നാളെ വാലന്റൈസ് ഡേ. ആശുപത്രിക്കിടക്കയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ പ്രിയകാമുകനു വേണ്ടി കണ്ണീരിന്റേയും പ്രാർഥനയുടേയുമിടയിൽ ഉരുകിത്തീർന്ന അരുണിമ. വിസ്മയം പോലെ റെമോ ബെഞ്ചമിൻ പീറ്റർ ജീവിതത്തിലേക്ക് തിരികെയെത്തി. പ്രിയകാമുകനെ ഊണും ഉറക്കവുമൊഴിച്ച്, പരിചരിച്ച പെൺകുട്ടിയ്ക്കിത് സാഫല്യത്തിന്റെ നിമിഷം. ഇരുവരും ഇന്നലെ ഒന്നായി. അതിജീവനത്തിന്റെ പ്രണയമന്ത്രങ്ങൾക്ക് സത്യസാക്ഷാൽക്കാരം.
നമ്മൾ സ്നേഹിക്കുമ്പോൾ, നമ്മൾ എപ്പോഴും നമ്മളേക്കാൾ മികച്ചവരാകാൻ ശ്രമിക്കുന്നു. നമ്മളേക്കാൾ മികച്ചവരാകാൻ ശ്രമിക്കുമ്പോൾ, നമുക്കു ചുറ്റുമുള്ളതെല്ലാം മികച്ചതായിത്തീരുന്നു... -പൗലോ കൊയ്ലോ
അവർ ഒന്നിച്ചു - റെമോയും അരുണിമയും. ഇന്നലെ മുതൽ അവർ ജീവിതം തുടങ്ങി. വാലന്റൈൻസ് ഡേയ്ക്ക് രണ്ടു ദിവസം മുമ്പ്. കൈക്കുമ്പിളിൽനിന്നും ഊർന്നുപോകുന്ന ജലകണങ്ങൾപോലെ പ്രാണൻ തന്നിൽനിന്നും അകന്നുപോവുകയാണെന്നു തോന്നിയ നാളുകളിൽ അവന് കരുത്തായി അവളുണ്ടായിരുന്നു. ആശുപത്രിക്കിടക്കയിൽ അബോധാവസ്ഥയിൽ കിടന്ന രണ്ടുമാസം. സ്നേഹത്തിന്റെ മൃദുമന്ത്രണങ്ങൾ അവന്റെ കാതിൽ അവൾ മൂളിക്കൊണ്ടിരുന്നു. അവളുടെ സ്പർശവും ശബ്ദവുമെല്ലാം മുറിഞ്ഞുപോയ ഓർമ്മകളെ വീണ്ടും വിളക്കിച്ചേർത്തു. പ്രണയം സത്യമാണെന്നു തോന്നിയ ആ നാളുകളിലേയ്ക്ക് റെമോ പതിയെ നടന്നുചെന്നു.
സത്യത്തിൽ ഇതെന്റെ പുനർജന്മമാണ്. വൈദ്യശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയെങ്കിലും ഞാൻ ജീവിതത്തിലേയ്ക്കു തിരിച്ചുവരികയായിരുന്നു. അതിന് കാരണമായത് അരുണിമയുടെ സ്നേഹവും സാന്ത്വനവുമായിരുന്നു - റെമോ പറഞ്ഞു തുടങ്ങുന്നു.

കോഴിക്കോട് അത്താണിക്കൽ സ്വദേശിയാണ് റെമോ ബെഞ്ചമിൻ പീറ്റർ. അരുണിമ, പേരാമ്പ്രക്കാരിയെങ്കിലും താമസം അമ്മയുടെ വീടായ പറയഞ്ചേരിയിലാണ്. ചാനൽ ജോലിക്കിടയിലാണ് അവർ അടുത്തത്. റെമോ കെ.സി.എൽ ചാനലിലെ ക്യാമറാമാനായിരുന്നു. അരുണിമ, എ.സി.വിയിൽ റിപ്പോർട്ടറും ന്യൂസ് റീഡറുമായി ജോലി നോക്കുന്നു. ജോലിക്കിടയിലുണ്ടായ അടുപ്പമാണ് പ്രണയത്തിലേയ്ക്കു വഴിമാറിയത്. ഒടുവിൽ ഒന്നാകാൻ തീരുമാനിച്ച നാളിൽ വിധി ഒരു അപകടത്തിന്റെ രൂപത്തിൽ റെമോയെ തേടിയെത്തുകയായിരുന്നു.
റെമോയുടെ വാക്കുകളിലേയ്ക്ക്....
കഴിഞ്ഞ വർഷം മാർച്ച് പതിനഞ്ചിനായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് പാത്രങ്ങൾ തിരിച്ചുനൽകാൻ ഒരു സൃഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് നഗരത്തിലേക്ക് വരികയായിരുന്നു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽവച്ചാണ് ഒരു ഓട്ടോറിക്ഷ ഞങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. വീണതാകട്ടെ ഡിവൈഡറിനു മുകളിലേയ്ക്കും. ഇടത്തെ തുടയെല്ല് പൊട്ടി. വലതുകാലിന്റെ മസിൽ ചതഞ്ഞരഞ്ഞു. തലയോട്ടിക്കും പൊട്ടലുണ്ടായി. നെഞ്ചിലെ പരിക്ക് ശ്വാസകോശത്തെയും തകരാറിലാക്കി. രക്തത്തിൽ കുളിച്ചുകിടന്ന ഞങ്ങളെ ആരൊക്കെയോ ചേർന്ന് മെഡിക്കൽ കോളേജിലെത്തിച്ചു. എന്നാൽ അടുത്ത ദിവസംതന്നെ അവിടെനിന്നും ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. പരിശോധനയ്ക്കിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരു റൂമിൽ തനിച്ചുകിടന്ന നാളുകൾ. അബോധാവസ്ഥയിൽ ആരും തുണയില്ലാതെ കഴിഞ്ഞ രാപ്പകലുകൾ...
സംഭവമറിഞ്ഞ് അരുണിമ ഓടിയെത്തിയത് മെഡിക്കൽ കോളേജിലേക്കായിരുന്നു. ചുറ്റും അഞ്ചാറുപേർ കൂടിനിൽക്കുന്നു. തൊട്ടടുത്ത് ഓക്സിജൻ സിലിണ്ടർ. അപ്പോഴാണ് അപകടത്തിന്റെ കാഠിന്യം അവൾക്ക് ബോധ്യപ്പെട്ടത്. സംഭവം കണ്ടപ്പോൾ ബോധം മറയുന്നതായി തോന്നിയെങ്കിലും ശക്തി സംഭരിച്ചുനിന്നു. റെമോയെ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരണമെന്ന പ്രാർഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. ഇവനില്ലെങ്കിൽ ഞാനില്ല എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

മെഡിക്കൽ റിപ്പോർട്ട് കണ്ടപ്പോഴാണ് സംഭവം പന്തിയല്ലെന്നു അരുണിമയ്ക്കു മനസ്സിലായത്. ആന്തരികാവയങ്ങളെല്ലാം താളംതെറ്റിയ നിലയിലായിരുന്നു. ശ്വാസകോശവും വൃക്കയും മസ്തിഷ്കവുമെല്ലാം തകരാറിലായിരുന്നു. ഇതിനിടയിൽ രക്തം കട്ടപിടിച്ചതിന്റെ അണുബാധ വേറെയും. ഡോക്ടർമാർ പോലും കൈയൊഴിഞ്ഞ നാളുകൾ. ഇത്രയും ദിവസം വെന്റിലേറ്ററിൽ കഴിയാൻ പാടില്ല എന്നൊക്കെ അവർ ഉപദേശിച്ചിരുന്നു. എന്നാൽ ഒരു വിസ്മയം പോലെ അവൻ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയപ്പോൾ ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയായിരുന്നു.
ആശുപത്രിയിൽ അവന്റെ അരികിൽ എപ്പോഴും അവളുണ്ടായിരുന്നു. അവന്റെ നെറ്റിയിൽ തലോടിയും അവന്റെ പേരു വിളിച്ചും അവളും അവനൊപ്പം കൂടി. ഇടയ്ക്ക് അവന്റെ അവസ്ഥ വീണ്ടും മോശമായപ്പോൾ ആശുപത്രി അധികൃതർ അവളോടു പറഞ്ഞു: ഇവിടെ ഇങ്ങനെ ഇരിക്കേണ്ട. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ അറിയിക്കാം. എങ്കിലും അവൻ ഉണർന്നാൽ തന്നെ അന്വേഷിക്കുമെന്നായിരുന്നു അരുണിമയുടെ മറുപടി. രണ്ടുമാസം കഴിഞ്ഞ് ഐ.സി.യുവിൽനിന്നും വാർഡിലേയ്ക്കു മാറ്റിയപ്പോഴും ബോധം തിരിച്ചുകിട്ടിയിരുന്നില്ല. എന്തെങ്കിലും ഉറക്കെ വിളിച്ചുചോദിച്ചാൽ അവൻ കണ്ണുതുറക്കും. ഒരു ദിവസം അമ്മ ഉച്ചത്തിൽ എന്റെ പേരു വിളിച്ചപ്പോൾ അവൻ പെട്ടെന്ന് കണ്ണുതുറന്ന് എന്നെ നോക്കി എന്തോ സംസാരിക്കാൻ ശ്രമിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എങ്കിലും ഉറക്കത്തിനിടയിൽ അവൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. രാത്രിയിൽ പേടിയാണെന്നും താൻ കൂട്ടിരിക്കണമെന്നും പറഞ്ഞപ്പോൾ അവളും ആശുപത്രിയിൽ തങ്ങി.
മൂന്നുമാസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലെത്തിയപ്പോഴും അരുണിമ തന്നെയായിരുന്നു അവന്റെ കാര്യങ്ങളെല്ലാം നിറവേറ്റിക്കൊടുത്തത്. കാരണം അവന്റെ അമ്മ കാൻസർ ബാധിച്ച് മരിച്ചുപോയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനുജത്തിയുമായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. അരുണിമ രാവിലെ അവിടെയെത്തും. ഭക്ഷണം തയ്യാറാക്കി അവന് നൽകും. അവനെ കുളിപ്പിച്ച് യൂറിൻ ബാഗ് വൃത്തിയാക്കിവയ്ക്കും. ഒരു കുഞ്ഞിനോടെന്നപോലെയായിരുന്നു അവൾ റെമോയെ പരിചരിച്ചത്. ആ പരിചരണം അവനെ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.

അരുണിമയുടെ മാതാപിതാക്കളും അവന് താങ്ങായി നിന്നു. എങ്കിലും അരുണിമയോട് മാറിച്ചിന്തിക്കാൻ പറഞ്ഞ പലരുമുണ്ട്. ചെറിയ പ്രായമാണ്. ഇവനിങ്ങനെ കിടന്നാൻ നിന്റെ ജീവിതമെന്താവും. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കണം. ഇതൊന്നും അവൾക്ക് സ്വീകാര്യമായിരുന്നില്ല. റെമോ തിരിച്ചുവരുമെന്നും എന്തു സംഭവിച്ചാലും ഞങ്ങൾ ഒന്നിച്ചുനിൽക്കുമെന്നും അരുണിമ അവർക്ക് മറുപടി നൽകി.
രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന തന്നെ ആശുപത്രിയിലെത്തിച്ചവരോടും സ്നേഹവും സാന്ത്വനവും പകർന്നുനൽകിയവരോടും തീരാത്ത കടപ്പാടുണ്ട്. അവരോടെല്ലാം എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഓർമ്മ നഷ്ടപ്പെട്ട സമയത്ത് തനിക്കുവേണ്ടി പ്രാർത്ഥിച്ചും സാമ്പത്തിക സഹായം നൽകിയും രക്ഷകരായി എത്തിയവരെ എങ്ങനെ മറക്കാനാവും? തനിക്കുവേണ്ടി രക്തംവേണമെന്ന് കെ.സി.എൽ ചാനലിൽ സ്ക്രോൾ ചെയ്തപ്പോൾ വലിയ ജനക്കൂട്ടമാണ് ആശുപത്രിയിലെത്തിയത്.
കോഴിക്കോട് പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകർ, ക്രിസ്ത്യൻ കോളേജിൽ ഒപ്പം പഠിച്ചവർ, അധ്യാപകർ... എല്ലാവരും സേവനസന്നദ്ധരായി എനിക്കു ചുറ്റും അണിനിരന്നു. സാമ്പത്തികാവസ്ഥ അറിഞ്ഞ് എന്തു ചികിത്സയും നടത്തി അവനെ രക്ഷിച്ചെടുക്കണമെന്നും പണം പ്രശ്നമാക്കരുതെന്നും ആശുപത്രി അധികൃതരോടു പറഞ്ഞ പ്രസ് ക്ലബ്ബ് ഭാരവാഹികളെ ഒരിക്കലും മറക്കാനാവില്ല. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മുപ്പത്തിയൊന്നു ലക്ഷം രൂപ ചെലവായ കാര്യം അറിഞ്ഞത്... നിറകണ്ണുകളോടെ റെമോ പറയുന്നു.

അപകടം കഴിഞ്ഞ് ഒരു വർഷം പിന്നിടുകയാണ്. ഏറെ നേരം നടക്കാനും ഇരിക്കാനും കഴിയില്ല എന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല. എങ്കിലും വെറുതെയിരിക്കാൻ ആ മനസ്സ് ഒരുക്കമല്ല. വിവാഹത്തിനുശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണം. അച്ഛനിൽനിന്നാണ് ഫോട്ടോഗ്രഫി പഠിച്ചത്. ആ രംഗത്തുതന്നെ മുന്നേറണം. സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങണം. പഠനകാലത്ത് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ട്. 'നമക് പാനി' എന്ന ഹ്രസ്വചിത്രം നിർമ്മിച്ചതിലൂടെ മികച്ച കാമ്പസ് ഫിലിമിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഫാഷൻ ഫോട്ടോഗ്രഫിയിലും താൽപര്യമുണ്ട്. റെമോയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തു പകരാൻ അരുണിമയുണ്ട്. മാധ്യമ പ്രവർത്തനംതന്നെയാണ് അരുണിമയ്ക്കിഷ്ടം. ഈ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കണമെന്നാണ് മോഹം.
മലബാർ ക്രിസ്ത്യൻ കോളേജിൽനിന്നും ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദം നേടിയ റെമോ ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ക്യാമറാ സിനിമാ ആന്റ് ടെലിവിഷനിൽ പി.ജിയെടുത്തു. തുടർന്ന് എ.സി.വിയിൽ ക്യാമറാമാനായി ജീവിതം തുടങ്ങി. പിന്നീട് മംഗളം ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി. തുടർന്നാണ് കെ.സി.എല്ലിലെത്തിയത്. കഴിഞ്ഞ നാലുവർഷമായി കെ.സി.എല്ലിൽ ക്യാമറാമാനാണ്. അരുണിമ പത്രപവർത്തനത്തിലാണ് ബിരുദം നേടിയത്. തുടർന്ന് എ.സി.വിയിൽ ചേരുകയായിരുന്നു.

റിപ്പോർട്ടറും ക്യാമറാമാനുമായി ഞങ്ങൾ ഒട്ടേറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഇനി ഭാര്യാ ഭർത്താക്കന്മാരായി യാത്ര തുടരണം. എല്ലാം റെമോ ഓകെയായിട്ടു മാത്രം. ഇതു പറയുമ്പോൾ അരുണിമയുടെ കണ്ണുകളിൽ തിളക്കമേറെ. ശാന്തിയുടെ ഇത്തിരി ശർക്കര നുണയുവാൻ ഏറെ കയ്പുനീർ കുടിച്ചുതീർത്ത ഈ പ്രണയിതാക്കൾ ജീവിതത്തിലും ഉയരങ്ങളിലെത്തട്ടെ എന്ന് ആശിക്കാം. ഈ വാലന്റൈൻസ് ഡേ ഇവർക്കുള്ളതാണ്.






