ലോക യുദ്ധത്തിൽ നിഷ്പക്ഷമായി നിന്ന രാജ്യമെന്ന നിലയിലാണ് യൂറോപ്പിലെ ആ ലോകകപ്പ് ഫിഫ സ്വിറ്റ്‌സർലന്റിന് നൽകിയത്. സ്വപ്‌നസുന്ദരമായ സ്വിറ്റ്‌സർലന്റിൽ ആൽപ്‌സ് മലനിരകളെ സാക്ഷിയാക്കി അരങ്ങേറിയ അഞ്ചാം ലോകകപ്പ് മനോഹരമായ ഫുട്‌ബോളിനും കൊട്ടക്കണക്കിന് ഗോളിനും സാക്ഷിയായി. ഒരിക്കൽ കൂടി അപ്രതീക്ഷിത ടീമാണ് ചാമ്പ്യന്മാരായത്. ലോക ഫുട്‌ബോളിൽ ജർമനി എന്നൊരു ശക്തി ഉദയം ചെയ്തു. ഹംഗറിയും ഉറുഗ്വായും തമ്മിലുള്ള സെമിഫൈനലും പശ്ചിമ ജർമനിയും ഹംഗറിയും തമ്മിലുള്ള ഫൈനലും ഒന്നിനൊന്ന് മെച്ചപ്പെട്ട ക്ലാസിക്കുകളായിരുന്നു.
ഹംഗറിയായിരുന്നു ആ ലോകകപ്പ് നേടേണ്ടിയിരുന്നത്. 31 മത്സരങ്ങളിലെ അപരാജിത റെക്കോർഡുമായാണ് 'മാജിക്കൽ മാഗ്യാറുകൾ' ലോകകപ്പിനെത്തിയത്. 1952 ലെ ഒളിംപിക്‌സിലെ ചാമ്പ്യന്മാരായിരുന്നു ഫെറഞ്ച് പുഷ്‌കാസിന്റെ ഹംഗറി. പക്ഷേ തുടർച്ചയായ രണ്ടാം ലോകകപ്പിലും കലാശപ്പോരാട്ടത്തിൽ അമ്പരപ്പിച്ച അട്ടിമറി അരങ്ങേറി. ബേണിലെ മായാജാലം എന്നു വിശേഷിപ്പിക്കപ്പെട്ട ഫൈനലിൽ രണ്ടു ഗോളിന് പിന്നിലായ ശേഷം പശ്ചിമ ജർമനി 3-2 ന് ഹംഗറിയെ ഞെട്ടിച്ചപ്പോൾ ഫുട്‌ബോൾ ലോകം തരിച്ചുനിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് 3-8 ന്റെ നാണംകെട്ട തോൽവി വാങ്ങിയ ടീമാണ് പശ്ചിമ ജർമനി. ലോക മഹായുദ്ധത്തിലെ പങ്കിന്റെ പേരിൽ 1950 ലെ ലോകകപ്പിൽനിന്ന് മാറ്റിനിർത്തപ്പെട്ട ടീം. പുഷ്‌കാസും കൂട്ടരും തലകുനിച്ചു നിൽക്കേ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് യൂൾറിമെയിൽനിന്ന് ജർമൻ നായകൻ ഫ്രിറ്റ്‌സ് വാൾടർ ലോകകപ്പ് ഏറ്റുവാങ്ങി.
ലോകകപ്പിനു മുമ്പുള്ള നാലു വർഷം ഹംഗറി മത്സരിച്ച 27 കളികളിൽ ഒന്നിൽ പോലും പരാജയപ്പെട്ടിരുന്നില്ല. ഇരുപത്തിമൂന്നും അവർ ജയിച്ചു. നാലെണ്ണം സമനിലയായി. ചെക്കൊസ്ലൊവാക്യയെയും ഇറ്റലിയെയും തരിപ്പണമാക്കിയാണ് അവർ ലോകകപ്പിന് ഒരുങ്ങിയത്. ഇംഗ്ലണ്ടിനെ അവരുടെ ഫുട്‌ബോളിന്റെ മക്കയായ വെംബ്ലിയിൽ 6-3 ന് വകവരുത്തി. ബ്രിട്ടനു പുറത്തുള്ള ഒരു ടീമിനോട് ആദ്യമായാണ് ഇംഗ്ലണ്ട് ഹോം മത്സരം തോറ്റത്. ബുഡാപെസ്റ്റിലെ റിട്ടേൺ മത്സരത്തിൽ ഇംഗ്ലണ്ട് 1-7 ന് നാണം കെട്ടു.
'ഗാലപ്പിംഗ് മേജർ' പുഷ്‌കാസിന്റെ ഇടങ്കാലനടിയുടെ കരുത്തിൽ എതിരാളികൾ ഞെരിഞ്ഞമർന്നു. പുഷ്‌കാസ് മാത്രമായിരുന്നില്ല ഹംഗറി. സാന്റോർ കോഷിഷും നന്തോർ ഹിഡെകുടിയും ജോസെഫ് ബോസികുമടങ്ങുന്ന ആ ടീം അനർഗളമായി ഒഴുകിയ ആക്രമണ ഫുട്‌ബോളിലൂടെ കാലത്തിനും മുമ്പെ സഞ്ചരിച്ചു.
യോഗ്യതാ റൗണ്ടിൽ പ്രതീക്ഷിച്ച ടീമുകളെല്ലാം മുന്നേറി. സ്വീഡൻ പുറത്തായതാണ് ഏക അപവാദം. ഇറ്റലിയിൽ കളിക്കുന്ന പ്രൊഫഷനലുകളെ ടീമിലുൾപ്പെടുത്താൻ മടിച്ചതായിരുന്നു അവരുടെ പതനത്തിന് കാരണം. സോവിയറ്റ് ബ്ലോക്ക് രാജ്യങ്ങൾ വിട്ടുനിന്നു. ലാറ്റിനമേരിക്കയിൽ നിന്ന് ഉറുഗ്വായും ബ്രസീലും പങ്കെടുത്തു. 1950 ലെ ഹൃദയഭേദകമായ തോൽവിക്കു ശേഷം ബ്രസീൽ ടീം അടിമുടി മാറിയിരുന്നു. മെക്‌സിക്കോയും തെക്കൻ കൊറിയയുമായിരുന്നു മറ്റു ടീമുകൾ. തുർക്കി ഭാഗ്യത്തിന്റെ പിന്തുണയിൽ ലോകകപ്പിനെത്തി. സ്‌പെയിനുമായുള്ള യോഗ്യതാ മത്സരം 2-2 സമനിലയായതോടെ നറുക്കെടുത്താണ് തുർക്കിയെ തെരഞ്ഞെടുത്തത്.
മികച്ച ഗോളിയും കരുത്തുറ്റ പ്രതിരോധവുമാണ് ഹംഗറിയുടെ അടിത്തറ. അതുവരെ കണ്ടിട്ടില്ലാത്ത പാസിംഗും നീക്കങ്ങളും എതിരാളികളെ അമ്പരപ്പിച്ചു. ശരാശരി നാലു ഗോൾ ഓരോ കളിയിലും അവർ അടിച്ചുകൂട്ടി. ഏഴ് ലോകോത്തര കളിക്കാരുണ്ടായിരുന്നു ഹംഗറിയുടെ ടീമിൽ. ഗോളി ഗ്യൂല ഗ്രോസിസ്, ഫുൾബാക്ക് യേനൊ ബുസാൻസ്‌കി, ഹാഫ് ബാക്ക് ജോസഫ് ബോസിക്, പ്ലേമേക്കർ നന്ദോർ ഹിഡെകുടി, ലെഫ്റ്റ് വിംഗർ സാൽടാൻ സിബോർ, ഇൻസൈഡ് ഫോർവേഡുകളായ പുഷ്‌കാസ്, കോഷിഷ്. അവശേഷിച്ച നാലു പേർ ഒട്ടും മോശമായിരുന്നില്ല. ഒരു ടീമിൽ ഒത്തുചേർന്ന ഏറ്റവും പ്രതിഭാധനരായിരുന്നു ഇവർ.
തലതിരിഞ്ഞ രീതിയിലായിരുന്നു മത്സരക്രമം. തോന്നുമ്പോലെ ടീമുകളെ സീഡ് ചെയ്തു. യോഗ്യതാ റൗണ്ട് അവസാനിക്കും മുമ്പ് ഫൈനൽ റൗണ്ട് കളികളിലെ സീഡ് ടീമുകളെ നിശ്ചയിച്ചു. എന്നാൽ സീഡ് ടീമായി സ്ഥാനം നൽകിയ സ്‌പെയിനിനെ തുർക്കി അട്ടിമറിച്ചു. നാല് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനൽ ലീഗിലേക്ക് മുന്നേറിയത്. സെമി ലൈനപ് നിശ്ചയിച്ചതും തലകീഴായാണ്. ഒന്നാം സ്ഥാനത്തെത്തിയ ടീമിന് സെമിയിൽ നേരിടേണ്ടത് രണ്ടാം സ്ഥാനക്കാരെയായിരുന്നു. മൂന്നും നാലും സ്ഥാനക്കാരാണ് രണ്ടാം സെമിയിൽ കളിച്ചത്.
പ്രതീക്ഷിച്ചതു പോലെ മാഗ്യാറുകൾ ലോകകപ്പ് തുടങ്ങി. ആദ്യ റൗണ്ടിൽ തെക്കൻ കൊറിയയെ 9-0 ത്തിനും പശ്ചിമ ജർമനിയെ 8-3 നും കശക്കിവിട്ടു. 9-0 വിജയം ഇന്നും ലോകകപ്പിലെ ഏറ്റവും വലിയ വിജയ മാർജിനാണ്. ജർമനി 7-2 ന് തുർക്കിയെ തോൽപിച്ചതോടെ ഈ ഗ്രൂപ്പിൽ മാത്രം 41 ഗോൾ പിറന്നു. 1954 ലെ ലോകകപ്പ് ഇന്നും ഗോൾസ്‌കോറിംഗിന്റെ കാര്യത്തിൽ റെക്കോർഡ് നിലനിർത്തുന്നു. 26 കളികളിൽ പിറന്നത് 140 ഗോളായിരുന്നു, ഒരു കളിയിൽ അഞ്ചിലേറെ ശരാശരിയിൽ. സ്വിറ്റ്‌സർലാന്റ് ക്വാർട്ടറിൽ 5-7 ന് ഓസ്ട്രിയയോട് തോറ്റു. ആദ്യ 19 മിനിറ്റിൽ 3-0 ത്തിന് മുന്നിലെത്തിയ ആതിഥേയരെ ഇടവേളക്ക് മുമ്പുള്ള 10 മിനിറ്റിൽ അഞ്ചു ഗോളടിച്ച് ഓസ്ട്രിയ വകവരുത്തുകയായിരുന്നു. കൊടുംചൂടിൽ നടന്ന കളിയിൽ സ്‌കൂൾ കുട്ടികളുടെ പ്രതിരോധ തന്ത്രമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. സ്‌കോട്‌ലന്റിനെ 7-0 ത്തിന് ഉറുഗ്വായ് തുരത്തി. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും ഉറുഗ്വായ് പറഞ്ഞുവിട്ടു. നാല് ക്വാർട്ടർ ഫൈനലുകളിൽ 25 ഗോൾ പിറന്നു.
ഹംഗറിയും ബ്രസീലും തമ്മിലുള്ള ക്വാർട്ടർ കാലം ഓർത്തുവെച്ച കളിയായിരുന്നു. മാന്ത്രിക നിമിഷങ്ങളായിരുന്നില്ല പക്ഷേ കളിക്കളത്തിൽ കണ്ടത്, നാടൻ തല്ലായിരുന്നു. ഫുട്‌ബോളിലെ രണ്ട് വമ്പന്മാർ തമ്മിലുള്ള പോരാട്ടം ബേണിലെ യുദ്ധമെന്ന പേരിലാണ് പിൽക്കാലത്ത് കുപ്രശസ്തിയാർജിച്ചത്. ബോസികും ബ്രസീലിന്റെ നിൽടൺ സാന്റോസ്, ഹ്യുംബർടൊ എന്നിവരും ചുവപ്പ് കാർഡ് കണ്ടു. മത്സര ശേഷം കളിക്കാർ കൂട്ടമായി നിന്നു തല്ലി. കോഷിഷിന്റെ ഇരട്ട ഗോളിൽ ഹംഗറി 4-2 ന് ജയിച്ചു.
ഉറുഗ്വായ്-ഹംഗറി സെമി ക്ലാസിക് പോരാട്ടമായിരുന്നു. കോഷിഷിന്റെ രണ്ട് എക്‌സ്ട്രാ ടൈം ഹെഡറുകളിൽ ഹംഗറി 4-2 ന് ജയിച്ചു. രണ്ടു ഗോളിന് പിന്നിലായ ശേഷം യുവാൻ ഹോൾബർഗിന്റെ ഇരട്ട ഗോളിൽ ഉറുഗ്വായ് തിരിച്ചടിച്ചെങ്കിലും എക്‌സ്ട്രാ ടൈമിൽ ഹംഗറി ജയം സ്വന്തമാക്കി. ലോകകപ്പിൽ ഉറുഗ്വായ്‌യുടെ ആദ്യ തോൽവിയായിരുന്നു അത്.
കഠിനമായ രണ്ട് പോരാട്ടങ്ങൾക്കു ശേഷമാണ് ഹംഗറി ഫൈനലിലെത്തിയതെങ്കിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് നാണം കെട്ട ശേഷം പശ്ചിമ ജർമനി സുഗമമായി മുന്നേറുകയായിരുന്നു. യൂഗോസ്ലാവ്യയെ 2-0 ത്തിനും ഓസ്ട്രിയയെ 6-1 നും അവർ തോൽപിച്ചു. ഓസ്ട്രിയക്കെതിരെ ജർമൻ സഹോദരന്മാരായ ഫ്രിറ്റ്‌സ് വാൾടറും ഓറ്റ്മർ വാൾടറും ഇരട്ട ഗോൾ വീതം സ്‌കോർ ചെയ്തു.
മഴ വെള്ളം തളം കെട്ടിനിന്ന വാൻക്‌ദോർഫ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ. ഫ്രിറ്റ്‌സ് വാൾടർക്ക് അത് ആഹ്ലാദകരമായ കാഴ്ചയായി. ലോകയുദ്ധത്തിനു ശേഷം മലേറിയ ബാധിച്ച ഫ്രിറ്റ്‌സ്‌വാൾടർ ചൂടിൽ എളുപ്പം തളർന്നുപോവുമായിരുന്നു.
അതേസമയം ജർമനിക്കെതിരായ ഗ്രൂപ്പ് മത്സരത്തിനു ശേഷം പുഷ്‌കാസ് വിട്ടുനിൽക്കുകയായിരുന്നു. ജർമനിയുടെ വെർണർ ലീബ്‌റിച്ചിന്റെ ചവിട്ട് കൊണ്ട് പുഷ്‌കാസിന്റെ കണങ്കാലിന് പരിക്കുണ്ടായിരുന്നു. പരിക്ക് പൂർണമായി ഭേദമാവാതിരുന്നിട്ടും പുഷ്‌കാസ് ഫൈനലിൽ കളിച്ചു. ആറാം മിനിറ്റിൽ പുഷ്‌കാസും രണ്ടു മിനിറ്റിനകം സോൽടാൻ സിബോറും ജർമൻ വല കുലുക്കി. ജർമനി വിട്ടുകൊടുത്തില്ല. 18 മിനിറ്റാവുമ്പോഴേക്കും സ്‌കോർ തുല്യമായി. പത്താം മിനിറ്റിൽ മാക്‌സ് മോർലോക്കും പതിനെട്ടാം മിനിറ്റിൽ ഹെൽമുട് റാനുമാണ് സ്‌കോർ ചെയ്തത്. മഴ കളിയെ കൂടുതൽ സംഘർഷ ഭരിതമാക്കി. ഹിഡെകുടിയുടെ ഷോട്ട് ജർമൻ ക്രോസ് ബാറിൽ വെള്ളിടിയായി. ആറ് മിനിറ്റ് ശേഷിക്കേ ജർമനി വിജയ ഗോൾ സ്‌കോർ ചെയ്തു. ബോക്‌സിന്റെ മൂലയിൽനിന്ന് റാൻ പായിച്ച ഇടങ്കാലൻ ഷോട്ട് ഹംഗറിയുടെ നെഞ്ചകം പിളർന്ന് വലയിൽ ഇടിമുഴക്കം സൃഷ്ടിച്ചു. ഹംഗറി വിട്ടുകൊടുത്തില്ല. ആഞ്ഞടിച്ച പുഷ്‌കാസ് രണ്ടു മിനിറ്റ് ശേഷിക്കേ വലയിൽ പന്തെത്തിച്ചു. റഫറി വിസിലൂതിയെങ്കിലും ലൈൻസ്മാൻ ഓഫ്‌സൈഡ് വിധിച്ചു. ഇരുവരും തമ്മിലുള്ള ചർച്ചക്കു ശേഷം ഗോൾ റദ്ദാക്കി. ജർമനി വിജയത്തിൽ കടിച്ചു തൂങ്ങി. ലോക ഫുട്‌ബോളിൽ പുതിയൊരു ശക്തി ഉദയം ചെയ്തു. മിറാക്കിൾ ഓഫ് ബേൺ എന്ന പേരിൽ 2003 ൽ ഒരു സിനിമ പുറത്തിറങ്ങി.
ഫൈനലിന്റെ ഇടവേളയിൽ ജർമൻ കളിക്കാർ ഉത്തേജകമടിച്ചിരുന്നതായി 2004 ൽ ജർമൻ ചരിത്രകാരൻ ഗ്വിഡൊ നോപ് ആരോപിക്കുകയുണ്ടായി. ലോകകപ്പ് നേടിയതിനു പിന്നാലെ ജർമൻ ടീമിലെ നിരവധി കളിക്കാർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ലെയ്‌സീഷ് യൂനിവേഴ്‌സിറ്റി 2010 ൽ നടത്തിയ പഠനത്തിൽ ജർമൻ കളിക്കാർ മീഥാംഫീറ്റമിൻ എന്ന മരുന്നു കുത്തിവെച്ചിരുന്നതായി പറയുന്നു. കൂടാതെ 88 ാം മിനിറ്റിൽ പന്ത് വലയിലെത്തിക്കുമ്പോൾ പുഷ്‌കാസ് ഓഫ്‌സൈഡ് ആയിരുന്നില്ലെന്ന് ജർമനിയുടെ റിസർവ് കളിക്കാരൻ ആൽഫ്രഡ് ഫാഫ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. രണ്ടു വർഷത്തിനു ശേഷം ഹംഗറി വിപ്ലവത്തിന്റെ പിടിയിലമർന്നു.
മാന്ത്രിക മാഗ്യാറുകളുടെ പ്രഗദ്ഭ കളിക്കാരൊക്കെയും രാജ്യം വിട്ടു. പുഷ്‌കാസ് റയൽ മഡ്രീഡിലും കോഷിഷും സിബോറും ബാഴ്‌സലോണയിലും ചേർന്ന് സ്‌പെയിനിൽ താമസമാക്കി. ലോകം അന്നുവരെ ദർശിച്ചിട്ടില്ലാത്ത അവരുടെ ഫുട്‌ബോൾ മഹിമ ഓർമ മാത്രമായി.
കപ്പിലെ കൗതുകം
■ ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് 3-8 ന് നാണംകെട്ട് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുവരികയായിരുന്ന പശ്ചിമ ജർമനിയുടെ കോച്ച് സെപ് ഹെർബർഗർ കേട്ടത് ഒമ്പതാം നമ്പർ താരം പോൾ മീബസ് പാട്ടു പാടിക്കൊണ്ട് കുളിക്കുന്നതിന്റെ ശബ്ദമാണ്. കനത്ത തോൽവിയുടെ ദുഃഖം മീബസിനെ അലട്ടിയില്ലെന്നത് ഹെർബർഗറെ രോഷം കൊള്ളിച്ചു. മീബസിനെ പിന്നീടൊരിക്കലും ജർമൻ ടീമിലെടുത്തില്ല.
■ ലോകകപ്പ് നേടിയ ടീമിലെ ആദ്യ സഹോദരന്മാരായിരുന്നു പശ്ചിമ ജർമനിയുടെ ഫ്രിറ്റ്‌സ് വാൾടറും ഓട്മർ വാൾടറും. സെമിയിൽ ഇരുവരും ഗോളടിച്ചു. നാലു ജോഡി സഹോദരന്മാർ ലോകകപ്പിൽ ഗോളടിച്ചിട്ടുണ്ട് -അതിൽ ആദ്യ ജോഡിയാണ് വാൾടർ സഹോദരന്മാർ. റെനെ വാൻഡർകിർകോഫ്-വിലി വാൻഡർകിർകോഫ് (ഹോളണ്ട്), സോക്രട്ടീസ്-റായ് (ബ്രസീൽ), മിഷേൽ ലൗഡ്രപ്-ബ്രയാൻ ലൗഡ്രപ് (ഡെന്മാർക്ക്) എന്നിവരാണ് മറ്റുള്ളവർ.
■ രണ്ട് ജോഡി സഹോദരന്മാർ മാത്രമേ ലോകകപ്പ് നേടിയ ടീമിൽ കളിച്ചിട്ടുള്ളൂ -വാൾടർ സഹോദരന്മാരും ഇംഗ്ലണ്ടിന്റെ ബോബി-ജാക്ക് ചാൾടൻ സഹോദരന്മാരും.
■ എല്ലാ ടീമുകളും ഒരു തവണയെങ്കിലും തോറ്റ ഏക ലോകകപ്പായിരുന്നു 1954 ലേത്. 2006 ലെ ലോകകപ്പിൽ അഞ്ചു ടീമുകൾ ഒരു കളി പോലും തോറ്റില്ല -സ്വിറ്റ്‌സർലന്റ്, അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി (ഷൂട്ടൗട്ടിലെ തോൽവികൾ പരിഗണിച്ചിട്ടില്ല).
■ ടി.വി സംപ്രേഷണമുണ്ടായ ആദ്യ ലോകകപ്പായിരുന്നു 1954 ലേത്. മുപ്പതുകളിൽ ഇംഗ്ലണ്ടിൽ ഫുട്‌ബോൾ മത്സരങ്ങളുടെ ടി.വി സംപ്രേഷണം തുടങ്ങിയിരുന്നു. 1958 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ ബ്രിട്ടിഷ് ടി.വിയാണ് സംപ്രേഷണം ചെയ്തത്.
■ എക്‌സ്ട്രാ ടൈം ആദ്യമായി നടപ്പാക്കിയതും ഈ ലോകകപ്പിലായിരുന്നു.
■ ജർമൻ ടീമിലെ എല്ലാ കളിക്കാരും അമച്വർമാരായിരുന്നു. അമച്വർ താരങ്ങൾ മാത്രമുൾപ്പെട്ട ടീം ലോകകപ്പ് നേടിയത് ആദ്യമായാണ്.
■ ഹംഗറിയുടെ കോച്ച് ഗുസ്താവൊ സെബെസ് അവരുടെ സ്‌പോർട്‌സ് മന്ത്രി കൂടിയായിരുന്നു. 1949 ൽ കമ്യൂണിസ്റ്റ് ഹംഗറിയിൽ നിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഫുൾബാക്ക് ലോറന്റിനെ രക്ഷിച്ചത് സെബെസ് ആയിരുന്നു. ലോറന്റ് 1954 ലെ ലോകകപ്പ് ടീമിലുണ്ടായിരുന്നു.
■ 27 ഗോളാണ് ഈ ലോകകപ്പിൽ ഹംഗറി അടിച്ചുകൂട്ടിയത്. ഒരിക്കലും തകർക്കപ്പെടാൻ് സാധ്യതയില്ലാത്ത റെക്കോർഡ്. 27 കളികളിൽ അപരാജിതരായാണ് ഹംഗറി ടീം ലോകകപ്പിനെത്തിയത്. ഫൈനലിലെ തോൽവി അപ്രതീക്ഷിതമായിരുന്നു.
പിന്നീട് 18 കളികളിൽ കൂടി അവർ തോൽവി രുചിച്ചില്ല. 1950-55 കാലഘട്ടത്തിൽ 51 മത്സരങ്ങളിൽ ഹംഗറി അടിച്ചുകൂട്ടിയത് 220 ഗോളായിരുന്നു. അവിസ്മരണീയമായ നേട്ടം.