Sorry, you need to enable JavaScript to visit this website.

പ്രണയോന്മാദങ്ങളുടെ കാവ്യപഥം

മനുഷ്യ ജീവിതത്തെ വലയം ചെയ്തിരിക്കുന്ന തീക്ഷ്ണമായ വേദനകളും ക്രൂരതയും ആസക്തവും ആകുലവുമായ പ്രണയോൻമാദങ്ങളും ആവിഷ്‌കരിക്കുന്ന നാൽപ്പത്തിയാറ്  കവിതകളുടെ സമാഹാരമാണ് എം. ബഷീറിന്റെ 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ'. പറയുന്നതിലധികം കാര്യങ്ങൾ മനസ്സിന്റെ അഗാധതയിൽ സന്നിവേശം ചെയ്യുന്ന രചനാദാർഢ്യം ബഷീറിന്റെ കവിതകളിലെ സവിശേഷതയാണെന്ന് കാണാൻ കഴിയും. ഈ കവിതകളിൽ ജീവിതം തന്നെ കല എന്നെ പറയാൻ കഴിയൂ അതല്ലാതെ കല ജീവിതം തന്നെ എന്നല്ല. വെയിലും മഴയും ആകാശവും കടലും കാടും മഴയും നിദ്രയും ഓർമ്മയും മറവിയും എല്ലാം വിഷയമാക്കി പ്രണയിക്കാതവരെ തിരിച്ചറിയുവാനുള്ള മാർഗമായി കവി സ്പർശിക്കുന്നു. ഇത്തരം സന്ദർഭങ്ങളെയെല്ലാം ആനുകാലിക സംഭവങ്ങളുമായി ഇഴ ചേർത്ത് ക്രൂരവും നിന്ദ്യവുമായ സാഹചര്യവുമായി കലഹിക്കുന്നത് വരികൾക്കിടയിലൂടെ കാണാനാവും. പ്രണയിക്കാത്തവർ നടക്കുമ്പോൾ അവരുടെ കാലടികൾ മണ്ണിൽ ആഴത്തിൽ പതിക്കെല്ലെന്നാണ് പരിഹാസത്തോടെ പറഞ്ഞു വെക്കുന്നത്. പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും പച്ചപ്പ് ഒട്ടും ബാക്കിവെക്കാതെ ജീവിതം നിശ്ചലമായാലും ഒരു കുളിർ മഴയിലെന്ന പോലെ നഷ്ട വസന്തങ്ങൾ തിരിച്ചു പിടിക്കാനുള്ള കഴിവ് പ്രണയത്തിനുണ്ട്. ജീവിതത്തിലെ അത്തരം ഒരു തിരിച്ചു വരവ് ഈ കവിതയിൽ ദർശിക്കാനാവും.

ജാലക വെളിച്ചത്തിൽ 
തനിയെ ഉറങ്ങാൻ കിടക്കുമ്പോൾ 
ആരോ ഉമ്മ കൊണ്ട് 
നമ്മെ പുതപ്പിക്കും പോലെ തോന്നാറില്ലേ...
പെട്ടെന്ന് കാട്ടുമുല്ല വള്ളികൾ 
ക്രൂര സൗരഭ്യത്താൽ നമ്മുടെ ഉടലിലേക്ക് 
പടർന്നു കയറും പോലെ 
നാം വീർപ്പു മുട്ടിപ്പിടയാറില്ലേ....

കവിതയുടെ തീക്ഷ്ണത വരുന്നത് ഭാഷയുടെ ബഹളം കൊണ്ടല്ല. ഇതിന്റെ ശക്തി സ്രോതസ്സായി നിൽക്കുന്നത് അനുഭവത്തിന്റെ സൂക്ഷ്മതയും സാന്ദ്രതയുമാണ്. ഭാവന അഴക് കൊരുക്കുന്ന ബഷീറിന്റെ കവിതകളിലില്ലെന്നു പറയുന്നില്ല.... എങ്കിലും അതിനിടയിലും ജീവിതത്തിന്റെ അനിവാര്യ ശോകഭാവം നിഴലിട്ടു കനക്കുന്നതു കാണാനാവും. ഒരു തരം ശൂന്യതയിൽ ചെന്നവസാനിക്കുന്ന ശകുനം എന്ന കവിതയിലെ ഒടുക്കം അന്ധവിശ്വാസത്തിനു വഴിമാറുന്നു. പ്രണയത്തിനു മുൻപുള്ള ജീവിതത്തിന്റെ കയ്പ്പും പ്രണയ നാളുകളിലെ ആനന്ദവും ഒരു തുള്ളി ഹൃദയം എന്ന കവിതകളിലൂടെ വരച്ചു കാട്ടുന്നുണ്ട്.

നെഞ്ചിലെ ചില്ലയിൽനിന്ന്
നീയടർത്തിയ ചുവന്ന പൂവിന്റെ
ഒരിതൾ മാത്രം ഞാൻ എടുക്കുന്നു 
ആ ഇതളിലാണ് 
ഞരമ്പ് പൊട്ടിയ നമ്മുടെ ഹൃദയങ്ങൾ 
ചോരയിറ്റിച്ചെഴുതിയ വാക്കുകളുള്ളത് 

പ്രണയത്തിന്റെ കാൽപ്പനികതകളിലൊന്നായ ജീവിത യാഥാർഥ്യങ്ങളിൽ ഒന്നിച്ചു പോകാൻ കഴിയാത്ത രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞു ഒന്നിച്ചു ചവിട്ടിക്കെരിയ പ്രണയത്തിൻെറ പടികൾ ഒന്നിച്ചു തന്നെ തിരിച്ചിറങ്ങി രണ്ടു വഴിക്ക് തിരിഞ്ഞു നടക്കാൻ ധൈര്യം കാണിക്കുന്ന പ്രണയിതാക്കളെ ചുണ്ടുകളിൽ കൂട് വെച്ച ശലഭങ്ങൾ എന്ന കവിതയിൽ കാണാം.

നടന്നു പോകുമ്പോൾ കടലാണെന്ന് കരുതി 
വിരഹത്തിന്റെ ചാര നിറമുള്ള പക്ഷികൾ 
നമ്മുടെ തലയ്ക്കു മുകളിൽ 
വട്ടമിട്ടു പറക്കുന്നു........
ഒറ്റ വേരുള്ള മരത്തിൽ 
ഒറ്റയിതളുള്ള പൂവായ് 
ആരുമറിയാതെ നാം പിന്നെയും 
പൂത്തു കൊഴിയുന്നു......

വർത്തമാനത്തിന്റെ പടവുകളിലൂടെ തനിച്ചിറങ്ങി നടക്കാൻ മാത്രം സ്വതന്ത്രമാണ് ബഷീറിന്റെ കവിതയിൽ പ്രണയം. പ്രണയത്തിന്റെ കാമ്പ് തിരഞ്ഞുള്ള യാത്രയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കകൾ കവി പങ്കു വെക്കുന്നുണ്ട്. 
കത്തുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് സ്വന്തം കാലത്തോടും മനുഷ്യരോടും ചരിത്രത്തോടും സംസാരിക്കുന്ന കവിതകളുടെ പരമ്പരയിൽ സ്ഥാനമുറപ്പിക്കുന്ന എം. ബഷീറിന്റെ അഞ്ഞൂറിൽ പരം കവിതകളിൽ ചിലത് മാത്രമാണ് വെളിച്ചം കണ്ടത്. കോഴിക്കോട് കൊടുവള്ളിയിൽ ജനിച്ചു ഇപ്പോൾ പരപ്പനങ്ങാടിയിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ ഇദ്ദേഹം ഇരുപത്തഞ്ചു കൊല്ലത്തെ പ്രവാസ ജീവിതാനുഭവങ്ങളിലൂടെ തുഴഞ്ഞാണ് കേരളക്കരയിൽ എത്തിയത്. ദമാമിനടുത്തു ഖതീഫിൽ ഒരു സാധാരണ പെയിന്റിംഗ് ജോലിക്കിടയിൽ ദമാം നവോദയയുടെ സാംസ്‌കാരിക പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടിരുന്നു. നേരത്തെ കഥാ ലോകത്ത് നിന്നും കവിതയുടെ മഹാ വിഹായസ്സിലേക്ക് നീങ്ങുകയും കലയും സംസ്‌കാരവും പ്രണയവും, വിപ്ലവചിന്തയുമായി തന്റെ സർഗാത്മകമായ ഇടപെടൽ പ്രവാസ ലോകത്തെ പ്രയാസങ്ങൾ അറിഞ്ഞതേയില്ല.       
 

Latest News