Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെലെ എന്ന പ്രതിഭാസം

ഫൈനൽ വിജയിച്ച ശേഷം കണ്ണീരോടെ പെലെ സഹതാരങ്ങൾക്കൊപ്പം 
ഗാരിഞ്ച
പെലെ 1958 ലെ ലോകകപ്പിൽ 

1958

8-29 ജൂൺ, സ്വീഡൻ

12 വേദികളിൽ മത്സരങ്ങൾ നടത്തി ലോക റെക്കോർഡ് സൃഷ്ടിച്ച സ്വീഡനിലെ ആ ലോകകപ്പിലാണ് പെലെ എന്ന ഇതിഹാസം ജനിച്ചത്. പലതവണ കിരീട സാധ്യത സൃഷ്ടിച്ച ശേഷം ബ്രസീൽ ആദ്യമായി ലോകകപ്പുയർത്തിയ വർഷമാണ് 1958. ഇതിഹാസ തുല്യനായ ലെവ് യാഷിൻ കാവൽ നിന്ന സോവിയറ്റ് യൂനിയനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർ രണ്ടു പുതുമുഖങ്ങളെ ഇറക്കി. മാന്വേൽ ഫ്രാൻസിസ്‌കൊ ഡോസ് സാന്റോസ് എന്ന വിംഗർ. ഗാരിഞ്ച എന്ന പേരിലാണ് ഈ ചട്ടുകാലനെ ലോകമറിഞ്ഞത്. പിന്നെ എഡ്‌സൻ അരാന്റസ് ഡൊ നാസിമെന്റൊ എന്നൊരു പതിനേഴുകാരൻ, ഫുട്‌ബോളിന്റെ രാജസിംഹാസനം കീഴടക്കിയ പെലെ. പെലെ ആദ്യ കളിയിൽ ഗോളടിച്ചില്ല. പക്ഷേ അസാമാന്യ ഡ്രിബ്‌ളിംഗ് മികവിലൂടെ ഗാരിഞ്ച വിജയത്തിന് കളമൊരുക്കി. ഉജ്വലമായി കളിച്ച വെയ്ൽസിനെതിരായ ക്വാർട്ടറിലെ 1-0 വിജയത്തിൽ പെലെ ആദ്യ ലോകകപ്പ് ഗോൾ കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗോളെന്ന് ഇതിനെ പെലെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഫ്രാൻസായിരുന്നു കാണികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു ടീം. ആറു കളിയിൽ 13 ഗോളടിച്ച് അവരുടെ ജസ്റ്റ് ഫൊണ്ടയ്ൻ ചരിത്രം സൃഷ്ടിച്ചു. റെനെ ബ്ലയാഡിന് പരിക്കേറ്റതുകൊണ്ടു മാത്രമായിരുന്നു ഫൊണ്ടയ്ൻ ടീമിലെത്തിയത്. യൂറോപ്യൻ ഫുട്‌ബോളർ റയ്മണ്ട് കോപയും ഫോമിലെത്തിയതോടെ ഫ്രാൻസ് 23 ഗോളടിച്ചു. റയ്മണ്ട് കോപസേവ്‌സ്‌കി എന്ന പോളണ്ടുകാരനായ ഫുട്‌ബോളറാണ് ഫ്രഞ്ച് ജഴ്‌സിയിൽ റയ്മണ്ട് കോപയായത്. ബ്രസിലിനേക്കാളും കൂടുതൽ. പക്ഷേ പെലെ ഹാട്രിക് നേടിയ സെമിയിൽ ഫ്രാൻസ് 5-2 ന് തകർന്നു. ടൂർണമെന്റിലെ മികച്ച മത്സരമായിരുന്നു അത്. 


നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജർമനിയെ അട്ടിമറിച്ചാണ് കാണികളുടെ പിന്തുണയോടെ സ്വീഡൻ ഫൈനലിലെത്തിയത്. എറിക് ജുസ്‌കോവിയാക് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുന്ന ആദ്യ ജർമൻ കളിക്കാരനായി. ഫൈനലിൽ നാലാം മിനിറ്റിൽ തന്നെ സ്വീഡൻ ഗോളടിച്ചെങ്കിലും ബ്രസീൽ മാസ്മരികമായി തിരിച്ചടിച്ചു. പെലെയും വാവയും ഇരട്ട ഗോളടിച്ചതോടെ  ബ്രസീൽ 5-2 ന് ജയിച്ചു. ഫൈനലിലെ ഏറ്റവും വലിയ വിജയ മാർജിൻ. പെലെ നേടിയ ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ അവിസ്മരണീയമായി. സ്വന്തം ടീം തോറ്റിട്ടും സ്വീഡിഷ് ജനത ആ മഹാപ്രതിഭക്കു മുന്നിൽ ശിരസ്സു നമിച്ചു. രോമാഞ്ചജനകമായ തന്റെ ഫുട്‌ബോൾ ചരിത്രത്തിന് സ്വീഡനിൽ പെലെ ആദ്യ അധ്യായമെഴുതി. സ്വീഡന്റെ പതാക പുതച്ച് ബ്രസീൽ വിജയനൃത്തം ചവിട്ടി. പെലെ ലോകകപ്പ് ഫൈനലിലെ പ്രായം കുറഞ്ഞ സ്‌കോററും സ്വീഡന്റെ നിൽസ് ലീഡ്‌ഹോം പ്രായമേറിയ സ്‌കോററുമായി. 


വിംഗുകളിലൂടെ ആക്രമിച്ചു കയറുന്ന പുതിയ 4-2-4 ശൈലിയാണ് ബ്രസീൽ സ്വീകരിച്ചത്. പെലെയും ഗാരിഞ്ചയും പ്രതിരോധം തുളച്ചുകയറി. മധ്യനിരയിൽ ദിദി അരങ്ങ് വാണു. കഴിഞ്ഞ വർഷം നിൽടൺ സാന്റോസും ദ്യാൽമ സാന്റോസുമായിരുന്നു ഹാഫ് ബാക്കുകൾ. കോച്ച് വിൻസന്റെ ഫിയോളയുടെ കീഴിൽ മൂന്നു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ് ബ്രസീൽ ലോകം കീഴടക്കാൻ വന്നത്. കമ്യൂണിസ്റ്റ് ഭരണം നിലനിന്ന കിഴക്കൻ യൂറോപ്പിലൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ടി.വിയിൽ വീക്ഷിക്കാനായ ആദ്യ ലോകകപ്പായിരുന്നു അത്. പെലെയും ബ്രസീലും രാജ്യാതിർത്തികൾ തകർത്ത് കാണികളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. 
16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിച്ചു. ഇതേ രീതിയാണ് അടുത്ത നാല് ലോകകപ്പുകളിലും സ്വീകരിച്ചത്. സീഡ് ടീമുകളും സീഡില്ലാത്ത ടീമുകളുമെന്ന അസംബന്ധമൊക്കെ ഒഴിവാക്കി. യൂറോപ്പിൽ നിന്നായിരുന്നു 11 ടീമുകൾ. 


ബ്രിട്ടനിലെ നാലു ടീമുകളും ആദ്യമായും അവസാനമായും ഒരുമിച്ച് യോഗ്യത നേടി. ഇറ്റലിയെ മറികടന്ന് വടക്കൻ അയർലന്റ് യോഗ്യത നേടിയതാണ് അദ്ഭുതമായത്. ചെക്കൊസ്ലൊവാക്യയോട് തോറ്റ വെയ്ൽസിന് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇസ്രായിലുമായി കളിക്കാൻ തുർക്കിയും ഇന്തോനേഷ്യയും സുഡാനും വിസമ്മതിച്ചത് അവർക്ക് പിടിവള്ളിയായി. ഒരു യോഗ്യതാ മത്സരമെങ്കിലും കളിക്കാതെ നേരിട്ട് ലോകകപ്പ് കളിക്കാനാവില്ലെന്ന് ഫിഫ നിഷ്‌കർഷിച്ചു. അതോടെ ഇസ്രായിലുമായി കളിക്കാൻ വെയ്ൽസ് മുന്നോട്ടു വന്നു. ഇസ്രായിലിനെ തോൽപിച്ച് യോഗ്യത നേടുകയും ചെയ്തു. 
മ്യൂണിക് വിമാനാപകടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എട്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ട് മാസങ്ങൾ പിന്നിടുന്നതേയുണ്ടായിരുന്നുള്ളൂ. അസാമാന്യ പ്രതിഭയായ ഡങ്കൻ എഡ്വേഡ്‌സ് ഉൾപ്പെടെ മൂന്ന് രാജ്യാന്തര കളിക്കാരും അതിലുണ്ടായിരുന്നു. ലോകകപ്പിന് മുമ്പ് ഡെന്മാർക്കിനും അയർലന്റിനുമെതിരെ ഹാട്രിക് നേടിയ ടോമി ടയ്‌ലർ, റോജർ ബയൺ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റു കളിക്കാർ. ഈ നഷ്ടം ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. 


ഇംഗ്ലണ്ടും ബ്രസീലും സോവിയറ്റ് യൂനിയനുമായിരുന്നു  കിരീട സാധ്യത കൽപിക്കപ്പെട്ടത്. എന്നാൽ മൂന്നു  പ്രമുഖ കളിക്കാരെ നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ട് ദുർബലമായി. എന്നിട്ടും അവർ ബ്രസീലിനെ സമനിലയിൽ തളച്ചു, ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾരഹിത സമനില. ഓസ്ട്രിയയോട് ഇംഗ്ലണ്ട് സമനില വഴങ്ങിയതോടെ ക്വാർട്ടർ ഫൈനൽ സ്ഥാനം നിശ്ചയിക്കാൻ ഇംഗ്ലണ്ടും സോവിയറ്റ് യൂനിയനും പ്ലേഓഫ് കളിക്കേണ്ടി വന്നു. പ്ലേഓഫിൽ തോറ്റ് ഇംഗ്ലണ്ട് പുറത്തായി. ആദ്യമായി് ലോകകപ്പ് കളിക്കുന്ന സോവിയറ്റ് യൂനിയൻ ക്വാർട്ടറിലേക്ക് മുന്നേറി.  
1954 ലെ ഹീറോ ഫ്രിറ്റ്‌സ് വാൾടറെ മുപ്പത്തേഴാം വയസ്സിൽ പശ്ചിമ ജർമനി തിരിച്ചുവിളിച്ചു. ഫ്രിറ്റ്‌സും ഹെൽമുട് റാനുമുൾപ്പെട്ട ടീം അർജന്റീനയെ തോൽപിച്ചു. അർജന്റീന 1-6 ന് ചെക്കൊസ്ലൊവാക്യയോടും തോറ്റു. 
വെയ്ൽസ് ഹംഗറിയെയും അയർലന്റ് ചെക്കൊസ്ലൊവാക്യയെയും അട്ടിമറിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ ഉയിർത്തെഴുന്നേൽപ് പരാജയപ്പെട്ട ശേഷം ഫെറഞ്ച് പുഷ്‌കാസും സാന്റോർ കോഷിഷുമൊക്കെ രാജ്യം വിട്ടതോടെ ഹംഗറി ദുർബലമായിരുന്നു. 1954 ലെ സ്വപ്ന ടീമിൽനിന്ന് അവേശഷിച്ചത് ജോസഫ് ബോസികും നന്തോർ ഹിഡെകുടി ഉൾപ്പെടെ മൂന്നു പേർ മാത്രം. 1958 ലെ ലോകകപ്പ് കളിക്കുമ്പോൾ ബോസിക് പാർലമെന്റംഗമായിരുന്നു.


ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് 4-0 ത്തിന് വടക്കൻ അയർലന്റിനെയും സ്വീഡൻ 2-0 ത്തിന് സോവിയറ്റ് യൂനിയനെയും ബ്രസീൽ 1-0 ത്തിന് വെയ്ൽസിനെയും പശ്ചിമ ജർമനി  1-0 ത്തിന് യൂഗോസ്ലാവ്യയെയും തോൽപിച്ചു. പശ്ചിമ ജർമനിയെ 3-1 ന് തോൽപിച്ച് ആതിഥേയരായ സ്വീഡൻ ഫൈനലിലെത്തി. ക്ലാസിക് പോരാട്ടത്തിൽ ഫ്രാൻസിനെ ബ്രസീൽ 5-2 ന് കീഴടക്കി. സ്‌കോർ നില സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഉടനീളം ബ്രസീലിനെ വിറപ്പിക്കാൻ ഫ്രാൻസിന് സാധിച്ചു. ലോകകപ്പിൽ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി പെലെ. അഞ്ചു ദിവസത്തിനു ശേഷം ലോകകപ്പ് ഫൈനൽ കളിക്കുന്ന പ്രായം കുറഞ്ഞ താരവും. 
ഫൈനലിൽ സ്വീഡനും ബ്രസീലും മഞ്ഞ ജഴ്‌സിക്കാരായത് പ്രശ്‌നമായി. ഒടുവിൽ  തിടുക്കത്തിൽ ഒപ്പിച്ചെടുത്ത നീല ജഴ്‌സിയിട്ടാണ് ബ്രസീൽ കളിച്ചത്. നാലാം മിനിറ്റിൽ തന്നെ സ്വീഡൻ മുന്നിലെത്തിയെങ്കിലും ബ്രസീലിന്റെ പടക്കുതിരകളെ പിടിച്ചുകെട്ടാനാവുമായിരുന്നില്ല. തുടർച്ചയായ 5-2 വിജയത്തോടെ ബ്രസീൽ ആദ്യമായി ലോക ചാമ്പ്യന്മാരായി. ലൂസേഴ്‌സ് ഫൈനലിൽ ജർമനിക്കെതിരെ നാലു ഗോളടിച്ച ഫൊണ്ടയ്ൻ തന്റെ ഗോൾ നേട്ടം പതിമൂന്നാക്കി ഉയർത്തി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു. 


ഫൈനലിന്റെ രണ്ടാം പകുതിയുടെ പത്താം മിനിറ്റിലാണ് പതനിനേഴുകാരൻ  പെലെയുടെ പ്രതിഭ കണ്ട് ഫുട്‌ബോൾ ലോകം അമ്പരന്നത്. നിൽടൺ സാന്റോസിന്റെ നീളൻ  ക്രോസ് നെഞ്ചിൽ സ്വീകരിക്കുന്നതിനിടയിൽ പിന്നിലുള്ള ഡിഫന്ററെ വെട്ടിച്ച പെലെ, ഓടിവന്ന ഗുസ്റ്റാവ്‌സന്റെ തലക്കു മുകളിലൂടെ പന്തുയർത്തി. ടൂർണമെന്റിലെ മികച്ച സെന്റർ ഹാഫായിരുന്നു ഗുസ്റ്റാവ്‌സൻ. മറ്റൊരു ഡിഫന്റർ ഓടിവരുന്നതിന് മുമ്പെ വലയിലേക്ക് നിലംപറ്റെ ഷോട്ട് തൊടുത്തു. മാരിയൊ സഗാലോയുടെ ക്രോസിൽ നിന്ന് അതിമനോഹരമായ ഹെഡറിലൂടെ മറ്റൊരു ഗോളും പെലെ സ്‌കോർ ചെയ്തു. അഴകോടെ ഒഴുകുന്ന പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. അതിന് മുമ്പിൽ ഫുട്‌ബോൾ ലോകം നമിച്ചു. ഗാരിഞ്ചയെയും പെലെയെയും മറികടന്ന് ദീദി ആ ലോകകപ്പിലെ മികച്ച കളിക്കാരനായി. 
ലോകകപ്പിൽ ഹംഗറി-വെയ്ൽസ് മത്സരം നടക്കുന്നതിന്റെ തലേന്നാണ് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഇംറെ നാഗിയെ കമ്യൂണിസ്റ്റ് ഭരണകൂടം തൂക്കിലേറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ പ്രേമികൾ ആ മത്സരം ബഹിഷ്‌കരിച്ചു. 2823 പേർ മാത്രമാണ് കളി കണ്ടത്. 

 

ആതിഥേയർ: സ്വീഡൻ, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 16, മത്സരങ്ങൾ: 35
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 45
പ്രധാന അസാന്നിധ്യം: ഇറ്റലി, ഉറുഗ്വായ്
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: വെയ്ൽസ്, വടക്കൻ അയർലന്റ്
ടോപ്‌സ്‌കോറർ: ജസ്റ്റ് ഫൊണ്ടയ്ൻ (ഫ്രാൻസ്, 13)
ആകെ ഗോൾ -126 (ശരാശരി 3.60), കൂടുതൽ ഗോളടിച്ച ടീം -ഫ്രാൻസ് (23)


 

 

 

ദിദി- വീഴുന്ന ഇല


വാൽദിർ പെരേര എന്ന ദിദിയുടെ കാൽ ഗുരുതരമായ രോഗം കാരണം പതിനാലാം വയസ്സിൽ മുറിച്ചു മാറ്റേണ്ടതായിരുന്നു. ആ പ്രതിസന്ധി അതിജീവിച്ച ദിദി എക്കാലത്തെയും മിഡ്ഫീൽഡർമാരിലൊരാളായി, മൂന്നു ലോകകപ്പുകളിൽ ബ്രസീലിന്റെ കുപ്പായമിട്ടു. 1954 ലും 1958 ലും 1962 ലും. ഇതിൽ അവസാന രണ്ടിൽ ബ്രസീൽ ചാമ്പ്യന്മാരായി. 1958 ൽ ദിദി ടൂർണമെന്റിന്റെ താരവുമായി. അവസാന നിമിഷം താഴ്ന്ന് വലയിലേക്കു കയറുന്ന, വീഴുന്ന ഇലയെന്നു വിളിക്കപ്പെട്ട ഫ്രീകിക്ക് ആദ്യമായി പ്രചാരത്തിൽ കൊണ്ടുവന്നത് ദിദിയായിരുന്നു. ഈ ഫ്രീകിക്കിലൂടെ ബ്രസീലിന് 12 ഗോളടിച്ചു അദ്ദേഹം. 


1954 ലെ ലോകകപ്പിൽ മെക്‌സിക്കോക്കും യൂഗോസ്ലാവ്യക്കുമെതിരെ ദിദി ഗോളടിച്ചിരുന്നെങ്കിലും 1958 ലെ ടൂർണമെന്റിലൂടെയാണ് ലോകം ദിദിയെ നെഞ്ചിലേറ്റിയത്. ആ ലോകകപ്പിനു ശേഷം ദിദി റയൽ മഡ്രീഡ് ക്ലബ്ബിൽ ചേർന്നെങ്കിലും പുതിയ താരത്തിനു കിട്ടുന്ന ശ്രദ്ധ ടീമിന്റെ നായകൻ ആൽഫ്രഡൊ ഡി സ്റ്റെഫാനോയിൽ അസ്വാരസ്യം സൃഷ്ടിച്ചു. ഒടുവിൽ ക്ലബ്ബ് വിടേണ്ടി വന്നു ദിദിക്ക്. 
1958 ലെ ലോകകപ്പിൽ വിസെന്റെ ഫിയോളയായിരുന്നു ബ്രസീൽ കോച്ചെങ്കിലും യഥാർഥ പരിശീലകൻ ദിദിയായിരുന്നു. പെലെയെയും ഗാരിഞ്ചയെയും സീറ്റോയെയും ടീമിലെടുക്കാൻ ഫിയോളയിൽ സമ്മർദം ചെലുത്തിയത് ദിദിയാണ്.


1962 ലെ ലോകകപ്പിനു ശേഷം ദിദി പരിശീലക വേഷമിട്ടു. 1970 ലെ ലോകകപ്പിൽ പെറുവിനെ ക്വാർട്ടറിലെത്തിച്ചതാണ് പരിശീലകനായി ദിദിയുടെ ഏറ്റവും വലിയ നേട്ടം. ബ്രസീലിനോടാണ് പെറു ക്വാർട്ടറിൽ തോറ്റത്. 1978 ൽ സൗദി അറേബ്യയിലെ അൽ അഹ്‌ലി ക്ലബ്ബിന്റെ പരിശീലകനുമായി അദ്ദേഹം. തുർക്കി, അർജന്റീന എന്നിവിടങ്ങളിലും കോച്ചായി. 2000 ത്തിൽ ഫിഫ അദ്ദേഹത്തെ വിഖ്യാത ചാമ്പ്യന്മാരുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. പിറ്റേ വർഷം അർബുദം കാരണം ദിദി ജീവിതത്തിന്റെ കളിക്കളം വിട്ടു. ഫുട്‌ബോളിനെ ഇന്നത്തെ പ്രശസ്തമായ ബ്യൂട്ടിഫുൾ ഗെയിം എന്ന പേരിൽ ആദ്യം വിളിച്ചത് ദിദിയായിരുന്നു എന്ന് പറയപ്പെടുന്നു.


ഗോളടി വീരൻ

പെലെയുടെ അരങ്ങേറ്റ ലോകകപ്പെന്നതാണ് 1958 ലെ ടൂർണമെന്റിനെ ചരിത്ര പ്രസിദ്ധമാക്കുന്നത്. ആ ലോകകപ്പിൽ 13 ഗോളടിച്ച ഫ്രഞ്ച് സ്‌ട്രൈക്കറുടെ അയലത്തു പോലും അര നൂറ്റാണ്ട് പിന്നിട്ടിട്ടും മറ്റാർക്കുമെത്താനായിട്ടില്ല. ഏറ്റവുമധികം കാലം തകർക്കപ്പെടാതെ നിന്ന റെക്കോർഡുകളിലൊന്നാണ് അത്. ഒരിക്കലും മറികടക്കപ്പെടാത്ത റെക്കോർഡായി ഒരുപക്ഷേ അത് അതിജീവിച്ചേക്കാം. എന്നിട്ടും പെലെയുടെ പൊലിമക്കു മുന്നിൽ ഫൊണ്ടയ്ൻ മങ്ങിപ്പോയി. ഒന്നിലേറെ ലോകകപ്പ് കളിച്ച ബ്രസീലിന്റെ റൊണാൾഡോയും ജർമനിയുടെ ഗെർഡ് മുള്ളറും മിറോസ്ലാവ് ക്ലോസെ എന്നിവരും മാത്രമേ ഫൊണ്ടയ്‌നേക്കാൾ കൂടുതൽ ഗോളടിച്ചിട്ടുള്ളൂ. ഫൊണ്ടയ്‌നാവട്ടെ, 1958 ലെ ലോകകപ്പിൽ മാത്രമേ കളിച്ചിട്ടുള്ളൂ. 1998 ൽ ലോക ചാമ്പ്യന്മാരാവാൻ ഫ്രഞ്ച് ടീം മൊത്തം നേടിയത് 12 ഗോളാണെന്നോർക്കണം.
ഫ്രാൻസിന്റെ റിസർവ് താരമായാണ് ഫൊണ്ടയ്ൻ ലോകകപ്പിനു വന്നത്. ഏതാനും മാസം മുമ്പ് ഫൊണ്ടയ്‌ന്റെ കാലിന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. റെനെ ബ്ലയാടിന് പരിക്കേറ്റതിനാൽ അവസാന നിമിഷമാണ് ടീമിൽ പോലും സ്ഥാനം ലഭിച്ചത്. പക്ഷേ റയ്മണ്ട് കോപയുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഫൊണ്ടയ്ൻ എല്ലാ മത്സരങ്ങളിലും ഗോളടിച്ചു. ഒരു സഹ താരത്തിൽനിന്ന് കടം വാങ്ങിയ ബൂട്ട് കൊണ്ടാണ് ഫൊണ്ടയ്‌ന്റെ 13 ഗോളുകളും. 


ക്ലാസിക്കൽ സെന്റർ ഫോർവേഡാവാനുള്ള ഉയരമോ വായുവിൽ കളിക്കാനുള്ള ശേഷിയോ ഇല്ലാതിരുന്ന ഫൊണ്ടയ്‌നെ വേഗമാണ് വേറിട്ടു നിർത്തിയത്. ഗോളടിക്കാനുള്ള നേരിയ സാധ്യത പോലും ഫൊണ്ടയ്ൻ നേരത്തെ മണക്കും. അപ്രതിരോധ്യമായിരുന്നു ആ ഇടങ്കാലൻ ഷോട്ടുകൾ. 
പാരഗ്വായ്‌ക്കെതിരായ 7-3 ജയത്തിൽ മൂന്നു ഗോളടിച്ചാണ് 1958 ലെ ലോകകപ്പ് ഫൊണ്ടയ്ൻ തുടങ്ങിയത്. യൂഗോസ്ലാവ്യക്കെതിരായ 2-3 പരാജയത്തിൽ രണ്ടു ഗോളും സ്‌കോർ ചെയ്തു. സ്‌കോട്‌ലന്റിനെതിരെ വിജയ ഗോൾ നേടി. വടക്കൻ അയർലന്റിനെതിരെ രണ്ടെണ്ണം കൂടി. സെമിയിൽ ഫൊണ്ടയ്‌ന്റെ ഫ്രാൻസും പെലെയുടെ ബ്രസീലും മുഖാമുഖം വന്നു. സമനില ഗോളടിച്ചത് ഫൊണ്ടയ്‌നായിരുന്നു. റോബർട്ട് ജോൻക്വെ പരിക്കേറ്റ് പുറത്തായതോടെ മേധാവിത്വം നേടിയ ബ്രസീൽ പെലെയുടെ ഹാട്രിക്കോടെ 5-2 ന് ജയിച്ചു. പശ്ചിമ ജർമനിക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ നാലു ഗോളടിച്ച് ഫൊണ്ടയ്ൻ രാജകീയമായി വിട വാങ്ങി. ഫ്രഞ്ച് ലീഗിൽ 200 മത്സരങ്ങളിൽ 165 ഗോളടിച്ചു ഫൊണ്ടയ്ൻ. 
ഫ്രാൻസിനു വേണ്ടി 1953 ൽ ഹാട്രിക്കോടെയായിരുന്നു അരങ്ങേറ്റം. ദേശീയ ടീമിനു വേണ്ടി 20 കളികളിൽ 27 ഗോളാണ് ഫൊണ്ടയ്ൻ നേടിയത്. രണ്ടു തവണ കാലൊടിഞ്ഞതോടെ ആ ഗോളടി യന്ത്രം നേരത്തെ നിശ്ചലമായി. 


1967 ൽ രണ്ടു സൗഹൃദ മത്സരങ്ങളിൽ ഫ്രാൻസ് ടീമിന്റെ പരിശീലകനായിരുന്നു ഫൊണ്ടയ്ൻ. രണ്ടിലും തോറ്റു. 1980 ൽ ജനിച്ച നാടായ മൊറോക്കൊ ടീമിന്റെ പരിശീലകനാവുകയും ടീമിനെ ആഫ്രിക്കൻ നാഷൻസ് കപ്പിൽ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്തു. 1982 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന കടമ്പയിലാണ് മൊറോക്കോ വീണത്. ജീവിച്ചിരിക്കുന്ന 125 മികച്ച കളിക്കാരിലൊരാളായി ഫൊണ്ടയ്‌നെ 2004 ൽ പെലെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിലെ മികച്ച ഫ്രഞ്ച് കളിക്കാരനായി 2003 ൽ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷനും പ്രഖ്യാപിച്ചു. ലോകകപ്പിൽ രണ്ടു ഹാട്രിക് നേടിയ നാലു കളിക്കാരിലൊരാളാണ് ഫൊണ്ടയ്ൻ. സാൻഡോർ കോഷിസ് (ഹംഗറി), മുള്ളർ (ജർമനി), ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (അർജന്റീന) എന്നിവരാണ് മറ്റുള്ളവർ. 
1958 ലെ ലോകകപ്പ് നേട്ടം അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും ഫൊണ്ടയ്‌ന് ആ ഗോൾവേട്ട ഓർമിച്ച് ആഴ്ചയിൽ ഇരുപതോളം കത്തുകൾ വരുന്നുണ്ടത്രേ.


കപ്പിലെ കൗതുകം

  • 1958 ലെ ലോകകപ്പിൽ വെയ്ൽസിനെതിരായ ക്വാർട്ടർ ഫൈനലിനു മുമ്പ് ബ്രസീൽ ഗോളി ഗിൽമർ സഹതാരം ദെ സോർദിയോട് പറഞ്ഞു, ബ്രസീലിനു വേണ്ടി മരിക്കാനും ഞാൻ തയാറാണ്. എങ്കിൽ ഞങ്ങൾക്ക് ഒരുമിച്ചു മരിക്കാമെന്ന് ദെ സോർദി മറുപടി നൽകി. 55 വർഷത്തിനും 67 ദിവസത്തിനു ശേഷം 2013 ഓഗസ്റ്റിൽ ഇരുവരും 24 മണിക്കൂറിനിടയിൽ മരണപ്പെട്ടു. 
  • ബ്രസീലിന്റെ പത്താം നമ്പർ പെലെയുടെ പ്രായം 17 വയസ്സും 249 ദിവസവും. ഫൈനലിലെ എതിരാളികളായ സ്വീഡന്റെ എട്ടാം നമ്പർ ഗുന്നാർ ഗ്രെന്നിന്റെ പ്രായം 37 വയസ്സും 241 ദിവസവും. 20 വയസ്സിന്റെ വ്യത്യാസം. 
  • ഇരുപത്തെട്ടുകാരൻ മാരിയൊ സഗാലൊ ബ്രസീലിന്റെ പ്ലേയിംഗ് ഇലവനിൽ പോവട്ടെ ടീമിൽ പോലും സ്ഥാനം നേടില്ലെന്നാണ് കരുതിയത്. കനോടെരോയും പെപ്പെയുമായിരുന്നു ലെഫ്റ്റ് വിംഗർമാരായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ കനോടേരെക്ക് വിമാന യാത്ര വലിയ ഭയമായിരുന്നു. ബ്രസീൽ ടീം യാത്ര പുറപ്പെടും മുമ്പ് മദ്യപിച്ചതും പ്രശ്‌നമായി. പെപ്പെക്ക് കാലിന് പരിക്കേറ്റു. സഗാലൊ ലോകകപ്പിലെ ആറു മത്സരവും കളിച്ചു. 
  • പെലെ അനശ്വരമാക്കിയ ജഴ്‌സി നമ്പറാണ് 10. ഭാഗ്യത്തിനാണ് ഇത് പെലെക്ക് കിട്ടിയത്. ജഴ്‌സി നമ്പർ ഫിഫക്ക് സമർപ്പിക്കാൻ ബ്രസീൽ മറന്നു പോയിരുന്നു. അതോടെ കിട്ടിയ ജഴ്‌സി കളിക്കാർക്ക് നൽകി. ഗോളി ഗിൽമറിന് കിട്ടിയത് മൂന്നാം നമ്പർ, സെന്റർബാക്ക് സോസിമോക്ക് ഒമ്പതാം നമ്പർ. തുടക്കത്തിൽ റിസർവ് ബെഞ്ചിലായിരുന്ന പെലെക്ക് പത്താം നമ്പറും. 
  • ഒമ്പതു വർഷം വാവ ബ്രസീലിന് കളിച്ചു. പത്ത് ലോകകപ്പ് മത്സരങ്ങളിൽ ഒമ്പത് ഗോളടിച്ചു. ലോകകപ്പിൽ അല്ലാതെ നേടിയത് വെറും ആറ് ഗോളായിരുന്നു. 
  • ലോകകപ്പിന് മുമ്പ് മാധ്യമ പ്രവർത്തകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ലോകകപ്പ് നേടാനുള്ള സാധ്യതയിൽ അഞ്ചാമതായിരുന്നു ബ്രസീൽ. ലെവ് യാഷിൻ ഗോൾവല കാക്കുന്ന ഒളിംപിക് ചാമ്പ്യന്മാരായ സോവിയറ്റ് യൂനിയനായിരുന്നു  ഒന്നാം സ്ഥാനത്ത്. ആതിഥേയരായ സ്വീഡനും നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജർമനിയും യൂഗോസ്ലാവ്യയുമായിരുന്നു തൊട്ടുപിന്നിൽ. 
  • ദ്യാൽമ സാന്റോസ് മൂന്നു ലോകകപ്പുകളിലെ ടീം ഓഫ് ദ ടൂർണമെന്റിൽ സ്ഥാം നേടി (1954, 1958, 1962).



 

Latest News