിച്ചെഴുതുക എന്നതിനപ്പുറം, മുഖാവരണങ്ങൾക്കുള്ളിൽ വീർപ്പ് മുട്ടിക്കഴിയുന്ന മലാല യൂസുഫ് മാരുമുണ്ടെന്ന  തിരിച്ചറിവുകൂടി  ഉണ്ടായിരിക്കണമെന്നതാണെന്ന് വി.എച്ച്.നിഷാദ് ഓർമ്മിപ്പിക്കുന്നു.
മതസ്ഥാപനങ്ങളും പാരമ്പര്യവാദികളും എന്നും എവിടെയും ഇങ്ങനെ ഭ്രാന്ത് പറയുന്ന ഹസനെളേപ്പമാരെ ചങ്ങലയിൽ തളച്ചിട്ട ചരിത്രമേ ഉള്ളൂ. എന്നാൽ കഥയിലെ എളേമ്മമാർ 'ഇനിയും ഹസനെളേപ്പക്ക് ഭ്രാന്ത് പിടിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഇത്രയും കാലം ആരും കേൾക്കാതെ പോയ, അറിയാൻ കാത് കൊടുക്കാതെ പോയ വലിയ ഒരു  അനാസ്ഥയുടെ ഭൂതത്തെയാണ് അത് കതക് തുറന്ന് വിടുന്നത്. ഉള്ളിൽ അമർന്നു പോയിരുന്ന ഒച്ചകൾ കേൾക്കാതെ തളച്ചിടപ്പെട്ട മലാലമാരുടെ ഒരു അഗ്‌നിപർവ്വതം പിന്നാലെ പുകയുന്നുണ്ടെന്ന  പ്രത്യാശകരമായ ഓർമ്മപ്പെടുത്തലുകളുടെ ഒരു 'ഭീഷണി' ലളിതവും എന്നാൽ മാരകവുമായ ഒരു ഭാഷയിൽ ഈ കഥയിൽ  പൊതു സമൂഹത്തിനുള്ള താക്കീതായുണ്ട്.
മലയാള ചെറുകഥയുടെ പരിണാമ ദശകളിൽ മൂന്ന്മാസം ഭ്രാന്തിലും ഒമ്പത് മാസം സമനിലയിലും ജീവിച്ച, ഡിസംബർമാസ മഞ്ഞ് പുലർച്ചകളിൽ  ഊന്നുവടിയുമായി വരുന്ന അസെനാർക്കയെന്ന 'ഭ്രാന്തനെ' അവതരിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ 'മഞ്ഞുകാല'മെന്ന കഥ മുന്നിൽ വന്നുനിൽക്കുന്നു, മലാലടാക്കീസിലെ ഹസനെളേപ്പയുടെത് പോലെ അസൈനാർക്കയുടെ ഭ്രാന്തും പൊതുധാരണക്ക് സമനില തെറ്റിയ വെറും ഭ്രാന്ത് മാത്രമായിരുന്നു. ഹസ്സനെളാപ്പയും അസൈനാർക്കയുമൊക്കെ പൊതു ഇടങ്ങളിൽ 'പറയുന്ന' ഭ്രാന്തുകൾക്ക് ദാർശനികമാനമുണ്ട്.
തട്ടുമ്പുറത്തെ ഗ്രന്ഥാലയത്തിന് കമല സുരയ്യ ഗ്രന്ഥാലയമെന്ന പേര് വന്നതും മലാല ടാക്കീസ് എന്ന ബോർഡും യാദൃച്ഛികമായുണ്ടായതൊന്നുമല്ല. നടന്നു വന്ന വരമ്പുകളിൽ നിന്ന് തെന്നിമാറി കൺമുന്നിലെ വിശാലമായ സ്വാതന്ത്ര്യത്തിന്റെ പാടത്തേക്ക് പറക്കാനും,  അസ്വസ്ഥരും അസ്വാതന്ത്രരുമായ കഥാപാത്രങ്ങളെ തേടിയലയാനും അവരുടെ സ്വതന്ത്ര്യ ചിന്തകൾക്ക് പിറകെയുള്ള സഞ്ചാരത്തിനായി മുകുന്ദനെയും കാക്കനാടനെയും വായിക്കാൻ വേണ്ട പ്ലാറ്റ്‌ഫോം തയാറാക്കാനുമായിരുന്നു അതും. മലാലയും കമലാ സുരയ്യയും കാട്ടിയ ആർജ്ജവവും മുകുന്ദനും കാക്കനാടനും ഉയർത്തിപ്പിടിച്ച അസ്തിത്വവാദവും, ശരി ശരികേടുകളുടെ യാഥാർത്ഥ്യങ്ങൾക്കുപരി അത് സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾക്കുള്ള ഒരു അടിത്തറയാണെന്ന ബോധ്യത്തെ ഊട്ടിയുറപ്പിക്കുകയാണെന്ന പെൺ ബോധത്തെ മലാല ടാക്കീസ് എന്ന കഥ  ശരിവെക്കുന്നു.

മലാല ടാക്കീസ്
വി.എച്ച്. നിഷാദ്

Latest News