വിസിറ്റിംഗ് വിസക്കാരുടെ ക്വാറന്റൈൻ
ചോദ്യം: വിസിറ്റിംഗ് വിസയിൽ എന്നോടൊപ്പം സൗദിയിലേക്ക് വരുന്ന ഭാര്യക്ക് ക്വാറന്റൈൻ ആവശ്യമുണ്ടോ. ഞാൻ കോവിഡ് വാക്‌സിൻ ഒരു ഡോസ് സൗദിയിൽനിന്നും മറ്റൊരു ഡോസ് ഇന്ത്യയിൽനിന്നുമാണ് എടുത്തത്. ഭാര്യ രണ്ടു ഡോസും ഇന്ത്യയിൽനിന്നുമാണ് സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ഞങ്ങളുടെ ക്വാറന്റൈനിനെക്കുറിച്ച് വിശദീകരിക്കുമോ?
ഉത്തരം: നിലവിലെ സൗദി ആരോഗ്യ മന്ത്രാലയ നിബന്ധനപ്രകാരം തീർച്ചയായും നിങ്ങൾ ഇരുവർക്കും അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ നിർബന്ധമാണ്. സൗദിയിൽനിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർ നിർബന്ധമായും അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പോകണം. അഞ്ചാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽനിന്ന് ഒഴിവാകാം. ഒരു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് സ്വീകരിച്ചവരുടെ കാര്യത്തിലും ഇതുതന്നെയാണ് നിബന്ധന. അവർ സൗദിയിൽ എത്തിയാലുടൻ അഞ്ചു ദിവസം ക്വാറന്റൈനിൽ പോവുകയും അഞ്ചാം ദിനം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുത്തുകയും വേണം.
ഉംറ തീർഥാടകരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ
ചോദ്യം: ഒരു ഉംറ തീർഥാടകൻ സൗദിയിലേക്ക് വരുമ്പോൾ എങ്ങനെയാണ് വാക്‌സിൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്?
ഉത്തരം: ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സൗദിയിലേക്ക് വരുന്നവർ ആരായിരുന്നാലും അവർ ഈ പോർട്ടൽ വഴി വാക്‌സിൻ ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്തിരിക്കണം. എങ്കിൽ മാത്രമേ യാത്രാനുമതി ലഭിക്കൂ. സൗദിയിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിലായി അവരുടെ വാക്‌സിനേഷൻ വിവരങ്ങൾ ഈ പോർട്ടലിൽ രേഖപ്പെടുത്തിയ ശേഷമായിരിക്കണം സൗദിയിലെത്താൻ.
സൗജന്യ ഇഖാമ പുതുക്കൽ ഇന്ത്യക്കാർക്കുണ്ടോ
ചോദ്യം: ഇഖാമ, റീ എൻട്രി എക്‌സ്റ്റൻഷൻ സൗജന്യമായി മാർച്ച് 31 വരെ നൽകിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുമോ?
ഉത്തരം: ഇഖാമ, റീ എൻട്രി എക്സ്റ്റൻഷൻ മാർച്ച് 31 വരെ സൗജന്യമായി പുതുക്കി നൽകുന്ന രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാർ ഉൾപ്പെടില്ല. കോവിഡ് പശ്ചാത്തലത്തിൽ സൗദി സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം തുർക്കി, ലെബനോൻ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ബോട്‌സ്വാന, ലെസോതോ, ഇസ്‌വാതിനി, മാലാവി, സാംബിയ, മഡഗാസ്‌കർ, അങ്കോള, സീചെൽസ്, മൗറിഷ്യസ്, കൊസറോസ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ കഴിയുന്നവർക്കു മാത്രമാണ്. ഇന്ത്യക്കാർ ഇതിലുൾപ്പെടില്ല. നിശ്ചിത സമയത്തിനകം ഇനിയും മടങ്ങി വന്നിട്ടില്ലാത്ത ഇന്ത്യക്കാർ ഉണ്ടെങ്കിൽ അവർ പണമടച്ച് നിയമാനുസൃതം ഇഖാമയും റീ എൻട്രിയും പുതുക്കേണ്ടതാണ്.
വിസ സ്റ്റാമ്പ് ചെയ്ത ശേഷം വന്നില്ലെങ്കിൽ
ചോദ്യം: എന്റെ ഒരു സുഹൃത്തിന് സൗദിയിൽനിന്ന് ഒരു തൊഴിൽ വിസ ലഭിച്ചു. എന്നാൽ സ്‌പോൺസർ വാഗ്ദാനം ചെയ്തിരുന്നത്ര ശമ്പളം കരാറിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യം സ്‌പോൺസറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശമ്പളം ആവശ്യപ്പെട്ട അത്ര നൽകാമെന്നും പാസ്‌പോർട്ട് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി എംബസിയിൽ സമർപ്പിക്കാനുമാണ് പറഞ്ഞത്. അതുപ്രകാരം വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോർട്ട് എംബസിയിൽ നൽകിയിരിക്കുകയാണ്. എന്നാൽ വർധിപ്പിച്ച ശമ്പളപ്രകാരമുള്ള പുതിയ കരാർ സ്‌പോൺസർ അയക്കാമെന്നു പറഞ്ഞുവെങ്കിലും ഇതുവരേക്കും അയച്ചിട്ടില്ല. പുതിയ കരാർ ഇനിയും ലഭിക്കാത്തതിനാൽ എന്റെ സുഹൃത്തിന് സൗദിയിലേക്ക് വരാൻ താൽപര്യമില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ആ വിസ റദ്ദാക്കാൻ കഴിയുമോ? ഇനി റദ്ദാക്കിയില്ലെങ്കിൽ തന്നെ വീണ്ടും സൗദിയിൽ വരുന്നതിന് ഭാവിയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ?
ഉത്തരം: വാഗ്ദാനം ചെയ്തിരുന്ന ശമ്പളം ഉറപ്പാക്കുകയും പുതിയ കരാർ ലഭ്യമാക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം താൽപര്യമുണ്ടെങ്കിൽ മാത്രം സൗദിയിലേക്ക് വന്നാൽ മതിയാകും. വിസ സ്റ്റാമ്പ് ചെയ്ത ശേഷം അതുപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ പ്രശ്‌നം ഒന്നും ഉണ്ടാവില്ല. നിലവിലെ ഇഖാമ നിയമം പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തുവെന്ന കാരണത്താൽ ബാധകമാവില്ല. സൗദിയിലെത്തി ഇഖാമ ലഭിച്ചവർക്കു മാത്രമാണ് അതു ബാധകമാവുക.






