മാനവരാശിയുടെ മാർഗദർശനത്തിനായി അവതീർണമായ അവസാന ദിവ്യ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതുകൊണ്ട് തന്നെ ഖുർആനിന്റെ സന്ദേശങ്ങളും ആശയങ്ങളും ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കുമുള്ളതാണ് . ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വേദ ഗ്രന്ഥമെന്നതും ഏറ്റവുമധികം പഠനങ്ങൾ നടക്കുന്ന ഗ്രന്ഥമെന്നതുമൊക്കെ വിശുദ്ധ ഖുർആനിന്റെ സവിശേഷതകളാണ്.
മാനവരാശിയുടെ മാർഗദർശനത്തിനായി അവതീർണമായ അവസാന ദിവ്യ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതുകൊണ്ട് തന്നെ ഖുർആനിന്റെ സന്ദേശങ്ങളും ആശയങ്ങളും ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കുമുള്ളതാണ് . ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വേദ ഗ്രന്ഥമെന്നതും ഏറ്റവുമധികം പഠനങ്ങൾ നടക്കുന്ന ഗ്രന്ഥമെന്നതുമൊക്കെ വിശുദ്ധ ഖുർആനിന്റെ സവിശേഷതകളാകാം.
ഖുർആൻ ശുദ്ധ അറബി ഭാഷയിലായതിനാൽ ഈ സന്ദേശം അറബി അറിയാത്തവർക്ക് വായിച്ചു ഗ്രഹിക്കുക സാധ്യമല്ലാത്തതുകൊണ്ടാണ് മലയാളമടക്കം വിവിധ ഭാഷകളിൽ ഖുർആൻ പരിഭാഷകളുള്ളത്. എന്നാൽ നമ്മുടെ ഖുർആൻ വിവർത്തനങ്ങൾ പൊതുവെ മുസ്‌ലിം മനസിനെ മാത്രം മുന്നിൽകണ്ട് വിരചിതമായിട്ടുള്ളതാണ്. ഖുർആൻ മുഴുവൻ മാനവരാശിയുടേയും മാർഗദർശനമാണെന്നിരിക്കെ ആ സന്ദേശങ്ങൾ ഏതെങ്കിലും വിഭാഗങ്ങളിൽ പരിമിതപ്പെടുത്താവതല്ല.

ഈ രംഗത്ത് ഏറെ വ്യത്യസ്തമായ ഒരു ശ്രമമാണ് വി.വി.എ. ശുക്കൂറിന്റെ ഖുർആൻ മലയാളം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഖുർആൻ മലയാളം , ഖുർആൻ വിവർത്തനത്തിലെ സർഗാത്മകതയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്നതാണ്. ഖുർആനിന്റെ ആശയവും സൗന്ദര്യവും സംരക്ഷിക്കുന്ന ശ്രദ്ധേയമായ ഒരു സംരംഭമാണ് ഖുർആൻ മലയാളം. ആശയം ഫൗണ്ടേഷനാണ് ഖുർആൻ മലയാളം ലോകമെമ്പാടുമുള്ള മലയാളികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളീയ സമൂഹത്തിലെ ചിന്താമണ്ഡലങ്ങളിൽ ഖുർആൻ മലയാളം ചർച്ചാവിഷയമായി എന്നത് ഈ വിവർത്തനത്തിന്റെ സമകാലിക പ്രസക്തിയാണ് വിളിച്ചോതുന്നത്. ഖുർആൻ മലയാളം പരമ്പരാഗത മുസ്‌ലിംകളല്ലാത്ത വിദ്യാസമ്പന്നരെ മുഖ്യമായും അല്ലാത്തവരെ പൊതുവായും മുന്നിൽ കണ്ട് വിരചിതമായിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇതിലെ
ഭാഷയും പ്രയോഗങ്ങളുമൊക്കെ മലയാള സാഹിത്യത്തിൽ ചിരപരിചിതമായതാണ്. എല്ലാ വിഭാഗമാളുകൾക്കും വായിക്കാനും ഗ്രഹിക്കാനും ആസ്വദിക്കാനുമുതകുന്ന ഭാഷാ ശൈലിയും പ്രയോഗങ്ങളും ഖുർആൻ മലയാളത്തെ സവിശേഷമാക്കും.
ഖുർആൻ മലയാളം ശരിക്കും നമ്മുടെ പതിവ് ഖുർആൻ വിവർത്തനങ്ങളിൽ നിന്നുള്ള ഒരു മാറിനടക്കലാണ് ഭാഷയിലും ശൈലിയിലും അവതരണത്തിലും വായനാസൗഹൃദ സമീപനത്തിലും എല്ലാം. മലയാളികൾ അവരുടെ സാഹിത്യ അക്കാദമിക വ്യവഹാരങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന മലയാളമാണ് ഇതിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. മതസാമുദായിക പ്രത്യേകതയുള്ളതോ, മറ്റുള്ളവർക്ക് അപരിചിതമായതോ, പൊതുവായനക്കാരെ ഖുർആനിന്റെ സൗന്ദര്യത്തിൽ നിന്നും സമ്പന്നതയിൽ നിന്നും അകറ്റാൻ കാരണമാകുന്നതോ ആയ പ്രയോഗങ്ങളും ശൈലികളും ഈ വിവർത്തനത്തിൽ കഴിവതും ഒഴിവാക്കിയിരിക്കുന്നു. വായനയുടെ ഒഴുക്കിനും സൗന്ദര്യത്തിനും ഭംഗം വരുത്താതെയുള്ള വിവർത്തനം ഖുർആനിക ശൈലികളുടേയും ഭാഷയുടേയും സൗന്ദര്യം കൂടുതൽ അനുഭവവേദ്യമാക്കുന്നു. മാനവരാശിയുടെ മാർഗദർശനമായ ഈ ഗ്രന്ഥം കൂടുതലാളുകളിലേക്ക് എത്തിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾക്കും ഖുർആൻ മലയാളം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഖുർആൻ പ്രപഞ്ചത്തോളം വിശാലമായതും, മനുഷ്യജീവിതത്തിന്റെ സമഗ്രതലങ്ങളെ ഉൾക്കൊള്ളുന്നതും, മുഴുവൻ മനുഷ്യർക്കുമായി നൽകപ്പെട്ടതുമായ നിത്യപ്രകാശമാണ് എന്ന വിശാലമായ ആശയമാണ് ഖുർആൻ മലയാളം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. ഖുർആനിക ജ്ഞാനത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഖുർആനിന്റെ സൗന്ദര്യത്തോടും മേന്മയോടും പരമാവധി നീതിപുലർത്തുന്ന സുഗ്രഹമായ പൊതുഭാഷയിലും ശൈലിയിലും ഖുർആൻ അവർക്ക് ലഭ്യമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. പൊതുസമൂഹത്തിന് വായനാസുഖം നൽകുന്നതും ഖുർആനിന്റെ ജ്ഞാനനിക്ഷേപങ്ങൾ സ്വായത്തമാക്കുന്നതിന് സഹായകവുമായ വിവർത്തനമാണ് ഖുർആൻ മലയാളം. ഓരോ ഖുർആൻ വചനത്തിനും മലയാളത്തിൽ ലിപ്യന്തരണം നൽകിയിരിക്കുന്നതിനാൽ, അറബി അക്ഷരങ്ങൾ പരിചയമില്ലാത്ത വായനക്കാർക്കും ഖുർആൻ വചനങ്ങൾ വായിക്കുവാൻ സാധിക്കുമെന്നത് ഈ വിവർത്തനത്തിന്റെ സവിശേഷതയാണ്.
1872 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സൂറത്തിൽ ജനിച്ച് പിൽകാലത്ത് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ അസാധാരണ ബുദ്ധിവൈഭവത്തിന് ഉടമയായിരുന്ന ബഹുമുഖ പ്രതിഭയായ അബ്ദുല്ല യൂസുഫ് അലിയുടെ ലോകോത്തരമായ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഖുർആൻ മലയാളം തയ്യാറാക്കിയിരിക്കുന്നത്. യൂസുഫ് അലിയുടെ 'ഖുർആൻ ഇംഗ്ലീഷ് വിവർത്തനവും വിശദീകരണവും' ലോകാടിസ്ഥാനത്തിൽ പ്രചാരമുള്ള പരിഭാഷയാണ്.

കാവ്യാത്മക സൗന്ദര്യവും ദാർശനിക ഗരിമയും സമന്വയിക്കുന്ന ഭാഷ ; അനുവാചകരുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ആത്മീയമായ ബോധദീപ്തി യിലേക്ക് അവരെ ഉയർത്തുകയും ചെയ്യുന്ന സമർഥനങ്ങൾ ; ലോകവിജ്ഞാനത്തിന്റെ അനേകം അടരുകളിലേക്ക് സൂചനകൾ നൽകിയും, ലോകസാഹിത്യത്തിന്റെ ഉദാത്ത മാതൃകകളിൽനിന്ന് ഉദ്ധരണികൾ നൽകിയും കടന്നുപോകുന്ന വിശദീകരണങ്ങൾ ; പുതിയ ചിന്തകൾ മുന്നോട്ട് വെക്കുമ്പോഴും പൂർവകാല ഖുർആൻ വിജ്ഞാന സമ്പന്നതയെ വിലമതിക്കുകയും ചേർത്തു പിടിക്കുകയും ചെയ്യുന്ന സൂക്ഷ്മത ഇവ യൂസുഫ് അലിയുടെ ഖുർആൻ വിവർത്തനവിശദീകരണ ഗ്രന്ഥത്തിന്റെ മുഖമുദ്രയാണ്. ഖുർആൻ വചനങ്ങൾക്ക് അദ്ദേഹം നൽകുന്ന അർഥം സൂക്ഷ്മമാണ്. വിശദീകരണക്കുറിപ്പുകൾ മാനുഷിക കാഴ്ചപ്പാട് പുലർത്തുന്നതും എല്ലാവരെയും ആകർഷിക്കത്തക്കതുമാണ്, അവ നവീനമായ ആത്മീയ ഉൾകാഴ്ച പ്രദാനംചെയ്യുന്നു. അദ്ദേഹം പറയുന്നു : “ഇതിലെ ഇംഗ്ലീഷ് ഭാഷ കേവലം ഒരു വാക്കിന് മറ്റൊരു വാക്ക് പകരംവെക്കുന്നതല്ല ; മറിച്ച്, അറബി മൂലപാഠത്തിൽ നിന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്ന പൂർണ ആശയത്തിന് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല അർഥപ്രകാശനമാണത്.
മൂലപാഠത്തിന്റെ താളവും ഈണവും ഉന്നതഭാവവും ഇംഗ്ലീഷ് വ്യാഖ്യാനത്തിൽ പ്രതിഫലിക്കേണ്ടണ്ടതുണ്ട്. അതൊരു മങ്ങിയ പ്രതിഫലനം മാത്രമായിരിക്കാം, പക്ഷേ എന്റെ തൂലികക്ക് അധീനമാക്കാൻ കഴിയുന്ന അത്രയും സൗന്ദര്യവും ശക്തിയും അതിനുവേണ്ടി സമർപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷിനെ തന്നെയും ഒരു ഇസ്‌ലാമിക ഭാഷയാക്കാനാണ് ഞാൻ ഉദ്യമിക്കുന്നത്്, എന്നെപ്പോലെ ഒരാൾക്ക് അതിന് കഴിയുമെങ്കിൽ.''
ഇങ്ങനെയുള്ളൊരു ഖുർആൻ വിവർത്തനവ്യാഖ്യാന ഗ്രന്ഥം വിവിധ വിശ്വാസങ്ങളിലും പശ്ചാത്തലങ്ങളിലും പെട്ട ജനവിഭാഗങ്ങൾക്ക് പ്രിയങ്കരമായി തീർന്നെങ്കിൽ അതിൽ അത്ഭുതമില്ല.
സാഹിത്യപരവും ആശയപരവുമായ തനിമയും ഗരിമയുമുള്ള അബ്ദുല്ല യുസുഫ് അലിയുടെ ഖുർആൻ പരിഭാഷയുടെ മലയാള വിവർത്തനം നിർവഹിച്ചിരിക്കുന്നത് പരിചയസമ്പന്നനായ എഴുത്തുകാരനും പത്രാധിപരും വിദ്യാഭ്യാസ പ്രവർത്തകനുമായ വി.വി.എ. ശുക്കൂർ ആണ്. വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജിൽ നിന്ന് 1985 ൽ പഠനം പൂർത്തിയാക്കുകയും തുടർന്ന് ഫാറൂഖ് കോളേജിലും കേരള മീഡിയ അക്കാദമിയിലും പഠിക്കുകയും ചെയ്ത അദ്ദേഹം, ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുത്തുകാരനായും ഒരു പതിറ്റാണ്ടിലധികം പ്രവർത്തിച്ചു. പിന്നീട്, അധ്യാപക പരിശീലകനായും ഇംഗ്ലീഷ് സ്‌കൂൾ മേധാവിയായും ദീർഘകാലം സേവനമനുഷ്ഠിച്ചു. ഇപ്പോൾ വൈജ്ഞാനിക ഗ്രന്ഥരചനപ്രസാധന മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നു.
ഖുർആൻ മലയാളം വിവർത്തന പ്രസാധന പദ്ധതി ആശയം ഫൗണ്ടേഷന്റെ ലാഭേച്ഛയില്ലാത്ത സംരംഭമാണ്. കേരള സർക്കാരിൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ് ആശയം ഫൗണ്ടേഷൻ. ഖുർആനിക സന്ദേശങ്ങൾ വിശാല ജനസമൂഹങ്ങളിലേക്ക് എത്തിക്കുകയാണ് ട്രസ്റ്റിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പൊതുവായ വിജ്ഞാനവ്യാപനം, വിദ്യാഭ്യാസ സഹായനടപടികൾ, ജീവകാരുണ്യ, മനുഷ്യോപകാര പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇതര ലക്ഷ്യങ്ങൾ. പണ്ഡിതന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ഭരണനിർവാഹകർ തുടങ്ങിയവർ ഉൾകൊള്ളുന്ന 'ഫൗണ്ടേണ്ടഷൻ' അംഗങ്ങൾ വി.വി.എ. ശുക്കൂർ (ചെയർമാൻ), പി.ടി. അബ്ദുർറശീദ് (വൈസ്‌ചെയർമാൻ),കെ.പി. അബ്ദുൽ ഖാദർ (സെക്രട്ടറി), പി. അബ്ദുൽ അസീസ് (ട്രഷറർ),
എ. അബ്ദുല്ലത്വീഫ്, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ടി.എച്. സൈദു മുഹമ്മദ്, എ. റശീദുദ്ദീൻ, ഇ.എം. മുഹമ്മദ് അമീൻ, എ.കെ. അബ്ദുൽ മജീദ്, പി. അബ്ദുൽ കരീം, കെ. മുഹമ്മദ് കുട്ടി, കെ. അബ്ദുൽ ജബ്ബാർ എന്നിവരാണ്.ഖുർആൻ മലയാളവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9946494433/7994380830 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.






